TopTop

കവി അശോകന്‍ മറയൂരിനെതിരായ വംശീയാധിക്ഷേപ ആരോപണം; മറുപടിയുമായി ഇന്ദു മേനോന്‍

കവി അശോകന്‍ മറയൂരിനെതിരായ വംശീയാധിക്ഷേപ ആരോപണം; മറുപടിയുമായി ഇന്ദു മേനോന്‍
കവി അശോകന്‍ മറയൂരിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ദു മേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇന്ദുമേനോന്‍ മറുപടി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ദുമേനോന്‍ വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് കവി അശോകന്‍ മറയൂര്‍ ഫെയ്‌സ്ബുില്‍ കുറിപ്പെഴുതിയത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ സിലബസില്‍ ഗോത്രഭാഷാ കവി അശോകന്‍ മറയൂരിന്റെ കവിത ഉള്‍പ്പെടുത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് എഴുത്തുകാരിയും, കിര്‍ത്താഡ്സ് ഉദ്യോഗസ്ഥയുമായ ഇന്ദുമേനോന്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിന് കാരണമായത്. ഇന്ദുമേനോന്റെ വാക്കുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതും, വംശീയമായി അധിഷേപിക്കുന്നതുമാണെന്നാണ് അശോകന്‍ മറയൂര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഇന്ദുമേനോന്‍ പരസ്യമായ കുറിപ്പെഴുതിയെന്നും അശോകന്‍ മറയൂര്‍ പറയുന്നു. ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ദുമേനോന്‍ നടത്തിയ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും എനിക്കെതിരെ വന്ന വംശീയാധിക്ഷേപം എന്ന ഗുരുതരമായ സാമൂഹ്യാരോപണത്തിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. ഇത് മറുപടിയാണ്, പ്രതികരണമല്ല.

കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (KLF) പല സംഘാടകരില്‍ ഒന്നായിരുന്നു ഞാന്‍ തൊഴിലെടുക്കുന്ന ഗോത്രവര്‍ഗ്ഗ ഗവേഷണ സ്ഥാപനം. ഗോത്ര/ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പല സര്‍ക്കാര്‍ പദ്ധതികളും ഈ സ്ഥാപനം വഴിയാണ് നടപ്പിലാക്കുന്നത്. ഗോത്രഎഴുത്തുകാരുടെ സംഗമം എന്ന ഒരു ശില്പശാല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ വകുപ്പ് ചെയ്തു പോരുന്ന ഒരു പരിശീലനപരിപാടിയാണു.10 ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാലയ്‌ക്കൊടുവില്‍ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകയും ഗോത്രകലാകാരന്മാരുടെ കഥ/കവിത/നൃത്തം എന്നിവക്ക് വേദികള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ പരിപാടിയാണ്, അല്ലാതെ ഞാന്‍ വ്യക്തിപരമായി നടത്തുന്നതല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ശില്പശാല കഴിഞ്ഞിട്ട് എട്ട് മാസം കഴിഞ്ഞിട്ടും അതിന്റെ ചെലവുകളുടെ ബില്ലുകളോ മറ്റ് പേയ്മെന്റുകളോ ലഭിക്കാത്തതിനാല്‍ പ്രസ്തുത പരിപാടിയുടെ ചാര്‍ജുണ്ടായിരുന്ന ചുമതലാ ഉദ്യോഗസ്ഥനെന്ന നിലയില്‍ വെന്‍ഡര്‍മാര്‍ / ഗുണഭോക്താക്കള്‍ / സേവനദാതാക്കള്‍ എന്നെ നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. സാധൂകരണം ലഭ്യമാക്കുന്നതിനായ്, പരിപാടിയുടേ ഫലപ്രാപ്തിയെക്കുറിച്ച് പേയ്‌മെന്റ് റിലീസ് ചെയ്യേണ്ട വിഭാഗത്തില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു. അഡ്മിന്‍, ഓഡിറ്റ്, അക്കൗണ്ട് ആ ദിയായ ചോദ്യങ്ങള്‍ക്കും സാധൂകൃത മറുകുറി ആവശ്യമായിരുന്നു.

