Top

'മാധ്യമപ്രവർത്തകരായി ചമഞ്ഞ ഷൂ നക്കികളെ കുറെയെണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്': താൻ ഇന്ത്യയിൽ പ്രശസ്തി നേടിയതിനെക്കുറിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകൻ

ജൂലൈ ഒന്നാംതിയ്യതി എന്നെ ടാഗ് ചെയ്ത് ഒരു അപരിചിതയായ ഇന്ത്യാക്കാരിയുടെ ട്വീറ്റ് വരികയുണ്ടായി. രശ്മി ദാസ്ഗുപ്ത എന്നായിരുന്നു അവരുടെ പേര്. 'ഇത് നിങ്ങളെഴുതിയതാണോ' എന്ന ചോദ്യത്തോടെ ഒരു ലേഖനം ഷെയർ ചെയ്തിരിക്കുകയാണവർ. വാഷിംഗ്ടണ്‍ മന്ത്ലിയില്‍ മാര്‍ട്ടിന്‍ ലോംഗ്മാന്‍ എഴുതുന്നു.

2017ൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി അധികാരമേറ്റ സന്ദർഭത്തിൽ ഞാനെഴുതിയ ലേഖനമാണത്. രണ്ടര വര്‍ഷം മുമ്പത്തേത്. ആ ലേഖനത്തിൽ ചേർത്തിരുന്ന ചിത്രം നല്ലതായിരുന്നില്ല. പുതുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. രശ്മിയോട് ഞാനക്കാര്യം പറഞ്ഞുവെങ്കിലും ഉടനെ അപ്ഡേറ്റ് ചെയ്യാൻ ഞാൻ മെനക്കെട്ടില്ല.അതിനു ശേഷം കുറച്ചുസമയം പിന്നിട്ടപ്പോൾ ധാരാളമാളുകൾ‌ പ്രസ്തുത ലേഖനം ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മിക്കവരും ഇന്ത്യൻ പേരുകളുള്ളവർ. 'ഫാഷിസത്തിന്റെ ആദ്യ ലക്ഷണങ്ങൾ' എന്ന സെർച്ചിൽ ഗൂഗിൾ റാങ്കിങ്ങിൽ ആദ്യം വരുന്ന ലിങ്കുകളിലൊന്ന് എന്റെ ലേഖനമായി മാറിയത് ഞാൻ കണ്ടു. 'വാഷിങ്ടൺ മന്ത്‌ലി'യുടെ ഓർഗാനിക് സെർച്ചുകളിൽ വൻ ട്രാഫിക് നേടിയ ലിങ്കായി ഈ ലേഖനത്തിന്റേത് മാറിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ആരോ ഈ ലേഖനത്തിന്റെ രണ്ടാംവായനയ്ക്ക് കാരണമായ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുള്ളതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ എന്താണ് കാര്യമെന്ന് എനിക്കപ്പോഴും പിടികിട്ടിയിരുന്നില്ല.

