UPDATES

വായിച്ചോ‌

ഗോവയില്‍ കുരിശുകള്‍ തകര്‍ക്കുന്നു; ബിജെപി ഭരണത്തില്‍ വര്‍ഗീയ ധ്രുവീകരണവും വിദ്വേഷ പ്രസംഗങ്ങളും സജീവം

ഗോവയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി എഫ് പി) മുന്‍ നേതാവ് പ്രഭാകര്‍ ടിംബ്ലെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം ഗോവയില്‍ കത്തോലിക്ക പള്ളികള്‍ സ്ഥാപിച്ച കുരിശുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ബിജെപി ഭരണത്തില്‍ ഗോവയില്‍ വര്‍ഗീയ ധൃവീകരണവും ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള വിദ്വേഷ പ്രചാരണവും ശക്തിപ്പെട്ടിരിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 40ലധികം കുരിശുകള്‍ തകര്‍ക്കപ്പെട്ടതായി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ സാവിയോ ഫെര്‍ണാണ്ടസ് പറയുന്നു. പലയിടങ്ങളിലും കല്ലറകള്‍ക്ക് കേടുപാടുണ്ടാക്കിയിട്ടുണ്ട്. ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തിലുള്ള പ്രചാരണവും നടന്നു. ഫ്രാന്‍സിസ് പെരേര എന്നയാളെയാണ് കുരിശ് തകര്‍ക്കലുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗോവയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) മുന്‍ നേതാവ് പ്രഭാകര്‍ ടിംബ്ലെ അഭിപ്രായപ്പെട്ടു. ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള പിന്തുണ ജിഎഫ്പി നല്‍കിയതില്‍ പ്രതിഷേധിച്ച പ്രങാകര്‍ ടിംബ്ലെ പാര്‍ട്ടി വിട്ടിരുന്നു.

ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു തീവ്രവാദി സംഘടന സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ള ഹിന്ദു ജനജാഗൃതി സമിതി ജൂണില്‍ ഓള്‍ ഇന്ത്യ ഹിന്ദു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ വര്‍ഗീയവിഷം ഇളക്കിവിടുന്ന പ്രസംഗങ്ങളാണുണ്ടായിരുന്നത്. ബീഫ് തിന്നുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് സാധ്വി സരസ്വതി ആവശ്യപ്പെട്ടത്. ഇത്തരം വര്‍ഗീയ പ്രസംഗങ്ങള്‍ക്കെതിരെ മനോഹര്‍ പരീഖറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. സര്‍ക്കാരിന്റേയോ പൊലീസിന്റേയോ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കാത്തലിക് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ജൊവിറ്റോ ലോപ്പസ് പറഞ്ഞു.

സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരാണെന്നും ഗോവക്കാരല്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇവരുടെ ആശ്രമത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എഴുത്തുകാരും യുക്തിവാദികളും പൊതു പ്രവര്‍ത്തകരുമായ നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എംഎം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ ആരോപണ വിധേയരായി നില്‍ക്കുന്നത് സനാതന്‍ സന്‍സ്ഥയാണ്. 2009ല്‍ ഗോവയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും ഇവരായിരുന്നു പ്രതികളെങ്കിലും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു.

വായനയ്ക്ക്: https://goo.gl/V9Z93B

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