സര്‍ക്കാര്‍ എവിടെ പണം ചെലവാക്കിയാലും, അത് നിക്ഷേപമായാലും ചെലവായാലും, അതിന്റെ ഫലപ്രാപ്തി രേഖപ്പെടുത്തേണ്ട ബാദ്ധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. റോഡോ കെട്ടിടമോ പോലെയല്ല സാംസ്‌കാരികനിക്ഷേപങ്ങള്‍. അവയുടേ റിട്ടേണുകള്‍ ഒരു നിയതമായ ഫലപ്രാപ്തി വെച്ച് തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. വിലയിരുത്തലുകള്‍ വളരെയധികം സബ്ജക്റ്റീവുമാണ്. സാംസ്‌കാരികമായ ഒരു വ്യത്യാസം (delta) മിക്കവാറും വരണ്ട ഏകകങ്ങള്‍ കൊണ്ട് അളക്കാന്‍ പാടാണ്. ക്വാളിറ്റേറ്റിവായ ഒരു സംഗതിയെ ക്വാണ്ടിറ്റേറ്റിവായ മാനങ്ങളില്‍ വിശദീകരിക്കുകയെന്നതും ഏറെ പ്രയാസകരമാണു.

ചെയ്യാവുന്നത് സര്‍ക്കാരിന്റെത്തന്നെ സാംസ്‌കാരിക-എകാഡമിക് രംഗങ്ങളിലേക്ക് പ്രസ്തുത പരിപാടികളുടെ സഞ്ചിതഫലം എത്രത്തോളം എത്തി എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. പ്രത്യക്ഷവും അളക്കാവുന്നതുമായ (tangible and quantifiable) ചില ഏകകങ്ങള്‍ കണ്ടെത്തുകയും അവ സംവിധാനങ്ങളുടേ ബോദ്ധ്യങ്ങള്‍ക്ക് (conviction) ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് അത്തരം സന്ദര്‍ഭങ്ങളില്‍ കീഴ്വഴക്കവും ശരിയും. ഓഡിറ്റ് യുക്തിയല്ല ഗവേഷണ യുക്തി എന്നത് ഒരു വലിയ പ്രശ്‌നമാണ്.

ഞാന്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരും പരിശീലനവുമായി പ്രത്യക്ഷ ബന്ധമുള്ള പൊതുവിടങ്ങളിലെ ചിലരും മാത്രം ഉള്ള സ്വകാര്യ വാട്‌സാപ് ഗ്രൂപ്പില്‍ സര്‍ക്കാര്‍ നടപടികളുടെ ഫലപ്രാപ്തിയെപ്പറ്റി എഴുതിയ ഒരു മെസേജ് ആരോ പുറമേക്ക് അയക്കുകയും അതിലെ ഒരു ചെറിയ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് എന്റെ ഫേസ്ബുക് പോസ്റ്റിലെ ആണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയും അതിലെ തന്നെപ്പറ്റിയുള്ള പരാമര്‍ശം മാത്രം എടുത്ത് ശ്രീ.അശോകന്‍ മറയൂര്‍ എന്ന കവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ഞാന്‍ പ്രസ്തുത ഗ്രൂപ്പിലേക്കയച്ച, ശ്രീ അശോകന്റെപ്പറ്റി പരാമര്‍ശമുള്ള, വാട്‌സാപ് മെസേജുകള്‍ പൂര്‍ണ്ണരൂപത്തില്‍ താഴെക്കൊടുക്കുന്നു.

*******************

''ഗവണ്‍മെന്റിന്റെ പണം ഗോത്ര സാഹിത്യകാരന്മാര്‍ക്കായി ചിലവഴിക്കുന്നതില്‍ പ്രയോജനമുണ്ടോ? എന്ത് പ്രയോജനം എന്നിങ്ങനെ നിരവധി വിജിലന്‍സ് AG ക്വറികള്‍ വന്നുകൊണ്ടിരിക്കുന്നു.

