TopTop
Begin typing your search above and press return to search.

'അടുത്ത ബോംബ് എന്റെ തലയില്‍ തന്നെ വീഴണമേയെന്ന് പ്രാര്‍ഥിച്ചു പോയി'; ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന കത്തോലിക്ക പുരോഹിതന്റെ വെളിപ്പെടുത്തലുകള്‍

ഫിലിപ്പീന്‍സിന്റെ തെക്കന്‍ നഗരമായ മറാവി 2017ല്‍ അഞ്ച് മാസക്കാലത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായിരുന്നു. പ്രദേശം പിടിച്ചടക്കിയ ഭീകരവാദികള്‍ ഒരുപാടുപേരെ തടവിലാക്കി. അതിലൊരാളായിരുന്നു കത്തോലിക്കാ പുരോഹിതനായ ഫാദര്‍ ചിറ്റോ. അദ്ദേഹത്തെ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഭീകരര്‍ നിര്‍ബന്ധിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു കാലം വരുമെന്ന് തന്നെയാണ് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നത്.

നിരന്തരം വെടിവയ്പ്പും ചോരയും മരണങ്ങളും കണ്ടുകൊണ്ട് രണ്ടു മാസക്കാലം ഫാ. ചിറ്റോ തീവ്രവാദികളുടെ കൂടെ ചെലവഴിച്ചു. ജിഹാദികളുമായി മരണത്തെ മുന്നില്‍ കണ്ട് കഴിയേണ്ടിവന്നപ്പോഴും അവരുമായി എന്തോ ഒരു 'മാനുഷിക ബന്ധം' സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വളരെ കുറച്ചുപേര്‍ മാത്രമുള്ള ഒരു ചെറിയ സമൂഹമായിരുന്നു അവര്‍. ഒരുമിച്ചു ആഹാരം കഴിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഭാഗം. അവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഫിലിപ്പീന്‍സ് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹവും ദുഖിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള മറാവിയിലേക്ക് 23 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫാദര്‍ ചിറ്റോ സുവിശേഷകനായി എത്തുന്നത്. പ്രധാനമായും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ ഊഷ്മളമായൊരു ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം.

2016-ന്റെ തുടക്കത്തില്‍, മൗട്ട് ഗോത്രത്തില്‍പെട്ട രണ്ടു ചെറുപ്പക്കാര്‍ മിഡില്‍ ഈസ്റ്റില്‍ പോയി പഠിച്ച് മറാവിയുടെ തെക്ക് ഭാഗത്തുള്ള അവരുടെ ജന്മനാടായ ബുട്ടിഗിലേക്ക് തിരിച്ചെത്തി. ഭീകരവാദത്തില്‍ ആകൃഷ്ടരായിരുന്ന അവര്‍ നാട്ടുകാരില്‍ നിന്നും 200 ഓളം അനുയായികളെ സംഘടിപ്പിച്ചു. സംഘം ശക്തമായതോടെ സൈന്യത്തെ അക്രമിക്കുവാനും തുടങ്ങി. 2017 ആയതോടെ അത് മറാവിയുടെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഭീകരര്‍കൂടെ അപ്പോഴേക്കും അവരുടെകൂടെ കൂടിയിരുന്നു. മെയ് അവസാനത്തോടെ മറ്റൊരു ഐഎസ് സഖ്യകക്ഷിയായ അബു സയ്യാഫും അവിടെ സാന്നിധ്യമറിയിച്ചു. അതോടെ മറാവി ഏതാണ്ട് ഭീകരവാദികളുടെ പിടിയിലായി.

പെട്ടന്നൊരു ദിവസം ഫാ. ചിറ്റോ താമസിക്കുന്ന ഏരിയയിലും ബോംബ് സ്‌ഫോടനം ഉണ്ടായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം എത്രയും പെട്ടന്ന് മറാവിയില്‍നിന്നും ഒഴിഞ്ഞുപോകാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. എന്നാല്‍ 'എല്ലാ സുരക്ഷയും ദൈവത്തിന്റെ കരങ്ങളില്‍ അര്‍പ്പിച്ച്' അവിടെത്തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അന്നു വൈകുന്നേരം 5.30-ഓടെ നഗരം നിശബ്ദമായി. തെരുവുകള്‍ ശൂന്യമായി. ജനാലകളെല്ലാം അടയ്ക്കപ്പെട്ടു. ലൈറ്റുകള്‍ അണഞ്ഞു. ഭീകരവാദികള്‍ ആശുപത്രിക്ക് മുകളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കരിങ്കൊടി ഉയര്‍ത്തി. പോലീസ് സ്റ്റേഷന്‍ കത്തിച്ചു.

തുടര്‍ന്ന് ജിഹാദികള്‍ കത്തീഡ്രലിന്റെ ഗേറ്റിലെത്തി. ചിറ്റോയും മറ്റ് അഞ്ചു സഹപ്രവര്‍ത്തകരും അവരുടെ അടുത്തേക്ക് നടന്നു. രണ്ടു ഭീകരര്‍ അവര്‍ക്കു നേരെ തോക്കു ചൂണ്ടി. അവരുടെ പിന്നില്‍ നൂറിലധികം സായുധ പോരാളികളും അണിനിരന്നിരുന്നു. എല്ലാവരെയും ഭീകരര്‍ ഒരു വാനിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി. 'അന്നുമുഴുവന്‍ അവര്‍ ഞങ്ങളെ ഉപദേശിക്കുകയായിരുന്നു'- ഫാദര്‍ ഓര്‍ത്തെടുത്തു. 'മറാവിയെ ശുദ്ധീകരിക്കാനാണ് ഞങ്ങള്‍ വന്നത്. ഇവിടെ മയക്കുമരുന്നുണ്ട് അഴിമതിയുണ്ട് വീഞ്ഞും സംഗീതവുമുണ്ട്. എല്ലാം അവസാനിപ്പിച്ച് നഗരത്തെ ഞങ്ങള്‍ ഇസ്ലാമിക രാഷ്ട്രമാക്കും' ഭീകരര്‍ അവരോടു പറഞ്ഞു.

തീവ്രവാദികളുടെ കമാന്‍ഡ് സെന്ററായ ബാറ്റോ പള്ളിയുടെ ബേസ്‌മെന്റിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. സഹകരിക്കുന്നില്ലെങ്കില്‍ 'അച്ചടക്കനടപടി' നേരിടേണ്ടിവരുമെന്ന് ഭീകരര്‍ അവരോട് പറഞ്ഞിരുന്നു. കൊടിയ പീഡനമേല്‍ക്കേണ്ടി വരുമെന്ന് ഫാദറിന് ഉറപ്പാണ്. അതുകൊണ്ട് അദ്ദേഹം ഭീകരര്‍ പറയുന്നതെല്ലാം അനുസരിച്ചു. പാചകം ചെയ്തു, നിലം തുടച്ചു വൃത്തിയാക്കി, മനസ്സ് എതിര്‍ത്തിട്ടും ബോംബ് നിര്‍മ്മാണത്തില്‍വരെ പങ്കാളിയായി.

അപ്പോഴും യുഎസ് - ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ സംഘങ്ങളുടെ സഹായത്തോടെ ഫിലിപ്പൈന്‍ സൈന്യം നിരന്തരമായ വ്യോമാക്രമണം നടത്തുന്നുണ്ടായിരുന്നു. വ്യോമാക്രമണം ബാറ്റോ പള്ളിക്ക് അടുത്തടുത്ത് വരുന്നത് ചിറ്റോ ശ്രദ്ധിച്ചു. 'അടുത്ത ബോംബ് എന്റെ തലയില്‍തന്നെ വീഴണമേയെന്ന് ഒരുവേള ഞാന്‍ പ്രാര്‍ഥിച്ചു പോയി'- ഫാ. ചിറ്റോ പറയുന്നു. 'എന്നാല്‍ പെട്ടന്നു മനസ്സു മാറും. ഇല്ല കര്‍ത്താവേ, എന്നെ കൊല്ലരുത്. എനിക്ക് കൊല്ലപ്പെടാന്‍ ആഗ്രഹമില്ല' അദ്ദേഹം വീണ്ടും പ്രാര്‍ത്ഥിക്കും.

സെപ്റ്റംബര്‍ 16-ന് ഫിലിപ്പൈന്‍ സൈന്യം പള്ളിയോട് ഏറെ അടുത്തെത്തിയിരുന്നു. ഫാദര്‍ അവര്‍ കൈമാറുന്ന സന്ദേശങ്ങള്‍ സാകൂതം കേട്ടു. ഇരുട്ട് വീണുകഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ വിധി മരണമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല, പള്ളിയുടെ പിറകു വശത്തുകൂടെ അവര്‍ ഇറങ്ങിയോടി. കുറച്ച് മുന്‍പിലെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ തോക്കുകളുയര്‍ത്തി അവരെ സ്വാഗതം ചെയ്തു.
ഒരു മാസത്തിനുശേഷം ഫിലിപ്പൈന്‍ പ്രതിരോധ സെക്രട്ടറി രാജ്യത്തെ ഐസിസ് പിടിയില്‍നിന്നും പൂര്‍ണ്ണമായി മോചിപ്പിച്ചതായി അറിയിച്ചു.

മൗട്ട് സഹോദരങ്ങളടക്കമുള്ള സകല ഭീകരരും കൊല്ലപ്പെട്ടു. വെറും അഞ്ചു മാസംകൊണ്ട് ആയിരത്തോളം ജീവനുകളാണ് പൊലിഞ്ഞത്. ഏതാണ്ട് രണ്ടുവര്‍ഷമായി, നഗരത്തിനിപ്പോഴും പുതുജീവന്‍ കൈവന്നിട്ടില്ല. ഒരു ലക്ഷം പേര്‍ പലായനം ചെയ്തിരുന്നു. അവരാരും തിരിച്ചു വന്നിട്ടില്ല. എല്ലാം ശൂന്യമാണ്. മരവിപ്പാണ്. 'എല്ലാം ശരിയാകും. കാലം എല്ലാ മുറിവുകളും ഉണക്കും. നമ്മളിനിയും സൗഹാര്‍ദ്ദത്തോടെ ജീവിക്കും'- ചിറ്റോ ശുഭാപ്തിവിശ്വാസം ഒരിക്കല്‍കൂടെ മുറുകെ പിടിക്കുകയാണ്.

വിശദമായ വായനയ്ക്ക് - https://www.bbc.com/news/stories-49584150

..

Read: പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്


Next Story

Related Stories