TopTop
Begin typing your search above and press return to search.

നമ്മുടെ ചില 'യുവ' കഥാകൃത്തുകളും എസ് ഡി പി ഐക്കാരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

നമ്മുടെ ചില
നമ്മുടെ 'യുവ' കഥാകൃത്തുക്കൾക്കിടയിൽ ഒരു ലോബി രൂപപ്പെട്ടിട്ടുണ്ടെന്ന് ബലമായി സംശയിക്കാൻ തക്കതൊക്കെയാണ്, കോഴിക്കോട് ജില്ലാ സ്‌കൂൾ കലോൽസവത്തിൽ ഒന്നാമതെത്തിയ 'കിത്താബ്' എന്ന നാടകത്തെച്ചൊല്ലി ഉയർന്ന വിവാദത്തിന്റെ അനുരണനങ്ങൾ സൂചിപ്പിക്കുന്നത്. ഉണ്ണി ആർ. എഴുതിയ 'വാങ്ക്' എന്ന ചെറുകഥയുടെ ‘സ്വതന്ത്ര നാടകാവിഷ്‌കാരം’ എന്ന് ഈ നാടകത്തെപ്പറ്റി അതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നം. നാടകം സംവിധാനം ചെയ്ത റഫീക് മംഗലശ്ശേരിക്കെതിരെ ഒരുവശത്ത് എസ്ഡിപിഐയും മറുവശത്ത് മലയാളത്തിലെ ഒരുകൂട്ടം കഥാകൃത്തുക്കളും വാളെടുത്ത് ഉറഞ്ഞുതുള്ളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

നാടകത്തിലെ ചില പരാമർശങ്ങൾ ഇസ്ലാം മതത്തെ വികലമാക്കിയോ മോശമാക്കിയോ ഒക്കെ ചിത്രീകരിക്കുന്നുവെന്നായിരുന്നു എസ്ഡിപിഐയുടെ ആരോപണം. മതത്തെ വികലമാക്കുകയല്ല, മറിച്ച് മതബോധ്യങ്ങളെ തന്റെ മാധ്യമം ഉപയോഗിച്ച് വിമർശിക്കുകയോ പരിഹസിക്കുകയോ ഒക്കെയാണ് റഫീക്ക് നാടകത്തിൽ ചെയ്തത്. ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിനെതിരായ സ്ത്രീയുടെ കലാപമാണ് ഈ നാടകം. നാടകത്തിന്റെ അവസാനം സ്ത്രീതന്നെ വിജയിക്കുകയും ചെയ്യുന്നു. പർദ്ദ ധരിക്കുന്നതിനെപ്പറ്റിയും രോഗം വന്നാൽ ഊതി ഭേദപ്പെടുത്തുന്നതിനെപ്പറ്റിയും സ്ത്രീകൾ പള്ളിയിൽ കയറി വാങ്ക് വിളിക്കുന്നതിനെപ്പറ്റിയുമെല്ലാം നാടകം കാണികളോട് സംസാരിക്കുന്നുണ്ട്. അതാണ് ഇസ്ലാം മൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. 'മീശ' നോവലിനെച്ചൊല്ലി വിവാദമുണ്ടായപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിപിടിച്ചിറങ്ങിയ എസ്ഡിപിഐ അവരുടെ തനിസ്വരൂപം വീണ്ടും കാണിച്ചതാണ് റഫീക്കിനെതിരേയും നാടകം കളിച്ച മേമുണ്ട സ്‌കൂളിനെതിരേയുമുള്ള പ്രതിഷേധങ്ങളിൽ കണ്ടത്.