പക്ഷെ ആ പണം അത് ചില വഴിച്ചതിനും എത്രയോ മീതെയാണ് നമ്മുടെ ക്യാമ്പുകളിലെ ശബ്ദം സാഹിത്യ ലോകത്തെ തന്നെ സ്തബ്ധമാക്കുന്നു. ഇന്ന് സന്തോഷം തോന്നി. ഗാഗയുടെ കവിതകളും ദാമോദരന്റെ കവിതകളും ഗവേഷണ വിഷയമായി മാറി. മുമ്പേ നമ്മുടെ സിന്ധു കാലിയുടെ കവിതകള്‍ പല യൂനിവേര്‍സിറ്റിയിലും ഗവേഷണ വിഷയമായി.

മറ്റൊന്ന് അശോകനാണ്. നമ്മുടെ ലക്ക് അവനും നമ്മുടെ ഇടുക്കിയുടെ ശബ്ദമാണെന്നതാണ്. പൂമാലിയും ഗാഗയും സുനുവും പാരമ്പര്യവഴി തുടരുന്നു. നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാര്‍ പണം നല്‍കി പുസ്തകം അച്ചടിച്ച അശോകന്റെ കവിത MA മലയാളം സിലബസ്സില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തി.

കിര്‍ടാഡ്‌സ് പരിശീലന വിഭാഗത്തിന്റെ 3 വര്‍ഷത്തെ പ്രയത്‌നഫലമാണ് ഗോത്ര എഴുത്തുകാരുടെ സംഗമം. മുഖ്യധാരയില്‍ ഗോത്ര/ദളിത് സാഹിത്യത്തെ എത്തിക്കുക, നമ്മുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. പല അന്താരാഷ്ട്ര സാഹിത്യ മേളകളിലും കേന്ദ്ര കേരള സാഹിത്യ അക്കാദമി വേദികളിലും നമ്മുടെ എഴുത്തുകാര്‍ അവസരം ഉറപ്പിച്ചു.

മറ്റു എഴുത്തുകാരുടെ സൃഷ്ടികള്‍ മറ്റ് യൂനിവേര്‍സിറ്റികള്‍ക്ക് ആവശ്യപ്പെട്ട പ്രകാരം നല്‍കിയിട്ടുണ്ട്.
അടുത്ത് തന്നെ ഗോത്ര ശബ്ദം ഇടി പോലെ പിണര്‍ പോലെ മുഖ്യധാരയെ പിളര്‍ക്കും.''

*****************

മേല്‍ക്കൊടുത്തിട്ടുള്ളതാണ് കവി ശ്രീ.അശോകന്‍ മറയൂരിനെപ്പറ്റി ഞാന്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന 'വംശീയപരാമര്‍ശം' അടങ്ങുന്ന മുഴുവന്‍ മെസേജ്.

അദ്ദേഹം കഴിഞ്ഞ രണ്ട് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ ഞാന്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിന്റെ അതിഥിയായിരുന്നു. ചെലവുകള്‍ക്ക് ബന്ധപ്പെട്ട ഭരണവിഭാഗം ചോദിച്ച വിശദീകരണത്തിന്റെ സാദ്ധ്യമായ മറുപടി എന്ന നിലക്കാണ് പ്രസ്തുത മെസേജ് ഞാന്‍ വാട്സാപ്പില്‍ ഇടുന്നത്. ഔപചാരികവിശദീരണങ്ങള്‍ കൊടുക്കുന്നതിനുമുമ്പ് ഇത്തരം 'ഡ്രൈ റണ്ണുകള്‍' (dry run) ഏത് സംവിധാനത്തിനകത്തും പതിവുമാണ്. സാദ്ധ്യമായ യുക്തിഭംഗമോ വിനിമയത്തിലെ ഒഴുക്കില്ലായ്മയോ ഒക്കെ കണ്ടെത്തുന്നതിന് അത് സഹായിക്കുകയും ചെയ്യും. അതിന്റെ അര്‍ത്ഥം നേരെ ഇതെടുത്ത് മറുപടിയായി കൊടുക്കും എന്നല്ലതാനും.

