TopTop
Begin typing your search above and press return to search.

ഇനി എനിക്ക് എന്റെ ആത്മകഥ തനിച്ചെഴുതേണ്ടി വരും; ടിവി ചന്ദ്രന്‍ കെ ആര്‍ മോഹനനെ ഓര്‍മ്മിക്കുന്നു

ഇനി എനിക്ക് എന്റെ ആത്മകഥ തനിച്ചെഴുതേണ്ടി വരും; ടിവി ചന്ദ്രന്‍ കെ ആര്‍ മോഹനനെ ഓര്‍മ്മിക്കുന്നു

ഞങ്ങളുടെയിടയില്‍ ഉദാത്തമായ ചരമക്കുറിപ്പുകള്‍ എഴുതിയിരുന്നത് ചിന്ത രവിയാണ്. അരവിന്ദനും പവിത്രനും വേണ്ടി രവി എഴുതിയ ചരമക്കുറിപ്പുകള്‍ ചാരുതയാര്‍ന്ന സാഹിത്യരചനകളായിരുന്നു. ചിന്ത രവി മരിച്ചപ്പോള്‍ ഞാനൊരു വേദിയില്‍ പറഞ്ഞു- എനിക്കും മോഹനേട്ടനും രവിയുടെ ചരമക്കുറിപ്പിന് വിഷയമാകാന്‍ ഭാഗ്യമില്ലാതായി. ഇന്നിപ്പോള്‍ മോഹനേട്ടനെ അനുസ്മരിക്കുമ്പോള്‍ ഞാന്‍ രവിയുടെ അഭാവത്തെക്കുറിച്ചും ഓര്‍ക്കുന്നു.

മോഹനേട്ടനെ എനിക്ക് പരിചയപ്പെടുത്തുന്നത് സി വി ശ്രീരാമനാണ്- ഗുരുവായൂരില്‍ വച്ച്. കാലം 1976. പിന്നീട് വിന്‍സന്റ് മാഷ്ടെ ചെണ്ട എന്ന സിനിമയുടെ സഹസംവിധായകനായ മോഹനേട്ടനെ മദിരാശിയില്‍ വച്ചും കണ്ടു, 1977ല്‍. അന്നൊരു ദിവസം ജോണും പവിത്രനും മോഹനേട്ടനും ഞാനും കോടമ്പക്കത്തു കൂടെ ചാരായം കുടിച്ചലഞ്ഞു. ജോണിനോടൊപ്പം ഏതാണ്ട് തീര്‍ന്ന കഴുതയുണ്ടായിരുന്നു. ഞാനും പവിത്രനും യാരോ ഒരാളിന്റെ ആലോചനയിലായിരുന്നു. മോഹനേട്ടന്‍ തന്റെ ആദ്യ സിനിമയുടെ തയ്യാറെടുപ്പിലും. ഈ സിനിമകളെല്ലാം കുഴഞ്ഞു മറിഞ്ഞ് കോടമ്പക്കം വെയിലില്‍ ഞങ്ങളെ അനുഗമിച്ചു. അതൊരു നീണ്ട പകലായിരുന്നു. മോഹനേട്ടനുമായുള്ള എന്റെ ആഴത്തിലുള്ള സൗഹൃദം അന്നാണ് ആരംഭിച്ചത്. ഏതാണ്ട് നാല്‍പ്പത് വര്‍ഷം, ആ സൗഹൃദത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു.

1986ല്‍ മദിരാശിയില്‍ നിന്ന് തിരുനന്തപുരത്തേക്ക് താമസം മാറ്റിയപ്പോള്‍, രേവതിയും യാദവനും- എന്റെ ഭാര്യയും മകനും- എന്നോടൊപ്പം കൂടുന്നതു വരെയുള്ള ഒരു മാസക്കാലം ഞാന്‍ മോഹനേട്ടന്റെ കൂടെ പൂജപ്പുരയിലുള്ള അദ്ദേഹത്തിന്റെ ചെറിയ വാടക വീട്ടില്‍ കഴിഞ്ഞു. രാഗിണി അന്ന് നാട്ടിലായിരുന്നു. ഏറെ ഹൃദ്യമായ ദിവസങ്ങളായിരുന്നു അവ. രാത്രിയില്‍ മോഹനേട്ടന്റെ പാചകം ആസ്വദിച്ച്, ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കും. കട്ടിലില്‍ മോഹനേട്ടന്‍. താഴെ അദ്ദേഹം തയ്യാറാക്കുന്ന കിടക്കവിരിയില്‍ ഞാന്‍. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന റാണാ പ്രതാപനുമായി നടക്കാന്‍ പോകുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. അന്ന് മോഹനേട്ടന് പുലര്‍ച്ചെ അഞ്ച് മണിക്ക് റാണയുടെ ഫോണ്‍ വരും. മോഹനേട്ടന്‍ കണ്ണു തുറക്കാതെ ഫോണെടുത്ത് ഇന്ന് ഞാനില്ല കേട്ടോ എന്നു പറയും. പിറ്റേന്ന് വീണ്ടും റാണയോട് മോഹനേട്ടന്‍ പറയും നാളെ മുതല്‍ കാലത്ത് നടക്കാന്‍ ഞാനുണ്ടാകും കേട്ടോ.- ഞാനവിടെ താമസിച്ചിരുന്ന ഒരു മാസത്തോളം കാലം ഇതായിരുന്നു സ്ഥിതി.