എസ്ഡിപിഐയുടെ പ്രശ്‌നം മനസ്സിലാക്കാം. അവരിൽ നിന്ന് അതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ, എസ്ഡിപിഐപ്പോലെതന്നെ തീവ്ര നിലപാടുകളുമായി ഒരുപറ്റം കഥാകൃത്തുക്കൾ മറുവശത്ത് ലോബിയായി രൂപാന്തരപ്പെട്ടതാണ് പിന്നീട് നാം കാണുന്നത്. ‘അഴിമുഖ’ത്തിലൂടെ ഉണ്ണി ആർ. തന്നെയാണ് ആദ്യവെടി പൊട്ടിച്ചത്.(മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു
) പിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലൂടെ എസ്. ഹരീഷും, വിനോയ് തോമസും, സന്തോഷ് ഏച്ചിക്കാനവുമെല്ലാം നാടകത്തിനെതിരെ രംഗത്തെത്തി. ഇവർ പരസ്പരം ഫെയ്‌സ് ബുക്ക് എഴുത്തുകൾ പങ്കിട്ടു. ജെ.ദേവികയെപ്പോലുള്ളവരും നാടകകൃത്തിനെ ക്രൂശിക്കാൻ മുന്നിട്ടിറങ്ങി. മനില സി. മോഹൻ ഉൾപ്പെടെ ചിലർ ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഉൽസാഹിച്ചു. ഉണ്ണി ആറിന് റഫീക്ക് അഴിമുഖത്തിലൂടെ നൽകിയ മറുപടിക്ക് ഇതിനിടയിൽ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുകയും ചെയ്തു. അതോടെ റഫീക്ക് ഒറ്റപ്പെടുന്ന സ്ഥിതിയായി.(
തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി
)

എന്താണ് ഇവിടുത്തെ യഥാർഥ പ്രശ്‌നം? ഉണ്ണിയുടേയും സന്തോഷിന്റേയും വാക്കുകളിൽ നിന്നു മനസ്സിലാക്കാനാകുന്നത് മറ്റൊന്നുമല്ല, നാടകരംഗത്ത് ഇന്നും പാർശ്വവൽക്കരിക്കപ്പെട്ടുകിടക്കുന്ന സ്‌കൂൾ നാടകങ്ങളോടുള്ള താൽപര്യമില്ലായ്മ. ഒപ്പം ഇസ്ലാം മൗലികവാദികളോടുള്ള വിധേയത്വവും. വാങ്കിനോടു മാത്രമല്ല, തന്റെ 'ബിരിയാണി'യോടും റഫീക്ക് ഇതു ചെയ്തുവെന്ന സന്തോഷ് എച്ചിക്കാനത്തിന്റെ കുറ്റപ്പെടുത്തൽ ഇത് ഒന്നുകൂടി അടിവരയിടുന്നുണ്ട്.

ജയരാജ് എന്ന സംവിധായകൻ ഇതിഹാസ തുല്യമായ പല ക്ലാസിക് നാടകങ്ങളും സിനിമയാക്കിയത് തന്റേതായ വ്യാഖ്യാനം ചമച്ചാണ്. അതൊക്കെ ‘സ്വതന്ത്ര ആവിഷ്‌കാരം’ എന്നുതന്നെയാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരു കൃതിയുടെ ‘സ്വതന്ത്ര ആവിഷ്‌കാരം’ എന്നതുകൊണ്ട് അർഥമാക്കുന്നത് ഏത് ആവിഷ്‌കാരത്തിലേക്കാണോ അത് നിർവ്വഹിക്കപ്പെടുന്നത് അവരുടെ നിലപാടും അഭിപ്രായവും കൂടി കൂട്ടിച്ചേർത്ത വ്യാഖ്യാനമെന്നുതന്നെയാണ്. അതുമാത്രമാണ് റഫീക്ക് ചെയ്തത്. 'വാങ്കി'ലായാലും 'ബിരിയാണി'യിലായും തന്റേതായ ആവിഷ്‌കാരമാണ് 'കിത്താബ്', 'അന്നപ്പെരുമ' എന്നിങ്ങനെ പേരുകൾ പോലും മാറ്റിയിട്ട് നാടകസംവിധായകൻ ചെയ്തത്. അങ്ങിനെയല്ലായിരുന്നെങ്കിൽ 'സ്വതന്ത്ര' എന്നു ചേർക്കേണ്ട കാര്യമേയില്ല. അതു ചെയ്തില്ലായെങ്കിൽ കഥയിലെ സാമ്യത്തിന്റെ പേരു പറഞ്ഞ് മോഷണക്കുറ്റമായിരിക്കും തന്റെ പേരിൽ ആരോപിക്കപ്പെടുകയെന്ന റഫീക്കിന്റെ വാദത്തിനു സാധുതയുണ്ട്.

