TopTop
Begin typing your search above and press return to search.

വരാണസിയില്‍ നരേന്ദ്ര മോദി വീഴുമോ? രാജ്യം എങ്ങോട്ടാണ് എന്നതിന്റെ ഉത്തരം ഇവിടെയാണ്‌

വരാണസിയില്‍ നരേന്ദ്ര മോദി വീഴുമോ? രാജ്യം എങ്ങോട്ടാണ് എന്നതിന്റെ ഉത്തരം ഇവിടെയാണ്‌
മുഖ്യധാരാ മാധ്യമങ്ങളെ പിന്തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദിക്കു കീഴിലുള്ള ബിജെപി പ്രതിപക്ഷത്തെ നേരിടാനായി സര്‍വ സന്നാഹങ്ങളുമൊരുക്കിക്കഴിഞ്ഞു എന്നതാണത്. അതിനൊപ്പം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.പിയിലെ അമേത്തിക്കു പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും കാണാം. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നോക്കിക്കാണേണ്ടത് വരാണസിയില്‍ നിന്നാണ്. മോദി രണ്ടാം തവണയും തന്റെ സ്ഥാനാര്‍ത്ഥിത്വം ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,71,784 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് മോദി ഇവിടെ വിജയിച്ചത്. ആകെ 5,81,022 വോട്ടുകള്‍ മോദി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ അരവിന്ദ് കെജ്‌രിവാള്‍ നേടിയത് 2,09,238 വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ അജയ് റായി 75,614 വോട്ടുകളും നേടി. ബി.എസ്.പി സ്ഥാനാര്‍ത്ഥി 60,000 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 45,000 വോട്ടുകളാണ്. രാജ്യം മുഴുവന്‍ മോദി തരംഗം നിറഞ്ഞു നിന്ന ആ തെരഞ്ഞെടുപ്പില്‍ 10 ലക്ഷത്തിലധികം വോട്ടര്‍മാരാണ് അന്ന് വരാണസി മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലെത്തിയത്. ഒരിക്കലും ഒരു പാര്‍ട്ടിയോടും സ്ഥിരമായി കൂറു കാണിക്കാത്ത മണ്ഡലമായ വരാണസിയില്‍ ഇത് അസാധാരണമായിരുന്നു.

വരാണസി പല നിലയ്ക്കും രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന മണ്ഡലമാണ്. അതുകൊണ്ടു തന്നെ 2019-ല്‍ വരാണസിയില്‍ എന്തായിരിക്കും നടക്കുക എന്നത് ശ്രദ്ധേയമായിരിക്കും. കാരണം, ഏറെ നിരാശകളും അതിലേറെ ദേശീയ, യുദ്ധവികാരങ്ങളും ഉണ്ടാക്കിയ, സാമ്പത്തികാവസ്ഥ അങ്ങേയറ്റം മോശമാക്കിയ, രാജ്യം വിവിധ രീതിയില്‍ ഭിന്നിപ്പിക്കപ്പെട്ട മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതുകൊണ്ട് പ്രത്യേകിച്ചും.

2009-ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചു വന്നപ്പോള്‍ വരാണസിയില്‍ വിജയിച്ചത് മുതിര്‍ന്ന ബിജെപി നേതാവായ മുരളി മനോഹര്‍ ജോഷിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 17,000 മാത്രമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച 'ഗുണ്ട' മുക്താര്‍ അന്‍സാരി 1,85,000 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥി 1,20,000 വോട്ടുകളും നേടി. എന്നാല്‍ ഇവിടെ എസ്.പി - ബി.എസ്.പി പൊതുവായ സ്ഥാനാര്‍ത്ഥിയായിരുന്നു മത്സരിച്ചിരുന്നത് എങ്കില്‍ ജോഷി നാണംകെട്ട പരാജയം ഏറ്റുവാങ്ങുമായിരുന്നു.