എങ്ങനെയെല്ലാമാണ് 'ഫാഷിസത്തിന്റെ 12 ആദ്യലക്ഷണങ്ങൾ' എന്ന ലേഖനമെഴുതിയതെന്ന് എനിക്കിപ്പോൾ കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. ഞാനൂഹിക്കുന്നത്, സാറ റോസ് എന്നൊരു സ്ത്രീ 2017 ജനുവരി മാസത്തിൽ ചെയ്ത ട്വീറ്റാണ്. യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിൽ കണ്ടത് എന്ന വിവരണത്തോടെ ഒരു പോസ്റ്റർ ആ ട്വീറ്റിലുണ്ടായിരുന്നു. നിങ്ങൾക്ക് കാണാൻ കഴിയുന്നതു പോലെ ഏതാണ്ട് രണ്ടര ലക്ഷം പേർ സാറയുടെ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. പോസ്റ്ററിലെ പട്ടിക എന്നെ ഏറെ ആകർഷിച്ചു. ഈ പട്ടികയെ അടിസ്ഥാനമാക്കി ട്രംപിന്റെ പ്രചാരണത്തിനും ട്രംപ് ഭരണകൂടത്തിനുമുള്ള സാമ്യങ്ങളെ വിലയിരുത്താമെന്ന് ഞാനാലോചിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതിൽക്കൂടുതലൊന്നും ഞാനോര്‍ത്തിട്ടില്ല. പക്ഷെ, ആ സമയത്ത് എനിക്കറിയാതിരുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു.ഒന്നാമത്തേത്, സാറ റോസിന്റെ ട്വീറ്റ് യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിൽ കണ്ടതാണ് പ്രസ്തുത പട്ടിക എന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഞാൻ കരുതിയത് മ്യൂസിയത്തിനകത്ത് പ്രദർശിപ്പിച്ച ഒന്നാണ് അതെന്നാണ്. ക്യൂറേറ്റർമാരുടെ അനുവാദത്തോടെ സാറ അത് പകർത്തിയിരിക്കാമെന്നും കരുതി. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള വായനക്കാരുടെ തള്ളിക്കേറ്റത്തിന്റെ സമയത്ത് സാറ തന്നെ എന്നോട് വെളിപ്പെടുത്തിയത് മ്യൂസിയത്തിനടുത്തുള്ള ഗിഫ്റ്റ് ഷോപ്പിൽ നിന്നാണത് പകർത്തിയതെന്നാണ്. യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിലേക്ക് പോയാൽ ഈ പോസ്റ്റർ കാണാമെന്ന് ഞാനെഴുതിയത് പാടെ തെറ്റല്ല. എങ്കിലും ജനങ്ങളെ മറ്റൊരു വിധത്തിൽ തെറ്റുധരിപ്പിക്കുകയാണ് ഞാൻ ചെയ്തത്. ഗിഫ്റ്റ് ഷോപ്പിൽ ഇപ്പോൾ ആ പോസ്റ്റൽ വിൽപ്പനക്കില്ലെന്ന് മ്യൂസിയംകാർ പിന്നീട് പറയുകയുമുണ്ടായി.

എനിക്കറിയാതിരുന്ന മറ്റൊരു വസ്തുത, ഈ പട്ടിക ആദ്യം സൃഷ്ടിച്ചത് ലോറൻസ് ബ്രിട്ട് എന്നയാളാണെന്നും അത് പതിന്നാലു കൊല്ലം മുമ്പ് 'ഫ്രീ ഇൻക്വയറി' മാസികയിൽ പ്രസിദ്ധീകരിച്ചതുമാണ് എന്നതാണ്. ഇക്കാര്യം എനിക്കറിയാമായിരുന്നെങ്കിൽ ലേഖനത്തിൽ ഞാൻ അദ്ദേഹത്തിന് ക്രെഡിറ്റ് നൽകുമായിരുന്നു. അദ്ദേഹമുണ്ടാക്കിയ ഒരു പട്ടിക വേണ്ട ആട്രിബ്യൂഷനില്ലാതെ ഞാൻ പ്രസിദ്ധീകരിക്കില്ലായിരുന്നു.

ഈ പട്ടിക എനിക്കേറെ ഇഷ്ടപ്പെട്ടു. ഞാനതെക്കുറിച്ച് എഴുതി. കൂടുതലൊന്നും അന്ന് ഞാനാലോചിച്ചില്ല. ഇന്ത്യയിൽ നിന്നും എന്റെ ലേഖനത്തിലേക്ക് ഈ തള്ളിക്കയറ്റം ഉണ്ടാകുന്നതു വരെ.

