TopTop
Begin typing your search above and press return to search.

തലശേരി സര്‍ക്കാര്‍ ആശുപത്രിയെ നോക്കൂ; യോഗിയ്‌ക്കൊരു അടിയായി ഇന്ത്യ ടുഡേയുടെ കേരള, യുപി താരതമ്യം

തലശേരി സര്‍ക്കാര്‍ ആശുപത്രിയെ നോക്കൂ; യോഗിയ്‌ക്കൊരു അടിയായി ഇന്ത്യ ടുഡേയുടെ കേരള, യുപി താരതമ്യം
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി നടത്തിപ്പ് തന്നെ കണ്ട് പഠിക്കണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശത്തിന് ദേശീയ മാധ്യമമായ ഇന്ത്യടുഡേ ചാനലിന്റെ വിശകലനം. തലശേരി സര്‍ക്കാര്‍ ആശുപത്രിയെയും ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയെയും താരതമ്യം ചെയ്യുന്ന വീഡിയോ ഉള്‍പ്പെടെയാണ് ഇന്ത്യടുഡേ വാര്‍ത്ത ചെയ്തിരിക്കുന്നത്.

യോഗിയുടെ ഈ താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ അറുപതോളം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച ഗോരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് തങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വാര്‍ത്ത വ്യക്തമാക്കുന്നു. ഇവിടുത്തെ ശിശു വിഭാഗത്തില്‍ കുട്ടികള്‍ കിടക്കാന്‍ പോലും ഇടമില്ലാതെ വെറും തറയില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്തയ്‌ക്കൊപ്പം കാണാം. ഒരു ബെഡ്ഡില്‍ തന്നെ രണ്ടും മൂന്നും രോഗികള്‍ കിടക്കുന്നതും കാണാനാകും. കൂടാതെ ഈ രോഗികള്‍ക്ക് നിലവാരമില്ലാത്ത ചികിത്സയാണ് ലഭിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. മികച്ച മെഡിക്കല്‍ സൗകര്യങ്ങളാണ് ഈ വാര്‍ഡിലുള്ളതെന്നാണ് യോഗി അവകാശപ്പെടുന്നത്. 48 മണിക്കൂറിനിടെ അറുപതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചെന്നും യോഗി അവകാശപ്പെടുന്നു. എന്നാല്‍ ഇവിടുത്തെ സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമില്ലെന്നാണ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.

പരാതിപ്പെട്ടാല്‍ തങ്ങള്‍ക്ക് രക്തം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. യോഗി ഇരിക്കുന്ന ഈ ഇടം നരകമാണെന്നാണ് മറ്റൊരാള്‍ പറയുന്നത്. പാവം കുട്ടികള്‍ മരിച്ചത് ഇവിടെയാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി സിംഗ് പറയുന്നത് 20 ഡോക്ടര്‍മാരെ കൂടി പുതുതായി നിയമിച്ചെന്നും 20 അധിക ബെഡ്ഡുകള്‍ കൂടി വാങ്ങിയെന്നുമാണ്. സര്‍ക്കാര്‍ 500 ബെഡ്ഡുകളുള്ള പുതിയ ആശുപത്രി നിര്‍മ്മിച്ചുവെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയപ്പോള്‍ സിപിഎം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കേരളത്തിലെ ആശുപത്രികള്‍ കണ്ടുപഠിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യടുഡേ അതിന്റെ സത്യാവസ്ഥ പരിശോധിക്കാനും കേരളത്തിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ പരിശോധിക്കാനുമാണ് ഇവിടെയെത്തിയതെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു.

തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ദിവസം ആയിരത്തിലേറെ രോഗികളെത്തുന്നു. ഇവരില്‍ ഭൂരിഭാഗവും ആദിവാസി മേഖലകളില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്. ആശുപത്രിയിലെ മുറികളും ഉപകരണങ്ങളും നല്ല വൃത്തിയുള്ളവയാണെന്നും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ക്ക് ആവശ്യത്തിന് ബെഡ്ഡുകളുണ്ട്. ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായപ്പോള്‍ ആറ് മാസത്തിനിടയ്ക്ക് തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു നവജാത ശിശു പോലും മരിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിലെ ആശുപത്രി ഭരണപരാജയത്തിന്റെ തെളിവാകുമ്പോള്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യോഗി ആദിത്യനാഥിന്റെ താരതമ്യം യുക്തിരഹിതമാണെന്ന് മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദിത്യനാഥിന്റെ ഈ താരതമ്യം ഒരു ബൂമറാങ് പോലെ അദ്ദേഹത്തിന് നേരെ തന്നെ തിരിച്ചടിച്ചിരിക്കുന്നു.

പിണറായി വിജയന്‍ കഴിവുള്ള ഒരു ഭരണാധികാരിയാണെന്നും കേരള സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാല്‍ ഒരു വര്‍ഷത്തെ ഭരണം വിജയമാണെന്ന് കണ്ടെത്താനാകുമെന്നും പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍, ശിവേന്ദ്ര ശ്രീവാസ്തവ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എഎന്‍ ഷംസീര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.


Next Story

Related Stories