TopTop
Begin typing your search above and press return to search.

ജീപ്പില്‍ യുവാവിനെ മനുഷ്യ കവചമാക്കി കെട്ടി വലിക്കുന്നതല്ല സൈന്യത്തിന്റെ സമീപനം

ജീപ്പില്‍ യുവാവിനെ മനുഷ്യ കവചമാക്കി കെട്ടി വലിക്കുന്നതല്ല സൈന്യത്തിന്റെ സമീപനം

കഴിഞ്ഞ ആഴ്ച കാശ്മീരില്‍ സൈന്യം യുവാവിനെ മനുഷ്യകവചമായി കെട്ടിവച്ച് പ്രദക്ഷിണം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണണായിരുന്നു. ഇത് വലിയ വാഗ്വാദങ്ങള്‍ക്കും കാരണമായി. ഇത് വ്യക്തമായ നിയമലംഘനമാണെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍, കാശ്മീരിലെ സായുധ കലാപത്തിനെതിരെ തുടരുന്ന നടപടികളില്‍ നിന്നുള്ള ഒരു വ്യതിയാനം എന്നാണ് മറ്റൊരു വിഭാഗം ന്യായീകരിച്ചത്. കാശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പങ്കിനെ കുറിച്ചുള്ള ചര്‍ച്ചകളിലേക്കും സംഭവം നയിച്ചു.

കൃത്യമായ നിയമത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും നോക്കിയാല്‍ സൈന്യത്തിന്റെ നടപടി അനുവദനീയമല്ലെന്നാണ് ഉദംപൂര്‍ ആസ്ഥാനമായുള്ള വടക്കന്‍ കമാന്റിന്റെ ജനറല്‍ കമാന്റിംഗ് ഇന്‍ ചീഫ് ആയി വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഢ സ്‌ക്രോളിന് അനുവദിച്ച ഒരഭിമുഖത്തില്‍ പറഞ്ഞു. ദീര്‍ഘ കാലം കാശ്മീരില്‍ സേനമനുഷ്ടിച്ച ശേഷമാണ് ലഫ്റ്റനന്റ് ജനറല്‍ ഹൂഢ അടുത്തകാലത്ത് വിരമിച്ചത്. പക്ഷെ സംഘര്‍ഷ മേഖലകളില്‍ കാര്യങ്ങളെ ഒരു ദിശയില്‍ നിന്ന് മാത്രം നോക്കിക്കാണാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമപരം എന്നതിന് ഉപരിയായി ധാര്‍മ്മികവും മാനവികവും പ്രായോഗികവുമായ വീക്ഷണകോണിലൂടെയും സംഭവങ്ങളെ നോക്കിക്കാണേണ്ടി വരും. കാശ്മീരി യുവാക്കളുടെ ഭാഗത്ത് മാത്രമല്ല നിരാശയും ദേഷ്യവും ഉടലെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇരുവിഭാഗങ്ങളും പരിധികള്‍ ലംഘിക്കുമ്പോഴാണ് ഇത്തരം അപൂര്‍വ സംഭവങ്ങള്‍ ഉടലെടുക്കുക. യുവാവിനെ ജീപ്പില്‍ കെട്ടിവച്ച് കൊണ്ടുപോകുന്ന ദൃശ്യം ആഴത്തിലുള്ളതാണെങ്കിലും കാശ്മീര്‍ ജനതയോടുള്ള സൈന്യത്തിന്റെ യഥാര്‍ത്ഥ സമീപനമല്ല അതെന്നും ലഫ്റ്റനന്റ് ജനറല്‍ ഹൂഢ വിശദീകരിക്കുന്നു. ജനങ്ങളുടെ ഹൃദയത്തെയും മനസിനെയും സ്വാധീനിക്കുക എന്ന സൈന്യത്തിന്റെ സമീപനത്തില്‍ മാറ്റം വേണം എന്ന് വിരമിച്ച പല മുതിര്‍ന്ന സൈനീക മേധാവികളും ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, കാശ്മീരില്‍ അനുഭവ സമ്പത്തുള്ള അധികം പേര്‍ അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മുകാശ്മീര്‍ മാത്രമല്ല വടക്കു കിഴക്കന്‍ മേഖലയിലെയും കലാപ വിരുദ്ധ തന്ത്രത്തിന്റെ ഭാഗമാണ് അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കലാപങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമായി വരുമെന്നും ക്രമസമാധാനം നിലനിറുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് കാശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനുള്ള ഏകമാര്‍ഗ്ഗം. ഇതത്ര എളുപ്പമല്ല. തീവ്രവാദിവല്‍ക്കിപ്പെടുകയും യുവാക്കള്‍ രോഷാകുലരാവുകയും അന്യവല്‍കരണ ബോധം വളരുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള സമഗ്രവും ദീര്‍ഘകാലത്തിലുള്ളതുമായ ഒരു തന്ത്രമാണ് വികസിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതില്‍ ഇന്ത്യ വിജയിക്കാതിരിക്കുന്നതാണ് കലാപം 28 വര്‍ഷങ്ങള്‍ നീളുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വൈകാരികതയ്‌ക്കോ ആക്രോശങ്ങള്‍ക്കോ സ്ഥാനമില്ലെന്നും ശാന്തവും സുചിന്തിതവുമായ ഒരു വിലയിരുത്തലാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു അസാധ്യ ദൗത്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ കലാപത്തില്‍ ഒരു ആഭ്യന്തരവശം കൂടിയുണ്ട്. താഴ്വരയില്‍ വിദ്വേഷം കൂടുതല്‍ പ്രകടമാണ്. പ്രദേശത്തെ ചെറുപ്പക്കാരെ കൂടുതലായി തീവ്രവാദികള്‍ തങ്ങളുടെ സംഘങ്ങളില്‍ ചേര്‍ക്കുന്നതും ആശങ്കയ്ക്ക് കാരണമാണ്. പക്ഷെ അതൊരു ആഭ്യന്തര പ്രസ്ഥാനം മാത്രമല്ല. കാശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാകിസ്ഥാന്‍ തീര്‍ച്ചയായും ശ്രമിക്കുന്നുണ്ട്. വെടിനിറുത്തല്‍ ലംഘനങ്ങളും നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും അതിര്‍ത്തിയിലുള്ള സൈനീക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമങ്ങളുമൊക്കെ അതിന്റെ സൂചനയാണ്. അതുകൊണ്ടു തന്നെ നമ്മുടെ ആഭ്യന്തരപ്രശ്‌നം പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.