വാഷിങ്ടൺ മന്ത്‌ലിയിലെ എന്റെ സഹപ്രവർത്തകരാണ് എന്നോട് ലേഖനം വായിക്കാൻ ആളുകളുടെ തള്ളിക്കയറ്റമുണ്ടാകുന്ന വിവരം അറിയിച്ചത്. ഇന്ത്യയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെഹുവ മോയിത്ര എന്ന പാർലമെന്റേറിയൻ തന്റെ ആദ്യ പ്രസംഗത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ പ്രവണതകളെക്കുറിച്ച് സംസാരിച്ചിരുന്നെന്നും അതാണ് എന്റെ ലേഖനം വായിക്കാൻ ആളെക്കൂട്ടിയതെന്നും സഹപ്രവർത്തകർ തന്നെയാണ് എന്നെ അറിയിച്ചത്. മോയിത്ര എന്റെ ലേഖനം കോപ്പിയടിച്ചു എന്ന് ആരോപണമുയരുന്നുണ്ടായിരുന്നു.

മോയിത്രയുടെ പ്രസംഗം എന്റെ കൈയിൽ കിട്ടിയപ്പോൾ ഞാനത് വേഗം വായിച്ചു മനസ്സിലാക്കി. അവരുടെ പ്രസംഗത്തിൽ എന്റെ ലേഖനത്തിൽ നിന്നുള്ള ഒരു വാചകം പോലുമുണ്ടായിരുന്നില്ല. എന്റെ കൈയിലിരിക്കുന്നത് ശരിയായ വിവര്‍ത്തനം തന്നെയെന്ന് ഉറപ്പ് വരുത്തുന്നതിനായി ഞാൻ അവരുടെ പ്രസംഗത്തിന്റെ വീഡിയോ കേട്ടു. അവർ ഇംഗ്ലീഷിൽ തന്നെയാണ് പ്രസംഗിക്കുന്നതെന്നു കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് കാര്യം എളുപ്പമായി. എന്റെ ലേഖനത്തിൽ നിന്ന് ഒരു വാക്കു പോലും അവർ എടുത്തിട്ടില്ലെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ ലേഖനം അവർ വായിച്ചിട്ടുണ്ടെന്നു പോലും ഉറപ്പാക്കാൻ കഴിഞ്ഞില്ല അവരുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ.


എന്റെ കൈയിലിരുന്ന പ്രസംഗത്തിന്റെ കോപ്പി ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചു. അതിൽ ഇപ്രകാരം ക്രെഡിറ്റ് നൽകിയിരിക്കുന്നത് കണ്ടു: '2017ൽ യുഎസ്സിലെ ഹോളോകോസ്റ്റ് മെമോറിയൽ മ്യൂസിയത്തിന്റെ പ്രധാന കവാടത്തിൽ ഇങ്ങനെയൊരു പോസ്റ്റർ പതിച്ചിരുന്നു. ഫാഷിസത്തിന്റെ ആദ്യ സൂചനകൾ വിവരിക്കുന്നതായിരുന്നു പോസ്റ്റർ.'

എനിക്ക് പറ്റിയ അതേ അബദ്ധം അവർക്കും സംഭവിച്ചുവെന്ന് മനസ്സിലായി. എങ്കിലും, തികച്ചും നിഷ്കളങ്കമായ ഒരബദ്ധമാണത്. എന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ഞങ്ങൾ രണ്ടുപേരും പ്രസ്തുത പട്ടികയുടെ ശരിയായ കർത്താവായ ലോറൻസ് ബ്രിട്ടിന് ക്രെഡിറ്റ് നൽകുകയുണ്ടായില്ല. എന്തായാലും ഒരു കാര്യം എത്രയും വ്യക്തമാണ്. മോയിത്ര എന്റെ ലേഖനം കോപ്പിയടിച്ചിട്ടില്ല.