ഉണ്ണി ആറിന്റെ എട്ടു കഥകളുടെ കൊളാഷാണ് നരിപ്പറ്റ രാജു സംവിധാനം ചെയ്ത് കട്ടപ്പന ദര്‍ശന അവതരിപ്പിച്ച 'ഒഴിവുദിവസത്തെ കളി' എന്ന നാടകം. രണ്ട് രാജ്യാന്തര നാടകോൽസവങ്ങളിൽ കളിച്ചിട്ടുള്ള ഈ നാടകം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരെ ചര്‍ച്ചയായതാണ്. ഉണ്ണിയുടെ എട്ടു കഥകൾ ചേർത്ത് തന്റെ രാഷ്ട്രീയം പറയുകയാണ് ഈ നാടകത്തിൽ നരിപ്പറ്റ രാജു ചെയ്തത്. പേരു പോലും മാറ്റിയില്ലെന്നോർക്കണം. നാടകത്തിന്റെ നല്ലൊരു പങ്കും രാജുവിന്റെ നിലപാടുകളും രാഷ്ട്രീയവുമാണ് പറയുന്നത്. ഈ നാടകത്തിനെതിരായി ഉണ്ണി യാതൊന്നും മിണ്ടിയിട്ടില്ലെന്നു മാത്രമല്ല, അത് അതേ പേരിൽ പുസ്തകമാക്കിയപ്പോൾ കട്ടപ്പനയിലെത്തി പ്രകാശനം ചെയ്യാനും മടികാണിച്ചില്ല. ഈ നാടകത്തിന്റെ വിഷയമോ കഥാസന്ദർഭങ്ങളിൽ വരുത്തിയ കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ ഒന്നും നരിപ്പറ്റ രാജു ഉണ്ണിയുമായി സംസാരിച്ചിരുന്നില്ലെന്നാണ് എന്റെ അറിവ്. അതായത് ചിലരുടെ കാര്യത്തിൽ മാത്രമേ വ്യാഖ്യാനങ്ങളില്‍ കുഴപ്പമുള്ളുവെന്നർഥം.

ഈ വിവാദത്തെപ്പറ്റി പറയുമ്പോൾ സന്തോഷ് എച്ചിക്കാനത്തിന്റെ വാദങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 'ബിരിയാണി' എന്ന കഥ നാടകമാക്കിയത് താൻ കണ്ടിട്ടില്ലെന്നു പറയുന്ന സന്തോഷ് തൊട്ടുപിന്നാലെ ആ നാടകം അവതരിപ്പിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പറയുന്നു. കഴിഞ്ഞ വർഷം തൃശൂർ യുവജനോൽസവത്തിൽ ഏറ്റവുമധികം കയ്യടി കിട്ടിയ രണ്ടു നാടകങ്ങളിലൊന്നായിരുന്നു ബിരിയാണിയെ അധികരിച്ച് റഫീക്ക് മംഗലശ്ശേരി ഇതേ മേമുണ്ട സ്‌കൂളിനു വേണ്ടി തയ്യാറാക്കിയ 'അന്നപ്പെരുമ'. മറ്റൊരു നാടകം പി.വി.ഷാജികുമാറിന്റെ കഥയെ അടിസ്ഥാനമാക്കി രംഗത്തെത്തിച്ച 'മറഡോണ' ആയിരുന്നു. ബിരിയാണിയുടെ കഥ അവസാനിക്കുന്നിടത്തല്ല അന്നപ്പെരുമ അവസാനിച്ചത്. അന്നപ്പെരുമ നാടകത്തെപ്പറ്റി സന്തോഷ് പറഞ്ഞതായി ‘അഴിമുഖ’ത്തില്‍ വായിച്ചത് ഇപ്രകാരമാണ്:

