TopTop
Begin typing your search above and press return to search.

"സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും"- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസത്തിന് പാകിസ്ഥാനില്‍ എത്രത്തോളം സാധ്യതയുണ്ട്? എല്ലാ സമൂഹങ്ങളിലുമെന്ന പോലെ വലിയ തോതില്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഖവാജ സിറ കമ്മ്യൂണിറ്റി. 2009ലെ ചരിത്രപരമായ വിധിയിലൂടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തിലുള്ള തുല്യ അവകാശങ്ങള്‍ പാകിസ്ഥാന്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ലൈംഗികത്തൊഴിലടക്കമുള്ളവ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. നിത്യവൃത്തിക്കു വേണ്ടി പാടാനും നൃത്തം ചെയ്യാനുമെല്ലാം അവര്‍ നിര്‍ബന്ധിതരായി.

ഖവാജ സിറ കമ്മ്യൂണിറ്റിയാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നില്‍ക്കുന്നത്. ഇതിന്റെ നേതാവാണ് കാമി സിഡ് (26). "സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും" - കാമി സിഡ് പറയുന്നു. ഒരു മോഡലാണ് കാമി സിഡ്. പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍. കറാച്ചിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ഏഴ് സഹോദരങ്ങള്‍ക്കൊപ്പം പുരുഷ രൂപത്തിലും പേരിലുമാണ് കാമി വളര്‍ന്നത്. എന്നാല്‍ സ്വഭാവത്തിലും പെരുമാറ്റ രീതികളിലും സ്‌ത്രൈണത മുറ്റി നിന്നിരുന്നു. ബിസിനസ് സ്റ്റഡീസില്‍ ബിരുദം നേടിയ കാമി തുടര്‍പഠനത്തിനായി ബ്രിട്ടനിലേയ്ക്ക് പോകാന്‍ താല്‍പര്യപ്പെട്ടു. എന്നാല്‍ വിസ കിട്ടിയില്ല. ഒരു എക്‌സ്പോര്‍ട്ടിംഗ് കമ്പനിയില്‍ സഹോദരന്‍ ജോലി ശരിപ്പെടുത്തിയിരുന്നു. പിന്നീട് ഒരു വിസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തു.

ഫേസ്ബുക്കില്‍ കാമി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ആകര്‍ഷിച്ചു. അങ്ങനെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഫറന്‍സിനായി തായ്‌ലാന്‍ഡിലേക്ക് പോകാന്‍ കാമി സിഡിന് അവസരം കിട്ടി. കാമിയുടെ ആദ്യത്തെ വിദേശ യാത്ര. ഈ കോണ്‍ഫറന്‍സ് വഴിത്തിരിവായി. പാകിസ്ഥാന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിന്റെ പിറവിയാണ് അവിടെ കണ്ടത്. എന്നാല്‍ ഇത് വീട്ടില്‍ പ്രശ്‌നമായി. സഹോദരന്മാര്‍ കാമിയ്‌ക്കെതിരെ രംഗത്ത് വന്നു. പക്ഷെ കാമി മുന്നോട്ട് പോയി. ലോകവ്യാപകമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിംഗ് ശ്രദ്ധയാകര്‍ഷിക്കുന്ന സമയത്ത് തന്നെയാണ് കാമി സിഡും ഈ രംഗത്ത് വരുന്നത്. ആന്ദ്രിയ പെജിക്, ഹാരി നെഫ്, കെയ്റ്റ്‌ലിന്‍ ജെന്നര്‍, ട്രേസി നോര്‍മന്‍, നേപ്പാളി മോഡല്‍ അഞ്ജലി ലാമ തുടങ്ങിയവരെല്ലാം സജീവമായ കാലത്ത്. പാകിസ്ഥാനി ഫാഷന്‍ മാഗസിനായ ലിബാസിന് വേണ്ടി ഈയടുത്ത കാലത്ത് കാമി സിഡ് ഫോട്ടോ ഷൂട്ട് ചെയ്തു. ഫാഷന്‍ വ്യവസായ രംഗത്ത് സ്വന്തമായി ഇടമുണ്ടാക്കുക ഏറെ ക്ലേശകരമാണെന്നും ഒരുപാട് ലോബിയിംഗ് നടക്കുന്ന മേഖലയാണ് ഇതെന്നും കാമി സിഡ് പറയുന്നു.

ഖവാജ സിറ ആക്റ്റിവിസ്റ്റുകള്‍ പൊതുവെ ഈ സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ കാമി സിഡിന് മോഡലിംഗ് രംഗത്തെ പരിചയങ്ങള്‍ വലിയ പരിപാടികളില്‍ സാന്നിധ്യമാകാന്‍ സഹായകമാകുന്നു. ഉന്നതവിദ്യാഭ്യാസം മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളെ അപേക്ഷിച്ച് കാമി സിഡിന് കൂടുതല്‍ വേദികളില്‍ ഗുണം ചെയ്യുന്നുണ്ട്. ലണ്ടനില്‍ കറാച്ചി സാഹിത്യോത്സവത്തിന്റെ ട്രാവലിംഗ് എഡിഷനില്‍ കാമി സിഡ് സംസാരിച്ചിരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാരുമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ സംരക്ഷണത്തിനായുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച് കാമി സിഡ് ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് അവരുടെ സുരക്ഷ സംബന്ധിച്ച് പേടിയുണ്ട്. അധികം ടിവി പരിപാടികളില്‍ പോകേണ്ടെന്നാണ് അമ്മയടക്കമുള്ളവരുടെ ആവശ്യം. അമ്മയുമായി ഫോണ്‍ ബന്ധം മാത്രമാണ് കാര്യമായി ഉള്ളത്. സഹോദരന്മാര്‍ ഇല്ലാത്തപ്പോഴാണ് അമ്മയെ വീട്ടില്‍ പോയി കാണുന്നത്. ഏറെ പ്രതിസന്ധികള്‍ക്കിടയിലും പാകിസ്ഥാനില്‍ തന്നെ പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തിലാണ് കാമി സിഡ്. "പലരും ഞങ്ങളെ ലൈംഗിക തൊഴിലാളികളായോ യാചകരായോ നര്‍ത്തകരായോ ഒക്കെയാണ് കാണുന്നത്. ഞങ്ങള്‍ക്ക് എന്തുമാവാന്‍ കഴിയും - ഡോക്ടര്‍, എഞ്ചിനീയര്‍, ടീച്ചര്‍, അങ്ങനെ എന്തും" - കാമി സിഡ് പറയുന്നു.

വായനയ്ക്ക്: https://goo.gl/d8O2NR


Next Story

Related Stories