TopTop
Begin typing your search above and press return to search.

പട്ടാളം നിരായുധരായ രണ്ടു മണിക്കൂര്‍; പുന്നപ്ര-വയലാര്‍ ചരിത്രം മറ്റൊന്നായേനെ

പട്ടാളം നിരായുധരായ രണ്ടു മണിക്കൂര്‍; പുന്നപ്ര-വയലാര്‍ ചരിത്രം മറ്റൊന്നായേനെ

ആര്‍.സബീഷ്

മുഹമ്മ അയ്യപ്പനെപ്പറ്റി കേട്ട കിംവദന്തിയുടെ നിജസ്ഥിതി അന്വേക്ഷിക്കാനാണ് കെ.എന്‍.പത്മനാഭനും സുഹൃത്ത് ശ്രീധരനും കട്ടച്ചിറയില്‍ നിന്നും കാല്‍നടയായി മുഹമ്മയില്‍ എത്തിയത്. ചീരപ്പന്‍ചിറയില്‍ സുശീലയുടെ (സുശീല ഗോപാലന്‍) വീട്ടില്‍ രാത്രിയും പകലും അസമയത്തും മുഹമ്മ അയ്യപ്പന്‍ വരുകയും പോകുകയും ചെയ്യുന്നു എന്നതായിരുന്നു രഹസ്യമായി പ്രചരിച്ച പരദൂഷണം. അന്ന് സുശീല കൊച്ചുകുട്ടിയാണ. സുശീലയുടെ മാതാവ് യുവതിയായ വിധവയെ സംശയത്തിന്റെ നിഴലിലാക്കിയാണ് അപവാദം കേട്ടത്.

അയ്യപ്പനോടു തന്നെ നേരില്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ മറുപടി നമുക്ക് ചീരപ്പന്‍ചിറയിലേക്ക് തന്നെ പോകാം എന്നതായിരുന്നു. അയ്യപ്പനും, പത്മനാഭനും സുഹൃത്ത് ശ്രീധരനും കൂടി ചീരപ്പന്‍ചിറയിലെത്തിയപ്പോള്‍ തന്നെ നാലു ഗ്ലാസ് ചായയും നാലു വാഴക്കാപ്പവും നാല് ഉഴുന്ന് വടയും നിരന്നു. നാല് പേരെ പ്രതീക്ഷിച്ച് ചായ വിളമ്പിയതിന്റെ കാര്യം മറ്റൊരാള്‍ വന്ന് ഒപ്പമിരുന്നപ്പോഴാണ് പത്മനാഭന് ബോധ്യമായത്. അപരിചിതനെ പരിചയപ്പെട്ടപ്പോള്‍ എ.കെ.ജി.എന്ന് കേട്ടിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം, ധാരാളം കേട്ടിട്ടുണ്ടെന്നും നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞ പത്മനാഭന് കിട്ടിയ മറുപടി ഞാനാണ് എ.കെ.ജി. എന്നായിരുന്നു. കണ്ണൂര്‍ ജയില്‍ചാടി മുഹമ്മയിലെ ചീരപ്പിന്‍ചിറയില്‍ ഒളിവിരിക്കാന്‍ വന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എ.കെ.ഗോപാലന് സഹായങ്ങള്‍ എത്തിക്കുവാനാണ് അയ്യപ്പന്‍ രഹസ്യമായി ചീരപ്പന്‍ചിറയില്‍ വന്നുപോയിരുന്നത്. 91-ാം വയസ്സിലും ഓര്‍മ്മകളില്‍ മങ്ങലില്ലാതെ യുവാവായിരിക്കെ എ.കെ.ജിയെ കാണുവാന്‍ ഇടയായ സാഹചര്യം വിവരിക്കുകയാണ് തണ്ണീര്‍മുക്കം പഞ്ചായത്തിലെ പണയച്ചിറ വീട്ടില്‍ കെ.എന്‍.പത്മനാഭന്‍.