“...പൊതുവെ നോക്കിക്കഴിഞ്ഞാൽ ആ നാടകം മോശമായിരുന്നു. അതിൽ വളിച്ച കുറെ തമാശകളുമുണ്ടായിരുന്നു. വളിച്ച തമാശകളല്ല ഞാൻ ബിരിയാണിയിൽ എഴുതി വച്ചിരിക്കുന്നത്. രൂക്ഷമായ ഒരു സാമൂഹിക പ്രശ്നമാണ് ബിരിയാണിയിൽ ഞാൻ ഉന്നയിച്ചിട്ടുള്ളത്. ബിരിയാണി ഒരു തമാശയല്ല. അത് വാരിവലിച്ചോ വയറ് നിറച്ചോ തിന്നേണ്ട ഒരു സാധനമല്ല. അത് വായിലിടുമ്പോൾ അകത്തേക്ക് ഇറങ്ങാതെ പോകുന്ന ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത്. ആ കഥ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമോ അതിന്റെ നൈതികതയോ നാടകത്തിൽ കൊണ്ടുവരുന്നില്ല. ആവശ്യമില്ലാതെ ആളുകളെ ചിരിപ്പിക്കുന്ന രീതിയിലുള്ള അവതരണമാണ് ഈ നാടകത്തിന്റേതെന്നാണ് ഞാൻ കേട്ടറിഞ്ഞത്...”
(ഉണ്ണിയുടെ ‘വാങ്കി’നോട് മാത്രമല്ല എന്റെ ‘ബിരിയാണി’യോടും ഇത് തന്നെ ചെയ്തു; കിത്താബ് വിവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം)

‘ബിരിയാണി’ വായിക്കുകയും, സന്തോഷ് കേട്ടറിയുക മാത്രം ചെയ്ത നാടകം കണ്ടറിഞ്ഞ വ്യക്തിയാണ് ഈ ലേഖകൻ. ഇറക്കാനാകാതെ തൊണ്ടിയിൽ കുടുങ്ങിപ്പോയ ആഹാരത്തിന്റെ വേദനയും ശ്വാസം മുട്ടലും തന്നെയായിരുന്നു ആ നാടകവും. കഥ വായിച്ചപ്പോഴുണ്ടായതിനേക്കാൾ വേദന ആ നാടകം കണ്ടപ്പോഴാണുണ്ടായത്. അത് നാടകക്കാരുടെ വിജയമാണ്. ഇതിപ്പോൾ പറയുന്നതല്ല. അന്ന്, ആ നാടകം കണ്ടു കഴിഞ്ഞ ഉടൻതന്നെ ഞാൻ ഫെയ്‌സ് ബുക്കിൽ കുറിച്ചിരുന്നു, ആദ്യമായാണ് ഒരു സ്‌കൂൾ നാടകം കണ്ട് കണ്ണുനിറയുന്നതെന്ന്. കാണികളിൽ നല്ലൊരു പങ്കിന്റേയും അഭിപ്രായമതായിരുന്നുതാനും. കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചനുമോദിച്ച ഒരു നാടകത്തെപ്പറ്റിയാണ് ‘വളിച്ച തമാശ’ മാത്രമായിരുന്നുവെന്നു സന്തോഷ് കുറ്റം പറയുന്നത്. പിന്നെ, സന്തോഷ് തന്നെ അത്യുഗ്രനെന്നു കൊട്ടിഘോഷിക്കുന്ന 'ബിരിയാണി' എന്ന കഥയിലെ ഇസ്ലാമോഫോബിയയെപ്പറ്റി അന്നുതന്നെ നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ എഡിറ്ററായ റൂബിൻ ഡിക്രൂസ് ചൂണ്ടിക്കാട്ടിയത് സന്തോഷ് കാണാതെപോയിട്ടുണ്ടാകില്ലെന്നു കരുതുന്നു. അതിനു മറുപടി പറഞ്ഞിട്ടുപോരേ, ഉണ്ണി ആരോപിക്കുന്ന റഫീക്കിന്റെ ഇസ്ലാമോഫോബിയയെ പിന്തുണയ്ക്കുന്നത്?

