Top

"അന്നേരവുമാരുമോര്‍ക്കില്ല, പിറകില്‍ മറഞ്ഞു തീര്‍ന്ന കാട് വര്‍ഷങ്ങളായി ഉള്ളില്‍ വളര്‍ത്തുന്നൊരാനയെ": തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കുറിച്ചുള്ള കെ പി റഷീദിന്റെ കവിത

"അന്നേരവുമാരുമോര്‍ക്കില്ല, പിറകില്‍ മറഞ്ഞു തീര്‍ന്ന കാട് വര്‍ഷങ്ങളായി ഉള്ളില്‍ വളര്‍ത്തുന്നൊരാനയെ": തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കുറിച്ചുള്ള കെ പി റഷീദിന്റെ കവിത
തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കാന്‍ അനുമതി നിഷേധിക്കുകയും അവസാന നിമിഷം അനുവദിക്കപ്പെടുകയും ചെയ്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെക്കുറിച്ച് മാധ്യമം വാരികയില്‍ കവിത പ്രസിദ്ധീകരിച്ചു. മാധ്യമപ്രവര്‍ത്തകനായ കെ പി റഷീദ് ആണ് കവിത എഴുതിയിരിക്കുന്നത്.

വിവാദങ്ങള്‍ക്കെല്ലാം മുമ്പ് മൂന്ന് ആഴ്ച മുമ്പാണ് കോഴിക്കോട് സ്വദേശിയായ റഷീദ് ഈ കവിത വാരികയ്ക്ക് അയച്ചുകൊടുത്തത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം തൃശൂര്‍ പൂരം തുടങ്ങിയ ഇന്ന് ഇറങ്ങിയ വാരികയിലാണ് കവിത പ്രസിദ്ധീകരിച്ചത്. 'മൂന്നാഴ്ച മുമ്പ് ഇതെഴുതി ആഴ്ചപ്പതിപ്പിന് അയക്കുമ്പോള്‍, രാമചന്ദ്രന്‍ എന്ന ആന ഇത് പോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നില്ല. ജില്ലാ കലക്ടറും ആന ഉടമകളും തമ്മിലുള്ള തര്‍ക്കം ആചാര സംരക്ഷണത്തിലേക്ക് ഏച്ചു കെട്ടി മറ്റൊരു സര്‍ക്കാര്‍ വിരുദ്ധ പോരിലേക്ക് വരുമെന്ന് എന്നാല്‍ ഉറപ്പായിരുന്നു. പൂരമെത്തുമ്പോഴേക്കും രാമചന്ദ്രന്‍ എന്ന ആന വിവാദ കേന്ദ്രമാവുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു.' എന്നാണ് കവിത പ്രസിദ്ധീകരിക്കാനൊരുങ്ങുന്നതിനെക്കുറിച്ച് ഇന്നലെ റഷീദ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ആന വാരിക്കുഴിയില്‍ വീഴുന്നതിലൂടെയാണ് കവിത തുടങ്ങുന്നത്. ആകാശത്തിന്റെ ഏഴ് നിറങ്ങള്‍ കണ്ടു നടന്നതുകൊണ്ടാണ് പച്ചമണ്ണില്‍ ചവിട്ടി ആ വാരിക്കുഴിയില്‍ വീണത്. അവിടെ നിന്നും കൊട്ടിലിലെത്തിയ അനുഭവങ്ങള്‍ പറയുന്നു. അവിടെയും കാടെന്ന ഗൃഹാതുരത്വമുണ്ട്. പിന്നീട് വിപണനം ചെയ്യപ്പെടുന്ന കാലത്തിലേക്കാണ് പോകുന്നത്. പല തവണ പേര് മാറി ഒടുവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാകുന്നതും എഴുന്നള്ളത്തുകളും കണ്ണുകാണാതായതും ഏല്‍ക്കുന്ന ക്രൂര പീഡനങ്ങളുമെല്ലാം വരികളില്‍ നിറയുന്നു. കവിതയില്‍ വന്നുപോകുന്ന വ്രണങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍. മദമെന്ന തന്റെ ഉത്സവത്തെക്കുറിച്ച് അതിനൊടുവിലെ കൊലപാതകങ്ങളെക്കുറിച്ചും തന്നെ മാത്രം ആരും കേള്‍ക്കാത്തതിനെക്കുറിച്ചും പറയാനുള്ളതും പറയുന്നു. തന്റെ ഉടലിലേക്കൊന്ന് സൂക്ഷിച്ചു നോക്കിയാല്‍ താന്‍ മരിച്ച മരണങ്ങളും കൊത്തിയരിഞ്ഞ് കളഞ്ഞ കാമങ്ങളും കുത്തിപ്പഴുപ്പിക്കാനായി തുറന്നിട്ട സ്ഥിരമുറിവുകളും തോട്ടിപ്പഴുതുകളും ഇരുമ്പാണി വിടവുകളും വെടിയൊച്ചയും മേളവും ആളുമാരവവും കൊണ്ട് നിങ്ങള്‍ ഇല്ലാതാക്കിയ കേള്‍വികളും കാണാം എന്ന് പറയുന്ന ഈയിടത്ത് എച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മാത്രമല്ല കാട്ടില്‍ നിന്നും നാട്ടിലെത്തിക്കുന്ന എല്ലാ ആനകളുടെയും ജീവിതമുണ്ട്. തന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിക്കൊപ്പം തന്നെ ഉള്ളിലെ ഭയത്തെക്കുറിച്ചും ഭയമില്ലായ്മയെക്കുറിച്ചും വിവരിക്കുന്നു. ക്ഷേത്രങ്ങളിലെ ആവശ്യം കഴിഞ്ഞുള്ള കാലവുമുണ്ട് ഈ കവിതയില്‍. കൊട്ടിലിലോ കൂപ്പിലോ ജീവിച്ചു തീര്‍ക്കേണ്ട ജീവിതത്തെക്കുറിച്ച്. ഒടുവില്‍ ഒന്നും കഴിക്കാനാകാതെ തീരുമ്പോഴും തുടരുന്ന ആചാരവെടികള്‍ക്കിടയിലും ആരുമോര്‍ക്കാത്ത വര്‍ഷങ്ങളായി ഉള്ളില്‍ കാട് വളര്‍ത്തുന്ന ഒരാനയെ ഓര്‍മ്മിപ്പിച്ച് കവിത അവസാനിക്കുന്നു.

തൃശൂര്‍ പൂരം പുരോഗമിക്കുമ്പോള്‍ തെക്കേഗോപുര നടയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പോലുള്ള നൂറ് കണക്കിന് ആനകളാണ് നിരന്നു നില്‍ക്കുന്നത്. രാമചന്ദ്രനെ പോലെ തന്നെ ശരീരത്തിലും മനസിലുമേറ്റ വൃണങ്ങളോടെ. ഇതേസമയത്ത് തന്നെയാണ് റഷീദിന്റെ കവിതയും വായിക്കപ്പെടേണ്ടത്.read more:മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

Next Story

Related Stories