2004-ല്‍ എ.ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി ഇറങ്ങിയിട്ടും അന്ന് വരാണസിയിലെ സിറ്റിംഗ് എം.പിയായിരുന്ന ബിജെപിയുടെ ശങ്കര്‍ പ്രസാദ് ജയ്‌സ്വാള്‍ അവിടെ പരാജയപ്പെട്ടു. മൂന്നു തവണ അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു വരാണസി. 57,000 വോട്ടുകള്‍ക്കാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജേഷ് കുമാര്‍ മിശ്ര അവിടെ വിജയിച്ചത്.

1989-ല്‍ വി.പി സിംഗ് തരംഗം ഉത്തരേന്ത്യയാകെ ആഞ്ഞടിക്കുന്ന സമയം, വരാണസി അന്ന് നിന്നത് ജനതാദള്‍ സ്ഥാനാര്‍ത്ഥി അനില്‍ ശാസ്ത്രിക്കൊപ്പമായിരുന്നു. 1,71,000 ആയിരുന്നു ഭൂരിപക്ഷം.അതായത്, വരാണസിക്ക് അങ്ങനെ ആരോടും സ്ഥിരമായ പ്രതിപത്തി ഇല്ല എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രണ്ടാം തവണ ഇവിടെ അങ്കത്തിനിങ്ങുന്ന പ്രധാനമന്ത്രി മോദിക്ക് അത്രയെളുപ്പം വിജയിച്ചു കയറാന്‍ സാധിച്ചേക്കില്ല എന്നാണ് സാരം. അതിന് കുറെയേറെ കാരണങ്ങളുമുണ്ട്.

ഇപ്പോള്‍ പുറത്തു വരുന്ന സൂചനകളനുസരിച്ച് പ്രതിപക്ഷം ഇവിടെ ഒരു സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ വരാണസി മണ്ഡലത്തിലെ കണക്കുകൂട്ടലുകള്‍ ആകെ മാറിമറിയാം. ബി.എസ്.പിയും എസ്.പിയും എന്തായാലും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മോദിക്കുള്ള ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവ് ഉണ്ടാകുമെന്നുറപ്പ്.

ഇവിടെയാണ് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടും പ്രസക്തമാകുന്നത്- പ്രിയങ്ക ഗാന്ധി. വരാണസി കൂടി ഉള്‍പ്പെടുന്ന ഈസ്‌റ്റേണ്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക ഇതിനകം തന്നെ ഗംഗാ തീരങ്ങളിലൂടെയുള്ള തന്റെ പ്രചരണം ശക്തമായി തന്നെ തുടങ്ങിക്കഴിഞ്ഞു. ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത, എന്നാല്‍ അസാധാരണ വ്യക്തിപ്രഭാവമുള്ള ഒരു നേതാവാണ് പ്രിയങ്ക ഗാന്ധി, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍. എന്തായിരിക്കും പ്രിയങ്ക ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനമെന്ന് നമുക്ക് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ പറ്റുന്നത് മോദി വിരുദ്ധ പ്രചരണത്തിന് അത് ആക്കം കൂട്ടുമെന്നതില്‍ സംശയമില്ല.

പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും വരാണസിയിലെ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നാണ് പുറത്തു വരുന്ന മിക്ക റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അതില്‍ പ്രധാനം മേഖലയിലെ സാമ്പത്തിക തകര്‍ച്ച തന്നെയാണ്. ജി.എസ്.ടിയും നോട്ട് നിരോധനവും ഉണ്ടാക്കിയ തകര്‍ച്ചയില്‍ നിന്ന് അവിടുത്തെ വ്യാപാരി സമൂഹം ഇതുവരെ കരകയറിയിട്ടില്ല. അസാധാരണമായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സാധാരണക്കാര്‍ നേരിടുന്നത്. തൊഴിലില്ലായ്മ അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. പക്ഷേ, ഇതിനൊപ്പം, വളരെ ശ്രദ്ധാപൂര്‍വം ബിജെപി വളര്‍ത്തിക്കൊണ്ടു വരുന്ന ദേശതാത്പര്യ വികാരവും മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്.

