TopTop
Begin typing your search above and press return to search.

തുലാവര്‍ഷ മഴയില്‍ പാടത്ത് മരിച്ചു വീഴുന്നവര്‍- ലിപിന്‍ രാജിന്‍റെ കഥകളെക്കുറിച്ച്

തുലാവര്‍ഷ മഴയില്‍ പാടത്ത് മരിച്ചു വീഴുന്നവര്‍- ലിപിന്‍ രാജിന്‍റെ കഥകളെക്കുറിച്ച്

ഈ ആഴ്ചയിലെ പുസ്തകം

സ്വര്‍ണ്ണത്തവള (കഥകള്‍)
ലിപിന്‍ രാജ്
പരിധി പബ്ലിക്കേഷന്‍
വില: 70 രൂപ


ലിപിന്‍ രാജ് പുതിയ കഥാകൃത്താണ്. എഴുത്തിലും പ്രായത്തിലും യുവത്വം. ചിന്തയിലും ദര്‍ശനത്തിലും വ്യത്യസ്തന്‍. ബുദ്ധിയും വികാരവും സമരസപ്പെടുത്തി ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ലിപിന്‍ രാജിന്റെ ശൈലി ശ്രദ്ധേയമാണ്. കഥപറയുന്ന രീതിയ്ക്കുമുണ്ടൊരു പ്രത്യേകത. 'സ്വര്‍ണ്ണത്തവള' എന്ന കഥാസമാഹാരം ലിപിന്‍ രാജിന്റെ ആദ്യത്തെ പുസ്തകമാണ്.

പതിനാല് കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സമാഹാരം തീര്‍ച്ചയായും പുതിയ കഥയുടെ രംഗത്ത് ലിപിന്‍ രാജിനെ മുദ്രിതമാക്കും. കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചരിത്രബോധവും രാഷ്ട്രീയനിലപാടുകളും സുശിക്ഷിതനായ ഒരു വായനക്കാരന് ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യമല്ല. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള കഥാപാത്രങ്ങള്‍ ഈ കഥകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ രീതികളും സ്വഭാവ വൈചിത്ര്യങ്ങളും ആര്‍ത്തികളും ആസക്തികളും ജീവിതം നേരിടുന്ന വ്യഥകളും വെല്ലുവിളിയുമെല്ലാം ഇതിലെ കഥകള്‍ രേഖപ്പെടുത്തുന്നുണ്ട്.
'ന്യൂസ് ഡെസ്‌ക്' എന്ന കഥയില്‍ പത്രമാഫീസില്‍ റിപ്പോര്‍ട്ടറായി കഴിഞ്ഞ അനുഭവങ്ങളുടെ ആവിഷ്‌കാരമാണ്. സ്വതന്ത്രമായി നല്ല ഒരു സ്‌റ്റോറി ചെയ്യാന്‍ വയ്യാത്ത ദയനീയാവസ്ഥയാണ് ഈ കഥയില്‍ ലിപിന്‍ രാജ് അവതരിപ്പിക്കുന്നത്. വന്‍ കമ്പനികളുടെ പരസ്യങ്ങളില്‍ കണ്ണുംനട്ടിരിക്കുന്ന പത്ര മാനേജ്‌മെന്റുകള്‍ അവര്‍ക്കെതിരെ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ആ വാര്‍ത്തകള്‍ ചവറ്റുകൊട്ടയിലേക്ക് കളയുന്ന ഏര്‍പ്പാടും ഈ കഥയില്‍ സൂചിപ്പിക്കുന്നുണ്ട്. കഥയിലെ നായകന്റെ പേര് പ്രദീപ് എന്നാണ്. കഥാകൃത്ത് ഇങ്ങിനെ എഴുതുന്നു:' മാറുന്ന വിപണിയുടെ തന്ത്രങ്ങളറിഞ്ഞ് എഴുതണമെന്ന പ്രദീപിന്റെ ആഗ്രഹത്തിന്റെ മുന പലതവണ ഡെസ്‌കിലെ കാരണവന്മാര്‍ കുത്തിയൊടിച്ചു. എഴുതിവിട്ട സ്റ്റോറി അതേപോലെ തിരികെവന്നതും രണ്ടുദിവസം കഴിഞ്ഞ് അത് മറ്റൊരു ചീഫ് റിപ്പോര്‍ട്ടറുടെ ബൈ-ലൈനോടെ മുന്‍പേജില്‍ അച്ചടിച്ചുവന്നതും പ്രദീപിനെ ഞെട്ടിച്ചുകളഞ്ഞു'.ഇങ്ങിനെ പല പത്രമാഫീസുകളിലും നടക്കുന്ന പ്രവര്‍ത്തികളെക്കുറിച്ച് ലിപിന്‍രാജ് പരാമര്‍ശിക്കുന്നു. വാസ്തവത്തില്‍ സ്വതന്ത്രമായും നിഷ്പക്ഷമായും സത്യസന്ധമായും പത്രപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത പുതിയ കാലത്തിന്റെ സമസ്യയിലേക്കാണ് കഥാകൃത്ത് ഇറങ്ങിച്ചെല്ലുന്നത്.