ഒരു സ്വകാര്യ-നിയന്ത്രിത ഇടത്തിലെ അനൗപചാരിക സംഭാഷണത്തിന്റെ ഭാഗമായി എഴുതുന്ന ഒരു കുറിപ്പ് മാത്രമാണത്. സംബോധനയിലുള്ള അലക്ഷ്യത നിങ്ങള്‍ക്ക് വേണമെങ്കില്‍ അതില്‍ ആരോപിക്കാം. പക്ഷേ പശ്ചാത്തലം പരിഗണിക്കാതെയുള്ള ഏത് വിധിതീര്‍പ്പും അനീതിയാണ്.

ശ്രീ.അശോകന്‍ എനിക്ക് വര്‍ഷങ്ങളായി വ്യക്തിപരമായി അറിയുന്ന ഒരാളാണ്. പ്രായത്തില്‍ ചെറുപ്പമാണ്. അതിന്റെ ഭാഗമായി ഒരു സ്വകാര്യ ഇടത്തില്‍ എടുത്ത 'അവന്‍' എന്ന സംബോധന ഒഴിച്ചാല്‍ ഒരു ജീവനക്കാരി തന്റെക്കൂടിയുള്ള പരിശ്രമങ്ങളുടെ ഫലപ്രാപ്തിയെപ്പറ്റി സംസാരിക്കുന്നത് മാത്രമാണ്. അതില്‍ എന്റെ ആഹ്‌ളാദമുണ്ട്, ചെറിയ സ്വാതന്ത്ര്യമെടുക്കലുണ്ട്. ഒരു പൊതു ഇടത്തിലാണെങ്കില്‍ അതായിരിക്കില്ല സ്വാഭാവികമായും സംബോധന, ന്യായമായും ഒരു ഔപചാരികസംബോധനയിലേക്ക് അത് മാറിയേനെ. അതിന്റെ അര്‍ത്ഥം ഇരട്ടത്താപ്പ് എന്നല്ല. സ്വകാര്യമായ ഇടങ്ങളിലെ അതേ രീതികളില്‍ പൊതുഇടത്തില്‍ ഇടപെടുന്നവര്‍ക്ക്, അല്ലെങ്കില്‍ തിരിച്ച്, എന്നെ കല്ലെറിയാം.

അതേ യുക്തിയാണ് എന്റെ സ്ഥാപനമേധാവിയുടേ പേരുപറഞ്ഞ് 'അദ്ദേഹം കൊടുത്തു' എന്ന് പറയുന്നതും. ഇത് പൂര്‍ണ്ണമായും ഒരു പ്രൈവറ്റ് ഗ്രൂപ്പിലെ മെസേജാണ്. സര്‍ക്കാര്‍ ജീവനക്കാരന്‍ സ്വാഭാവികമായും തങ്ങളുടെ മേലധികാരിയുടെ പേരോ അല്ലെങ്കില്‍ ഔദ്യോഗികസ്ഥാനമോ സംഭാഷണങ്ങളില്‍ മാറിമാറി ഉപയോഗിക്കും. അതിന്റെ അര്‍ത്ഥം ആ വ്യക്തി അത് അദ്ദേഹത്തിന്റെ സ്വകാര്യസമ്പാദ്യത്തില്‍ നിന്ന് ചെയ്തു എന്നല്ല, പകരം അദ്ദേഹമാണ് പ്രസ്തുത തീരുമാനം എടുത്തത് എന്നതാണ്. അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ്, അല്ലാതെ യാന്ത്രികമായ ഒരു ബ്യൂറോക്രാറ്റിക് പ്രോസസ് വഴിയല്ല, പ്രസ്തുത തീരുമാനം എടുത്തത് എന്നാണ്. അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു എന്ന്.

