TopTop

കരിന്തണ്ടന്റെ പ്രണയവും, പോരാട്ടവും പുസ്തകമാവുന്നു

കരിന്തണ്ടന്റെ പ്രണയവും, പോരാട്ടവും പുസ്തകമാവുന്നു
താമരശ്ശേരി ചുരത്തിനു കാരണക്കാരനായ, ഇംഗ്ലീഷുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി ഗോത്രത്തിലെ പണിയ സമുദായക്കാരനായ കരിന്തണ്ടന്റെ ചരിത്രം ആദ്യമായാണ് അച്ചടി മഷി പുരളുന്നത്. ഒലിവ് പബ്ലിക്കേഷന്‍ ആണ് കരിന്തണ്ടന്‍ എന്ന നോവല്‍ പുറത്തിറക്കുന്നത്. ടിപ്പുവിന്റെ മൈസൂര്‍ സ്വന്തമാക്കാന്‍ മോഹിച്ച ഇംഗ്ലീഷുകാര്‍ കരിന്തണ്ടന്റെ സഹായം ആവശ്യപ്പെടുകയും ഒടുവില്‍ ചതിയിലൂടെ വധിക്കുകയും ചെയ്യുകയായിരുന്നു.

ഒരു ചരിത്ര പുസ്തകത്തിലും രേഖപ്പെടുത്തി കാണാത്ത കരിന്തണ്ടന്റെ ബാല്യ കൗമാര യൗവനവും ചെറുത്തുനില്‍പ്പും സൗഹൃദവും പ്രണയവുമെല്ലാം ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ശേഷമാണ് സനല്‍ കൃഷ്ണ പൂര്‍ത്തിയാക്കിയത്.  കരിന്തണ്ടനെക്കുറിച്ച് ഒരു പുസ്തകപ്രേമി പറഞ്ഞത് ഇങ്ങനെയാണ് -

'കുട്ടിക്കാലത്ത് ചുരത്തിലെ മഞ്ഞത്ത് ആന വണ്ടിയില്‍ തണുത്തുവിറച്ചു പോകുമ്പോള്‍ തോന്നാറുണ്ട് ആരാണപ്പാ ഈ കുത്തിറക്കം ഇങ്ങനെ പണിഞ്ഞു വച്ചതെന്ന്. അന്നൊക്കെ അച്ഛന്‍ മടിയിലിരുത്തി കരിന്തണ്ടനെ പറ്റി പറയാറുണ്ട്. ഒത്ത വണ്ണമുള്ള ദൃഢമായ പേശികളുള്ള എണ്ണ കറുപ്പാര്‍ന്ന കരിന്തണ്ടന്‍. കേട്ടിരിക്കാന്‍ നല്ല രസമാണ്. പക്ഷെ ഇംഗ്ലീഷുകാരുടെ തോക്കിന്‍ മുനയില്‍ കരിന്തണ്ടന്‍ മരിച്ചതറിഞ്ഞപ്പോള്‍ അന്നൊക്കെ സങ്കടം തോന്നിയിരുന്നു. ഇപ്പോള്‍ വീണ്ടും അച്ഛന്‍ പറഞ്ഞു തന്ന ആ കഥകള്‍ ഒന്നു കൂടി ഓര്‍ത്തു പോകുന്നു.


അവിചാരിതമായാണ് സനല്‍ കൃഷ്ണ എഴുതിയ കരിന്തണ്ടന്‍ നോവല്‍ വായിച്ചത്. കരിന്തണ്ടനെപ്പറ്റി ഇത് വരെ കേട്ടതിലും മനോഹരമായ കൂട്ടിച്ചേര്‍ക്കലുകള്‍. 'കലിങ്ങ'അവള്‍ കരിന്തണ്ടനെ മനസാ വരിച്ച കാട്ടുപെണ്ണാണ്. ബലാല്‍സംഘം ചെയ്യപ്പെട്ട അവളുടെ സ്വപ്നങ്ങള്‍ കാടിന്റെ കണ്ണുനീര്‍ കൂടിയാണ്. വേലപ്പാച്ചന്‍ എന്ന എന്തിനും കൂട്ടു പോരുന്ന ഉറ്റ ചങ്ങാതി, ഇംഗ്ലീഷുകാരനായ എന്‍ജിനീയര്‍ റോബര്‍ട്ട് വില്യം, കരിന്തണ്ടനെ വധിച്ച കേണല്‍ മക്ളോദ്, റോബര്‍ട്ട് അബര്‍ കോമ്പി, കേണല്‍ ഹംബര്‍ സ്റ്റോണ്‍, കൂടെ നിന്ന് ചതിച്ച തങ്കന്‍ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും വേറിട്ട അനുഭവമായി.


1750 മുതലുള്ള ഓരോ കാലഘട്ടങ്ങളും വിശദമായി പ്രതിപാദിച്ചതിനൊപ്പം നഗ്ന സന്യാസിമാരായ അഘോരികളിലൂടെ കഥ പറഞ്ഞു പോയത് വ്യത്യസ്തമായ വായന അനുഭവം നല്‍കി. ഇപ്പോള്‍ ചുരം വഴി പോകുമ്പോള്‍ ഓര്‍ക്കുന്നു. ചതിയന്‍ കണ്ണുകളുള്ള ഇംഗീഷുകാരെ. കരിന്തണ്ടന്റെ പെണ്ണിനെ. തോക്കിന്‍ കുഴലില്‍ വീര ചരമം പൂകിയ വേലപ്പാച്ചനെ. എല്ലാത്തിലുമുപരി ചങ്ങലക്കെട്ടിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന പ്രിയപ്പെട്ട കരിന്തണ്ടനെ.'

കരിന്തണ്ടന്‍
ഒലീവ് പബ്ലിക്കേഷന്‍
സനല്‍ കൃഷ്ണ


കരിന്തണ്ടൻ; ഒരു കനവ്‌ ചുരമിറങ്ങി വരുന്നുണ്ട്, ചരിത്രമാകാന്‍Next Story

Related Stories