ഇടയ്ക്ക് ഒരു രാത്രി- ഏതാണ്ട് പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയ വി കെ ശ്രീരാമന്‍ മോഹനേട്ടനെ ഫോണില്‍ വിളിച്ചു. മോഹനേട്ടന്‍ ഫോണെടുത്ത് 'ഇന്ന് ഞാനില്ല' എന്നു പറഞ്ഞു. മോഹനേട്ടന്‍ വീട്ടിലുണ്ടെന്ന് ഉറപ്പായ ശ്രീരാമന്‍ ഓട്ടോ പിടിച്ചെത്തി. ഞങ്ങളെ വിളിച്ചുണര്‍ത്തി. ഇന്ന് താന്‍ പിന്നെയെവിടെയാടോ? എന്നു ചോദിച്ചാണ് ശ്രീരാമന്‍ അകത്തു കയറിയത്. മോഹനേട്ടന്‍ ചിരിച്ചു. അന്നു ഞാന്‍ റിസര്‍വ് ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. ഉച്ചസമയത്ത് ഞാനെന്റെ മോട്ടോര്‍ ബൈക്കില്‍ കയറി, കലാഭവനിലെത്തും. മോഹനേട്ടന്‍ പുറത്ത് കാത്തുനില്‍പ്പുണ്ടാകും. ഞങ്ങള്‍ ബേക്കറി ജംഗ്ഷന്റെ അടുത്തുള്ള ഒരമ്മൂമ്മയുടെ ചായക്കടയില്‍ ക്യൂ നിന്ന് മീന്‍ കറിയും ചോറും കഴിക്കും. ഇതൊരു പതിവായിരുന്നു.

പെട്ടെന്നൊരു ദിവസം മോഹനേട്ടന്‍ ലീവെടുത്ത് പുരുഷാര്‍ത്ഥം ഷൂട്ട് ചെയ്യാന്‍ പോയി. എനിക്കത് ഒറ്റപ്പെടലിന്റെ ദിവസങ്ങളായിരുന്നു. അന്നെനിക്ക് തിരുവനന്തപുരത്തുണ്ടായിരുന്ന ഏറ്റവും അടുത്തയാള്‍ മോഹനേട്ടനായിരുന്നു- അത് 1987ല്‍- 1991ല്‍ വീണ്ടും മോഹനേട്ടന്‍ വീണ്ടും ഒരുമാസത്തെ ലീവെടുത്ത് സ്വരൂപം എന്ന സിനിമയുടെ തിരക്കഥയുമായി തിരിച്ചെത്തി. ഒറ്റയിരിപ്പിലെഴുതിയ ആ തിരക്കഥയുടെ കയ്യെഴുത്ത് പ്രതി ആദ്യമായി വായിച്ചത് ഞാനാണ്. അത്യപൂര്‍വമായ ഒരു തിരക്കഥയായിരുന്നു അത്. നമ്മുടെയിടയിലേക്ക് കടന്നുവരാന്‍ പോകുന്ന- ഇന്നിപ്പോള്‍ സംഘപരിവാറിലൂടെ യാഥാര്‍ത്ഥ്യമായ- വലിയ വിപത്തിനെ നേരത്തെ കണ്ട, പ്രവചന സ്വഭാവമുള്ള ഒരു തിരക്കഥ. പക്ഷെ വായിച്ചപ്പോള്‍ ഒരു കുഴപ്പം. അതിലെ പ്രധാന കഥാപാത്രമായ ശേഖരന്‍ ഇടയ്ക്കിടെ ഗോവിന്ദനും ഗോപാലനുമൊക്കെയായി രൂപംമാറുന്നു. അതെനിക്കൊരു സര്‍റിയല്‍ അനുഭവമായി. ശേഖരന്‍ വാതില്‍ തുറന്ന് പുറത്തു കടന്നാല്‍ ഗോപാലന്‍ തിരിഞ്ഞു നോക്കുന്ന അവസ്ഥ. ഞാന്‍ മോഹനേട്ടനോട് അതിന്റെ പൊരുളന്വേഷിച്ചു. മോഹനേട്ടന്‍ ചിരിച്ചു 'എല്ലാം ഒരാള്‍ തന്നെയാ ചന്ദ്രാ. എഴുതുമ്പോ അങ്ങനെയായി പോയതാ'. ശേഖരനെ സ്ഥിരപ്പെടുത്താനായി ഞാനാ തിരക്കഥയില്‍ കുറെ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സ്വരൂപം സിനിമയായപ്പോള്‍ തിരക്കഥ വായിച്ചപ്പോഴുള്ള ആവേശം നഷ്ടപ്പെട്ടതായി തോന്നി. തിരക്കഥയില്‍ ദ്യോതിപ്പിച്ചിരുന്ന പലതും വികസിപ്പിക്കാതെ പോയതായി തോന്നി. ഞാനത് മോഹനേട്ടനോട് പറഞ്ഞു. 'കാശുണ്ടായിരുന്നില്ല ചന്ദ്രാ' എന്നായിരുന്നു മോഹനേട്ടന്റെ മറുപടി. ആ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ സ്വരൂപത്തിന് അവാര്‍ഡുകളൊന്നുമില്ല. അവാര്‍ഡ് പ്രഖ്യാപനം കേള്‍ക്കാനായി സലാം കാരശ്ശേരിയുടെ ഹോട്ടല്‍ മുറിയിലിരിക്കുകയായിരുന്നു മോഹനേട്ടനും ഞാനും. സങ്കടവും ദേഷ്യവും മദ്യവും ചേര്‍ന്ന ഒരവസ്ഥയില്‍ ഞാന്‍ സാലാംക്കയുടെ മേശപ്പുറത്തിരുന്ന തീപ്പെട്ടിയെടുത്ത് മോഹനേട്ടന് നേരെ എറിഞ്ഞു. അതദ്ദേഹത്തിന്റെ നെറ്റിയിലാണ് കൊണ്ടത്. മോഹനേട്ടന്‍ നെറ്റി തടവി നിശബ്ദനായിരുന്നു. സലാംക്ക എന്നെ ചീത്ത വിളിച്ചു. 'ഓനവാര്‍ഡ് കിട്ടാത്തതിന് ഓനെന്ത് പിഴച്ചെടാ'. കുറച്ച് മാസങ്ങള്‍ക്കു ശേഷം പക്ഷെ സ്വരൂപത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഞാന്‍ മദ്യപിച്ച് സന്തോഷിച്ച് മോഹനേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. മോഹനേട്ടന്‍ അപ്പോഴും അക്ഷോഭ്യനായിരുന്നു.