മൊബൈല്‍ ഫോണിന്റെ ദുരുപയോഗം അതിലൂടെ പെണ്ണിന്റെ ജീവിതത്തിലുണ്ടാകുന്ന താളക്കേടുകളും വ്യക്തമാക്കുന്ന കഥയാണ് 'നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ കയറിവരുന്ന വഴികള്‍'. നഴ്‌സിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കഥാപാത്രം. വായനക്കാരുടെ ഹൃദയത്തില്‍ ആര്‍ദ്രതയുടെയും ആകുലതകളുടെയും മൂഹൂര്‍ത്തം സൃഷ്ടിക്കുന്ന ഹൃദ്യമായ കഥയാണ് 'തപാലാപ്പീസുകാരന്‍'. നഷ്ടപ്പെട്ടുപോകുന്ന തപാലാപ്പീസും അതിലെ ജീവനക്കാരനും ഈ കഥയിലെ കേന്ദ്രപ്രമേയമാണ്. പണ്ടൊക്കെ ഗള്‍ഫ് കത്തുകളുമായി നാട്ടിന്‍പുറത്ത് കറങ്ങിനടക്കുന്ന പോസ്റ്റ്മാന്റെ ചിത്രം കഴിഞ്ഞതലമുറയ്ക്ക് ഹരമാണ്. 'ഇന്ന് ജോര്‍ജുമാര്‍ അയക്കുന്ന ഉമ്മകളുടെ ചൂട് അതേപോലെ മോളിമാര്‍ക്ക് നല്‍കാന്‍ ഇ-മെയിലുകള്‍ക്ക് കഴിയുമോ?' എന്ന കഥാകൃത്തിന്റെ ചോദ്യം നമ്മെ ചിന്തിപ്പിക്കുന്നതാണ്. സംസാരിക്കുന്ന സമയത്ത് തന്നെ ഗള്‍ഫിലിരിക്കുന്ന ആളിന്റെ മുഖം കാണാന്‍ കഴിയുന്ന ഇന്നത്തെ കാലത്തിന്റെ ചിത്രം ലിപിന്‍രാജ് വരച്ചിടുന്നു. കഥയിലെ അപ്പ്വേട്ടന്‍ പോസ്റ്റാഫീസ് പൂട്ടുമ്പോള്‍ കരയാതിരിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും എന്തിനും ഏതിനും ഇന്റര്‍നെറ്റ് ഉണ്ടല്ലോ എന്ന ചിന്തയെക്കുറിച്ചും വിവരിക്കുമ്പോള്‍ വായനക്കാരുടെ കണ്ണുനിറയും. സ്വന്തം ജീവിതവും മരണവും പോലും ഇന്റര്‍നെറ്റ് കമ്പനികള്‍ വിലപേശി സ്‌പോണ്‍സര്‍ ചെയ്യുന്ന കാലത്തേക്കിനി അധികദൂരമില്ലെന്ന് വിചാരിക്കുന്ന അപ്പ്വേട്ടന്റെ ചിന്തയിലൂടെയാണ് കഥ അവസാനിപ്പിക്കുന്നത്.

