Top

തന്റെ ജീവിതവും പ്രഹേളികയെന്ന് സാറിനു തോന്നിയിരിക്കാം, ചിന്തിക്കാൻ തോന്നുന്നവന്റെ ദുർവിധി!-ബാബു പോളിനെ കുറിച്ച് തന്നെ

തന്റെ ജീവിതവും പ്രഹേളികയെന്ന് സാറിനു തോന്നിയിരിക്കാം, ചിന്തിക്കാൻ തോന്നുന്നവന്റെ ദുർവിധി!-ബാബു പോളിനെ കുറിച്ച് തന്നെ
കേരള സാഹിത്യ അക്കാദമി ജേതാവും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമായ ഡോ. ഡി ബാബു പോളിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ജോമി തോമസ് എഴുതിയ ഓര്‍മ്മ കുറിപ്പ്.

ശ്രീ ഡി. ബാബു പോളിനെ നേരിട്ടു കണ്ടിട്ടില്ല. ഫോണിൽ സംസാരിച്ചതുപോലും ഏതാനും വർഷം മുൻപാണ്. സാറാണു വിളിച്ചത്. ഒരു കുറിപ്പ് നല്ലതെന്നു പറയാൻ. പിന്നെ, ഇടയ്ക്കിടെ സാറിന്റെ പോസ്റ്റ് കാർഡ് വന്നു. മേൽവിലാസത്തിൽതന്നെ കുസൃതിയുണ്ടായിരുന്നു - ഹിന്ദിയിലാണ് മേൽവിലാസം എഴുതിയിരുന്നത്.

ശ്രീ വക്കച്ചൻ മറ്റത്തിലിന്റെ ആനന്ദഭരിതമായ ജീവിതത്തെക്കുറിച്ച് മനോരമ വാർഷികപ്പതിപ്പിൽ എഴുതിയ ഫീച്ചറിന്റെ അവസാനത്തിൽ, ഞങ്ങൾ പാലായിലെ ആചാരങ്ങൾ തെറ്റിക്കാതെ, പിരിയും മുൻപ് ഒരെണ്ണം എടുക്കുന്നതായി ഒരു പരാമർശമുണ്ട്. അതെടുത്തെഴുതിയായിരുന്നു സാറിന്റെ ഒരു കത്ത്.

"ഞാൻ കഴിപ്പൊക്കെ മതിയാക്കി, താൻ വന്നാൽ ഒരെണ്ണമെടുക്കാം - തനിക്ക്" എന്നൊരു ഓഫറും. അത് സ്വീകരിക്കാനാവാതെ പോയത് എന്റെ പിഴവ്. സാറ് ക്ഷമിക്കുക.

സാറിന്റെ ഓഫർ സ്വീകരിച്ച് ഒരെണ്ണമെടുക്കാൻ ചെല്ലുന്ന വേളയിലേക്ക് കാത്തു വച്ച ചോദ്യം ഇതായിരുന്നു: എന്താണ് ബിജെപിയോടുള്ള മമതയ്ക്കു കാരണം? വിരമിച്ചുകഴിഞ്ഞാൽ കേരളത്തിലെ ചില ഐഎഎസ്-ഐപിഎസുകാരുടെ ഒരു സവിശേഷ പ്രശ്നമാണോ അത്? (എന്റേതല്ലാത്ത കുറിപ്പുകൾക്കുംപോലും ചിലപ്പോഴൊക്കെ സാർ അഭിനന്ദിച്ചു. അക്കൂട്ടത്തിലൊന്നാണ് ഈ കുറിപ്പിനൊപ്പമുള്ള പോസ്റ്റ്കാർഡ്!)

നല്ല വാക്കുകളുടെ ക്ഷാമകാലത്ത്, നല്ലതു പറയാനും പ്രായം ചോദിക്കാതെയുള്ള സൗഹൃദത്തിനും സമയം കണ്ടെത്തിയ ആൾ വ്യത്യസ്തനാണ്.

അതിനൊക്കെയപ്പുറം, 'വേദശബ്ദ രത്നാകരം - ബൈബിൾ നിഘണ്ടു' എന്ന 900 പേജും അതിനൊത്ത വലുപ്പവുമുള്ള ഗ്രന്ഥം തയ്യാറാക്കിയ ആൾ എന്നതാണ് ബാബുപോൾ സാറിനെ ആദരിക്കാൻ തോന്നിക്കുന്നത്. പഠിക്കാതെ പറയുന്ന പാതിരിക്കും പാമരനും ഒരു പോലെ ഭീഷണിയാവുന്ന കൃതി. മലയാളത്തിലെ റഫറൻസ് ശാഖയിൽ ഒ എം. ചെറിയാൻ, വെട്ടം മാണി തുടങ്ങിയവരുടെ പാരമ്പര്യത്തിന്റെ പിന്തുടർച്ച.

മലയാള മതവിജ്ഞാനീയത്തിനെന്ന പോലെ മലയാള സാഹിത്യത്തിനും അത്യപൂർവ മുതൽ കൂട്ടെന്നാണ് ശ്രീ. പി.ഗോവിന്ദപ്പിള്ള ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അതിനൊത്ത പരിഗണന ഇനിയും ഈ ഗ്രന്ഥത്തിനു ലഭിച്ചിട്ടുണ്ടോയെന്നതു സംശയം.

