Top

അഷിതയ്ക്ക് മാനസിക വിഭ്രാന്തിയായിരുന്നെന്ന് സഹോദരന്‍; നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്ക് സഹോദരനെന്ന് ചുള്ളിക്കാട്

അഷിതയ്ക്ക് മാനസിക വിഭ്രാന്തിയായിരുന്നെന്ന് സഹോദരന്‍; നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്ക് സഹോദരനെന്ന് ചുള്ളിക്കാട്
അടുത്തിടെ അന്തരിച്ച എഴുത്തുകാരി അഷിതയ്‌ക്കെതിരെ അധിക്ഷേപവുമായി സഹോദരന്‍ സന്തോഷ് നായര്‍. ദേശാഭിമാനി വാരികയില്‍ എഴുതിയ കത്തിലാണ് അഷിതയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നുവെന്ന് സന്തോഷ് നായര്‍ ആരോപിക്കുന്നത്. ഇതിനെതിരെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയിട്ടുണ്ട്. അഷിതയുടെ അവസാന നാളുകളില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സന്തോഷ് കുമാര്‍ അവര്‍ മരിച്ചതിന് ശേഷം രംഗത്തെത്തിയിരിക്കുന്നത്. ഈ അഭിമുഖം പിന്നീട് ഏതാനും പത്രങ്ങളിലും വന്നുവെന്നും അവയെല്ലാം മരിച്ചുപോയ തങ്ങളുടെ അച്ഛനെയും തൊണ്ണൂറ് വയസ്സുള്ള അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നുവെന്നും സന്തോഷ് കുമാര്‍ പറയുന്നു.

ലേഖനത്തിലെ ഉള്ളടക്കം ഞെട്ടിച്ചത് കുടുംബക്കാരെ മാത്രമല്ലെന്നും അഷിതയുടെ സുഹൃത്തുക്കള്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെക്കൂടിയായിരുന്നെന്നും സന്തോഷ് കത്തില്‍ പറയുന്നു. അഷിതയുടെ മാനസിക പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം എന്നിവയെക്കുറിച്ചോ ചിന്തിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്. അഷിതയുടെ പ്രശ്‌നങ്ങള്‍ ഇക്കാലമത്രയും കുടുംബത്തിനകത്തുതന്നെ ഒതുക്കിവയ്ക്കാനായിരുന്നു ശ്രമിച്ചത്. കൗമാരത്തില്‍ തന്നെ അഷിതയ്ക്ക് കടുത്ത സ്‌കീസോഫ്രീനിയ രോഗം പിടിപെട്ടിരുന്നു. അതിന്റെ സൂചന ലഭിക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണെന്നും സന്തോഷ് നായര്‍ ആരോപിക്കുന്നു.

അഷിത പറഞ്ഞതുപോലെ ഒരിക്കലും ഒരു മനോരോഗാശുപത്രിയില്‍ അഷിതയെ പ്രവേശിപ്പിച്ചിട്ടില്ല. പേരുകേട്ട മനോരോഗ വിദഗ്ധരുടെ ക്ലിനിക്കിലായിരുന്നു ചികിത്സ. രോഗം മൂലം അഷിത എല്ലായ്‌പ്പോഴും ജീവിച്ചിരുന്നത് യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള രണ്ട് ലോകങ്ങളിലാണ്. രണ്ടിനെയും പലപ്പോഴും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കുടുംബാംഗങ്ങളെക്കുറിച്ച് ലേഖനത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ അബദ്ധവും അതിശയോക്തിപരവുമാണ്. പലപ്പോഴും നിയന്ത്രണം വിട്ടിരുന്ന അഷിതയുടെ മനസും ചിന്താഗതികളും ആത്മസഹതാപത്തെ ന്യായീകരിക്കാനും ദൈനംദിന സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് പര്‍വതീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്നതാണെന്ന് തോന്നുന്നുവെന്നും സന്തോഷിന്റെ കത്തില്‍ പറയുന്നു.

അമ്പത് വര്‍ഷം മുമ്പ് വഴിയില്‍ ഉപേക്ഷിച്ചെന്നും അഞ്ചു വയസ്സുള്ള അഷിതയെ പാല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച് അയച്ചെന്നതുമൊക്കെ ആ മതിഭ്രമത്തിന് ഉദാഹരണങ്ങളാണ്. എഴുത്തുകാരന് അത് കണ്ടെത്താനും സത്യാവസ്ഥ തിരിച്ചറിയാനുമുള്ള സമയം ലേഖനം പ്രസിദ്ധീകരിക്കാനുള്ള തിരക്കില്‍ കിട്ടിയിട്ടുണ്ടാകില്ല. ഇതെല്ലാം പറയേണ്ടി വന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. പക്ഷേ, പറയാതെ നിവൃത്തിയില്ല. അഷിത അനുഗ്രഹീതയായ എഴുത്തുകാരിയായിരുന്നു. അഷിതയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും നല്‍കിയ പ്രോത്സാഹനവും പരിചരണവും വളരെ വലുതാണ്. അതിലും പ്രധാനമാണ് ഭര്‍ത്താവിന്റെ ക്ഷമയും പിന്തുണയും. രോഗാവസ്ഥയിലും ചികിത്സയിലും അഷിതയുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനും ലോകമറിയുന്ന അഷിതയാക്കി മാറ്റാനും കുടുംബം വഹിച്ച പങ്ക് ചെറുതല്ലെന്നും സന്തോഷ് നായരുടെ കത്തില്‍ പറയുന്നു.

അതേസമയം ഈ കത്തിനെതിരെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തി. അഷിതയുടെയും തന്റെയും സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് ചുള്ളിക്കാട് സന്തോഷ് നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഈ കുറിപ്പ് പിന്നീട് ദേശാഭിമാനി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു.

'മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരന്‍ രംഗത്തുവന്നിരിക്കുന്നു(ദേശാഭിമാനി 16-05-2019). മറുപടി പറയാന്‍ ഇന്ന് അഷിത ഇല്ല. 1975മുതല്‍ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്. അഷിതയുടെ വിഷാദമോഹനവും ദീര്‍ഘവുമായ കത്തുകള്‍ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. 1979-82 കാലത്ത് ഞങ്ങള്‍ മഹാരാജാസ് കോളേജില്‍ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളില്‍ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിക്കുമായിരുന്നു. അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവര്‍ത്തനം മാത്രമേയുള്ളു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാര്‍ക്ക്. മരിച്ചവരെക്കുറിച്ചാകുമ്പോള്‍ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മിസ്റ്റര്‍ സന്തോഷ് നായര്‍, നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്കു സഹോദരന്‍. നിങ്ങള്‍ അവര്‍ക്ക് ദുരന്തമായിരുന്നു'. എന്നാണ് ചുള്ളിക്കാടിന്റെ കുറിപ്പ്.

Also Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

Next Story

Related Stories