പ്രണയവും സ്‌നേഹവും ആത്മഹഹത്യ ചെയ്തുകളഞ്ഞകാലത്ത് മൂടുപടമണിഞ്ഞെത്തുന്ന കാമുകന്മാരുടെ വഞ്ചനകളും ചതികളും തുറന്നുകാട്ടുന്ന കഥയാണ് 'സ്വര്‍ണ്ണത്തവള'. ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ പ്രണയഭംഗവും വില്‍ക്കപ്പെടുന്ന സ്വപ്‌നങ്ങളും ചതിയുടെ ഗര്‍ത്തത്തിലേക്ക് വീഴുന്നതും മറ്റും വളരെ വിദഗ്ധമായി കഥാകൃത്ത് ആവിഷ്‌കരിക്കുന്നു. രഹസ്യവേശ്യയെപ്പോലെയും എല്ലാ മറന്ന് പഴയ ഫാത്തിമയെപ്പോലെയും ജീവിക്കാനാവുമെന്ന തിരിച്ചറിവ് ഒരു പെണ്ണിന്റെ മാനസികാവസ്ഥയുടെ വ്യത്യസ്തഭാവങ്ങളെയാണ് അനാവരണം ചെയ്യുന്നത്.
കണ്ണുകളാല്‍ കന്യകാത്വം ഉടയ്ക്കുന്നവരുടെയിടയില്‍ റഹീമിനും സുവോളജി പ്രൊഫസര്‍ക്കും അജ്ഞാതരായ മറ്റനേകം പേര്‍ക്കുമായി ജനിച്ചു മരിക്കുകയാണ് സ്വര്‍ണ്ണത്തവളയായ തന്റെ ഗതിയെന്ന് ഫാത്തിമയ്ക്ക് തോന്നി. മൃഗശാലയിലെ ഹിപ്പൊപ്പൊട്ടാമസിനെപ്പോലെ ചെളിവെള്ളത്തില്‍ കിടന്ന്...
പുതിയകാലത്ത് പെണ്‍മക്കളുള്ള അച്ഛനമ്മമാര്‍ക്ക് ആധിയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലെക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പെണ്‍വാണിഭത്തിന്റെയും ബ്ലാക്ക്‌മെയിലിംഗുകളുടെയും ആസുരമായ ഇക്കാലത്ത് പെണ്‍കുട്ടി പിറന്നാല്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആധിയും വ്യാധിയും ചില്ലറയല്ല. അപ്രത്യക്ഷരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ജീവിക്കണമെങ്കില്‍ നമ്മള്‍ പലതും ബലികൊടുക്കേണ്ടി വരും. പേരുപോലും അന്യമാകുന്ന ആധുനികസമൂഹത്തില്‍ മനുഷ്യന്‍ അസ്തിത്വത്തിനുവേണ്ടി പൊരുതുന്ന കാഴ്ച്ചയാണ് എങ്ങും. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അലയുന്ന ഒരമ്മയുടെ ദയനീയ ചിത്രമാണ് 'പേരില്ലാത്തവള്‍' എന്ന കഥയില്‍. ഹിന്ദുവിനെ സ്വീകരിക്കേണ്ടി വന്ന സഹീറയുടെ ധര്‍മ്മസങ്കടങ്ങളും രോഷവും കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ജാതി-മതങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ടുഴലുന്ന സഹീറ ഒടുവില്‍ കുട്ടിക്ക് 'ക്യൂ' എന്ന പേരിടുമ്പോള്‍, പേരാണ് ഏറ്റവും വലിയ ശാപം എന്നഭാരം ഇറക്കിവയ്ക്കുകയാണ്.

ടിവിയിലെ മ്യൂസിക് ഷോകളില്‍ പങ്കെടുക്കുന്നവരുടെ ജീവിതചേഷ്ടകളാണ് 'എലിമിനേഷന്‍ റൗണ്ട്' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. മരിക്കാന്‍ കിടക്കുന്നത് അച്ഛനായാലും കൊള്ളാം അമ്മയായാലും കൊള്ളാം. തങ്ങളുടെ മകള്‍ വിജയിയായി പുറത്തുവരുന്നതിനെക്കാള്‍ സായൂജ്യം മറ്റൊന്നിനുമില്ലെന്ന് കരുതുന്ന മാതാപിതാക്കളെയാണ് കഥയില്‍ കൊണ്ടുവരുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത ഒരു കെട്ടകാലമാണ് കഥയുടെ കേന്ദ്രബിന്ദു. 'തുലാവര്‍ഷം' എന്ന കഥയില്‍ നാട്ടുമ്പുറത്തുകാരനും കൃഷിക്കാരനുമായ നാരായണേട്ടനിലൂടെ പാരമ്പര്യകൃഷി അട്ടിമറിക്കപ്പെടുന്നതും അതിലൂടെ നഷ്ടപ്പെടുന്ന ഒരു കാര്‍ഷിക സംസ്‌കാരവുമാണ് കഥാകൃത്ത് അനാവരണം ചെയ്യുന്നത്. വിഷവിത്തും വിഷവളവും വിഷവായുവും ഒക്കെച്ചേര്‍ന്ന് മനുഷ്യജീവിതത്തെ വരിഞ്ഞുമുറുക്കുന്ന അവസ്ഥ. തുലാവര്‍ഷ മഴയില്‍ പാടത്ത് മരിച്ചുവീഴുന്ന നാരായണേട്ടനിലൂടെ ഒരു സംസ്‌കാരത്തിന്റെ അന്ത്യമാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. സമാഹാരത്തിലെ മറ്റുകഥകളും ആധുനിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്.

ഭാഷയിലും അവതരണത്തിലും പുതുമകള്‍ തേടുന്ന പ്രതിഭപുരണ്ട മനസ് ലിപിന്‍രാജിലുണ്ട്. ധ്വനനശക്തിയോടെ കഥപറയാനുള്ള വൈഭവും ഈ ചെറുപ്പക്കാരന്‍ പ്രകടിപ്പിക്കുന്നു. സിവില്‍ സര്‍വ്വീസ് എന്ന ഉന്നത ശ്രേണിയിലെത്തിച്ചേര്‍ന്ന ലിപിന്‍രാജ് തന്റെ മുന്‍ഗാമിയായ എന്‍.എസ് മാധവനെപ്പോലെ ശക്തമായ രചനകളിലൂടെ മലയാള കഥയില്‍ ഇടം നേടുമെന്നതില്‍ സംശയമില്ല.


Next Story

Related Stories