TopTop

ആണിനും പെണ്ണിനുമപ്പുറത്തുള്ളതെല്ലാം വൈകൃതങ്ങളായി കാണുന്ന ഒരു സമൂഹത്തോടാണ് കലഹിക്കുന്നത്, അതാണ് എന്റെ കവിതയും; ട്രാന്‍സ് കവി വിജയരാജ മല്ലിക സംസാരിക്കുന്നു

ആണിനും പെണ്ണിനുമപ്പുറത്തുള്ളതെല്ലാം വൈകൃതങ്ങളായി കാണുന്ന ഒരു സമൂഹത്തോടാണ് കലഹിക്കുന്നത്, അതാണ് എന്റെ കവിതയും; ട്രാന്‍സ് കവി വിജയരാജ മല്ലിക സംസാരിക്കുന്നു
ട്രാൻസ്‌ജെൻഡർ കവി വിജയരാജ മല്ലികയുടെ 'മരണാനന്തരം' എന്ന കവിത എംജി സര്‍വകലാശാല എംഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.   അവരുടെ 'ദൈവത്തിന്റെ മകള്‍' എന്ന ആദ്യ കവിത സമാഹാരത്തില്‍ ഉള്‍പ്പെടുത്തപ്പെട്ട കവിതയാണ് മരണാനന്തരം. തന്റെ കാവ്യ ജീവിതത്തെ കുറിച്ചും കവിതകളെ കുറിച്ചും വിജയരാജ മല്ലിക സംസാരിക്കുന്നു.

എംജി സര്‍വകലാശാല എംഎ സിലബസിലേക്ക് മരണാനന്തരം എന്ന കവിത ഉള്‍പ്പെടുത്തിയിരിക്കുകയാണല്ലോ? ഒരു ട്രാൻസ്‌ജെൻഡർ കവി എന്ന നിലയില്‍ ഈ അംഗീകാരത്തെ എങ്ങനെയാണ് കാണുന്നത് ? 


ഒരു ട്രാൻസ്‌ജെൻഡർ കവി എന്ന നിലയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറിയ വ്യക്തിയായിട്ടും ട്രാൻസ്‌ജെൻഡർ എന്ന പരിപ്രേക്ഷ്യത്തില്‍ നിലനില്‍ക്കുന്നതെന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. സ്വഭാവികമായും ഇതൊരു ജെന്‍ഡര്‍ യാഥാര്‍ത്ഥ്യമാണ്. അത്തരം ലിംഗപദവികള്‍ ആഗ്രഹിക്കുന്ന ആളുകളുണ്ടെന്നും, ട്രാൻസ്‌ജെൻഡർ എന്നത് ഭിന്നലിംഗമല്ലെന്നും, ലിംഗം കൊണ്ട് അളക്കപ്പെടേണ്ടവരല്ല ട്രാൻസ്‌ജെൻഡേഴ്സ് എന്നു തുടങ്ങിയ സൈദ്ധാന്തിക ചിന്തകളിലേക്കുള്ള വളര്‍ച്ചയുടെ ആദ്യ പടിയായി ഈ അംഗീകാരത്തെ കാണുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് സ്വാഭാവികമായ സാമൂഹിക, കുടുംബ അന്തരീക്ഷം ഒരുക്കപ്പെടുന്നതിലേക്കുള്ള സാധ്യതയായിട്ടു വേണം ഇതിനെ കാണാന്‍.

'ഇന്നും ഞാന്‍ അധ്യാപിക, വിഷയം സാമൂഹിക പാഠം' ഇത്തരമൊരു വരി വിജയരാജ മല്ലിക എഴുതിയ ഒരു കവിതയിലുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി എന്ന നിലയില്‍ ഇത്തരത്തില്‍ സമൂഹവുമായി നിരന്തരം കലഹിക്കേണ്ടി വരുന്നുണ്ടോ?

റോഡിലൂടെ നടന്നു പോവുമ്പോള്‍ വെറുതെ കണ്ണുരുട്ടി കാണിക്കുന്ന, ചുമയ്ക്കുന്ന ആളുകളാണ് ചുറ്റുമുള്ളത്. പലപ്പോഴും നിങ്ങളെ ഞങ്ങളിവിടെ സഹിക്കുന്നുണ്ട് എന്ന സൂചനകളാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. ഓരോ നിമിഷവും സമര ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ട് ഞങ്ങള്‍ പോരാടുകയാണ്. നിരന്തരമായി ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അക്കാദമിക്കായും അല്ലാതെയുമുള്ള വേദികളിലും, ക്ലാസുകളിലുമുള്ള ഇത്തരം സംസാരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഭിന്നലിംഗക്കാരായിതന്നെ നിലനില്‍ക്കുന്നു.

മറ്റാളുകള്‍ക്ക് വളരെ സാധാരണമെന്ന് തോന്നാവുന്ന വിഷയങ്ങളാണ് വിജയരാജ മല്ലികയുടെ കവിതകളിലുള്ളത്. ഇത്തരം വിഷയങ്ങള്‍ കവിതയില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്താണ് ?

