TopTop

ഉന്മാദങ്ങളുടെ ലബോറട്ടറിയില്‍ ഏകാകിനിയുടെ രാസവിദ്യ

ഉന്മാദങ്ങളുടെ ലബോറട്ടറിയില്‍ ഏകാകിനിയുടെ രാസവിദ്യ
ആണ്‍കോയ്മ ഒരു പ്രത്യയശാസ്ത്രമാണ്. ആ ഏകാധിപത്യത്തിന്റെയും മൂര്‍ത്തരൂപമായിരുന്നു ഹിറ്റ്ലര്‍. ആരോഗ്യദൃഢഗാത്രരായ ആണ്‍കുട്ടികളെ സൈന്യത്തിനായി ഉല്പാദിപ്പിച്ചു വളര്‍ത്തുന്ന പേറ്റെന്ത്രങ്ങളായാണ് ഹിറ്റ്ലര്‍ സ്ത്രീകളെ കണ്ടിരുന്നത്. പുരുഷന്‍ ഭരിക്കുന്ന മണ്ണില്‍ ചിരിക്കാന്‍, നൃത്തം ചെയ്യാന്‍, അലറിക്കൂവാന്‍, ദിവാസ്വപ്നം കാണാന്‍, എഴുതാന്‍, പാടാന്‍, മരം കേറാന്‍, മതിലു ചാടാന്‍ തന്റേതായ ഇടമില്ലാത്ത പെണ്ണായുസ്സുകളെ നിരീക്ഷിക്കുന്നുണ്ട് വെര്‍ജീനിയ വൂള്‍ഫ്. ഏകാന്തതയ്ക്കും സൗഹൃദത്തിനുമിടയിലെ അതിര്‍ത്തി മുറിച്ചു കടക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്ന് ഫ്രാന്‍സ് കാഫ്ക അയാളുടെ ഡയറിയിലെഴുതി. ഡയറി എന്ന ചങ്ങാതിക്കു മുന്നില്‍ ഓരോരുത്തരും അനാവൃതരാകുന്നു. എന്നാല്‍ ആത്മകഥകളാകട്ടെ പലപ്പോഴും മെറ്റാലിക് നിറങ്ങളാല്‍ തിളങ്ങുന്ന നുണകളായി പ്രത്യക്ഷപ്പെടുന്നു. ഹിറ്റ്ലറുടെ ആത്മകഥയായ 'മെയ്ന്‍ കാംഫ്' ആണധികാര പ്രമത്തതയുടെ മനോനില തെറ്റിയ മാനിഫെസ്റ്റോയാണ്. എന്നാല്‍ ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാകട്ടെ, കാഫ്കയ്ക്കും ഹിറ്റ്ലറിനും കടന്നു പോകാന്‍ കഴിയാത്ത പീഡാകരമായ ജീവിതത്തിന്റെ രക്തക്കുറിപ്പുകളായി വായിക്കാം; അഥവാ ഹിറ്റ്ലറുടെ 'പോരാട്ടക്കഥ'കളെ റദ്ദാക്കി മറ്റൊരു പോരാട്ടത്തിന്റെ സാക്ഷ്യം പറയുന്നു. 'മെയ്ന്‍ കാംഫി'ലില്ലാത്തത് ആന്‍ഫ്രാങ്കിന്റെ ഡയറിയിലുണ്ട്. ഓരോ കുടുംബത്തിലെയും 'ആണ്‍ഹിറ്റ്ലറോട്' ആ കുടുംബത്തിലെ 'പെണ്‍ഫ്രാങ്ക്' സംസാരിക്കുന്നുണ്ട്. ഒരിക്കലും കണ്ടെത്താനാവാത്ത കുതറലുകളുടെ, നിഷേധത്തിന്റെ ആത്മഗതങ്ങളാണവ. വിളറിയ താളുകള്‍ പോലെ നിര്‍ജ്ജീവമായ കണ്ണുകളുള്ള പെണ്ണുങ്ങള്‍. പുരുഷനിര്‍മ്മിത ലോകത്തിലെ ആണ്‍ഭാവുകത്വത്തിന് ബദലായിട്ടാണ് ഓരോ പെണ്ണും തങ്ങളുടെ അനുഭവം വെളിപ്പെടുത്തുന്നത്.

പുറം ലോകം നിര്‍മിച്ച പരിചാരികയുടെ അരികുജീവിതവും സാമ്പ്രദായിക സദാചാരവും ഇരട്ടവരയിലെ നിര തെറ്റാത്ത പകര്‍ത്തിയെഴുത്ത് ജീവിതവും സൃഷ്ടിച്ച പ്രതിസന്ധിയും സ്വത്വ നഷ്ടവും അടിമബോധവും അതിന്‍ ഫലമായുളവാകുന്ന അന്തര്‍മുഖത്വവും കൂടുതല്‍ കൂടുതല്‍ തറവാടിയാകാനുള്ള നിരന്തരമായ കര്‍ശന നിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള കുതറലും സ്വാതന്ത്ര്യ വാഞ്ഛയും രൂപപ്പെടുത്തിയ അന്യവും വിചിത്രവുമായ ലോകത്തോട് തന്റെയുള്ളിലെ അപരവ്യക്തിത്വം നടത്തുന്ന ആത്മഭാഷണങ്ങളാണ് വിദ്യ പൂവഞ്ചേരിയുടെ കവിതകള്‍.

പ്രണയത്തിന്റെ റിപ്പബ്ലിക്കില്‍ നിന്നും നാടുകടത്തപ്പെട്ട അവള്‍ ഒരു ഡയറിത്താളിലെന്ന പോലെ അന്തര്‍ഗതങ്ങള്‍ പകര്‍ത്തി വയ്ക്കുന്നു. സ്നേഹ നിരാസത്തിന്റെ ഇര സ്നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ബന്ധുര കാഞ്ചനക്കൂട്ടില്‍ നിന്നും മുഴങ്ങുന്ന, താക്കോലിനെക്കുറിച്ചുള്ള ഈരടികള്‍. ഭാവനയില്‍ പുതുലോകം സൃഷ്ടിച്ച ഒരു പെണ്‍കുട്ടിയുടെ നിറങ്ങള്‍ പടര്‍ന്ന പ്രതലത്തിലാണവ വികസിക്കുന്നത്.|

പുരുഷലോകത്തിന്റെ അതിര്‍ത്തികളെ ഭേദിക്കുന്ന ചിന്തകളാണ് വിദ്യ പൂവഞ്ചേരി ആവിഷ്‌കരിക്കുന്നത്. വിദ്യയുടെ കവിതകളിലെ ആഖ്യാതാവ് കവിയിലെ അപരവ്യക്തിത്വമാണെന്നും സ്വയം പറച്ചിലുകളാണ് കവിതയെന്നും നിരീക്ഷിക്കാം. ''സ്വാതന്ത്ര്യത്തിലേക്ക് ഒളിക്കാതെ'' എന്ന രചന ആ അപരസ്ത്രീയിലെ ''മറു-താ''യുടെ (അമ്മ റോളില്‍ കുരുങ്ങിയ ടിപ്പിക്കല്‍ 'തായ'യുടെ മറുവശത്ത് നില്‍ക്കുന്ന സ്വതന്ത്രയായ തായ) വിമോചന സ്വപ്നങ്ങളാണെന്ന് വായിക്കാം. സ്ത്രീ കഴിഞ്ഞുകൂടുന്ന ലോകം പുരുഷ നിര്‍മിതമായ 'നുണ'യാണെന്ന തിരിച്ചറിവിലാണത് സാംഗത്യമാകുന്നത്. ഈ നുണയെ മറ്റൊരു സൂത്രവിദ്യ കൊണ്ടാണ് വിദ്യ നേരിടുന്നത്. ഒട്ടുമിക്ക കവിതകളുടെയും ആഖ്യാതാവായ ''ഉത്തമ പുരുഷന്‍'' ''സ്ത്രീ''യായിരിക്കെ 'നുണ'യുടെ ഘടന റിപ്പോര്‍ട്ടിന്റെ ശൈലിയിലാണ് വികസിക്കുന്നത്. പെണ്‍ജീവിതത്തെ അസഹ്യമാക്കുന്ന ആണ്‍വിചാര ലോകത്തെ ചോദ്യം ചെയ്യുന്ന കള്ളന്റെ മൊഴികളാണ് വിദ്യ പകര്‍ത്തുന്നത്.

''ജനിമൃതികള്‍ക്കിടയില്‍
കുരുങ്ങിക്കിടക്കുന്ന
ചുരുളുകളെല്ലാം
ഞങ്ങള്‍ക്കുമുമ്പില്‍
വെളിപ്പെടുത്തി.
എന്തുകൊണ്ട് നുണയെക്കുറിച്ച് പറയുന്നില്ല?''

എന്നാണ് കള്ളന്‍ ചോദിച്ചു തുടങ്ങുന്നത്. അധീശനിലയെ നിലനിര്‍ത്താന്‍ കല, രാഷ്ട്രീയം, തത്ത്വചിന്ത തുടങ്ങിയ സകല സാംസ്‌കാരിക മേഖലകളിലും നിലനില്‍ക്കുന്ന സ്ത്രൈണ സങ്കല്പം വളഞ്ഞു പിടിക്കലിന്റേതാണെന്നും സ്ത്രീ-പുരുഷന്മാക്കിടയിലെ അസമത്വം സ്വാഭാവികമായ പ്രകൃതി നിയമമാണെന്നും ധരിപ്പിക്കുന്നതിനെ തിരിച്ചറിയുന്നുണ്ട് 'നുണ'യിലെ കള്ളന്‍. ലേകം പുരുഷന്മാരുടേതാണെന്ന ബോധം നിലനില്‍ക്കുന്നുണ്ടെന്ന് സിമോന്‍ ദ ബുവ്വ ചൂണ്ടിക്കാണിക്കുന്നു. കള്ളന്‍ ശുദ്ധ സമൂഹത്തില്‍ അന്തസില്ലാത്തവനോ വിലയില്ലാത്തവനോ ഭാഷയില്ലാത്തവനോ ചോദ്യം ചോദിക്കാന്‍ അധികാരമില്ലാത്തവനോ ആണ്. മാത്രമല്ല, അയാള്‍ ചോദ്യം ചെയ്യപ്പെടാനും ഭേദ്യം ചെയ്യപ്പെടാനും തക്ക കുറ്റവാളിയും. തനിക്കുകൂടി അനുഭവിക്കേണ്ടുന്ന ലോകത്തെ അനധികൃതമായി കൈയ്യടക്കി വച്ച ശുദ്ധപുരുഷന്മാരുടെ മടിശ്ശീലയില്‍ നിന്ന് തന്റേതായതെല്ലാം അവകാശത്തോടെ എടുക്കുന്ന കള്ളന്റെ ചിന്തകള്‍ ആവിഷ്‌ക്കരിക്കുക എന്ന നാട്യത്തില്‍, ആഖ്യാതാവായ സ്ത്രീ കള്ളന്റെ രൂപത്തില്‍ വേഷപ്രച്ഛന്നയായെത്തുന്ന കുസൃതി ഒളിപ്പിച്ചിട്ടുണ്ടീ രചനയില്‍. ദാര്‍ശനിക പ്രശ്നങ്ങളുടെ കുരുങ്ങിത്തെറ്റിയ ചുരുളുകള്‍ നിസ്സാരമായി ഇഴപിരിച്ചു പരിഹരിച്ച നിങ്ങള്‍ പുരുഷമേധാവിത്വത്തിന്റെ കള്ള പ്രത്യയ ശാസ്ത്രം നിര്‍മിച്ച് രാഷ്ട്രം, സ്നേഹം, പ്രണയം, യാത്ര, രതി, ആത്മീയത, തൊഴില്‍, പ്രത്യുല്പാദനം എന്നിങ്ങനെ സമസ്ത മേഖലയില്‍ നിന്നും പെണ്മയെ അകറ്റപ്പെടുത്തിയ വ്യാജ ആശയത്തെക്കുറിച്ച്
മൗനമായിരിക്കുന്നതെന്തെന്ന് കര്‍ശനമായി ചോദിക്കുന്നു.

''നുണയെന്നത്
എന്റെയും നിങ്ങളുടെയും
സങ്കല്പങ്ങളുടെ
വിസ്തൃതിക്കപ്പുറത്തേക്ക് വളരുന്ന
അതിര്‍ത്തികളില്ലാത്ത
രാജ്യമാകുന്നു'' എന്നോര്‍മിപ്പിച്ചിട്ട്

''പതുക്കെപ്പതുക്കെ
അതുമാത്രം ശ്വസിച്ചു വളരുകയും
നിങ്ങളതിന്റെ
അദൃശ്യമായ കരങ്ങളാല്‍
കൊല്ലപ്പെടുകയും ചെയ്യുന്നു''

എന്ന് താക്കീത് നല്‍കുന്നു. പുരുഷലോകത്തിലെ വലിയ പ്രയത്നപഥങ്ങളില്‍ നിന്നും സ്ത്രീയെ അരികിലേക്കു തള്ളിമാറ്റിയ 'നുണ'കള്‍ അവന്റെ തന്നെ നാശത്തിന് കാരണമായ വിഷലിപ്തമായ അധീശബോധമാണെന്ന് വിധേയസമൂഹത്തിന്റെ പ്രതിനിധിയായ കവി, പുരുഷശബ്ദത്തില്‍ സംസാരിക്കുന്നതാണീ കവിതയുടെ രചനാതന്ത്രം.

ബലിദാനിയാകുന്ന ആത്മാവിനെയും രക്തസാക്ഷിയാകുന്ന ശരീരത്തെയും മോചിപ്പിക്കാന്‍ ഏകാകിനിയായവളുടെ സതിയോളം പോന്ന ചോരക്കുറിപ്പുകള്‍.

കവിത സമാഹാരം - അമ്മിണി
രചയിതാവ് - വിദ്യ പൂവഞ്ചേരി
പ്രസാധകര്‍ - ധ്വനി ബുക്ക്‌സ്
വില - 120

കലാപ വായനയില്‍ പൗരത്വം നഷ്ടമായ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥിയാ വേണ്ടി വരുന്നവരുടെ ചോര ചാറിയ കണ്ണീര്‍ മൊഴികളുണ്ട്


Next Story

Related Stories