ജസ്റ്റിസ് കെ.ടി.തോമസ് കോട്ടയത്തു വക്കീലായിരുന്ന കാലത്ത് കൂടിച്ചേരലുകളിലെ ചർച്ചകളിൽ ആദം മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള വിഷയങ്ങൾക്കിടെ ബൈബിൾ കടന്നുവെന്നതും പിന്നെ ഗൗരവമായ ബൈബിൾ പഠനത്തിലേക്ക് ശ്രദ്ധിക്കുന്നതും ബാബുപോൾ സാർ പറയുന്നുണ്ട്. "കിട്ടിയ ഓരോ ആശയവും അച്ഛനുമായി ചർച്ച ചെയ്തു. ഓരോ ചർച്ചയും ഓരോ പുതിയ മേഖല അനാവരണം ചെയ്യാൻ വഴി തെളിച്ചു.എങ്കിലും ഇത്തരമൊരു കൃതി ഒരിക്കലും എന്റെ മനസിൽ കടന്നുവന്നില്ല. എന്നെങ്കിലും ഒരിക്കൽ ബാർക്ളെ ശൈലിയും ഭാരതീയ പരിപ്രേക്ഷ്യവും ഉള്ള ഒരു ഭാഷ്യം -കമന്ററി- ചമയ്ക്കണമെന്നതായിരുന്നു മനസിലെ ആശയം. അങ്ങനെയിരിക്കെ അച്ഛൻ മരിച്ചു 1987 നവംബർ 22. 1988 ജൂലൈയിൽ അച്ഛനെനിക്ക് സ്വപ്നത്തിൽ പ്രതൃക്ഷപ്പെട്ട് ഈ കൃതി നിർമ്മിക്കാൻ നിർദ്ദേശിച്ചു... സി.വി. രാമൻ പിള്ള മാർത്താണ്ഡ വർമ എഴുതിയതുപോലെയാണ് ഈ കൃതി എഴുതിയത്. കഴിഞ്ഞ ഒൻപതു സംവൽസരങ്ങൾ ഒരു തരം ഒഴിവുകാലമായിരുന്നു എനിക്ക്! പ്രയാസങ്ങളും പ്രതിബന്ധങ്ങളും കൂടിയപ്പോഴൊക്കെ എഴുത്തിന് ആക്കം കൂടി."

തന്റെ പേര് ദാനിയേൽ എന്നാണെങ്കിലും സ്വഭാവം ദാവീദിന്റേതാണെന്ന് ഈ ഗ്രന്ഥത്തിൽ തന്നെ ബാബു പോൾ സാർ പറയുന്നു. എന്നിട്ട്, ദാവീദിന്റെ സ്വഭാവത്തെ ഇങ്ങനെ വിശദീകരിക്കുന്നു: "മട്ടുപ്പാവിൽ ഉലാത്തുമ്പോൾ അയലത്തെ സുന്ദരിയെ മോഹിച്ച ദാവീദിനെയാണ് ലോകം കൂടുതൽ അറിയുന്നതെങ്കിലും ആ വ്യക്തിത്വത്തിന്റെ അഗണ്യമായ അംശംമാത്രമായിരുന്നു ആ ഭാവം. ദൈവം കൂടെയുണ്ടെങ്കിൽ കല്ലും കവിണയും കൊണ്ട് ഗോലിയാത്തിനെ വീഴ്ത്താൻ കഴിയും എന്നു കരുതുന്നവൻ. തപ്പും കിന്നരവും കൊണ്ട് സാംസ്കാരിക മേഖലയെ ആശ്ലേഷിച്ചവൻ, ഈശ്വരസന്നിധിയിലെ ഹർഷോൻമാദം മറച്ചുവയ്ക്കേണ്ടതല്ല എന്ന് രാജകുമാരിയായി പിറന്ന ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കുന്നവൻ, ശത്രുവിനെ നിരാലംബനായി കൈയിൽ കിട്ടിയിട്ടും വിട്ടുകളഞ്ഞ ഗുരുത്വത്തിന്റെ ഉടമ, അതേ സമയം കുപ്പായത്തൊങ്ങൽ മുറിച്ചു വച്ച് പിന്നീടു വീരസ്യം പറയാൻ മടിക്കാത്ത അൽപത്വം അന്യമല്ലാത്തവൻ, ദീർഘവീക്ഷണത്തോടെയുള്ള ഭരണപരമായ നീക്കങ്ങൾ നടത്തുന്നവൻ, ഒപ്പം, സ്വന്തം മകൻ മൂക്കിനു താഴെ നടത്തിയ ഗൂഡാലോചന തിരിച്ചറിയാൻ വൈകിയവൻ - ഇങ്ങനെ ദുർഗ്രഹമായ പ്രഹേളികയായി കാണപ്പെടുന്നതാണ് ദാവീദിന്റെ സ്വഭാവം."
തന്റെ ജീവിതവും പ്രഹേളികയെന്ന് സാറിനു തോന്നിയിരിക്കാം. ചിന്തിക്കാൻ തോന്നുന്നവന്റെ ദുർവിധി!

വാക്കുകളിലൂടെ സൗഹൃദം തന്ന പ്രിയ ബാബു പോൾ സാറിന് ആദരാഞ്ജലികൾ!* ഫേസ്ബുക്ക് പോസ്റ്റ്

Next Story

Related Stories