ശ്രീ.അശോകന്‍ മേല്‍ക്കൊടുത്ത മെസേജിലെ ഒരു കഷണം അടര്‍ത്തിയെടുത്ത് ഒരു ഫേസ്ബുക് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തപ്പോള്‍ ഞാനവിടെപ്പോയി ഒരു കമന്റിടുകയുണ്ടായി. കമന്റു വസ്തുതാപരമായി പൂര്‍ണ്ണമായും ശരിയാണെങ്കിലും അതില്‍ എന്നെത്തന്നെ കുടുക്കുന്ന Red-Herring പ്രയോഗങ്ങള്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. സമര്‍ത്ഥമായി സ്വയം ന്യായീകരിക്കുകയും അവക്ക് അനക്ഡോട്ടല്‍ എവിഡന്‍സുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നത് കണ്ടുണ്ടായ, അവരുടെ നീതികേടില്‍ പ്രതിയുണ്ടായ വികാരവിക്ഷോഭത്തില്‍ ചെയ്ത അബദ്ധമാണത്. ധാര്‍മ്മികമായി ശരിയാണെങ്കിലും തന്ത്രപരമായ പിഴവ് (morally right and tactically wrong). തന്ത്രപരമായ പിഴവുകള്‍ക്ക് ഒരാള്‍ വിലകൊടുക്കേണ്ടത് സ്വയം സഹിച്ചിട്ടാണ് എന്നതിനാല്‍ ആ പിഴവിന്, അതുണ്ടാക്കിയ നെഗറ്റീവ് ഓളത്തിന്, എന്നോടുതന്നെ മാപ്പുചോദിക്കുന്നു. എനിക്ക് എന്നോട് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ കഴിയേണ്ടതായിരുന്നു.

ശ്രീ.അശോകന്‍ എന്നോട് ചെയ്തിട്ടുള്ള ദ്രോഹങ്ങളുണ്ട്. കൂടാതെ സഹജീവികളെ കുടുക്കി തലയൂരിയ ഉത്തരവാദിത്തമില്ലായ്മ മുതല്‍ ഒരു മനുഷ്യന്‍ തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി പറയാവുന്ന ഏറ്റവും വലിയ നുണ വരെ തന്റെ നേട്ടത്തിന് പറഞ്ഞിട്ടുണ്ട്. തന്റെ പോസ്റ്റില്‍ തന്നെ ഇതിന്‍ പലതിനും ഗോപ്യമായി അദ്ദേഹം മുന്‍കൂര്‍ ജാമ്യം എടുക്കുന്നുമുണ്ട്, സാദ്ധ്യമായ മറു ആരോപണത്തിനും മറുപടിക്കുമുള്ള തട, തന്റെ സ്വഭാവശുദ്ധി സുഹൃത്തുക്കളെക്കൊണ്ട് vet ചെയ്യിച്ച് ഉണ്ടാക്കുന്നുണ്ട്. വേണമെങ്കില്‍ അതിന്റെ പൂര്‍ണ്ണവസ്തുത എഴുതാവുന്നതേയുള്ളൂ. പക്ഷേ അത്തരം വിശദാംശങ്ങള്‍ക്കുള്ള അവസരമല്ല ഇത് എന്ന് ഞാന്‍ കരുതുന്നു. എന്റെ മേല്‍ വന്നുവീണ ആരോപണത്തിന് മറുപടി പറയാന്‍ വേണ്ടി മാത്രം ഈ അവസരം ഉപയോഗിക്കുന്നു.

നേരത്തെ സൂചിപ്പിച്ചപോലെ ഇത് മറുപടിയാണ്, പ്രതികരണമല്ല. വിക്ഷുബ്ദവൈകാരികത ഉദ്ദേശിച്ചിട്ടില്ല. ഒരുപുഴയാവില്ല ഇരുവട്ടം കടക്കുവാന്‍ എന്നാണല്ലോ.

Hang him not, leave him എന്ന കോടതിവിധി Hang him, not leave him എന്നെഴുതിവച്ച് വീട്ടില്‍പ്പോകാന്‍ വിട്ട പ്രതിയെ തൂക്കിക്കൊന്ന കഥ ഓര്‍മ്മവരുന്നു.


വംശീയമായി അധിക്ഷേപിച്ചെന്ന് അശോകന്‍ മറയൂര്‍; സന്തോഷം പങ്കുവയ്ക്കുകയാണ് ചെയ്തതെന്ന് ഇന്ദു മേനോന്‍


Next Story

Related Stories