തന്നെ മതമൗലികവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണ് ഉണ്ണി ആർ. ചെയ്യുന്നതെന്ന റഫീക്കിന്റെ ആരോപണത്തെ ഖണ്ഡിക്കാൻ സന്തോഷ് കണ്ടെത്തിയ ന്യായവും തികച്ചും വിചിത്രമാണ്. കഥയെ വികലമായി അവതരിപ്പിച്ച നാടകക്കാരനുതന്നെയാണത്രെ അതിന്റെ ഉത്തരവാദിത്തം. കഥയെ മറ്റൊരു തരത്തില്‍ നാടകമാക്കിയെന്നതല്ല ഇസ്ലാം മൗലികവാദികളുടെ ആരോപണം. ഒരു മതത്തിലെ ചില രീതികളേയും ശീലങ്ങളേയും വിമര്‍ശനാത്മകമായി പരിഹസിക്കുകയാണ് റഫീക്ക് ചെയ്തത്. അതിനെതിരെ മതതീവ്രവാദികൾ രംഗത്തെത്തിയത് നാടകക്കാരന്റെ വൈകല്യം മൂലമാണെങ്കിൽ നിങ്ങളുടെ കോക്കസില്‍ പെട്ട എസ്. ഹരീഷിന്റെ 'മീശ'യും വികലമായ കൃതിയാണെന്ന് താങ്കൾ സമ്മതിക്കുകയാണ്. നോവലിലെ വൈകല്യങ്ങൾ മൂലമാണ് അതിനെതിരെ ഹിന്ദുമതതീവ്രവാദികൾ രംഗത്തെത്തിയതെന്നാണ് താങ്കളുടെ അഭിപ്രായമെന്നു കരുതുന്നതില്‍ തെറ്റുണ്ടാകില്ലെന്നു കരുതട്ടെ.

സ്കൂള്‍ നാടകങ്ങള്‍ വലിയവരുടെ രാഷ്ട്രീയ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള വേദിയാകുന്നതിനോട് എനിക്കും വിയോജിപ്പുണ്ട്. അവിടെ കുട്ടികള്‍ അഭിനയിക്കുക എന്നൊരു ദൗത്യം മാത്രമേ ചെയ്യുന്നുള്ളു. നാടകത്തിന്റെ മറ്റൊരു ഭാഗത്തും അവരുടെ ഇടപെടല്‍ ഉണ്ടാകുന്നില്ല. പക്ഷേ, അത്തരമൊരു ഇടപെടലിന് നമ്മുടെ വിദ്യാര്‍ഥി സമൂഹത്തെ പാകപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാത്തിടത്തോളം കാലം നമുക്ക് അതിനായി വാശിപിടിക്കാനുമാകില്ല. അതുകൊണ്ട് അതവിടെ നില്‍ക്കട്ടെ.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബർ...' എന്ന കഥയെ ആസ്പദമാക്കി രചിച്ച നാടകം മുതലാണ് ഞാൻ റഫീക്ക് മംഗലശ്ശേരിയെന്ന നാടകക്കാരനെ ശ്രദ്ധിക്കുന്നത്. തുടർന്നു വന്ന 'കൊട്ടേം കരീം' സവർണ മേധാവിത്വത്തിനും അധഃസ്ഥിതനു നേരേയുള്ള ആക്രമണത്തിനുമെതിരേയുള്ള കലഹമായിരുന്നു. കഴിഞ്ഞ വർഷം ‘അന്നപ്പെരുമ’യിൽ ഭക്ഷണത്തിന്റെ രാഷ്ട്രീയവും റഫീക്ക് പറഞ്ഞു. ഇതിനിടയിൽ ദേശീയഗാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ‘ജയഹെ’ എന്ന ടെലിഫിലിമും എഴുതി സംവിധാനം ചെയ്തു. ഏതു മതത്തിലേതായാലും തീവ്രവാദത്തോടും ഫാസിസ്റ്റ് നിലപാടുകളോടും ഒരുപോലെ എതിർപ്പുള്ളയാളാണ് റഫീക്ക് മംഗലശ്ശേരിയെന്നതിന് ഈ സൃഷ്ടികള്‍ തന്നെ തെളിവ്. പക്ഷേ, ഉണ്ണിയും സന്തോഷും ഹരീഷും വിനോയിയും ഉൾപ്പെടെയുള്ളവർ മതമൗലികവാദത്തിനും ഫാസിസത്തിനുമെതിരെ സംസാരിക്കുമ്പോൾ ചരിവ് ഒരു വശത്തേക്കു മാത്രമായിപ്പോകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിവരും. ഇപ്പോഴത്തെ നിലപാടുകൾ അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ്.

