Top

പ്രകൃതിവിരുദ്ധ ലൈംഗികത- ഒരു പുനര്‍വായന

പ്രകൃതിവിരുദ്ധ ലൈംഗികത- ഒരു പുനര്‍വായന

13 നന്നല്ല, പ്രത്യേകിച്ചും ക്രിസ്തുമത വിശ്വാസികള്‍ക്ക്.

എങ്കില്‍ പിന്നെ എന്തിനാണ് സ്വവര്‍ഗരതിയെക്കുറിച്ച് കത്തോലിക്ക സഭയുടെ നയവ്യതിയാനം വ്യക്തമാക്കിക്കൊണ്ടുള്ള കരട് രേഖ അവതരിപ്പിയ്ക്കാന്‍ ഫ്രാന്‍സിസ് പോപ് ഒക്‌ടോബര്‍ 13 തന്നെ തിരഞ്ഞെടുത്തത്?

വത്തിക്കാനില്‍ വിളിച്ചുകൂട്ടിയ അസാധാരണ സിനഡില്‍ ഹംഗറിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ പെട്രോ എര്‍ഡോ ഉറക്കെ വായിച്ച കരടുരേഖയില്‍ ഇങ്ങനെ പറയുന്നു:

സ്വവര്‍ഗരതിക്കാര്‍ കത്തോലിക്കാസഭയ്ക്ക് ധാരാളം സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളവരാണ്. അവരെ ഒപ്പം കൂട്ടാനും നമ്മുടെ കൂട്ടായ്മയില്‍ അവരെ പങ്കാളികളാക്കാനും നമ്മള്‍ തയ്യാറാണോ? അവരെ സ്‌നേഹത്തോടെ സ്വീകരിക്കുന്ന സഭ അവരുടെ മോഹമാണ്. കുടുംബത്തേയും വിവാഹത്തേയും കുറിച്ചുള്ള കത്തോലിക്ക സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് സഭയില്‍ ഇടം കൊടുക്കാനും അവരുടെ ലൈംഗികതയെ അംഗീകരിയ്ക്കാനും സഭയ്ക്കു കഴിയുമോ?

സ്വവര്‍ഗാനുരാഗികളെ കൂടാതെ വിവാഹമോചനം നേടിയവരെയും പുനര്‍വിവാഹം ചെയ്തവരേയും വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നവരെയും വ്യത്യസ്തമതങ്ങളില്‍ വിശ്വസിക്കുന്ന ദമ്പതികളേയും തുറന്ന മനസ്സോടെ കാണാനും അവരെ മനസ്സിലാക്കാനും സഭ തയ്യാറാകണമെന്നും കരടുരേഖയില്‍ അവതരിപ്പിക്കപ്പെട്ടു.

നൂറ്റാണ്ടുകളായി കത്തോലിക്ക സഭ പഠിപ്പിച്ചും പ്രചരിപ്പിച്ചും അനുസരിപ്പിച്ചും വന്ന വിശ്വാസപ്രമാണങ്ങളോടുള്ള വെല്ലുവിളിയാണ്, ഒരര്‍ത്ഥത്തില്‍, ഈ കരടുരേഖ. 'ബോംബ് സ്‌ഫോടനം' എന്നാണ് ന്യൂയോര്‍ക്കര്‍ മാഗസീന്‍ ഈ കരടുരേഖയെ വിശേഷിപ്പിച്ചത്.കുടുംബമാണ് സഭയുടെ അടിസ്ഥാനം. അതിന്റെ ഉല്‍പ്പത്തിയാകട്ടെ, പാപത്തില്‍ നിന്നും. ആദിപാപത്തില്‍ നിന്ന് അനാദിപാപം വരെ നീളുന്ന പാപ പരമ്പരയിലെ രജതരേഖയാണത്രെ കുടുംബം. ഇതിനുള്ളില്‍ വംശം നിലനിര്‍ത്താനുള്ള ആവശ്യപ്രക്രിയയായി ആദിപാപം തുടര്‍ന്നുവരുന്നു. ശതവര്‍ഷങ്ങളായി.

കര്‍മ്മം പോലെ പാപമാണ് കാഴ്ചയും. അതുകൊണ്ടുതന്നെ നഗ്നത പാപം. പങ്കാളിയുടെ നഗ്നത മാത്രമല്ല; സ്വന്തം നഗ്നതപോലും. സ്വന്തം നഗ്നത കാണുക എന്ന പാപം ഒഴിവാക്കാനായി അയഞ്ഞകുപ്പായമിട്ട് മാത്രം സ്‌നാനം ചെയ്തിരുന്ന ഒരു സുവര്‍ണ്ണ കാലമുണ്ടായിരുന്നു കത്തോലിക്കര്‍ക്ക്.

