TopTop
Begin typing your search above and press return to search.

മുഖമില്ലാത്ത എന്റെ പുരുഷന്‍

മുഖമില്ലാത്ത എന്റെ പുരുഷന്‍
എന്റെ എന്ന വാക്കിനിവിടെ വലിയ പ്രസക്തിയൊന്നുമില്ല,
കാരണം അയാള്‍ എന്റെ മാത്രമൊന്നുമായിരിക്കണമെന്നില്ല..
കാലങ്ങളില്‍ മാറ്റമില്ലാത്ത ചില ബിംബങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടാകും,
അതിലൊരാളാകാം ചലനം മാത്രമുള്ള, മുഖമില്ലാത്ത എന്റെ പുരുഷനും

എങ്കിലും എന്റെ മനസ്സിലും ഒരു പുരുഷന്‍ ഇല്ലാതില്ല.
ഞാന്‍ ഇടത്തോട്ട് നടക്കുമ്പോള്‍ എന്നെ പിടിച്ച് വലത്തോട്ടെക്ക് നടത്തിക്കുന്ന അയാള്‍
അതെന്റെ ജാരനുമല്ല, സഹചാരിയുമല്ല.
അയാള്‍ക്കെന്തിനാ ഒരു മുഖം?
അല്ലെങ്കിലും വരച്ചു വെച്ച ഒരു മുഖം മൂടിക്ക് മേല്‍ രണ്ടു കണ്ണുകള്‍, ഒരു മൂക്ക്, അതിനു താഴെ പുരുഷനെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കുറച്ചു.. മീശ രോമങ്ങള്‍
അതിനു താഴെ വലിഞ്ഞു മുറുകിയ ഒരു കീറല്‍...
അതിലെപ്പോഴോ വന്നടിയുന്ന ചിരിയോട് സാദൃശ്യം തോന്നുന്ന ചരമഗന്ധമുള്ള ചിരി ഇത്രയൊക്കെയാണ് മുഖമില്ലാത്ത, അല്ലെങ്കില്‍ മുഖത്തിന് പകരം കണ്ണും, മൂക്കും, വായും വരച്ചു വെച്ച മുഖംമൂടിയണിഞ്ഞ എന്റെ പുരുഷന്.

പതിനേഴാം വയസ്സില്‍ ഒരു പഴയ ചുമരില്‍ തൂക്കിയ രവിവര്‍മ്മ ചിത്രം നോക്കി നില്‍ക്കുകയാണ് ഞാന്‍...എത്ര കണ്ടാലും മതിവരാത്ത ഒരു കുഞ്ഞിനെ പാലൂട്ടുന്ന ഒരമ്മയുടെ വാത്സല്യം ആ മുഖം വഴിഞ്ഞു പാലോടൊപ്പം ചുരന്നിറങ്ങുന്നതായി എനിക്ക് തോന്നി....
പെട്ടെന്നാണൊരു ശബ്ദം... ' മതി നോക്കി നിന്നത് വാ.'
പെട്ടെന്നാ ചിത്രത്തിലെ കുഞ്ഞൊന്നു ഞെട്ടിയ പോലെ തോന്നി, ഞാന്‍ നോക്കിനില്‍ക്കെ, കുഞ്ഞിന്റെ വായില്‍ നിന്നും മുലക്കണ്ണ് വേര്‍പ്പെട്ടു, അവന്റെ വായില്‍ നിന്നും, മുലക്കണ്ണില്‍ നിന്നും പാലൊഴുകി തൂവുന്നതു കണ്ടു തിരിഞ്ഞു, തിരിഞ്ഞു നോക്കി ഞാനെന്റെ പുരുഷന് പിന്നാലെ ഒതുക്കുക്കല്ലിറങ്ങി.....

അതായിരുന്നു ആദ്യത്തെ വിധേയത്വം..

എപ്പോഴായിരിക്കാം ഞാന്‍ കൈ കാലിളക്കി കളിക്കുകയും, കുടുകുടാ ചിരിക്കുകയും ചെയ്തിരിക്കുക..?
അത് നോക്കി അരികിലിരുന്ന് മനോഹരമായി ചിരിച്ച ആ പുരുഷനെ നോക്കി അമ്മയാദ്യം കൊഞ്ചലോടെ പറഞ്ഞു കാണണം... ' ഉണ്ണി നോക്ക്യേ...... അച്ഛനെ കണ്ടോ കുട്ടി...?
അവള്‍ വീണ്ടും കൈകാലിളക്കി ആര്‍ത്തു ചിരിച്ചിരിക്കാം.. അപ്പോളവളുടെ സ്വര്‍ണ്ണതളകള്‍ ഒച്ചവെച്ചിരിക്കാം...
പിന്നീടാ പുരുഷനവളുടെ കുഞ്ഞികരം ഗ്രഹിച്ച് പിച്ചവെപ്പിക്കുന്നു,.... പിച്ചാ...പിച്ചാ.. പിച്ച നട... കാലുകള്‍ക്ക് ബലവും ലക്ഷ്യവും കൈവരുമ്പോള്‍ ചിരിച്ചു കൊണ്ട് ഓടിയോടി തളര്‍ന്നവള്‍ ചെന്നു പതിച്ചതോ മറ്റൊരു പുരുഷന്റെ കൈത്തലത്തിലേക്കായിരുന്നു......
അപ്പോളവളുടെ കുഞ്ഞിത്തളകള്‍ക്ക് പകരം സ്വര്‍ണ്ണപാദസ്വരമായിരിക്കാം ഇടര്‍ച്ചയോടെ ഒച്ചവെച്ചത്......
ഇനിയാ ഗന്ധത്തിലാകും അവള്‍ ഉറങ്ങുന്നതും, ഉണരുന്നതും.....
പരിചിതമല്ലാത്ത ഒരു പുരുഷന്റെ ചേവുകമേറ്റെടുത്തുള്ള യാത്ര തുടരുന്നു...

ഇനിയവളുടെ ദിനചര്യകളുടെ മാറ്റങ്ങളുടെ കാലമാണ്...

പാലൊഴിച്ച ചായ കുടിക്കാത്ത അവള്‍.
പാലൊഴിച്ച ചായ കുടിക്കുന്നു,
കാലത്തെ പത്രം ഒഴിവാക്കുന്നു പിന്നീടത് വല്ലപ്പോഴുമാകുന്നു,
എന്റെ വേഷേവിധാനത്തിലോ, ദിനചര്യകളിലേക്കോ ചൂഴ്ന്നു നോക്കാത്ത ഒരാള്‍....
ഉറങ്ങാന്‍ കൊതിക്കുമ്പോള്‍ ചുറ്റി പടരുന്ന കൈകളെ അടഞ്ഞു പോയ അവളുടെ മിഴികള്‍ ശപിക്കുന്നുണ്ടായിരുന്നു..
ശാപമോചിതയാകുമ്പോള്‍ അഴഞ്ഞു പോയ കൈകളില്‍ നിന്നും നീശാരങ്ങള്‍ തപ്പിയെടുത്തു ഉറക്കം തൂങ്ങിക്കൊണ്ട് നാണം മറക്കുമ്പോള്‍
ഓരോ രാത്രികളും പൂര്‍ണ്ണവും, അപൂര്‍ണ്ണവുമായ രതിയുടെ തുടര്‍ ശേഷിപ്പാകുന്നു...
അടുക്കളയുടെ ആഴങ്ങളില്‍ തുഴഞ്ഞു തളര്‍ന്ന കൈകളില്‍ വാരിയെടുത്ത കുഞ്ഞിനെ പാല്‍ കൊടുത്തുറക്കി ദീര്‍ഘമായവന്റെ നെറ്റിയിലൊരുമ്മ നല്‍കുമ്പോഴാ പുരുഷ സ്വരം ഒച്ച വെക്കും, ലൈറ്റ് ഓഫ് ചെയ്യ് '
ഉറച്ചതും, ഉറക്കമുറപ്പിച്ചതുമായ ആ വാക്ക് കേട്ട്
പലപ്പോഴും ചുവരിലെ സ്റ്റാന്‍ഡിന്‍ മേലെ ആ പുസ്തകത്തിന്റെ പുറംചട്ടയിലാരോ വരച്ചു വെച്ച മുഖച്ചിത്രത്തിലെ മിഴികള്‍ പൊട്ടിയൊലിക്കുന്നതവള്‍ കണ്ടു...

എനിക്കെന്റെ പുരുഷനില്‍ നിന്നും,
അയാള്‍ ചേര്‍ത്തു പിടിച്ച പിടിവാശികളില്‍ നിന്നും മോചനം വേണമെന്ന് ഞാനെന്താവോ ശാഠ്യം പിടിക്കാഞ്ഞത്?
അല്ലെങ്കില്‍ ഇതൊക്കെ തന്നെയാവും എല്ലാ ജീവിതത്തിലും വേരോടി പടരുന്നത്
ഇതിനപ്പുറത്തേക്കൊരു രഥവും എന്നെ സ്വര്‍ഗ്ഗലോകത്തേക്കാനയിക്കാന്‍ കാത്തു നില്‍ക്കുന്നില്ലെന്ന ഉറപ്പുള്ളതിനാല്‍...
ചിരിയാണ് വലിയ തിരശ്ശീലയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു......
എന്റെ പുരുഷന്‍ ധ്വജസ്തംഭത്തിലെ കല്‍ത്തൂണായിരുന്നു.
ഞാന്‍ അതിലാലേഖനം ചെയ്ത താമരയിതളുകളും.സൂര്യരശ്മികളേല്ക്കുമ്പോള്‍ എനിക്ക് വിരിയാനും, കൊഴിയാനും ആശ തോന്നിയിരുന്നു.
എന്നാല്‍ എന്റെ തണ്ടുകള്‍ സ്തംഭത്തിന്റെ വിളുമ്പുകളിലേക്കാഴ്ന്നിറങ്ങി എന്നെ മുറുക്കി കൊണ്ടിരുന്നു....
മരണമല്ലാത്തൊരു മടങ്ങിപോക്കല്ലാതെ മറ്റൊരു വഴിയും എനിക്കില്ലെന്ന കണ്ടെത്തലിന്റെ
സ്വാസ്ഥ്യം ജീവിതത്തെ വലിച്ചു നീട്ടുന്നു...

എനിക്ക് സംസാരിക്കാന്‍ ഒരാളിനെ വേണമെന്നെങ്ങിനെ എന്റെ പുരുഷനോട് പറയും?
പറയാനായി കൂര്‍പ്പിച്ചു വെച്ച തീഷ്ണതയേറിയ വാക്കുകളുടെ മുനയൊടിഞ്ഞു പോയിരിക്കുന്നു.

എന്റെ വാക്കുകളൊക്കെ എന്റെ നാവിനടിയില്‍ മരിച്ചു കിടന്നു.,
അവയുടെ ഫോസിലുകള്‍ ചിരിയുടെ നിഴലായി ഇഴഞ്ഞു ചുണ്ടിലെത്തിയപ്പോഴാണ് ഞാന്‍
മരിച്ചു പോയ വര്‍ത്തമാനങ്ങളുടെ ഛായാപടങ്ങള്‍ ചുണ്ടില്‍ ചില്ലിട്ടു വെച്ചത്.

എന്നിട്ടും നിനക്കെങ്ങിനെ ഇങ്ങിനെ ചിരിക്കാനാവുന്നു സ്ത്രീയേ.......?
ചിരിക്കാനാവും കാരണം ഒരു ജീവിതം മുഴുവന്‍ എനിക്കല്ലാതെ പങ്കുവെച്ചു അനാരോഗ്യവുമായി
കുറേ ഗുളികളും, വേദനയും, ഒറ്റപ്പെടലും പങ്കിട്ടെടുക്കുമ്പോള്‍ തന്റെ വിഡ്ഡിത്തമോര്‍ത്തവള്‍ ചിരിക്കും.
അപ്പോളവള്‍ക്ക് ചിരിക്കാനേ കഴിയൂ........

മഹിത.
എന്റെ പുരുഷന്‍ എന്ന പുസ്തകത്തില്‍ നിന്നും
എഡിറ്റര്‍: ഹണി ഭാസ്‌കരന്‍
കൈരളി ബുക്‌സ്

‘ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും’, ഈ ഡയലോഗ് ഇന്ന് മലയാള സിനിമയില്‍ ചേരുക ഒറ്റ നടനേയുള്ളൂ- ജോജു ജോർജ്


Next Story

Related Stories