വിദേശം

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം തീവ്രം, ഫോട്ടോജേണലിസ്റ്റുകൾ അക്രമത്തിനിരയാകുന്നു

Print Friendly, PDF & Email

മതേതര ബ്ലോഗർമാർക്കൊപ്പം ബംഗ്ലാദേശ് സർക്കാരിന്റെ വിമർശകരെല്ലാം തന്നെ വിവിധ തരത്തിൽ അക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പേടി കാരണം വാർത്തകളുടെ ഉള്ളടക്കത്തിലും മറ്റും സ്വയം നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാനുള്ള പ്രവണത രാജ്യത്തെ പത്രപ്രവർത്തകർക്കിടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്.

A A A

Print Friendly, PDF & Email

മരണം വിതക്കുന്ന റോഡുകൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം തീവ്രമാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും അതിന്റെ അനുകൂലികളുടെയും പ്രതികാരത്തിന് ഇരയാകുന്നത് ഫോട്ടോജേണലിസ്റ്റുകളാണ്. ഓഗസ്ത് 5ാം തിയതി രാത്രി 10.30ന് രാജ്യത്തെ പ്രമുഖ ഫോട്ടോജേണലിസ്റ്റുകളിൽ ഒരാളായ ഷാഹിദുൽ അലാമിനെ ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിൽ നിന്നെന്ന് അവകാശപ്പെട്ടെത്തിയ യൂണിഫോം ധരിക്കാത്ത 35 പേർ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ. നിർത്തിയിട്ട കാറിലേക്ക് അലാമിനെ തള്ളിക്കയറ്റുമ്പോൾ അദ്ദേഹം നിലവിളിക്കുകയായിരുന്നുവെന്നും അലാമിനെ കൊണ്ടുപോയവർ അവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോയതായും അപ്പാർട്ട്മെന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും വെളിപ്പെടുത്തി. അൽജസീറയിൽ അലാമിന്റെ അഭിമുഖം വന്നതിന് ശേഷമാണ് സംഭവം നടന്നത്. സമരത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു.

അലാമിനെ തങ്ങൾ ചോദ്യം ചെയ്യലിനായി കൊണ്ടുപോയതാണെന്ന് ധാക്ക മെട്രോപൊളിറ്റൻ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് പിന്നീട് ധാക്ക ട്രൈബ്യൂൺ എന്ന പത്രത്തെ അറിയിച്ചു. ധാക്ക ആസ്ഥാനമായി 1989ൽ സ്ഥാപിച്ച ഫോട്ടോ ഏജൻസിയായ ഡ്രിക്ക് പിക്ചർ ലൈബ്രറിയുടെ സ്ഥാപകരിൽ ഒരാളാണ് അലാം. സമരത്തിന്റെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്ന ഏഴിലേറെ ഫോട്ടോജേർണലിസ്റ്റുകൾ ബംഗ്ലാദേശ് ഛാത്രാ ലീഗ് പ്രവർത്തകരുടെ അക്രമണത്തിന് ഇരയായതായാണ് ആരോപണം. ഭരിക്കുന്ന ബംഗ്ലാദേശ് അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി ഘടകമാണ് ബംഗ്ലാദേശ് ഛാത്രാ ലീഗ്.

ബംഗ്ലാദേശിലെ റോഡുകളുടെ അവസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർഥികൾ തെരുവുകളിൽ സമരം ചെയ്യുകയാണ്. ജൂലൈ 29ന് ഒരു ബസ് നിയന്ത്രണം വിട്ട് രണ്ട് വിദ്യാർഥികൾ മരിക്കുകയും മറ്റ് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു സമരം തുടങ്ങിയത്. ബംഗ്ലാദേശ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തിൽ മാത്രമായി റോഡപകടത്തിൽ 7,400 പേർ മരിക്കുകയും 16,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാനായി പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചതിനെത്തുടർന്ന് സമരം കൂടുതൽ അക്രമാസക്തമായി മാറിയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാർ അനുകൂലികൾ സമരക്കാരെ ലോഹക്കഷ്ണങ്ങളും മരച്ചില്ലകളും ഉപയോഗിച്ച് അക്രമിച്ചതിന്റെ ഫലമായി 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2018ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സിൽ 146ാം സ്ഥാനത്തുള്ള രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവും ഒടുവിലത്തെ സൂചനയായാണ് ഫോട്ടോജേണലിസ്റ്റുകൾക്കെതിരെയുള്ള അക്രമത്തെ കാണാൻ കഴിയുക. മതേതരരായ ബ്ലോഗർമാർക്കൊപ്പം ബംഗ്ലാദേശ് സർക്കാരിന്റെ വിമർശകരെല്ലാം തന്നെ വിവിധ തരത്തിൽ അക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പേടി കാരണം വാർത്തകളുടെ ഉള്ളടക്കത്തിലും മറ്റും സ്വയം നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാനുള്ള പ്രവണത രാജ്യത്തെ പത്രപ്രവർത്തകർക്കിടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്.

വായനയ്ക്ക്: https://goo.gl/sdhXCJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