UPDATES

വായന/സംസ്കാരം

തുറന്നെഴുത്തുകളിലൂടെ  പ്രണയസാഹചര്യങ്ങളെ മാറ്റിപ്പണിയുവാനുള്ള സമരമായിരുന്നു മാധവിക്കുട്ടിക്ക് ജീവിതം; മലയാളിയുടെ ആമി വിടവാങ്ങിയിട്ട് പത്തു വര്‍ഷം

ആമിയോപ്പൂവിന്റെ ഓര്‍മ്മകളിലാണ് ഇന്നും തൃശൂരിലെ പുന്നയൂര്‍ക്കുളം.

മലയാളിയെ പ്രണയിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം തികയുന്നു. തുറന്നെഴുത്തുകളിലൂടെ  പ്രണയസാഹചര്യങ്ങളെ മാറ്റിപ്പണിയുവാനുള്ള സമരമായിരുന്നു മാധവിക്കുട്ടിക്ക് ജീവിതം. തീക്ഷ്ണമായ പ്രണയത്തെ കഥകളിലും, കവിതകളിലും അവതരിപ്പിച്ചുകൊണ്ട് മലയാളിയെ ജീവിക്കാന്‍ പഠിപ്പിക്കുകയായിരുന്നു മാധവിക്കുട്ടി.

ഉന്മാദിയായ പ്രണയിനിയായി തന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോഴും ഏകാന്തതയും, മരണവും നിസഹായരാക്കിയ മനുഷ്യരേയും അവര്‍ കഥയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു.

നാലപ്പാട്ട് തറവാട്ടില്‍നിന്ന് ബന്ധുക്കാരെ ഭയന്ന് ഒളിപ്പേരില്‍ കഥകളെഴുതിയ മാധവിക്കുട്ടി ചന്ദനമരങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ചു. ‘ ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നുവെന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.’ അതുവരെ നിലനിന്ന സമവാക്യങ്ങള്‍ തകര്‍ത്ത് പ്രണയത്തെ കണ്ടെത്തിയ മാധവിക്കുട്ടി സ്‌ത്രൈണാനുഭവങ്ങളുടെ അപൂര്‍വ്വമായ അടയാളപ്പെടുത്തലുകാരിയായിമാറി.

വീണ്ടും എന്റെ കഥയിലൂടെ മലയാളി മാധവിക്കുട്ടിയുടെ തൂലികയുടെ കരുത്തറിഞ്ഞു. ആണ്‍ബോധം അത്രമേല്‍ അസഹിഷ്ണുതപ്പെട്ട ഒരു സാഹചര്യം മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല എന്നുവേണം പറയാന്‍. എന്റെ കഥ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത് ശക്തമായ വിമര്‍ശനങ്ങളിലേക്ക് അവരെ കൊണ്ടെത്തിച്ചു. വിമര്‍ശനത്തിന്റെ കല്ലേറ് കൊള്ളുമ്പോഴും ശക്തമായിതന്നെ അവര്‍ എഴുതികൊണ്ടിരുന്നു.

ആമിയോപ്പൂവിന്റെ ഓര്‍മ്മകളിലാണ് ഇന്നും തൃശൂരിലെ പുന്നയൂര്‍ക്കുളം. എന്നാല്‍ സാഹിത്യ അക്കാദമി നാല് വര്‍ഷം മുമ്പ് സ്ഥാപിച്ച കമല സുരയ്യ സ്മാരകത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കിടയിലുണ്ട്. നാലപ്പാട്ട് തറവാട് ഇന്നില്ല. പക്ഷെ മാധവിക്കുട്ടിയുടെ വരികളിലൂടെ പ്രശസ്തമായ നീര്‍മാതളം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സുഗന്ധം പരത്തി ഇവിടെയുണ്ട്.

കമല സുരയ്യ സ്മാരകത്തില്‍ കഥാകാരി ഉപയോഗിച്ചിരുന്ന ആഭരണപെട്ടിയും കണ്ണാടിയും കട്ടിലുമുള്‍പ്പെടെ എല്ലാം സൂക്ഷിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് മാധവിക്കുട്ടിയുടെ പേരിലുളള 17 സെന്റും പുന്നയൂര്‍ക്കുളം സ്വദേശി കെ പി സുകുമാരന്‍ നല്‍കിയ 13 സെന്റും ഉപയോഗിച്ച് സാഹിത്യ അക്കാദമി ഈ ബഹുനില കെട്ടിടം പണിതത്. എന്നാല്‍, പിന്നീട് സാഹിത്യ അക്കാദമിയുടെ ഒരു ശ്രദ്ധയും ഇവിടെക്കില്ലെന്ന് പരാതി നാട്ടുകാര്‍ക്കുണ്ട്.

മാധവിക്കുട്ടിയുടെ ഓര്‍മ്മകളിലേക്ക് ഇന്നും നിരവധി പേരാണ് യാത്ര ചെയ്‌തെത്തുന്നത്.അവരെ സ്വീകരിക്കാന്‍ കഥാകാരിയുടെ കുറച്ചു ചിത്രങ്ങളല്ലാതെ ഈ സ്മാരകത്തില്‍ മറ്റൊന്നുമില്ല. എന്നാല്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുമായി ആലോചിച്ച് കൂടുതല്‍ നവീകരണങ്ങള്‍ വരുത്തുമെന്ന് അക്കാദമി അധികൃതര്‍ പറയുന്നു.

READ MORE:‘വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല’, ‘എന്റെ കൂട്’ രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