TopTop
Begin typing your search above and press return to search.

ട്രാന്‍സ്‌ജെന്‍ഡര്‍ മുഖചിത്രം; വനിതയുടെ അഴകളവുകള്‍ മാറിയിട്ടേയില്ല

ട്രാന്‍സ്‌ജെന്‍ഡര്‍ മുഖചിത്രം; വനിതയുടെ അഴകളവുകള്‍ മാറിയിട്ടേയില്ല

അനു ചന്ദ്ര

മലയാളത്തിലെ ഒന്നാംനിരയിലുള്ള പ്രസിദ്ധീകരണമായ വനിതയുടെ പോയകാലങ്ങളില്‍ വന്ന ഒരു പംക്തിയെക്കുറിച്ചു പറഞ്ഞു തുടങ്ങാം.

കൃത്യമായി പറഞ്ഞാല്‍ 2007 ഫ്രെബ്രുവരിയിലെ ലക്കം. ലൈംഗിക സംശയങ്ങള്‍ക്ക് മറുപടി എന്ന ഡോക്ടര്‍ ഡി നാരായണ റെഡ്ഡി( ദേഗ ഇന്‍സ്റ്റിറ്റിയൂട്ട്, ചെന്നൈ) കൈകാര്യം ചെയ്യുന്ന കോളത്തില്‍ ഒരു പി.ജി വിദ്യാര്‍ത്ഥിനി ഉന്നയിച്ച ചോദ്യം; അവര്‍ കൂട്ടുകാരിയുമായി ഗാഢപ്രണയത്തിലാണെന്നും അവര്‍ക്കിടയില്‍ ശാരീരിക ബന്ധം നിലനില്‍ക്കുന്നതിനാല്‍ ഇതു വിവാഹബന്ധത്തെ ബാധിക്കുമോ എന്നുമായിരുന്നു. വിദ്യാര്‍ത്ഥിനിക്കു ഡോക്ടര്‍ (ഡോക്ടര്‍ ആകാം ആകാതിരിക്കാം...അവകാശപ്പെടുന്ന അടിസ്ഥാന യോഗ്യതകളിലെ വൈരുദ്ധ്യങ്ങള്‍ കാരണം ഇങ്ങനെ രേഖപ്പെടുത്തുന്നു) നല്‍കിയ മറുപടി തെറ്റായ സാമൂഹിക സന്ദേശം നല്‍കുന്നതായിരുന്നു. നാരായണ റെഡ്ഡിയുടെ ഉത്തരവും ചില മുന്നറിയിപ്പുകളും ഏകദേശം ഇപ്രകാരമായിരുന്നു; 'എതു സാഹചര്യത്തിലാണ് സ്വവര്‍ഗ്ഗപ്രേമം തുടങ്ങാന്‍ കാരണമെന്ന് ആദ്യമേ കണ്ടെത്തുക. വിദഗ്ദ്ധനായ മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെ സ്വവര്‍ഗ്ഗപ്രണയം മാറ്റാന്‍ സൈക്കോതെറാപ്പി തേടുക. സ്വവര്‍ഗ്ഗ പ്രണയത്തിലെ ലൈംഗിക ബന്ധം എയ്ഡ്‌സ് വ്യാപകമാക്കുന്നതിനെക്കുറിച്ചുളള ശക്തമായ അവബോധം വിദ്യാഭ്യാസതലത്തില്‍ നടത്തുക'.

ഏറ്റവും അധികം ആളുകള്‍ വായിക്കുന്നതെന്ന് അവകാശപ്പെടുന്നൊരു കടുംബമാസികയിലാണ് ഇത്തരം അശാസ്ത്രീയമായ മറുപടി വന്നതെന്ന് ചിന്തിക്കുക.

വനിത അന്നും ഇന്നും അതിന്റെ ജനപ്രിയത നിലനിര്‍ത്തുന്നുണ്ട്. അതേസമയം തന്നെ അതിന്റെ പംക്തികളിലെ മേല്‍പ്പറഞ്ഞതുപോലെയുള്ള യാഥാസ്ഥിതിക സമീപനം നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നു. വികലവും അപൂര്‍ണ്ണവുമായ ധാരണകളുമായാണ് അവര്‍ വിവിധ വിഷയങ്ങളെ സമീപിക്കുന്നത്.