തോക്കില്‍ മുതിരയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല തൊഴിലാളികള്‍
വയലാര്‍ സമരത്തിലെ കൂട്ടക്കുരുതിക്ക് കാരണമായത് അറിവില്ലാത്ത തൊഴിലാളികളെ തോക്കില്‍ വെടിയുണ്ടയ്ക്ക് പകരം മുതിരയെന്നു പറഞ്ഞു പറ്റിച്ചതായിരുന്നു എന്നാക്ഷേപിന്നവര്‍ക്കുള്ള മറുപടി നല്‍കുകയാണ് സമരസേനാനി കെ.എന്‍.പത്മനാഭന്‍. ക്യാമ്പുകളില്‍ പ്രധാനമായും പരിശീലിപ്പിച്ചത് വെടിയുണ്ടകളെ നേരിടുവാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. ആള്‍ക്കൂട്ടമായി നിവര്‍ന്നു നിന്നാല്‍ കൂടുതല്‍ പേര്‍ മരണപ്പെടുമെന്നും ഒരു വെടിയുണ്ടയ്ക്ക് ഏഴു പേരെ വരെ കൊല്ലാനുള്ള പ്രഹരശേഷി ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞുതന്നിരുന്നു. അതിനാല്‍ പട്ടാളം വെടിവച്ചാല്‍ കമഴ്ന്നു കിടക്കണം. വെടിയുണ്ടകള്‍ കൊള്ളാതിരിക്കാനും ഒരുവെടിയുണ്ടയാല്‍ ഒരാള്‍ക്ക് മാത്രമായി പരിക്കോ മരണമോ ചുരുക്കിനിര്‍ത്തണമെന്നും ഉള്ള പാഠങ്ങള്‍ ക്യാമ്പുകളില്‍ പകര്‍ന്നു നല്‍കാനും സധൈര്യം കേട്ടുനില്‍ക്കാനും കഴിഞ്ഞത് ഉയര്‍ന്ന വിപ്ലവബോധത്തിന്റെ തെളിവുകളായിരുന്നു. സര്‍ സി.പി.രാമസ്വാമി അയ്യര്‍ എന്തിനും മടിക്കാത്തവനാണെന്നും ടിയര്‍ഗ്യാസും തോക്കും നമുക്കുനേരെ ഉപയോഗിച്ചേക്കാമെന്ന നേതാക്കളുടെ പ്രസംഗവാചകങ്ങള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.കയര്‍ത്തൊഴിലാളികളും കയര്‍ഫാക്ടറി തൊഴിലാളികളും ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്നും ലഭിച്ച അറിവുകളെക്കാള്‍ കൂടുതല്‍ വിവരങ്ങളും സാമൂഹ്യധാരണകളും ഉള്ളവരാണ്. അവരാണ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. അനിവാര്യമായ സാമൂഹ്യവിപ്ലവത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യകഥകള്‍ നന്നായി ബോധ്യമുള്ളവരെ തോക്കില്‍ മുതിരയെന്നു പറഞ്ഞ് കബളിപ്പാക്കാനാകുമോ?

പട്ടാളം നിരായുധരായ രണ്ടു മണിക്കൂറുകള്‍
വയലാര്‍ വെടിവെയ്പ്പിന്റെ ഇടവേള, പട്ടാളക്കാരുടെ കൈവശം വെടിയുണ്ട തീര്‍ന്നതിലാണ് എന്നു മനസിലാക്കാന്‍ സമരസേനാനികള്‍ക്ക് അന്ന് കഴിഞ്ഞിരുന്നില്ല. പട്ടാളം നിരായുധരാണ് എന്ന ബോധ്യം തല്‍സമയം സമരക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ വയലാര്‍ സമരത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. സര്‍ സി.പിയുടെ ചോറ്റുപട്ടാളത്തെ സാധാരണ തൊഴിലാളികള്‍ കീഴ്‌പ്പെടുത്തിയ തോക്കുകള്‍ക്കുമേല്‍ വാരിക്കുന്തം വിജയം കൈവരിച്ച അത്ഭുതങ്ങളും അതേതുടര്‍ന്നുണ്ടായേക്കാവുന്ന സംഭവവികാസങ്ങളും ഉള്‍പ്പെടുന്ന മറ്റൊരു ചരിത്രം.