Also Read: ‘രാഹുല്‍ ബ്രാന്‍ഡ്’ ഒരു തേങ്ങയല്ല എന്നോര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു

15 ലക്ഷത്തിലധികം വോട്ടര്‍മാരാണ് വരാണസി മണ്ഡലത്തിലുള്ളത്. അഞ്ച് അസംബ്ലി മണ്ഡലങ്ങളുള്ള ഇവിടെ മൂന്ന് എണ്ണം അര്‍ബന്‍ സീറ്റുകളും രണ്ടെണ്ണം റൂറല്‍ സീറ്റുകളുമാണ്. മുസ്ലീം സമുദായമാണ് ഇവിടുത്തെ ഏറ്റവും വലിയ ബ്ലോക്ക്- മൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാര്‍. ബ്രാഹ്മണര്‍- 2.5 ലക്ഷം, പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന കുര്‍മി എന്ന ഒബിസി വിഭാഗം- 1.5 ലക്ഷം, യാദവര്‍- 1.5 ലക്ഷം, കായസ്തര്‍-65,000, വൈശ്യര്‍- 2 ലക്ഷം, ചൌരസ്യ- 80,000, ഭൂമിഹാര്‍- 1.5 ലക്ഷം, ദളിതര്‍- 80,000 ഇങ്ങനെയാണ് വരാണസിയിലെ വോട്ടര്‍മാരുടെ സമുദായ കണക്ക്. വോട്ടര്‍മാര്‍. ഇതില്‍ മുന്നോക്ക ജാതിക്കാരായ ബ്രാഹ്മണര്‍, കായസ്തര്‍, വൈശ്യര്‍ എന്നിവരുടെയും ഭൂമിഹാറുകളുടെയും പിന്തുണ മോദിക്ക് ഉറപ്പിച്ചാല്‍ അത് എട്ടു ലക്ഷത്തിലധികം വരും.

എന്നാല്‍ ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി പിന്തുണയോടെ ഭീം ആര്‍മി തലവനായ ദളിത്‌ നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍, മോദിയുടെ എതിരാളിയായെത്തിയാല്‍ കാര്യങ്ങള്‍ മാറും. മായാവതിയോ അഖിലേഷ് യാദവോ പോലുള്ള ശക്തരായ എതിരാളികള്‍ മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുന്നുവെങ്കില്‍ താന്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും ഇല്ലെങ്കില്‍ ഇവര്‍ തനിക്ക് പിന്തുണ നല്‍കണമെന്നുമാണ് മോദിക്കെതിരെ താന്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ആസാദ് പറഞ്ഞിരിക്കുന്നത്. മായാവതിയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അക്കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ കഴിയുമെന്ന് ആസാദ് അടുത്തിടെ പറഞ്ഞിരുന്നു. ഈയടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആസാദിനെ കാണാന്‍ പ്രിയങ്ക ഗാന്ധി ആശുപത്രിയിലെത്തിയതും ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന അഭിപ്രായമാണ് ആസാദിനുള്ളത്. ഒപ്പം താന്‍ കോണ്‍ഗ്രസുമായി ഒരു വിധത്തിലും ചേരില്ലെന്നും ആസാദ് പറയുന്നുണ്ടെങ്കിലും പ്രതിപക്ഷം സംയുക്തമായി മോദിക്കെതിരെയുള്ള സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ വരാണസി ഇതുവരെ കാണാത്ത ഒരു പോരാട്ടത്തിന് വേദിയാവും.

ഇനി ഒരുവേള കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ തന്നെ വരാണസി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍?

Also Read: സീറ്റ് നല്‍കാതെ അവഗണിച്ച ആര്‍ജെഡിക്ക് ബിഹാറില്‍ ഇടതുപാര്‍ട്ടികളുടെ മറുപടി: ബെഗുസാരായില്‍ കനയ്യ തന്നെ

Next Story

Related Stories