തൊലിവെളുപ്പിനും, ചുണ്ടു ചുവക്കലിനും, ശരീരഘടനയുടെ നിലനില്‍പ്പിനുമുളള ചേരുവകളുമെല്ലാം ഒത്തു ചേരുമ്പോള്‍ സൗന്ദര്യബോധം ഏതാണ്ടൊരു ക്ഷണാന്ത്യം പോലെ ഒന്നായി തീരുന്നു. വെളുത്ത തൊലിയെ, മെലിഞ്ഞ ഉടലിനെ, തഴച്ചു വളര്‍ന്ന മുടിയെ മാത്രം അടയാളപ്പെടുത്തുന്നിടത്ത് ഇരുണ്ട തൊലിനിറവും, തടിച്ച ശരീരവുമുളള എന്നെ പോലെയെത്രയെത്ര പേരെ സ്വയം അപകര്‍ഷതയിലേക്ക് തള്ളിയിടാനും ആ മാസികയ്ക്കു കഴിഞ്ഞു. പൊതുബോധത്തിലേക്ക് ഇത്തരം നാനാവിധ വിഷയത്തിലുമുളള വിരുദ്ധമായ ഇടപെടലുകള്‍ നടത്തുന്ന വനിതയോട് ഏറെക്കുറെ വിയോജിപ്പ് തന്നെയാണ് എന്നുമുള്ളത്.

അതേ വനിതയെ കുറിച്ച് ഇപ്പോള്‍ പറയേണ്ടി വരുന്നത് അതിന്റെ ഇത്തവണത്തെ മുഖചിത്ര സംബന്ധിയായാണ്. വനിത പറയുന്നതനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യധാര കുടുംബമാസികയില്‍ ഭിന്നലംഗ വിഭാഗത്തില്‍പ്പെട്ടൊരാളുടെ മുഖചിത്രം വരുന്നത്!അവകാശങ്ങള്‍ ലംഘിക്കപ്പെട്ട ലൈംഗികന്യൂനപക്ഷങ്ങള്‍ എല്ലായ്‌പ്പോഴും ജനസാമാന്യത്തിന്റെ പൊതുബോധങ്ങള്‍ക്ക് വിപരീതമായ ജീവിതസങ്കല്‍പങ്ങളുടെ ഉടമകളായതിനാല്‍ വളരെയെളുപ്പത്തില്‍ (ബാല്യത്തിലോ, കൗമാരത്തിലോ തന്നെ) അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയാണ് പതിവ്. ഭക്ഷണവും പാര്‍പ്പിടവും ആരോഗ്യസംരക്ഷണവും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ട് അദൃശ്യതയില്‍ അതിജീവനത്തിനായി പോരാടുകയാണവര്‍. എന്നാല്‍ ഇരുട്ടിന്റെ ഭൂതകാലത്തില്‍ നിന്നും പുറത്തുവരാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പൊതുമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. മുഖ്യധാരാ ഇടങ്ങളിലെല്ലാം സ്വത്വം വെളിപ്പെടുത്താന്‍ സങ്കോചം കാണിക്കാത്ത, അവകാശങ്ങള്‍ പിടിച്ചെടുക്കുവാനായി ഒന്നിക്കുന്ന, മുഖ്യധാരാ മാധ്യമങ്ങളുടെ ചരിത്രത്തിലിടം നേടി എല്‍ജിബിടിക്യു പംക്തിക്ക് തുടക്കമിട്ട ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളെ കുറിച്ചോര്‍ത്തു അഭിമാനം തോന്നിയിട്ടുണ്ട്. വനിത ഗേള്‍ കോണ്ടക്‍സ്റ്റിന്റെ ഭാഗമായി ദീപ്തിയെന്ന ഷിനോജ് കവര്‍ പേജായി വന്നപ്പോഴും ആദ്യം തോന്നിയതും ഇതേ അഭിമാനം തന്നെയാണ്. എന്നാല്‍ ചിത്തവൃത്തിയില്‍ അതേസമയം തന്നെ ഉടലെടുത്ത സന്ദേഹമായിരുന്നു; വനിത അടയാളപ്പെടുത്താന്‍ ശ്രമിച്ചതു ദീപ്തിയുടെ ലൈംഗികസ്വത്വത്തെയാണോ അതോ മുഖ സൗന്ദര്യത്തെയാണോ എന്നത്?

