UPDATES

വായന/സംസ്കാരം

അഷിതയെക്കുറിച്ചുള്ള സുഭാഷ് ചന്ദ്രന്റെ മാതൃഭൂമിയിലെ കുറിപ്പ് വിവാദത്തില്‍; നുണയെഴുതി ആഴ്ചപതിപ്പ് പങ്കിലമാക്കാതിരുന്നൂടെയെന്ന് പ്രമോദ് രാമന്‍

2017 ഡിസംബർ 24 ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അഷിതയുടെ ‘മരണാന്തരജീവിതങ്ങൾ’ എന്ന കഥ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണെന്നിരിക്കെ എന്തിനാണ് സുഭാഷ് ചന്ദ്രൻ മനഃപൂർവം അത് മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്തുന്നതെന്നാണ് ഇവരുടെയെല്ലാം വിമർശനം.

അന്തരിച്ച കഥാകാരി അഷിതയുമായി ബന്ധപ്പെട്ട് മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയുള്ള എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഴുതിയ കുറിപ്പ് വിവാദത്തിൽ. അഷിതയുടെ കഥ 10-15 വര്‍ഷമായി മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന മട്ടിൽ സുഭാഷ് ചന്ദ്രന്‍ എഴുതിയത് ആഴ്ചപതിപ്പില്‍ നേരത്തെ ഉണ്ടായിരുന്നവരെ ഇകഴ്ത്തിക്കാട്ടാൻ വേണ്ടി ചെയ്തതാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം ഉയര്‍ന്നത്. കഥാകാരൻ പ്രമോദ് രാമൻ, എഴുത്തുകാരായ ശാരദക്കുട്ടി, എൻ  ഇ സുധീര്‍ എന്നിവരാണ് സുഭാഷ് ചന്ദ്രൻ കള്ളം പറയുന്നുവെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയത്. 2017 ഡിസംബർ 24 ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അഷിതയുടെ ‘മരണാന്തരജീവിതങ്ങൾ’ എന്ന കഥ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണെന്നിരിക്കെ എന്തിനാണ് സുഭാഷ് ചന്ദ്രൻ മനഃപൂർവം അത് മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്തുന്നതെന്നാണ് ഇവരുടെയെല്ലാം വിമർശനം.

അഷിതയുടെ ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നതിനിടെയാണ് കഥാകാരിയുമായി നടത്തിയ സംഭാഷണം സുഭാഷ് ചന്ദ്രന്‍ തന്റെ കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ശിഹാബുദ്ദീൻ  പൊയ്ത്തുംകടവ് നടത്തിയ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് അനുമതി ചോദിക്കുന്നതിനിടെ അഷിതയുമായി സുഭാഷ് ചന്ദ്രൻ നടത്തിയതായി പറയുന്ന സംഭാഷണമാണ് വിവാദമായത്.

“ആഴ്ചപ്പതിപ്പിൽ ചേച്ചിയുടെ എന്തെങ്കിലുമൊന്നു വന്നിട്ട് എത്ര വർഷമായി? പത്തോ പതിനഞ്ചോ? ” ശബ്ദം വീണ്ടു കിട്ടിയപ്പോൾ ഞാൻ അഷിതയോട് ചോദിച്ചു

“ഓ ,അതില് കുറച്ചു പേർ സ്ഥിരം എഴുതുന്നുണ്ടല്ലോ. ഞാനങ്ങനെയൊരു നിലയ വിദ്വാനൊന്നും അല്ലല്ലോ !” അവർ ക്ഷീണത്തെ വാക്കിന്റെ ഈണത്തിൽ മറച്ച് വെച്ച് ചിരിച്ചു.”