പട്ടാളം വയലാര്‍ ക്യാമ്പിലേക്ക് കരുതിയിരുന്ന വെടിയുണ്ടകള്‍ മുഴുവന്‍ ഉപയോഗിച്ച് കഴിഞ്ഞിട്ടും സമരക്കാര്‍ പിരിഞ്ഞിരുന്നില്ല. തുടര്‍ന്ന് താല്‍ക്കാലികമായി വെടിനിര്‍ത്തിയതിനു ശേഷം ചേര്‍ത്തലയിലെ അന്ത്രപ്പേരുടെ വസതിയില്‍ കായല്‍ മാര്‍ഗ്ഗം എത്തി വെടിയുണ്ടകള്‍ ശേഖരിച്ചാണ് രണ്ടാം ഘട്ടം വെടിയുതിര്‍ത്തത്. മരണഭയമില്ലാത്ത, വിപ്ലവബോധമുള്ള, പരിശീലനം ലഭിച്ച സമര വാളണ്ടിയയര്‍മാര്‍ക്ക് തങ്ങളെക്കാള്‍ എണ്ണത്തില്‍ കുറവായ പട്ടാളത്തെ കീഴ്‌പ്പെടുത്താന്‍ രണ്ടു മണിക്കൂര്‍ ധാരാളമായിരുന്നു എന്ന് നഷ്ടബോധത്തോടെ കെ.എന്‍.പത്മനാഭന്‍ ഓര്‍മ്മിക്കുന്നു.സ്റ്റേഷന്‍ വളപ്പില്‍ പോലീസിനെ തോല്‍പ്പിച്ച സംഭവം
തുലാം 10-ാം തീയതി ഞായറാഴ്ചയിലെ വയലാറിലെ വെടിവെയ്പ്പ് കഴിഞ്ഞ് മൂന്നാം നാളാണ് കെ എന്‍ പത്മനാഭന്‍ പോലീസ് കസ്റ്റഡിയിലാകുന്നത്. പുത്തനങ്ങാടിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പത്മനാഭനെ ചേര്‍ത്തലയില്‍ സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ എന്‍.എസ്.പി.പണിക്കര്‍, ചമ്പക്കാട് കുമാരന്‍ വക്കീല്‍ എന്നിവരും ഇതിനകം തന്നെ കസ്റ്റഡിയിലായിരുന്നു. ചുറ്റുമതിലില്ലാത്ത അന്നത്തെ പോലീസ് സ്റ്റേഷനിലെ മര്‍ദ്ദനം കാണാന്‍ സമീപത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരന്നിരുന്നു. ഇവരെല്ലാം നോക്കിനില്‍ക്കെ എന്‍.എസ്.പി.പണിക്കര്‍ എന്ന നേതാവിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി തൊഴിലാളികളോടായി നേതാവിനെ തല്ലാന്‍ പോലീസ് ആജ്ഞാപിച്ചു. ഒളതല സ്വദേശി ചെത്തുകാരന്‍ രാമകൃഷ്ണന്‍, അലക്ക് ജോലിചെയ്യുന്ന നാരപ്പന്‍, കഞ്ഞിക്കുഴിയിലെ ഊരാന്‍ വേലു എന്നിവര്‍ ഉള്‍പ്പെടെ നേതാവിനെ തല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പോലീസ് വീണ്ടും മര്‍ദ്ദിച്ചു. എത്ര മര്‍ദ്ദനമേറ്റിട്ടും എന്‍.എസ്.പി.പണിക്കര്‍ എന്ന നേതാവിനെ തല്ലാന്‍ ഒരു തൊഴിലാളിയും കൂട്ടാക്കിയില്ലെന്ന് പത്മനാഭന്‍ പറയുന്നു.

ഇരട്ടമുറിവീട്ടില്‍ സുഖജീവിതം
രണ്ടുമുറികളും അടുക്കളചാര്‍ത്തും, പ്ലാസ്റ്റിക് ഷീറ്റുമറച്ച കക്കൂസും ഉള്‍പ്പെടുന്നതാണ് ഈ സമരസേനാനിയുടെ വാസസ്ഥലം. ഇതൊരു അസൗകര്യവും, പരിമിതിയും, ദരിദ്രജീവിതവുമായി മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും ഊര്‍ജ്ജസ്വലനായ പഴയ സമരസേനാനിക്ക് ഇതു സമൃദ്ധിയുടെ ജീവിതം തന്നെയെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. വാര്‍ദ്ധക്യത്തിലും ആരോഗ്യവും ഓര്‍മ്മകളും തകരാറിലാകാതെ സഹധര്‍മ്മിണിക്കൊപ്പം ഇവിടെ സുഖജീവിതം. ഇപ്പോഴും അയല്‍വീട്ടുകാര്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് സഹായം തേടി ഈ വീട്ടുമുറ്റത്ത് എത്താറുണ്ട്. തന്നാലാവുന്ന സഹായങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് ചെയ്ത് ആ ജീവിതം മുന്നോട്ട് പോകുന്നു.

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പൊതുപ്രവര്‍ത്തനം അവസാനിക്കുന്നത് മരണദിനത്തില്‍ മാത്രമാണെന്ന് വിശ്വസിക്കുകയും അത് ജീവിതം കൊണ്ട് കാട്ടിത്തരുകയയും ചെയ്യുകയാണ് പുന്നപ്ര - വയലാര്‍ - മരാരിക്കുളം സമരത്തിന്റെ എഴുപതാണ്ടുകള്‍ പൂര്‍ത്തീകരിക്കുമ്പോഴും ഈ സമരസേനാനി.

(ആലപ്പുഴയില്‍ ഡിവൈഎഫ്ഐയുടെ മുന്‍ നേതാവാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories