TopTop

"ഈ പെണ്ണുങ്ങൾക്കൊക്കെ വല്ല ബുദ്ധിയുമുണ്ടോ?" ആൺ ധാരണകളെ പൊളിച്ച അഞ്ച് പുസ്തകങ്ങൾ

"ഈ പെണ്ണുങ്ങൾക്കൊക്കെ വല്ല ബുദ്ധിയുമുണ്ടോ?" ആൺ ധാരണകളെ പൊളിച്ച അഞ്ച് പുസ്തകങ്ങൾ
ആണുങ്ങൾ ബുദ്ധിപൂർവം ചിന്തിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ പെണ്ണുങ്ങളെ നയിക്കുന്നത് വികാരങ്ങളാണ്. ശാസ്ത്രം പോലുള്ള വിഷയങ്ങളിലാണ് പുരുഷന്മാർക്ക് താല്പര്യം എന്നാൽ സ്ത്രീകൾക്കോ അതിവൈകാരികമായ കവിതൾ വായിക്കാനാണ് ഇഷ്ടം. ധൈര്യവും കരുത്തുമാണ് പൗരുഷത്തിന്റെ മുഖമുദ്ര. എന്നാൽ സ്ത്രീകൾക്ക് സദാ സംരക്ഷണവും വൈകാരികമായ പിന്തുണയും ആവശ്യമാണ്… ആളുകളുടെ മനസുകളിൽ ലിംഗപദവിയെക്കുറിച്ച് പ്രബലമായി നിൽക്കുന്ന വാർപ്പുമാതൃകകൾ ഇങ്ങനെയൊക്കെയാണ്. ഇതിനെയെല്ലാം പൊളിക്കുകയെന്നതായിരുന്നു സ്ത്രീപക്ഷ പ്രവർത്തകരുടെ വർഷങ്ങൾ നീണ്ട സമരങ്ങളുടെയും ചിന്തകളുടെയും ലക്ഷ്യം. ഇത്തരം വാർപ്പുമാതൃകകളെ ഉടച്ചുവാർത്ത അഞ്ച് പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദി ഗാർഡിയന് വേണ്ടി ന്യൂറോ ശാസ്ത്രജ്ഞ ജിന റിപ്പോൺ.

  1. ഡെല്യൂഷ്യൻസ് ഓഫ് ജൻഡർ, കോഡീലിയ ഫൈൻ


ഭാഷയും അതിന്റെ വ്യവഹാരങ്ങളിലുമാണോ സ്ത്രീകൾക്ക്  കൂടുതൽ താല്പര്യം? അവരുടെ തലച്ചോറിന്റെ രണ്ട് അർദ്ധഗോളങ്ങളും വൈകാരികമായി ചിന്തിക്കാൻ മാത്രം ഉതകുന്നതാണോ? അതേസമയം ഒരു പുരുഷ തലച്ചോറിന്റെ രണ്ട് അർദ്ധഗോളങ്ങളും യുക്തിയോടെ ചിന്തിക്കാനുള്ളവയാണോ?  ദൂരം,വേഗം എന്നിവ അളക്കുക, ഭൂപടങ്ങൾ നിർമ്മിക്കുക, എളുപ്പത്തിൽ കണക്കുകൂട്ടുക മുതലായ തൊഴിലുകളെല്ലാം പുരുഷന്മാരുടെ മാത്രം കുത്തകയാകുന്നത് അവർക്ക് ജന്മസിദ്ധമായി തന്നെ ഇത്തരം കഴിവുകൾ ഉള്ളതുകൊണ്ടാണോ?  ഇത് പോലെയുള്ള പ്രബല ധാരണകളൊക്കെ വെറും മിത്തുകൾ മാത്രമാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കുകയാണ് ന്യൂറോസയന്റിസ്റ്റായ കോർഡിലിയ. ലിംഗപരമായ വാർപ്പുമാതൃകകളെ കണക്കിന് പരിഹസിക്കുന്ന നിരവധി മുഹൂർത്തങ്ങളും പുസ്തകത്തിലുണ്ട്.

ദി മൈൻഡ് ഹാസ് നോ സെക്സ്, ലോണ്ട ഷീബിൻഗെർ

സ്ത്രീകളും ശാസ്ത്ര വിഷയങ്ങളും തമ്മിലുള്ള ബന്ധത്തെ ശാസ്ത്രീയമായും ചരിത്രപരമായും വിശകലനം ചെയ്യുകയാണ് ലോണ്ടയുടെ പുസ്തകം. സ്ത്രീകൾക്ക് ശാസ്ത്രകാര്യങ്ങളിൽ മികവ് തെളിയിക്കാനാകില്ല എന്ന മിത്തിനെ പ്രാചീനകാലത്ത് പുരുഷനേക്കാൾ മികച്ച് നിന്ന ശാസ്ത്രജ്ഞകളെ ഉദാഹരിച്ചുകൊണ്ടാണ് ഇവർ വിശദീകരിക്കുന്നത്. എന്നാൽ ആധുനിക ശാസ്ത്രപുസ്തകങ്ങളിൽ ഈ സ്ത്രീകളുടെ പേരുകൾ എങ്ങനെയാണു വിദഗ്ദമായി ഒഴിവാക്കപ്പെട്ടതെന്നും ഇവർ ചോദിക്കുന്നു.

ദി ലൈ ട്രീ, ഫ്രാൻസിസ് ഹാർഡിങ്

പ്രശസ്ത  ബാലസാഹിത്യകാരി ഫ്രാൻസീസ് ഡിങ്ങിന്റെ ലൈ ട്രീ എന്ന നോവൽ എങ്ങനെയാണ് ശാസ്ത്രത്തിന്റെയും അറിവിന്റെയും ലോകത്തിൽ ഓരോ സ്ത്രീയും പാർശ്വവൽക്കരിക്കപ്പെടുന്നത് എന്നതിന്റെ  നേർക്കാഴ്ചയാണ്. അച്ഛനെപ്പോലെ വലിയ ശാസ്ത്രജ്ഞ ആകാൻ കൊതിച്ച ഒരു 14 വയസുകാരിയുടെ വിക്ടോറിയൻ സമൂഹത്തിലെ പോരാട്ടങ്ങളുടെ കഥയാണ് ലൈ ട്രീ.

ദി ട്രബിൾ വിത്ത് വുമൺ, ജാക്കി ഫ്ലെമിംഗ്

പെണ്ണുങ്ങൾ ബുദ്ധിയില്ലാത്തവരാണെന്ന ആൺ ധാരണയെ കുറച്ചൊന്നുമല്ല ഈ ഹാസ്യ നോവൽ കളിയാക്കുന്നത്. ആണുങ്ങളെ പോലെ "ജ്ഞാനമുടി" ഇല്ലാത്ത, തങ്ങളുടെ തലച്ചോറുപോലെ തീരെ ചെറിയ തലയുള്ള പെണ്ണുങ്ങളാണ് ഈ ഹാസ്യ നോവലിലെ പ്രധാനകഥാപാത്രങ്ങൾ. വിവരമില്ലാത്ത സ്ത്രീകളാണ് ലോകത്തിലെ എല്ലാ പ്രശ്നനങ്ങൾക്കും കാരണക്കാരികൾ എന്ന പൊതുബോധത്തെ പിടിച്ചുലയ്ക്കുന്നതാണ് ഈ പുസ്തകം നൽകുന്ന ചിരി.

വുമൺ ഓൺ ദി എഡ്ജ് ഓഫ് ടൈം, മാർജ്‌ പിയേർസി

ലിംഗപദവിയും അധികാരബന്ധങ്ങളും അത്ര ശക്തമാകാതിരുന്ന കാലത്തേക്ക് മടങ്ങിപോയാൽ എങ്ങെനെയുണ്ടാകും? അങ്ങനെയൊരു ഭാവയാണ് പിയേഴ്സിയുടെ ഈ സയൻസ് ഫിക്ഷൻ വിശദീകരിക്കുന്നത്. ലിംഗപദവി സംബന്ധിയായ കർത്തവ്യങ്ങൾ ഒന്നും വേർതിരിച്ചിട്ടില്ലാത്ത പ്രാചീന കാലത്തിൽ നിന്നുകൊണ്ട് പുസ്തകം ഇന്നത്തെ കാലത്തെ വാർപ്പ് മാതൃകകളെ വിമർശനവിധേയമാക്കുന്നു.

Next Story

Related Stories