‘അഷിതാനന്തരം അഷിത’ എന്ന കുറിപ്പിൽ സുഭാഷ് ചന്ദ്രൻ എഴുതുന്ന ഈ സംഭാഷണം അഷിതയുമായി നടന്നുകാണാൻ യാതൊരു സാധ്യതയുമില്ലെന്നാണ് സൈബർ ഇടത്തിൽ പലരും വിലയിരുത്തുന്നത്. 2017 ൽ തന്റെ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചുവെന്ന് നല്ല ഉറപ്പുള്ള അഷിതയെപ്പോലൊരു എഴുത്തുകാരി ഈ രീതിയിൽ പ്രതികരിക്കാനിടയില്ലെന്നാണ് അഷിതയെ നന്നായറിയുന്ന പലരും ഉറപ്പിച്ചുപറയുന്നത്. ബാല്യകാലാനുഭവങ്ങൾ ഉൾപ്പടെ പലതും രോഗദുരിതത്തിനിടയിലും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനോട് ഓർത്തുപറഞ്ഞ അഷിത തന്റെ കഥ മാതൃഭൂമി അടുത്തകാലത്ത് പ്രസിദ്ധീകരിച്ച കാര്യം മറക്കാൻ സാധ്യതയില്ലെന്നും മറന്നുവെന്ന് കരുതിയാൽ തന്നെ കഥ പ്രസിദ്ധീകരിച്ച വിവരം സുഭാഷ് ചന്ദ്രന് അറിയാതിരിക്കാൻ വഴിയില്ലല്ലോ എന്നും സൈബർ മീഡിയ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. 15 വർഷത്തെ കണക്കുകൾ എടുത്ത് പറയുക വഴി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ എഡിറ്ററെ തന്നെയാണ് സുഭാഷ് ചന്ദ്രൻ ലക്‌ഷ്യം വെച്ചതെന്ന് സുധീർ എൻ ഇയെ പോലുള്ള എഴുത്തുകാർ തറപ്പിച്ച് പറയുന്നുണ്ട്. മരിച്ച എഴുത്തുകാരിയുടെ നാവിൽ സുഭാഷ് ചന്ദ്രൻ പച്ചക്കള്ളം തിരുകുകയാണെന്നാണ് സുധീർ എൻ ഇ ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

സുധീർ എൻ ഇ യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മാതൃഭൂമി ആഴ്ചപ്പതിപ്പിനെപ്പറ്റി ഒന്നും എഴുതുന്നില്ല എന്നു തീരുമാനിച്ചതായിരുന്നു. പുതിയ ലക്കത്തിൽ ചീഫ് സബ് എഡിറ്ററായ സുബാഷ് ചന്ദ്രൻ എഴുതിയ ഒരു കുറിപ്പ് വായിച്ചപ്പോൾ ഇത്രയും പറയാതെ വയ്യ എന്നായി. നമ്മെ വിട്ടു പോയ അഷിതയെപ്പറ്റിയാണ് ആ കുറിപ്പ്. അവരെ ഓർമ്മിക്കുന്നു എന്ന നിലയിൽ എഴുതിയ രണ്ടു പേജ് കുറിപ്പിൽ അസത്യവും സ്വയം പുകഴ്ത്തലും പത്രധർമ്മ വിരുദ്ധ നിലപാടുകളും നിറഞ്ഞു നിൽക്കുന്നു.

കുറിപ്പിൽ നിന്നുള്ള ഭാഗം …

” ആഴ്ചപ്പതിപ്പിൽ ചേച്ചിയുടെ എന്തെങ്കിലുമൊന്നു വന്നിട്ട് എത്ര വർഷമായി ? പത്തോ പതിനഞ്ചോ ? ” ശബ്ദം വീണ്ടു കിട്ടിയപ്പോൾ ഞാൻ അഷിതയോട് ചോദിച്ചു എന്നാണ് സുബാഷ് ചന്ദ്രൻ എഴുതിയിരിക്കുന്നത്. ഇതൊരു അസത്യമായിരുന്നു. 2017 മാർച്ചിലാണ് അഷിതയുടെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവസാനമായി പ്രസിദ്ധപ്പെടുത്തിയത്. അത് ബോധപൂർവ്വം അദ്ദേഹം മറച്ചു പിടിക്കുന്നു. മുൻ പത്രാധിപരെ അധിക്ഷേപിക്കുക എന്നതാണ് അതിന്റെ പിറകിലെന്ന് വ്യക്തം. അതിനാലാണ് ആ നുണയിൽ പത്തോ പതിനഞ്ചോ വർഷം എന്ന് ചേർത്തത്. ആ നുണയെ അഷിത അംഗീകരിച്ചു എന്നാണ് അഷിതയുടെ മറുപടി എന്ന നിലയിൽ എഴുതിയ നുണയിലൂടെ ശ്രമിക്കുന്നത്. അഷിത പറഞ്ഞിരിക്കാനിടയില്ലാത്ത ആ വാചകം ഇങ്ങനെ പോകുന്നു. ” ഓ ,അതില് കുറച്ചു പേർ സ്ഥിരം എഴുതുന്നുണ്ടല്ലോ. ഞാനങ്ങനെയൊരു നിലയ വിദ്വാനൊന്നും അല്ലല്ലോ !” മരിച്ച ഒരു എഴുത്തുകാരിയുടെ നാക്കിൽ കെട്ടിവെച്ച ഈ വാചകം പച്ചക്കള്ളമാവാനെ തരമുള്ളൂ. കാരണം അതൊരു നുണയ്ക്കുള്ള ഉത്തരമായിരുന്നു.

എഡിറ്ററുടെ ആത്മാദരമാണ് അടുത്തത്…

” … അങ്ങനെ മരണശേഷം മാത്രം പുസ്തകമാക്കുവാൻ ചട്ടം കെട്ടി ഒരുങ്ങിയിരുന്ന ഒരു ദീർഘ സംഭാഷണം ഉച്ചയോടെ മാതൃഭൂമി ബുക്സിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് ഞാൻ ആഴ്ചപ്പതിപ്പിന്റെ മേശപ്പുറത്തുവച്ചു. പകരം , മൂന്ന് മാസം മുമ്പ് എഴുതിത്തീർത്ത് ആഴ്ച്ചപ്പതിപ്പിനു കൈമാറിയിരുന്ന എന്റെ പുതിയ നോവൽ അലമാരയിൽ നിന്ന് തപ്പിയെടുത്ത് മാതൃഭൂമി ബുക്സിനു കൊടുത്തു. ഒരു ബാർട്ടർ. ആഴ്ചപ്പതിപ്പിന്റെ ചുമതലയേറ്റ ഒരാൾ ഉടനെ സ്വന്തം നോവൽ അതിൽ തുടങ്ങുന്നത് വിവേകമല്ല , മനസ്സു പറഞ്ഞു. “

തന്റെ പുതിയ നോവലിനെപ്പറ്റി പറയാൻ തക്കം പാർത്തിരിക്കുന്ന പത്രാധിപർ അഷിതയുടെ ചിലവിൽ അതിനെ കെട്ടിയെഴുന്നള്ളിക്കുന്ന കാഴ്ച വായനക്കാരിൽ ഓക്കാനം വരുത്തിയിരിക്കും. മാതൃഭൂമി ബുക്സും മാതൃഭൂമി ആഴ്ചപ്പതിപ്പും തമ്മിലെന്തു ബാർട്ടർ സംവിധാനം! ചുമതലയേറ്റ ഉടനെ സ്വന്തം നോവൽ വരുന്നത് അവിവേകമാണ്, എന്നാൽ കുറച്ചു കഴിഞ്ഞ് വരും എന്നു ധ്വനി !

ഇതൊന്നും അരുതെന്ന് പറയാൻ അവിടെ ആരുമില്ലെന്നാണോ ?

മറ്റൊരിടത്ത് അഷിത ചോദിച്ചതായി എഴുതിയിരിക്കുന്നു

… ഇനി കച്ചോടം മുന്നോട്ടു കൊണ്ടുപോകാൻ നീ എന്തു ചെയ്യും ?”

അവരുടെ അഭിമുഖമാണ് ആഴ്ചപ്പതിപ്പിന്റെ കച്ചവടം നില നിർത്തിയത് എന്നല്ലേ ഇതിലെ ധ്വനി. അഷിതയെപ്പോലുള്ള ഒരെഴുത്തുകാരി ഇത് പറയും എന്ന് കരുതുക പ്രയാസം. അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം എഡിറ്റർ സമാനമായ അർത്ഥത്തിൽ അവരോട് മുൻപ് സംസാരിച്ചിട്ടുണ്ട്.

അഷിതയുടെ അഭിമുഖ സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട് എന്ന് പത്രാധിപർ അഭിമാനത്തോടെ ഈ കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്. ഒരഭിമുഖ സംഭാഷണം എഡിറ്റ് ചെയ്യാമോ എന്ന വലിയ ചോദ്യവും ഇവിടെ ഉയർന്നു വരുന്നു. അഭിമുഖ സംഭാഷണം എഡിറ്റ് ചെയ്യാൻ ആർക്കും അവകാശമില്ല. കാരണം അതൊരാളുടെ സത്യവാങ്ങ്മൂലമാണ്.

“അയ്യോ, എഡിറ്റ് ചെയ്യരുത് എന്നു മാത്രം ഒരു എഡിറ്ററോട് പറയരുതേ! ” എന്ന് സുഭാഷ് ചന്ദ്രൻ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

ഈ എഡിറ്ററെ എഡിറ്റ് ചെയ്യാൻ വക തിരിവുള്ള, വിവേകമുള്ള ആരെയെങ്കിലും ആഴ്ചപ്പതിപ്പിൽ നിയമിക്കണം എന്നു മാത്രമാണ് അവസാനമായി പറയാനുള്ളത്.

അല്ലെങ്കിൽ നമുക്ക് നഷ്ടപ്പെടുക മാതൃഭൂമി എന്ന നല്ല ആഴ്ചപ്പതിപ്പും സുബാഷ് ചന്ദ്രൻ എന്ന നല്ല കഥാകൃത്തിനെയുമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  കഥ പ്രസിദ്ധീകരിക്കാത്തതിൽ ഓ.വി.വിജയന്  അന്നത്തെ എഡിറ്ററായിരുന്ന എം.ടി.വാസുദേവൻ നായരോട് തോന്നിയ നീരസത്തിന്റെ ഒരു പഴയ കഥ പറഞ്ഞുകൊണ്ടാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി സുഭാഷ് ചന്ദ്രനെ വിമർശിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പരമാധികാരം ഏതെങ്കിലും ഒരു എഡിറ്റർക്കല്ല എന്ന് വിശദമാക്കി കൊടുത്ത ബി. ആർ. പി ഭാസ്കറിന്റെ വിവേകത്തെ സൂചിപ്പിച്ചുകൊണ്ടാണ് മുൻ എഡിറ്ററെ പ്രതിസ്ഥാനത്ത് നിർത്താനുള്ള സുബാഷ് ചന്ദ്രന്റെ എഴുത്തിനെ ശാരദക്കുട്ടി വിമർശിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :

“മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു കഥ തിരിച്ചയച്ചതിനെ തുടർന്നാണ് എഴുത്ത് നിർത്തിയതെന്നും തന്റെ കഥ വെളിച്ചം കാണാത്തതിന്റെ കാരണക്കാരൻ അന്നത്തെ പുതിയ എഡിറ്ററായ M. T. വാസുദേവൻ നായരായിരുന്നുവെന്നും ഓ.വി. വിജയൻ ഉറച്ചങ്ങു വിശ്വസിച്ചിരുന്നു. മാതൃഭൂമിയെപ്പോലൊരു സ്ഥാപനത്തിൽ വിജയൻ കരുതുന്നതു പോലെ അമിതാധികാരമൊന്നും ഒരെഡിറ്റർക്കു മാത്രമായി ഉപയോഗിക്കാനാവില്ലെന്ന് താൻ വിജയനെ മനസ്സിലാക്കാൻ ശ്രമിച്ചതായി ബി.ആർ.പി ഭാസ്കർ പറയുന്നുണ്ട്.( ഇൻഡ്യാ ടുഡേ ഏപ്രിൽ 13, 2005) .ഏതാനും ആഴ്ചകൾക്കു ശേഷം നോവലിന്റെ ഒരു ഭാഗം ചെറുകഥാ രൂപത്തിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

അന്തരിച്ച കഥാകാരി അഷിതയുടെ ഒരു കഥ, ‘മരണാനന്തര ജീവിതങ്ങൾ’പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആണ്. 2017 ഡിസംബർ24ന്റെ ലക്കത്തിൽ. അവസാന കഥ മാധ്യമത്തിലെ 2019ലെ ഓണപ്പതിപ്പിലും.

പുതിയ ലക്കം ആഴ്ചപ്പതിപ്പിൽ എഡിറ്റർ അഷിതയോടു ചോദിക്കുന്നതായി അദ്ദേഹം തന്നെ പറയുന്നതിങ്ങനെ.”ആഴ്ചപ്പതിപ്പിൽ ചേച്ചിയുടെ എന്തെങ്കിലും ഒന്ന് വന്നിട്ട് എത്ര വർഷമായി? പത്തോ പതിനഞ്ചോ?”

( ..”പത്തോ, പതിനഞ്ചോ ” ചോദ്യത്തിന്റെ മുന വെച്ച ഭാഗം പ്രത്യേകം ശ്രദ്ധിക്കുക.)

അഷിതയുടെ മറുപടിയെന്ന് എഡിറ്റർ കൊടുക്കുന്നതിങ്ങനെ

“ഓ, അതില് കുറച്ചുപേർ സ്ഥിരം എഴുതുന്നുണ്ടല്ലോ. ഞാനങ്ങനെയൊരു നിലയവിദ്വാൻ ഒന്നുമല്ലല്ലോ”.

തന്റെ മികച്ച ഒരു കഥ 2017 ഡിസംബർ 24 ന് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവെന്ന് കൃത്യമായി അറിയുന്ന എഴുത്തുകാരി പുതുതായി ചാർജെടുത്ത എഡിറ്ററോട് ഇത്തരത്തിലൊരു പരിഭവം പറയുമോ? പൊതുവേ പരിഭവക്കാരിയല്ലാത്ത അഷിത പറഞ്ഞുവെന്നു തന്നെ വിശ്വസിക്കാം. അങ്ങനെ പറഞ്ഞാൽ തന്നെ ഒരേ പത്രസ്ഥാപനത്തിലെ മുൻപിരുന്ന എഡിറ്ററെ തെറ്റിദ്ധരിക്കാവുന്ന തരത്തിൽ പുതിയ എഡിറ്റർ അതിനെ ഇങ്ങനെ പൊലിപ്പിച്ചെടുക്കുന്നത് ശരിയാണോ?

പ്രത്യേകിച്ച് , പത്രസ്ഥാപനത്തിലെ എഡിറ്ററുടെ അധികാരങ്ങളെക്കുറിച്ച് എഡിറ്റർക്കറിയുന്നതു പോലെ തന്നെ പൊതു ജനങ്ങൾക്കും കാര്യങ്ങളറിയാമെന്നിരിക്കെ … എന്റെ എഴുത്ത് ഇടുന്നില്ല എന്ന തരം പരിഭവങ്ങളല്ല ഒരെഡിറ്ററെ വിലയിരുത്താൻ ഉപയോഗിക്കേണ്ടത്. അതു വെറുപ്പു കൊണ്ടാണെന്ന മുൻ വിധിയും ശരിയല്ല. എഡിറ്റർമാരുടെ കാഴ്ചപ്പാടുകളിലെ വ്യത്യസ്തത സ്വാധീനമാകാമെന്നത് അംഗീകരിക്കണം. എങ്കിൽ തന്നെ എഡിറ്റർമാർ സർവ്വാധികാരികളല്ല എന്നതും

ബി.ആർ.പി.ഭാസ്കർ, ഓ.വി. വിജയന്റെ തെറ്റുധാരണ, സ്നേഹം കലർന്ന അധികാരത്തോടെ മാറ്റുകയും കഥ പ്രസിദ്ധീകരിക്കാത്തതിന്റെ ഉത്തരവാദിത്തം എഡിറ്ററിൽ മാത്രം ചാരി വെക്കുന്നത് ശരിയല്ലെന്ന് സ്നേഹത്തോടെ തിരുത്തുകയും ചെയ്തതാണ് ഈയവസരത്തിൽ ഓർമ്മ വരുന്നത്.

ലങ്കാലക്ഷ്മി നാടകത്തിൽ രാവണൻ ഇന്ദ്രജിത്തിനോടു പറയുന്ന ഒരു വാചകമുണ്ട്, ”മുടിയിൽ നര ചൂടണമെങ്കിൽ കാലമേറെ കഴിയുക തന്നെ വേണം”. മുടി നരക്കുന്നതിന് വിവേകമെന്നൊരർഥം സി.എൻ. ശ്രീകണ്ഠൻ നായരാണ് എനിക്ക് മനസ്സിലാക്കിത്തന്നത്. ബി.ആർ.പി.ക്ക് കാലം ചെല്ലുന്നതിനു മുന്നേ തല നരച്ചിരുന്നിരിക്കാം.”

‘സ്വന്തം ഭൂതകാലത്തെ ഉയർത്തിപിടിച്ചില്ലെങ്കിലും അതിനെ നുണയെഴുതി പങ്കിലമാക്കാതിരിക്കുക എന്ന സാമാന്യധർമമെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്വന്തം പത്രാധിപരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലേ?’ എന്നാണ് ഈ വിഷയത്തെ അധികരിച്ചെഴുതിയ ഒരു ഫേസ്ബുക് കുറിപ്പിൽ മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ വിമര്‍ശിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

അന്തരിച്ച കഥാകാരി അഷിതയുടെ ഏറ്റവും ഒടുവിലത്തെ കഥ ‘മരണാനന്തര ജീവിതങ്ങൾ’പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആണ്. 2017 ഡിസംബർ24ന്റെ ലക്കത്തിൽ.

(Edit- ഇത് അവസാന കഥയല്ല, മാധ്യമത്തിൽ വന്ന ‘രഹസ്യങ്ങളുടെ താക്കോൽ’ ആണ് അവസാന കഥയെന്നും ചില സുഹൃത്തുക്കൾ അറിയിച്ചു. നന്ദി)

എന്നിട്ട് ആഴ്ചപ്പതിപ്പിന്റെ ഇപ്പോഴത്തെ എഡിറ്റർ (അഷിതമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാൻ അനുവാദം ചോദിക്കവേ) ഇങ്ങനെ ചോദിച്ചതായി അദ്ദേഹം തന്നെ ഏറ്റവും പുതിയ പുതിയ ലക്കത്തിൽ പറയുന്നു :

“ആഴ്ചപ്പതിപ്പിൽ ചേച്ചിയുടെ എന്തെങ്കിലും ഒന്ന് വന്നിട്ട് എത്ര വർഷമായി? പത്തോ പതിനഞ്ചോ?”

അഷിതയുടെ മറുപടി ഇങ്ങനെ ആയിരുന്നത്രേ.

“ഓ, അതില് കുറച്ചുപേർ സ്ഥിരം എഴുതുന്നുണ്ടല്ലോ. ഞാനങ്ങനെയൊരു നിലയവിദ്വാൻ ഒന്നുമല്ലല്ലോ”.

തന്റെ അവസാനത്തെ കഥ രണ്ട് വർഷം മുൻപ് പ്രസിദ്ധീകരിച്ചത് മറന്ന് അഷിത ഇങ്ങനെ മറുപടി പറഞ്ഞുവെന്ന് വിശ്വസിക്കാൻ ഞാൻ തയാറല്ല. രോഗശയ്യയിൽ ആയിട്ടും ഒരു ജീവിതം മുഴുവൻ അവർ ഓർത്തുപറഞ്ഞിട്ടുണ്ടെങ്കിൽ.

അതിനാൽ ആ ഉത്തരവും പത്രാധിപരുടെ സൃഷ്ടി ആകാനാണ് സാധ്യത.

ഒരു വായനക്കാരൻ എന്ന നിലയ്ക്ക്, അങ്ങനെ മാത്രം, എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളൂ. സ്വന്തം ഭൂതകാലത്തെ ഉയർത്തിപ്പിടിച്ചില്ലെങ്കിലും അതിനെ നുണയെഴുതി പങ്കിലമാക്കാതിരിക്കുക എന്ന സാമാന്യധർമമെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്വന്തം പത്രാധിപരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലേ?

വിമർശനങ്ങളെ കുറിച്ചറിയാൻ സുഭാഷ് ചന്ദ്രനെ ടെലിഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