ആദിപാപം ആവര്‍ത്തിക്കാന്‍ വിധിയ്ക്കപ്പെടുമ്പോഴും കര്‍മ്മം അതിന്റെ സൂക്ഷ്മതയില്‍ മാത്രം തളച്ചുനിര്‍ത്താന്‍ സഭ നിഷ്‌കര്‍ഷിച്ചിരുന്നു. വിലക്കപ്പെട്ട കനി കണ്ണടച്ച് വിഴുങ്ങാനേ പാടുള്ളൂ. കാണരുത്. രുചിയ്ക്കരുത്. ലൈംഗികത, അതുകൊണ്ടുതന്നെ, ആസ്വദിയ്ക്കാതെ, അനുഭവിക്കാതെ, ചെയ്തു തീര്‍ക്കേണ്ട ഒരു കര്‍മ്മം മാത്രം. മലം വിസര്‍ജ്ജിക്കുന്നതുപോലെ ഏറ്റവും എളുപ്പം ചെയ്തു തീര്‍ക്കേണ്ട ഒരു അരസികന്‍ കര്‍മ്മം. അങ്ങനെയുള്ള ഒരു സഭാവിശ്വാസത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന് എന്താണ് സ്ഥാനം?

ഉല്‍പ്പത്തിയിലും ഹീബ്രു ബൈബിളിലും പുതിയ നിയമത്തിലും ഖുറാനിലും സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണ്. സൊഡോ, ഗൊമോറ എന്നീ പട്ടണങ്ങളില്‍ സ്വവര്‍ഗരതി വ്യാപകമായിരുന്നത്രെ. അതുകൊണ്ടാണ് ദൈവം ആ നഗരങ്ങളെ അഗ്നിക്കിരയാക്കിയത്.

പാപത്തിന്റെ ശമ്പളം മരണമല്ലാതെ മറ്റെന്ത്?

എന്നിട്ടെന്തേ പോപ്പിനിപ്പോള്‍ ഈ ഒരു മനം മാറ്റം?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുള്ളതിനേക്കാള്‍ വേഗത്തിലാണ് കത്തോലിക്കസഭയില്‍ നിന്നുള്ള വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് എന്ന തിരിച്ചറിവാണ് ഇത്തരമൊരു 'ബോംബുസ്‌ഫോടന'ത്തിന് അര്‍ജന്റീനക്കാരനായ പോപ്പിനെ പ്രേരിപ്പിച്ചത്. നാളെയത് 'ദൈവത്തിന്റെ കൈ' ആയി വ്യാഖ്യാനിക്കപ്പെട്ടേക്കാം. സഭയുടെ കാഴ്ചപ്പാട് മാറുന്ന പശ്ചാത്തലത്തില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയെക്കുറിച്ച് ഒരു പുനര്‍വായന ആവശ്യമാണ്.നാച്ച്വറല്‍ എന്നാല്‍ പ്രകൃത്യാ എന്നര്‍ത്ഥം. അതായത് പ്രകൃതിയില്‍ കാണുന്നതുപോലെ എന്ന്. പ്രകൃതിയില്‍ ഒന്ന് മറ്റൊന്നിനു തുല്യമല്ല. എങ്കിലും ചില സമാനതകളുണ്ട്. അതിലൊന്നാണ് ഇണ ചേരല്‍.


ജീവികള്‍ ചേരുന്നത് വംശം നിലനിര്‍ത്താനാണ്. രതി ആസ്വദിയ്ക്കാന്‍ വേണ്ടിയല്ല. ഇണചേരുമ്പോള്‍ വന്നുഭവിയ്ക്കുന്ന ഒരു ശാരീരിക അവസ്ഥ മാത്രമാണ് അവയ്ക്ക് രതിസുഖം.

മനുഷ്യന്‍ ഇക്കാര്യത്തില്‍ പ്രകൃതിയിലെ മറ്റു ജീവികളില്‍ നിന്നും ഭിന്നനാണ്. അവന് സന്തതി പരമ്പര നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഇണ ചേരാം; രതിസുഖത്തിനുവേണ്ടി മാത്രം ഇണ ചേരാം; ഇണ ചേരുന്നതിലെ രതിസുഖം അനുഭവിക്കാം; ഏതു സമയത്തും ഇണചേരാം; ഇണ ചേരാതെ തന്നെ സന്തതിയെ നിശ്ചയിക്കാം.

പ്രകൃതിയുടെ പൊതുനിയമത്തില്‍ നിന്ന് മനുഷ്യനെ വിരുദ്ധനാക്കുന്നത്, ആദ്യമായി, സെക്‌സിന്റെ തലത്തിലാണ്. ഈ പ്രകൃതി വിരുദ്ധതയാണ് മനുഷ്യന്റെ പ്രകൃതി.