മലയാളി സാമൂഹത്തെ സംബന്ധിച്ച് മറ്റുള്ളവരെ കളിയാക്കുക എന്നത് ഒരു പൊതുസ്വഭാവമാണ്. ശരീരികമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പലപ്പോഴും മലയാളികള്‍ക്ക് മടിയാണ്. അവഗണനയുടെ ഭാഷയും അവഗണനയുടെ വികാരങ്ങളും ഒന്നുതന്നെയാണ്. ട്രാൻസ്‌ജെൻഡർ ആയിരുന്ന്, ട്രാൻസ്‌ജെൻഡർ പ്രശ്‌നങ്ങളെ കുറിച്ചെഴുതുമ്പോള്‍ സമാനമായ വേദനകള്‍ അനുഭവിക്കുന്നവര്‍ കവിതയിലേക്ക് സ്വഭാവികമായി കടന്നു വരുന്നു. ഒരു ട്രാൻസ്‌ജെൻഡർ കവിയെ സംബന്ധിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ എഴുതുക എന്നത് ഞാന്‍ എന്റെ കടമയായി കാണുന്നു.

സ്വന്തം അനുഭവങ്ങളാണോ കൂടുതലും കവിതകളാക്കുന്നത്? 

ആണിന്റെ ശരീരത്തിലിരുന്നുകൊണ്ട് സമൂഹത്തെ നോക്കിക്കണ്ടിരുന്ന ഒരു പെണ്ണായിരുന്നു ഞാന്‍. ഒരു കാലഘട്ടംവരെ ഇത്തരത്തിലൊരു മറ എന്റെ കവിതകളിലുണ്ടായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിക്കഴിഞ്ഞിട്ടും സമൂഹം സൂക്ഷിക്കുന്ന ഒരകല്‍ച്ച എപ്പോഴും തോന്നാറുണ്ട്. മലയാളികളെ സംബന്ധിച്ച് ഇവിടെ രണ്ട് മതങ്ങളെയുള്ളു, ആണെന്നതും പെണ്ണെന്നതും. ഇതിനിടയിലോ, അതിനപ്പുറത്തേക്കോ ഒന്നുമില്ലെന്നുമാണ് യാഥാര്‍ത്ഥ്യം. ഇതിനിടയിലുള്ളതെല്ലാം വൈകൃതമാണെന്ന് വിശ്വസിച്ച, സമൂഹത്തില്‍ നിങ്ങള്‍ പറയാന്‍ മടി കാണിച്ച, പറയാതിരുന്ന അനേകം മനോഭാവങ്ങളെയാണ് ഞങ്ങള്‍ കവിതകള്‍ പോലുള്ള കലാസൃഷ്ടികളില്‍ ആവിഷ്‌കരിക്കുന്നത്.

സ്വന്തം അനുഭവങ്ങള്‍ ചില കവിതകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അമിതമായൊരു സ്‌ത്രൈണത എന്റെ ക്രോമസോമുകള്‍ കൊണ്ട് എനിക്ക് ഉണ്ടായിട്ടുണ്ട്. മറ്റ് സ്ത്രീകള്‍ക്ക് ഇല്ലാത്ത പ്രണയവും, കാമവുമൊക്കെ എന്റെ ക്രോമസോമുകള്‍ വഴി എനിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനെ അടയാളപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കവിതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചില കവിതകള്‍ക്ക് മുഖവുര എഴുതുമ്പോള്‍ വിജയരാജ മല്ലിക എഴുതിക്കണ്ട ഒരു കാര്യമുണ്ട്, 'ഇതൊരു സ്ത്രീപക്ഷ കവിതയായി വായിക്കേണ്ട കാര്യമില്ല' എന്ന്. ഇത്തരമൊരു മുഖവുരയുടെ രാഷ്ട്രീയം എന്താണ്?  


മലയാളത്തില്‍ എഴുതപ്പെടുന്ന കവിതകള്‍ ഒന്നെങ്കില്‍ സ്ത്രീപക്ഷമായിട്ടും അല്ലെങ്കില്‍ ജനറല്‍ കവിതകളാണെന്ന നിലയിലുമാണ് ആളുകള്‍ വായിച്ചു പോകുന്നത്. ഭാഷ പലതരത്തില്‍ അംഗപരിമിതമാണ്. ചാന്ത് പൊട്ട് , ആണും പെണ്ണും കെട്ടത് എന്നീ പദങ്ങള്‍ ഉപയോഗിച്ചു മാത്രമേ ട്രാൻസ്‌ജെൻഡറായൊരു വ്യക്തിയെ ഈ ഭാഷയില്‍ വിളിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു യാഥാര്‍ത്ഥ്യത്തോടാണ് ഒരു ട്രാന്‍സ് കവി എന്ന നിലയില്‍ ഞാന്‍ പോരാടുന്നത്.

മലയാളത്തിലെ എഴുത്തുകാര്‍ ധാരാളം ഗൃഹാതുരത്വങ്ങള്‍ സൂക്ഷിക്കാറുണ്ട്. ബാല്യം, തറവാട് എന്നിവയെല്ലാം ഇത്തരത്തില്‍ മലയാളത്തിലെ എഴുത്തുകാര്‍ ആഘോഷിക്കുന്ന വിഷയങ്ങളാണ്. എന്നാല്‍ ഇത്തരത്തിലൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കുടുംബം എന്ന ഇടത്തുനിന്നുപോലും പുറന്തള്ളപ്പെട്ടവരാണ് ഞങ്ങള്‍. അത്തരത്തില്‍ സമൂഹത്തോടും ഭാഷയോടുമുള്ള നിരന്തര കലഹമാണ് ഞങ്ങളുടെ കവിതകള്‍.

Read More: ‘എന്റെ ജീവിതവും ഈ സിനിമയിലുണ്ട്’; ആൻഡ് ദി ഓസ്‌കാർ ഗോസ് ടു… സലിം അഹമ്മദ്/അഭിമുഖം

Next Story

Related Stories