TopTop
Begin typing your search above and press return to search.

ഗ്രാമച്ചന്തയിലെ കവി പാടുമ്പോള്‍- പുതിയ പുസ്തകം

ഗ്രാമച്ചന്തയിലെ കവി പാടുമ്പോള്‍- പുതിയ പുസ്തകം

ഈ ആഴ്ചയിലെ പുസ്തകം

കുതിരമാളിക (കവിതകള്‍)
കിളിമാനൂര്‍ മധു
നാഷണല്‍ ബുക് സ്റ്റാള്‍
വില: 65 രൂപ

കിളിമാനൂര്‍ മധു എന്ന കവി മാനവദു:ഖത്തിന്റെ പൊരുള്‍തേടി കാവ്യതീര്‍ത്ഥാടനം നടത്തുന്ന സഞ്ചാരിയാണ്. കവിതയുടെ പ്രണയതാളത്തിലാണ് മധുവിന്റെ ഹൃദയം തുടിക്കുന്നത്. പ്രണയത്തെ അഗാധമായി പ്രണയിക്കുന്ന കവി കൂടിയാണ് കിളിമാനൂര്‍ മധു.

'കുതിരമാളിക' എന്ന മധുവിന്റെ പുതിയ കാവ്യസമാഹാരത്തില്‍ മുപ്പത് കവിതകളുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന കവിതകള്‍. കണ്ണീരും കിനാവും ക്രോധവും പരിഹാസവും ആര്‍ദ്രതയും കാരുണ്യവും ഉള്ള കവിതകള്‍. വായനക്കാരന്റെ മനസ്സിലേക്ക് യാതൊരു വളച്ചു കെട്ടലുമില്ലാതെ സംവദിക്കുന്ന ബിംബകല്‍പ്പനകളുണ്ട്. അതിമനോഹരമായ ഇമേജുകളുണ്ട്. സംഗീതത്തിന്റെ സാന്ദ്രതയുണ്ട്.

ആദ്യ കവിതയായ 'ഗ്രാമച്ചന്തയിലെ കവി' പണ്ടുകാലത്തെ നാടന്‍ ചന്തകളെ ഓര്‍മ്മയില്‍ കൊണ്ടുവരും. ഗ്രാമചന്തകളുടെ ചൈതന്യവും ചാരുതയും പകര്‍ത്തി ഗൃഹാതുരതയുടെ മടിത്തട്ടിലേക്ക് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

ഗ്രാമച്ചന്തയില്‍
ഇപ്പോഴും ആ പാട്ടുകാരന്‍ കവിയുണ്ട്
ഹൃദയം വിറ്റും പെറുക്കിയും
നെഞ്ചത്തടിച്ചും പാടാനറിയുന്ന കവി.
എന്ന് മധു എഴുതിവയ്ക്കുമ്പോള്‍ ലോകകവിതയുടെ ഭൂപടം നിവര്‍ത്തിവച്ച് ഏറ്റവും പുതിയ കവിതയെ ധ്യാനിച്ചിരിക്കെ നാട്ടുമ്പുറത്തെ ആ പ്രാകൃതന്റെ ഈണം വായനക്കാരന്റെ ഹൃദയത്തില്‍ മുഴങ്ങുന്നു. 'സിംഹവേട്ടക്കാരന്റെ ഒച്ച' എന്ന കവിതയില്‍ വൈലോപ്പിള്ളി, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ അവതരിപ്പിക്കുകയാണ് മധു. മൂവരെയും കണ്ടുമുട്ടിയ നിമിഷങ്ങള്‍ വാങ്മയ ചിത്രങ്ങളിലൂടെ മധു വരച്ചുകാട്ടുമ്പോള്‍ കവിത വായിക്കാനും പ്രത്യേകമൊരു സുഖമുണ്ട്.'യാത്രാമുറിവുകള്‍' എന്ന കവിത വായിക്കുമ്പോള്‍ നമ്മളും അറിയാതെ മുറിവേല്‍ക്കപ്പെടുന്നു. പുറപ്പെടാനായി വണ്ടി വന്നുനില്‍ക്കുമ്പോള്‍ അവസാന യാത്രികനായ കവി, വരില്ലെന്നറിഞ്ഞിട്ടും ആരെയോ കാത്തുനില്‍ക്കുന്നു. കവി തന്നെത്തന്നെ യാത്രയാക്കുകയാണ്.

