UPDATES

വായന/സംസ്കാരം

‘കലാവിരോധികളാ’യ ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ജേക്കബ് തോമസ് എഴുതുകയാണ്; 6 മാസം കൊണ്ട് 6 പുസ്തകങ്ങള്‍

ലിംക ബുക്കിലോ മറ്റേതെങ്കിലും റെക്കോർഡ്‌സ് ബുക്കിലോ കയറിപ്പറ്റാനുള്ള ശ്രമമല്ല. അഴിമതിക്കെതിരെയുള്ള കുരിശു യുദ്ധത്തിന്റെ ഭാഗം തന്നെയാണ് ഈ പുസ്തക രചനാ യജ്ഞം

കെ എ ആന്റണി

കെ എ ആന്റണി

മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് വീണ്ടും വാർത്തകളിൽ നിറയുന്നു. സർവീസിൽ ഇരിക്കെ മുൻകൂട്ടി അനുമതി വാങ്ങാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം എഴുതിയ, ഓഖി ദുരന്തത്തിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചതിന് സസ്പെൻഷനിലായ ഈ ഡി ജി പി ഇത്തവണ വാർത്താ താരമാകുന്നത് ഒറ്റയടിക്ക് ആറു പുസ്തകങ്ങൾ എഴുതുന്നതിന്റെ പേരിലാണ്. ഇംഗ്ളീഷിലും മലയാളത്തിലുമായി മൂന്നുവീതം പുസ്തകങ്ങളാണ് എഴുതുന്നത്. ആറു പുസ്തകങ്ങളും ആറു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. അഴിമതി, വികസനം, പരിസ്ഥിതി, മാനേജ്മെന്റ്, കൃഷി തുടങ്ങിയവയാണ് വിഷയങ്ങളെങ്കിലും പുതിയ ആറു പുസ്തകങ്ങളിലും സർവീസ് അനുഭവങ്ങളും ജീവിതാനുഭങ്ങളും ഉണ്ടാകുമെന്നു അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ജേക്കബ് തോമസ് പറഞ്ഞതായും പത്ര റിപ്പോർട്ടിൽ ഉണ്ട്.

ഒറ്റയടിക്ക് ആറ് പുസ്തകങ്ങൾ, അതും ആറ് മാസം കൊണ്ട് രചിക്കാൻ തീരുമാനിച്ചതിനു പിന്നിലെ ചേതോവികാരം എന്തെന്നും ഈ പീപ്പി വിളിക്കാരൻ (ഈ പരിഭാഷ ഇഷ്ടമായില്ലെങ്കിൽ whistle blower എന്ന ഇംഗ്ളീഷ് പ്രയോഗം തന്നെ ഉപയോഗിക്കുക) ഡി ജി പി മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. “കലയെ പ്രോത്സാഹിപ്പിക്കാത്ത ചിലർ കുറച്ചുകാലം ഇവിടെ കയറി ഇരിക്കുന്നുവെന്നു കരുതി എന്റെ ജീവിതം കൊണ്ട് ഉദ്ദേശിച്ചത് എനിക്കു ചെയ്യാതിരിക്കാൻ പറ്റുമോ? ഞാൻ അതു ചെയ്തിരിക്കും. അല്ലെങ്കിൽ അത് എന്നോടു തന്നെ ചെയ്യുന്ന ക്രൂരതയായിപ്പോകും” എന്നാണ് തന്റെ പുസ്തകമെഴുത്തു യജ്ഞത്തെക്കുറിച്ചു ജേക്കബ് തോമസ് നൽകുന്ന വിശദീകരണം.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

തന്റെ ആദ്യ പുസ്തകമായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ചെയ്യാൻ വിസമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനും സർവീസിലിരിക്കെ തന്നെ നിരന്തരം ദ്രോഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയുമൊക്കെ തന്നെയാവണം കലയെ പ്രോത്സാഹിപ്പിക്കാത്ത ചിലർ എന്നതുകൊണ്ട് ജേക്കബ് തോമസ് ഉദ്ദേശിക്കുന്നത്. ഇത് മനോരമയോട് അദ്ദേഹം തുടർന്ന് പറഞ്ഞ വരികളിൽ നിന്നും ഏറെക്കുറെ വ്യക്തമാണ് താനും. ആ വാക്കുകൾ ഇങ്ങനെ; “വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് സർവീസിൽ ലഭിച്ചത്. ഉമ്മൻ ചാണ്ടിയുടെ കാലത്തു കുറെ മെമ്മോകൾ. ഇപ്പോൾ പിണറായി സർക്കാരിന്റെ കാലത്തു കുറെ മെമ്മോയും സസ്‌പെൻഷനും. പക്ഷെ എനിക്കെപ്പോഴും തലയുയർത്തി ഒരു കാര്യം വിളിച്ചു പറയാം. അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിക്കെതിരെ പ്രസംഗിച്ചതിനാണ് എന്നെ ആദ്യം സസ്‌പെൻഡ് ചെയ്തത്. മലയാളത്തിൽ രണ്ടു പുസ്തകം എഴുതിയതിനാണ് രണ്ടാമത്തെ സസ്‌പെൻഷൻ.”

അപ്പോൾ സംഗതി അല്പം സീരിയസാണ്. ജേക്കബ് തോമസ് രണ്ടും കൽപ്പിച്ചു തന്നെയാണ് ഒറ്റയടിക്ക് ഇംഗ്ളീഷിലും മലയാളത്തിലുമായി ആറു പുസ്തകങ്ങൾ, അതും ആറു മാസം കൊണ്ട് എഴുതിത്തീർക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഇത് ലിംക ബുക്കിലോ മറ്റേതെങ്കിലും റെക്കോർഡ്‌സ് ബുക്കിലോ കയറിപ്പറ്റാനുള്ള ശ്രമമല്ല. അഴിമതിക്കെതിരെയുള്ള കുരിശു യുദ്ധത്തിന്റെ ഭാഗം തന്നെയാണ് ഈ പുസ്തക രചനാ യജ്ഞം. എന്തായാലും അദ്ദേഹത്തിന്റെ ഈ മഹാ യജ്ഞത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

എന്തുകൊണ്ടാണ് ജേക്കബ് തോമസ് ഇങ്ങനെ?

ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്, ഒന്നും നേരെ ചൊവ്വെ പറയില്ല

ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