എന്റെ അടുത്ത നോട്ടം, എങ്ങനെയാണ് മെഹുവ മോയിത്ര കോപ്പിയടിച്ചെന്ന വിവാദമുണ്ടായതെന്നായിരുന്നു. ആരാണ് ആ ആരോപണം ആദ്യമുന്നയിച്ചത്? ഞാൻ തപ്പി നോക്കിയപ്പോൾ ഒരു ഡോക്ടർ ചൗതായ്‌വാലയുടെ ട്വീറ്റ് കണ്ടു. ആഘോഷിക്കപ്പെടുന്ന മോയിത്രയുടെ പ്രസംഗം യുഎസ് മാധ്യമപ്രവർത്തകൻ ട്രംപിനെക്കുറിച്ച് എഴുതിയതാണെന്നും ഇതൊരു കോപ്പിയടിയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. ട്വീറ്റിന് ഞാൻ ഇങ്ങനെ മറുപടി നൽകി: "നിങ്ങൾ സ്വയം ഒരു ശാസ്ത്രജ്ഞനാണെന്ന് പറയുന്നത് ശരി. പക്ഷെ, മെഹുവ മോയിത്ര കോപ്പിയടിച്ചെന്ന നിങ്ങളുടെ കണ്ടുപിടിത്തത്തോട് ആ ലേഖനത്തിന്റെ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് യോജിക്കാനാകുന്നില്ല. അവർ എന്റെ ലേഖനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടിരിക്കാം. ഒരുപക്ഷെ, അവർക്കും എന്റേതിനു സമാനമായ ആശയം തോന്നിയിരിക്കാം. എങ്ങനെയായാലും അവർ എന്റെ കൃതി കോപ്പിയടിച്ചിട്ടില്ല."പിന്നീടാണ് മോയിത്ര കോപ്പിയടിച്ചെന്ന് ആദ്യം ആരോപണമുന്നയിച്ചയാളെ ഞാൻ കണ്ടെത്തിയത്. സുധീർ ചൗധരി (https://twitter.com/sudhirchaudhary) എന്നയാളാണ് ഇത്തരമൊരാരോപണം ആദ്യമുന്നയിച്ചത്. സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആണിദ്ദേഹം. ഇന്ത്യയുടെ ഫോക്സ് ന്യൂസ് എന്നു വിളിക്കാം സീ ന്യൂസിനെ. മോദി അനുകൂല കേബിൾ ചാനൽ. യുഎസ്സിലെ മാധ്യമപ്രവർത്തകരായ സീൻ ഹാനിറ്റി, ടക്കർ കാൾസൺ എന്നിവരോട് താരതമ്യം ചെയ്യാവുന്നതാണ് ഇദ്ദേഹത്തെ. ഞാൻ ഇത്തരം ഷൂ നക്കികളെ മാധ്യമപ്രവർത്തകരുടെ മുഖംമൂടിയണിഞ്ഞ നിലയിൽ ഏറെ കണ്ടിട്ടുണ്ട്. ചില തെമ്മാടികൾ എന്റെ അന്തസ്സിനെ ഇന്ത്യയിൽ ഇടിച്ചുതാഴ്ത്തുന്നതായി എനിക്ക് ബോധ്യപ്പെട്ടു. ചില ട്രോൾ സേനകൾ തങ്ങളുടെ തെറ്റായ ആരോപണങ്ങള്‍ തുടർന്നു കൊണ്ടിരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഉടനെ ഞാന്‍ ചൗധരിക്ക് മറുപടി കൊടുത്തു. ആ മറുപടി ആഗോളാടിസ്ഥാനത്തിൽ ഇങ്ങനെ വൈറലാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി മിതമായ ഭാഷയേ ഞാൻ ഉപയോഗിക്കുമായിരുന്നുള്ളു. എന്റെ മറുപടി ട്വീറ്റ് ഇങ്ങനെയായിരുന്നു: "എന്നെ ഒരു രാഷ്ട്രീയക്കാരി കോപ്പിയടിച്ചെന്ന തെറ്റായ ആരോപണമുയർന്നതിനു പിന്നാലെ ഞാൻ ഇന്ത്യയിൽ ഇന്റർനെറ്റിൽ പ്രശസ്തി നേടിയിരിക്കുന്നു. നല്ല തമാശയാണ്. ലോകത്തെവിടെയും വലതുപക്ഷ വിഡ്ഢികൾ ഇങ്ങനെയാണ് പെരുമാറുക."


Next Story

Related Stories