തന്റെ കഥ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നു പറയുമ്പോൾ ഒരു കാര്യമോർക്കുക, ഇന്നത്തെ സ്വതന്ത്ര ലോകത്ത് കലാസൃഷ്ടികൾ പിടിച്ചുവയ്ക്കുന്നത് മറ്റൊരുതരം ഫാസിസമാണ്. കോപ്പി റൈറ്റിന്റെയല്ല, കോപ്പി ലെഫ്റ്റിന്റെ കാലമാണിത്. തങ്ങളുടെ സൃഷ്ടികൾക്ക് പലതരം വ്യാഖ്യാനങ്ങളുണ്ടാകുന്നതിനെ തുറന്ന ചർച്ചയായി കാണാതെ വാളെടുക്കുന്നത് ഇടുങ്ങിയ ചിന്താഗതി ഒന്നുകൊണ്ടുമാത്രമാണ്. അതും നാലോ അഞ്ചോ വേദികളിൽ മാത്രം അവതരിപ്പിക്കപ്പെടുകയും വളരെ കുറച്ചുപേര്‍ മാത്രം കാണുകയും കച്ചവട സാധ്യതകൾ തെല്ലുമില്ലാത്തതുമായ രൂപാന്തരങ്ങളുടെ പേരിൽ. ഈ വിവാദത്തിൽ ഒരേ സ്വഭാവഗതിക്കാരായ ചില എഴുത്തുകാർ ഒന്നിച്ചണിനിരക്കുന്നതു കാണുമ്പോൾ തീർച്ചയായും അതിനെ, എന്തിനൊക്കെയോ വേണ്ടിയുള്ള ലോബിയിംഗായി മാത്രമേ കാണാനാകൂ.

നാടകത്തിന്റെ പൂര്‍ണ്ണരൂപം കാണാം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-rafeeq-mangalassery-against-unni-r-on-kithab-drama-and-vanku-short-fiction-row/

https://www.azhimukham.com/offbeat-unni-r-speaks-about-drama-kithab-and-his-short-story-vanku/

https://www.azhimukham.com/video-kitab-the-controversial-play-in-revenue-school-youth-festival-full-version/

https://www.azhimukham.com/trending-sdpi-against-kitab-play-in-revenue-school-youth-festival/

https://www.azhimukham.com/offbeat-santhosh-echikkanam-speaks-about-unni-r-vanku-short-fiction-and-kithab-drama-row/

https://www.azhimukham.com/trending-writer-manoj-kuroor-in-solidarity-with-kithab-drama/

Next Story

Related Stories