സ്വരൂപത്തിന് ശേഷം മോഹന്‍ മുഹമ്മദ് പ്രൊഡക്ഷന്‍സ് എന്ന പി ടി കുഞ്ഞുമുഹമ്മദും മോഹനേട്ടനും ചേര്‍ന്ന് രൂപീകരിച്ച മലയാള സിനിമയിലെ-ഇന്ത്യന്‍ സിനിമയിലെ തന്നെ- ഏറ്റവും അപൂര്‍വ സുന്ദരമായ ആ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. മോഹനേട്ടന്‍ പിന്നീട് സിനിമകളെടുത്തില്ല. മോഹനേട്ടന്റെ ഉദാസീനതയാണ് അതിന് കാരണം എന്ന ധാരണയില്‍ ഞാന്‍ ഒരുപാട് തവണ മോഹനേട്ടനെ ചീത്ത വിളിച്ചിട്ടുണ്ട്. അദ്ദേഹം കൈരളി ചാനലിന്റെ ക്രീയേറ്റീവ് ഡയറക്ടറായി ഇരിക്കുമ്പോഴും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുമ്പോഴും ഒരു രസംകൊല്ലിയായി ഞാന്‍ മോഹനേട്ടന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ എന്നെ തൃപ്തിപ്പെടുത്താനെന്നോണം മോഹനേട്ടന്‍ പറയും 'അടുത്ത കൊല്ലം ചെയ്യുന്നുണ്ട് ചന്ദ്രാ' അതൊരിക്കലും ഉണ്ടായില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1988ല്‍ NFDCക്ക് സമര്‍പ്പിച്ച സ്‌ക്രിപ്റ്റ് അംഗീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ ബലത്തില്‍ ഞാന്‍ റിസര്‍വ് ബാങ്കിലെ ജോലി രാജിവച്ചു. യാദവന്റെ വെക്കേഷന്‍ കാലമായിരുന്നു. രേവതിയെയും യാദവനെയും മദിരാശിയിലാക്കി ഞാന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോള്‍ ലെറ്റര്‍ ബോക്‌സില്‍ NFDCയുടെ കത്ത്. അവരുടെ ഡയറക്ടര്‍ ബോര്‍ഡ് എന്റെ പ്രോജക്ട് നിരാകരിച്ചു എന്നറിയിക്കുന്നതാണ് കത്ത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന എനിക്ക് പോകാനായി ആകെ ഒരിടമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പൂജപ്പുരയിലെ മോഹനേട്ടന്റെ വസതിയിലെത്തി. NFDCയിലെ കത്ത് വായിച്ച് മോഹനേട്ടന്‍ നിശബ്ദനായിരുന്നു. ഞങ്ങളങ്ങനെ ഒരുപാട് നേരം ഇരുന്നു. ഇടയ്ക്ക് എന്തോ തമാശയുമായെത്തിയ രാഗിണിയെ മോഹനേട്ടന്‍ ശാസിച്ച് പറഞ്ഞയച്ചു. ഒടുവില്‍ ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ മൃദുവായ ശബ്ദത്തില്‍ മോഹനേട്ടന്‍ പറഞ്ഞു- ഒറ്റയ്ക്ക് വീട്ടില്‍ പോയി കിടക്കണ്ട ചന്ദ്ര ഇന്നിവിടെ കഴിയാം' ഞാന്‍ പക്ഷെ പോകാനായി തിരിഞ്ഞു. മോഹനേട്ടന്‍ പിന്നെയും പറഞ്ഞു 'എന്തെങ്കിലുമൊരു വഴിയുണ്ടാകും ചന്ദ്രാ' ആ വാക്കുകളിലെ ആത്മാര്‍ത്ഥത എന്റെ കണ്ണു നനയിച്ചു.