ചുരുക്കത്തില്‍ ഒരു സങ്കര സംഘര്‍ഷ മേഖലയായി കാശ്്മീര്‍ വളര്‍ന്നിരിക്കുന്നു. ക്രമസമാധാനപാലനം സംസ്ഥാന പൊലീസും കേന്ദ്രസേനകളും കൈകാര്യം ചെയ്യുകയും സൈന്യം അതിര്‍ത്തിയ്ക്കപ്പുറത്ത് നിന്നുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയുമാണ് ഇതിനുള്ള പോംവഴി. ഇതിന് പക്ഷെ പൊലീസിനെയും കേന്ദ്രസേനയെയും കൂടുതല്‍ ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് മെച്ചപ്പെട്ട സംരക്ഷണോപാധികളും മാരകമല്ലാത്ത ആധുനിക ആയുധങ്ങളും നല്‍കണം. ആഭ്യന്തര സംഘര്‍ഷ സാഹചര്യങ്ങളില്‍ സൈന്യം ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാരണം അവരുടെ ചുമതല അതല്ല. എന്നാല്‍ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. സ്വന്തം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് സൈന്യം അതീവ ജാഗ്രത പുലര്‍ത്തണം. അവിടെയാണ് ഹൃദയത്തിലേക്കും മനസുകളിലേക്കും എത്തുക എന്ന സമീപനത്തിന്റെ പ്രസക്തിയെന്നും ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഢ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/7n6v9r


Next Story

Related Stories