ഇണ ചേര്‍ന്ന അതേ ഇണകള്‍ തമ്മില്‍ വീണ്ടും ഇണചേര്‍ന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന പതിവ് മറ്റു ജീവികളില്‍ പ്രകൃത്യാ ഇല്ല. ഇവിടെയാണ് ഒരേ ജീവിത പങ്കാളി എന്ന കുടുംബ സങ്കല്‍പം പ്രകൃതി വിരുദ്ധമാകുന്നത്.

ഇണ ചേരേണ്ട സമയത്ത് ഇണ ചേര്‍ന്നാല്‍, സാധാരണനിലയ്ക്ക് ഗര്‍ഭം ഉറപ്പാണ്. അതാണ് പ്രകൃതിനിയമം. അപ്പോള്‍ ഗര്‍ഭനിരോധനവും അതിനുള്ള ഉപാധികളും പ്രകൃതിവിരുദ്ധമാകും.

തൊലിമറയ്ക്കാന്‍ കൃത്രിമമായ ഒരു തൊലി ഒരു ജീവിയ്ക്കും ഇല്ല. അപ്പോഴാണ് വസ്ത്രധാരണം പ്രകൃതിവിരുദ്ധമാകുന്നത്. പാചകം ചെയ്ത ആഹാരവും പ്രകൃതി വിരുദ്ധമാണ്.

ഇവയൊക്കെ മനുഷ്യന്‍ സംവത്സരങ്ങളായി ചെയ്തുപോരുന്ന ചില അടിസ്ഥാന പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. സൂക്ഷിച്ചുനോക്കിയാല്‍ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിലയ്ക്ക് ആഘോഷയാത്രായാണ് നമ്മുടെ ഓരോ ദിവസവും.

ചികിത്സയും ലേബര്‍ റൂമും പ്രകൃതിവിരുദ്ധം. പുകവലിയും മദ്യപാനവും പ്രകൃതിവിരുദ്ധം. സാഹിത്യവും സംസ്‌കാരവും പ്രകൃതിവിരുദ്ധം. യുദ്ധവും സമാധാനവും പ്രകൃതിവിരുദ്ധം. കുറ്റവും ശിക്ഷയും പ്രകൃതിവിരുദ്ധം.ഭരണകൂടവും മനുഷ്യാവകാശവും പ്രകൃതിവിരുദ്ധം. അഹിംസയും ദര്‍ശനവും ആത്മീയതയും പ്രകൃതിവിരുദ്ധം. ദേവാലയവും പുരോഹിതനും ദേവനും വാസ്തുപുരുഷനും പ്രകൃതിവിരുദ്ധം. കുര്‍ബാനയും പിതൃതര്‍പ്പണവും ബലിയും പ്രകൃതിവിരുദ്ധം. സ്‌നേഹവും കരുണയും കരുതലും ക്ലോണിംഗും പ്രകൃതിവിരുദ്ധം. ചിന്തയും ചിതയും പ്രകൃതിവിരുദ്ധം. നിയമവും നിയമവാഴ്ചയും പ്രകൃതിവിരുദ്ധം. സദാചാരവും സദാചാരപോലീസും നിയമവിരുദ്ധം. സഭയും വിശ്വാസികളും സിനഡും കരടുരേഖയും പ്രകൃതിവിരുദ്ധം.

പ്രകൃതിവിരുദ്ധതകളുടെ ഈ ഒടുങ്ങാത്ത പട്ടിക മറച്ചുകൊണ്ട് സ്വവര്‍ഗരതി മാത്രം എങ്ങനെ ഇക്കാലമത്രയും പ്രകൃതിവിരുദ്ധ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെട്ടു?

1980കളുടെ അവസാനം ഗോര്‍ബച്ചേവ് ചെയ്തതിനു സമാനമായ വിപ്ലവത്തിനാണ് ഫ്രാന്‍സിസ് പോപ്പ് തിരികൊളുത്തിയിരിക്കുന്നത്. സഭയ്ക്കുള്ളിലെ ഗ്ലാസ്നസ്തും പെരിസ്‌ട്രോയിക്കയും. സോവിയറ്റ് യൂണിയനില്‍ നടന്നതിന്റെ തനിയാവര്‍ത്തനമാണോ കത്തോലിക്കാസഭയെ കാത്തിരിക്കുന്നത്?

ചരിത്രം ആവര്‍ത്തിക്കുന്നു. ആദ്യം ദുരന്തമായും പിന്നെ പരിഹാസമായും.Next Story

Related Stories