അഴകളവുകളൊത്ത സുന്ദരിയായ, ചാരുലോചനയായ ദീപ്തിയിലെ പെണ്‍സൗന്ദര്യത്തെ അടയാളപ്പെടുത്തി കവര്‍ ഗേള്‍ കൊണ്ടക്സ്റ്റിലൂടെ വനിത സൃഷ്ടിച്ച ചരിത്രത്തെക്കാള്‍ ഏറെ മനോഹാരിതയുണ്ടാകുമായിരുന്നു അതിനെ കവര്‍ പേഴ്‌സണ്‍ കൊണ്ടക്സ്റ്റ് എന്നടയാളപ്പെടുത്തിയിരുന്നുവെങ്കില്‍. മുഖ്യധാര രാഷ്ട്രീയപ്രാന്തങ്ങളില്‍ ഇതുവരെയും ഒതുങ്ങി നിന്നിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം തുറന്നു കാട്ടുമ്പോള്‍, അവരെ മുഖ്യധാര സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തി പിടിക്കുമ്പോള്‍ വനിത ഭിന്നലിംഗ മുഖത്തിന്റെ വ്യത്യസ്തത തുറന്നു കാണിക്കണമായിരുന്നു. വര്‍ഷങ്ങളായി അടയാളപ്പെടുത്തുന്ന അഴകളവില്‍ നിന്നും, ശരീര വടിവില്‍ നിന്നും, കണ്ണുകളുടെ മനോഹാരിതയില്‍ നിന്നും ഒന്നും തന്നെ വനിത ഇതു വരെ മോചിതയായിട്ടില്ല എന്നു വിളിച്ചു പറയുകയായിരുന്നു ദീപ്തിയുടെ ചിത്രം പ്രസിദ്ധീകരിക്കുമ്പോഴും.

ദീപ്തിക്കു കിട്ടിയ അംഗീകാരം (ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തം അവകാശപ്പെടാവുന്ന അംഗീകാരം) ഉള്‍ക്കൊണ്ടു കൊണ്ടും അതിനെ അംഗീകരിച്ചും തന്നെ പറയട്ടെ; ലൈംഗിക സ്വത്വം അടയാളപ്പെടുത്തുന്ന, ഭിന്നജീവിത ശൈലികളാല്‍ ജീവിക്കുന്നവരെ നിലവിലുള്ള അച്ചില്‍ വാര്‍ത്തെടുക്കുന്ന സൗന്ദര്യ സങ്കല്‍പങ്ങളാക്കാതെ അതിനെ മറികടന്നു ചിത്രീകരിക്കുകയായിരുന്നു ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ വനിത ചെയ്യേണ്ടിയിരുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ മുഖചിത്രമാക്കാന്‍ കാണിച്ച താതപര്യത്തെ അഭിനന്ദിച്ചു കൊണ്ടു തന്നെ പറയട്ടെ, നാനാവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാസിക എക്കാലവും വികലവും അപൂര്‍ണവുമായ രീതിയില്‍ വിഷയങ്ങളെ സമീപിക്കുന്നത് അരോചകമാണ്. കാലം മാറുന്നതിനൊപ്പം അതിന്റെ അടയാളമാകാന്‍ പ്രസിദ്ധീകരണങ്ങളും തയ്യാറാകുക തന്നെ വേണം.

(എഴുത്തുകാരിയും ചലച്ചിത്ര സഹസംവിധായികയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories