TopTop
Begin typing your search above and press return to search.

പൊള്ളുന്ന ജീവിതം പറയാന്‍ കഥാകാരി എന്നെ തെരഞ്ഞെടുത്തു; അഷിതയെ വീണ്ടും വായിപ്പിച്ച ജീവിതകഥ പിറന്നതിന്റെ പിന്നിലെ കഥ ഓര്‍ത്തെടുത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പൊള്ളുന്ന ജീവിതം പറയാന്‍ കഥാകാരി എന്നെ തെരഞ്ഞെടുത്തു; അഷിതയെ വീണ്ടും വായിപ്പിച്ച ജീവിതകഥ പിറന്നതിന്റെ പിന്നിലെ കഥ ഓര്‍ത്തെടുത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

'ആ കഥകളിൽ സ്ഫോടനാത്മകമായ അലങ്കാരങ്ങളൊന്നുമില്ലായിരുന്നു. ഇടിമുഴക്കങ്ങളില്ലായിരുന്നു. ജനാലയ്ക്കരികിലെ നിന്ന് ഒറ്റയ്ക്ക് വിദൂരതയിലേക്ക് ഉറ്റുനോക്കുന്നത് പോലെ ഒരു അനുഭവം. അഷിതയുടെ കഥകൾ അത്രയും ആർദ്രമായാണ് നമ്മിലൊലൊക്കെ പെയ്തു നിറയുന്നത്.' അത് ഞാനായിരുന്നു എന്ന് അഷിത തന്നെ ഉറപ്പിച്ച് പറയേണ്ടി വന്ന, മറ്റൊരു ‘അഷിത’യെ കണ്ടെത്തിയ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഴിമുഖവുമായി പങ്കുവെയ്ക്കുന്ന ഈ നിരീക്ഷണം അഷിതയുടെ കഥകൾ അനുഭവിച്ച ആരും അംഗീകരിക്കും. ഓരോ കഥയിലും സ്നേഹത്തിന്റെ അഭാവത്തിന്റെ വേദനകൾ ഒളിപ്പിച്ച് വെച്ച അഷിത ബഹളങ്ങളില്ലാതെ കടന്നു പോകുമ്പോൾ അവരുമായി നടത്തിയ ദീർഘസംഭാഷണങ്ങളും അനുഭവങ്ങളും ഓര്‍മ്മിച്ചെടുക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

അർഹിക്കുന്ന നിരൂപകശ്രദ്ധയോ സ്ഥാനമോ ലഭിക്കാതിരുന്ന അഷിത ഗൗരവമായി വായിക്കപ്പെട്ടത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ ദീർഘസംഭാഷണങ്ങൾ 'അത് ഞാനായിരുന്നു' എന്ന പേരിൽ പുറത്തിറങ്ങിയതിന് ശേഷമാണ്. അസ്വസ്ഥതപ്പെടുത്തുന്ന ജീവിതാനുഭങ്ങളായിരുന്നു സംഭാഷണങ്ങളിലാകെ. വക്കുകളിൽ ചോര പൊടിഞ്ഞത് പോലെ ഒരു വായനാനുഭവം. ഭയം കൊണ്ടോ സങ്കോചം കൊണ്ടോ ഇതുവരെ വെളിപ്പെടുത്താത്ത ബാല്യ കൗമാരനുഭവങ്ങളാണ് ശിഹാബുദ്ദീൻ എന്ന ആർദ്രതയുള്ള കേൾവിക്കാരന് മുൻപിൽ അഷിത ചുരുളഴിച്ചത്.

ഏതു നിമിഷവും അച്ഛനാലോ അമ്മയാലോ ഉപേക്ഷിക്കപ്പെടാവുന്ന അരക്ഷിതാവസ്ഥ നിറഞ്ഞ ബാല്യ കൗമാരനുഭവങ്ങളായിരുന്നു സംഭാഷണങ്ങളിൽ ഭൂരിഭാഗവും. പുസ്തകം പുറത്തിറങ്ങിയതിന് ശേഷം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു പെണ്ണെഴുത്തുകാരിയുടെ കഥകൾ എന്ന തലത്തിൽ അഷിതയുടെ കഥകൾ ചർച്ച ചെയ്യപ്പെട്ടുവെന്ന് ശിഹാബുദ്ദീൻ തന്നെ സൂചിപ്പിക്കുന്നു. എഴുത്തിൽ സജീവമായിരുന്ന കാലത്തൊന്നും അർഹിക്കപ്പെടുന്ന തരത്തിൽ അഷിതയുടെ കഥകൾ വായിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് ശിഹാബുദ്ദീന്റെ വ്യക്തിപരമായ അഭിപ്രായം. അവസാനമെങ്കിലും അഷിത താൻ നിമിത്തം വായിക്കപ്പെട്ടതിൽ അദ്ദേഹം തന്റെ ചാരിതാർഥ്യം വ്യക്തമാക്കുന്നുണ്ട്.