പിന്നീടൊരിക്കല്‍ കുറെ വര്‍ഷങ്ങള്‍ക്കുശേഷം നീണ്ട ഒരു മദ്യപാനത്തിനൊടുവില്‍, എഴുപതുകളിലെ ഞങ്ങളുടെ കൂട്ടായ്മയെ ഓര്‍ത്ത് ഞങ്ങളൊരു പദ്ധതി ആലോചിച്ചു. -കൂട്ടായ ഒരാത്മകഥ! ഞങ്ങളെ വിട്ടുപോയ ഒരുപാട് സുഹൃത്തുക്കളുടെ ജീവിതം കലരുന്ന ഒരാത്മകഥ! വളരെ ആവേശത്തോടെയാണ് മോഹനേട്ടന്‍ ആ ആശയത്തോട് പ്രതികരിച്ചത്. പിന്നീട് പലപ്പോഴും തമ്മില്‍ കാണുമ്പോള്‍ മോഹനേട്ടന്‍ കൂട്ടായ ആത്മകഥയെക്കുറിച്ച് പറയുമായിരുന്നു. പ്രായോഗികതയ്ക്കപ്പുറം അതിനൊരു അയഥാര്‍ത്ഥമായ യുക്തിയുണ്ടായിരുന്നു. ഒരുകാലത്തെ ഞങ്ങളുടെ ജീവിതം അത്രത്തോളം പരസ്പരം കെട്ടുപിണഞ്ഞതായിരുന്നു. ഇനി എനിക്ക് എന്റെ ആത്മകഥ തനിച്ചെഴുതേണ്ടി വരും.

ഈ കുറിപ്പിലെവിടെയും മോഹനേട്ടന്റെ സിനിമകളെക്കുറിച്ച് വിശദമായ ആസ്വാദനങ്ങളില്ലാതെ പോയത് ആ സിനിമകളുടെ പ്രാധാന്യമില്ലായ്മ കൊണ്ടല്ല. ആ സിനിമകളെല്ലാം എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആ മൂന്ന് സിനിമകള്‍ക്കും വലിയ സ്ഥാനമുണ്ടെന്ന് അറിയാം. പക്ഷെ, മോഹനേട്ടന്‍ ആ സിനിമകളേക്കാള്‍ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. മോഹനേട്ടനോട് ഞാന്‍ വിട പറയുന്നില്ല. എന്റെ എല്ലാ നല്ല സുഹൃത്തുക്കളെയും ജോണിനെയും പവിത്രനെയും ചിന്ത രവിയെയും സി എന്‍ കരുണാകരനെയും വിജയന്‍ കാരോട്ടിനെയും ഞാന്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട്. അവരോട് ഇടയ്ക്കിടെ സംവദിച്ചുകൊണ്ടാണ്, അവരോട് ഇടപഴകിക്കൊണ്ടാണ് ഞാനെന്റെ ബാക്കിയായ ജീവിതം ചിലവഴിക്കുന്നത്. ആ കൂട്ടത്തില്‍ ഇനി മോഹനേട്ടനും ഉണ്ടാവും. ഒടുവില്‍ ഞാനില്ലാതാവുന്നതുവരെ. ഞാനൊറ്റയാകുന്നില്ല.

(കെ ആര്‍ മോഹനനെ കുറിച്ച് ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നും)

http://www.azhimukham.com/cinema-trending-mohanettan-vksreeraman-memoirs-director-krmohanan/


Next Story

Related Stories