അമ്മയെക്കാണാതെ കേഴുന്ന കുട്ടികള്‍
അത്താഴമില്ലാതെ തെരിയുന്ന വയറുകള്‍
തേവിടിശ്ശിച്ചിരി കേട്ടുപോം പഥികരുടെ
തേങ്ങലില്‍ കാമം കുലുങ്ങുന്ന പാര്‍ക്കുകള്‍
ഇവയെല്ലാം കടന്ന് കടംകൊണ്ട ഓര്‍മ്മകളില്‍ മുറിവുകള്‍ തുടച്ച് യാത്രയുടെ ദിക്കുകള്‍ തിരയുന്ന സത്യാന്വേഷിയുടെ വേപഥുപുരണ്ട മനസ്സാണ് കവി നിവര്‍ത്തിവയ്ക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഗാന്ധി ബിഫോര്‍ ഇന്ത്യ - രാമചന്ദ്ര ഗുഹ
ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി - ഒരു വായന
മായ ഏഞ്ചലോവ്: എല്ലാ ശൈത്യങ്ങള്‍ക്കുമപ്പുറം
സത്യാന്വേഷണത്തെക്കുറിച്ച് ഒരു കല്പിതകഥ: മോഡിയും ഗോധ്രയും
ബഷീറിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്


താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യ നികേതനം' വായിച്ച സംസ്‌കാരത്തില്‍നിന്ന് രൂപംകൊണ്ട 'യാത്രയുടെ ചില്ല' ഈ സമാഹാരത്തിലെ വേറിട്ട കവിതയാണ്. ജീവന്‍ മശായിയുടെ ഗ്രാമം വിട്ടുപോരുമ്പോള്‍ വഴിയില്‍ പിംഗളകേശിനി ചോദിച്ചു: നാഡി നോക്കി മശായി എന്താണ് പറഞ്ഞതെന്ന്. പിംഗള കേശിനിയും തബലക്കാരനും കാണ്‍കെ സുരബാല പാട്ടില്‍ എരിഞ്ഞു കത്തിയമരുമ്പോള്‍ മഞ്ചല്‍ ചുമക്കാന്‍ ആരെങ്കിലും വരുമോ എന്ന ഉല്‍ക്കണ്ഠയാണ് കവിയെ വേവലാതിപ്പെടുത്തുന്നത്. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം തിരയുന്ന ഈ കവിത ആധുനികമായ ഒരു ദര്‍ശനത്തിലേക്കാണ് കണ്ണുതുറക്കുന്നത്.

ചിലപ്പോള്‍ ജീവിതം വിലങ്ങനെ വീണ വഴിമരം പോലെയെന്നും ചിലപ്പോള്‍ ആകാശം ഇരച്ചുപെയ്യുന്ന ഇടവപ്പാതിയില്‍ ഒലിച്ചുപോകുന്ന നിഴലുനോക്കി നിന്നെരിയും കണ്ണുപോലെയെന്നും പറഞ്ഞുകൊണ്ട് 'ചിലപ്പോള്‍ ജീവിതം' എന്ന കവിതയില്‍ മധു ജീവിതത്തിന്റെയും കാലത്തിന്റെയും അവസ്ഥാന്തരങ്ങളേയും അര്‍ത്ഥങ്ങളേയും അന്വേഷിക്കുകയാണ്.

ജീവിതവുമായി ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിലെ തമ്പുരാട്ടിപ്പാറ കവിയെ സംബന്ധിച്ച് എന്നും ഒരു ഗൃഹാതുരത്വമാണ്. 'തമ്പുരാട്ടിപ്പാറ' എന്ന കവിതയില്‍ ഗ്രാമീണതയുടെയും നാട്ടറിവുകളുടെയും നോവുറവകളുടെയും സംഗമമുണ്ട്. ദളിത് നായികയുടെ വികാരപാരവശ്യവും നാട്ടിന്റെ തനിമയില്‍ ഇഴചേര്‍ന്ന ഇതിഹാസ പരാമര്‍ശവും ഈ കവിതയെ ശക്തമാക്കുന്നു.

പത്മതീര്‍ത്ഥത്തില്‍ മുങ്ങിക്കേറുന്ന തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഒരേടാണ് 'കുതിരമാളിക' എന്ന കവിത. സുനാമി ദുരന്തത്തിന് മുമ്പ് മധു എഴുതിയ 'കടല്‍ഭൂകമ്പങ്ങള്‍' എന്ന കവിത കവിയുടെ ക്രാന്തദര്‍ശിത്വത്തിനും ഉദാഹരണമാണ്.

ചിന്താബന്ധുരമായ ദര്‍ശനവും കൈത്തഴക്കം വന്ന രചനാരീതിയും പദങ്ങളുടെ അനര്‍ഗ്ഗള പ്രവാഹവും ഈ കാവ്യസമാഹാരത്തിന്റെ സവിശേഷതയാണ്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് തുറന്നുവച്ച മനസ്സും മിഴിയും ഈ കവിയുടെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ കിളിമാനൂര്‍ മധുവിന് മലയാള കവിതയില്‍ സ്വന്തമായ ഇരിപ്പിടം ഉണ്ടെന്ന് നിസ്സംശയം പറയാം.

അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ചാത്തന്നൂര്‍ മോഹന്‍റെ ലേഖനങ്ങള്‍

അനുഭവങ്ങള്‍ ആഘാതമാകുമ്പോള്‍
എം.ടി: ജീവിതത്തിന്റെ എഡിറ്റര്‍
ഭാവനയുടെ തീവ്രാനുഭവങ്ങള്‍


Next Story

Related Stories