വ്യക്തിബന്ധത്തിനപ്പുറം അവരുടെ കഥകൾ വായിച്ച് രൂപപ്പെട്ട ഒരു ആത്മബന്ധമാണ് തന്നെ 'അഷിതേച്ചിയിലേക്ക്' അടുപ്പിച്ചതെന്നാണ് ശിഹാബുദ്ദീൻ പറയുന്നത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സുപ്രധാന തുറന്നു പറച്ചിലുകൾ ‘കഥയുടെ ജലാശയം' എന്ന പേരിൽ പുസ്തകമായതാണ് സ്വന്തം ജീവിതത്തെ കുറിച്ച് തുറന്നു പറയാൻ അഷിതയ്ക്ക് പ്രചോദനമായതെന്ന് ഈ കഥാകാരൻ പറയുന്നു.

“വളരെ സങ്കീർണ്ണമായ ജീവിതാനുഭവങ്ങൾ പറയാനുള്ള അഷിതേച്ചിയെ അത്രയും വൈകാരികമായി ആര് കേൾക്കുമെന്നും എഴുതുമെന്നുമുള്ള ഒരു പ്രശ്നമുണ്ടായിരുന്നു. തന്നെ കേൾക്കാൻ അഷിതേച്ചി എന്നെയാണ് തിരഞ്ഞെടുത്തത്. അതാണ് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം.” ശിഹാബുദ്ദീൻ പറയുന്നു. എന്നാൽ പല തിരക്കുകൾ കൊണ്ട് ഈ ജോലി ഏറ്റെടുക്കാനാവില്ലെന്ന ഒരു ഘട്ടം വന്നതായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അർബുദ രോഗത്തിന്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥയിൽ നിൽക്കുന്ന, അണ്ടർറേറ്റഡ് ആയ ഒരു എഴുത്തുകാരിയുടെ ജീവിതം പകർത്താനുള്ള ഈ അവസരം പാഴാക്കിയാൽ അത് വലിയ പാതകമാകുമെന്ന് തിരിച്ചറിയുമ്പോഴാണ് അദ്ദേഹം അത് ഏറ്റെടുക്കുന്നത്.

കീമോ തെറാപ്പികൾക്കിടയിലും രോഗം മൂർച്ഛിച്ച അസുഖകരമായ ആശുപത്രി ദിവസങ്ങൾക്കിടയിലും അഷിത സംസാരിച്ചു തുടങ്ങി. വീട്ടുകാർ ഏതു നിമിഷവും വഴിയരികിൽ ഉപേക്ഷിച്ചേക്കാം എന്ന് കരുതി അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ച് മാത്രം പുറത്തിറങ്ങിയിരുന്നു ബാല്യത്തെ കുറിച്ച്, സ്നേഹം കൊതിച്ചിട്ട് കിട്ടാതെ പോയ കൗമാരത്തെ കുറിച്ച്, ‘ഒത്തുതീർപ്പുകൾ’ നടത്തി ഒടുവിൽ സ്വയം ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയ യൗവനത്തെ കുറിച്ച്.. ഒടുവിൽ ‘അത് ഞാനായിരുന്നു’ എന്ന് ഒന്നുകൂടി അഷിതയ്ക്ക് ഉറപ്പിച്ച് പറയേണ്ടി വന്നു. എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോൻ ഇല്ലായിരുന്നെങ്കിൽ ഈ കൂടിക്കാഴ്ച തന്നെ സാധ്യമാകില്ലായിരുന്നു എന്നാണ് ശിഹാബുദ്ദീൻ പറയുന്നത്.

"ആഗ്രഹിച്ചിട്ടും സ്നേഹം കിട്ടാതെ പോയ ഒരു ബാല്യകാലം ഒരു കുഞ്ഞിന്റെ മനസിലുണ്ടാക്കുന്ന മുറിപ്പാടുകൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. സ്നേഹം നഷ്ടപ്പെട്ട ആ കുട്ടി തന്നെയാകും പിന്നീട് അവർ തന്റെ ജീവിതകാലം മുഴുവനും. അഷിതയുടെ കഥകളിൽ ചെറുപ്പം മുതലേ കിട്ടാതെ പോയ സ്നേഹത്തിന്റെ അഭാവമാണ് മുഴച്ചു നില്കുന്നത്. സ്നേഹത്തിനായുള്ള ഒത്തു തീർപ്പുകൾ നടത്തി തളർന്ന അവരുടെ 'ഒത്തുതീർപ്പുകൾ' ‘ശിവേന സഹ നർത്തനം’ മുതലായ കഥകൾ ഇത് തെളിയിക്കുന്നുണ്ട്.” സ്നേഹരാഹിത്യം അരക്ഷിതയായ ഒരു മനുഷ്യനെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ഉറച്ച ബോധ്യമുള്ള ശിഹാബുദ്ദീൻ സൂചിപ്പിക്കുന്നു. ഒരു വർഷത്തെ അധ്വാനത്തിലൊടുവിലാണ് മാതൃഭൂമി ബുക്ക്സ് 'അത് ഞാനായിരുന്നു' എന്ന് പുസ്തകം പുറത്തിറക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ ഷിഹാബുദ്ദീന് എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടല്ലേ? എന്നാണ് അഷിത ചോദിച്ചത്. ഒരുപാട് ആഴമുള്ള പുഞ്ചിരി മാത്രമായിരുന്നു ശിഹാബുദ്ദീന്റെ മറുപടി.


Next Story

Related Stories