TopTop
Begin typing your search above and press return to search.

പാകിസ്താന്‍ മതരാഷ്ട്രമാകുമെന്ന് മനസിലാക്കിയ ഷെയ്ഖ് അബ്ദുള്ള കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സമ്മതിച്ചു

പാകിസ്താന്‍ മതരാഷ്ട്രമാകുമെന്ന് മനസിലാക്കിയ ഷെയ്ഖ് അബ്ദുള്ള കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സമ്മതിച്ചു
നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയ ചരിത്രമുള്ള കാശ്മീരില്‍ തീവ്രമായ ചര്‍ച്ചകളിലൂടെ മാത്രമേ ശരിയായ പരിഹാരങ്ങൾ കണ്ടെത്താന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ആളാണ്‌ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുൽദീപ് നയ്യാര്‍. അദ്ദേഹം മുമ്പ് ‘ദി ടെലിഗ്രാഫി’ലെഴുതിയ ലേഖനത്തില്‍ കാശ്മീരിനെ കുറിച്ചും, കാശ്മീരിന്റെ ഓരോ സ്പന്ദനങ്ങളും അറിഞ്ഞു പ്രവര്‍ത്തിച്ചിരുന്ന ഷെയ്ഖ് അബ്ദുള്ളയെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട് കുൽദീപ് നയ്യാര്‍. പ്രത്യേക സ്വയം ഭരണാധികാരവും അവകാശങ്ങളും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിക്കുകയും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി അതിനെ മാറ്റുകയും ചെയ്ത സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ നയ്യാരുടെ ലേഖനം പുന:പ്രസിദ്ധീകരിച്ചിരിക്കുകയാണ് ടെലിഗ്രാഫ്.

ഒരു വ്യക്തിക്കോ രാഷ്ട്രീയ പാർട്ടിക്കോ സമാഹരിക്കാനാവുന്നതിലും കൂടുതൽ തോക്കുകൾ ഭരണകൂടത്തിന്‍റെ പക്കലുണ്ടെന്ന വസ്തുത ഷെയ്ഖ് അബ്ദുള്ളയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആയുധങ്ങളുമായി സർക്കാരിനെ നേരിടുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.

എന്നാല്‍, അദ്ദേഹത്തിന്‍റെ മകനായ ഫാറൂഖ് അബ്ദുള്ളക്ക് കശ്മീർ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ പൂർണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നതെന്ന് നയ്യാര്‍ പറയുന്നു. 1947 ഒക്ടോബറിൽ മഹാരാജ ഹരി സിംഗ് കാശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഷെയ്ഖ് അതിനെ പിന്തുണച്ചത് ഇന്ത്യയുടെ മതേതര സമീപനം ഒന്നുകൊണ്ടു മാത്രമാണ്. സൂഫിസത്തോട് വളരെയധികം ആഭിമുഖ്യം പുലര്‍ത്തുന്ന കാശ്മീരികളുടെ ആശയത്തിലും ഉള്ളടക്കത്തിലും നിറഞ്ഞു നില്‍ക്കുന്നത് ബഹുസ്വരതയാണെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാണ് മതരാഷ്ട്രമായി മാറിയിരുന്ന പാകിസ്താനെ മാറ്റിനിര്‍ത്തി മതേതരവും ജനാധിപത്യപരവുമായ ഒരു വ്യവസ്ഥ പിന്തുടരുന്ന ഇന്ത്യയെ സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇന്ത്യാ വിഭജനത്തിന് മുമ്പ് ഷെയ്ഖ് അബ്ദുള്ള, തന്‍റെ അടുത്ത അനുയായി ആയിരുന്ന സാദിഖ് സാഹിബിനെ പാകിസ്താനിലേയ്ക്ക് അയച്ചിരുന്നു. എന്താണ് പാകിസ്താന്‍റെ നിലപാട് എന്നറിയാനായിരുന്നു അത്. മടങ്ങിയെത്തിയ സാദിഖ്, പാകിസ്താന്‍ ഒരു ഇസ്ലാമിക രാഷ്ട്രമാകാനാണ് ആഗ്രഹിക്കുന്നതെന്ന് ഷെയ്ഖിനെ അറിയിച്ചു. മതേതര മൂല്യങ്ങള്‍ പാലിക്കാത്ത ഒന്നിനോടും സന്ധിചെയ്യില്ലെന്ന് അദ്ദേഹം അപ്പോള്‍തന്നെ തീരുമാനിച്ചിരുന്നു.
1932 ൽ ഷെയ്ഖ് അബ്ദുള്ളയും ചൗധരി ഗുലാം അബ്ബാസും ചേർന്ന് ‘ഓൾ ജമ്മു കശ്മീർ മുസ്ലിം കോണ്‍ഫറന്‍സ്’ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു (1939-ലാണ് നാഷണല്‍ കോണ്‍ഫറന്‍സ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത്). സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ അടിസ്ഥാനപരമായ ലക്ഷ്യം.

കാശ്മീര്‍ ഇന്ത്യയോട് കൂടിച്ചേരുന്നതിനെ നാഷണല്‍ കോണ്‍ഫറന്‍സ് പിന്തുണച്ചു. എന്നാൽ 1941-ൽ ഗുലാം അബ്ബാസ് പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോവുകയും, മുസ്ലിം കോണ്‍ഫറന്‍സിനെ പുനരുജ്ജീവിപ്പിക്കുകയും, കാശ്മീര്‍ പാക്കിസ്ഥാനില്‍ ലയിക്കുന്നതിനെ പിന്തുണക്കുകയും ചെയ്തു. അദ്ദേഹമാണ് 'ആസാദ് കാശ്മീര്‍' എന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നത്. 1953 ഓഗസ്റ്റ് 8-ന് കാശ്മീർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുള്ളയ്ക്ക് മന്ത്രിസഭയുടെ പിന്തുണ നഷ്ടപ്പെട്ടതോടെ സ്ഥാനം രാജി വക്കേണ്ടി വന്നു. മഹാരാജ ഹരി സിങ്ങിന്റെ മകനും പിന്നീട് ഭരണഘടനാ രാഷ്ട്രത്തലവനുമായ (സദർ-ഇ-റിയാസത്ത്) ഡോ. കരൺ സിംഗായിരുന്നു അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരംപോലും അദ്ദേഹത്തിന് ലഭിച്ചില്ല. പകരം, മിർസ അഫ്സൽ ബേഗിനും മറ്റ് ഇരുപത്തിരണ്ട് പേർക്കുമൊപ്പം സ്വതന്ത്ര കാശ്മീരിനായി ഗൂഡാലോചന നടത്തി എന്നാരോപിച്ച് രാജ്യവിരുദ്ധ കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റുചെയ്തു. 1959-ലാണ് കേസിന്‍റെ വിചാരണ ആരംഭിക്കുന്നത്.

ഊട്ടിയിൽ രണ്ടുമാസത്തെ തടവില്‍ പാര്‍പ്പിച്ച ശേഷം ഷെയ്ഖ് അബ്ദുള്ളയെ കൊടൈക്കനാലിലേക്ക് കൊണ്ടുപോയി. കൊടൈക്കനാലില്‍ നിന്നും ഏതാനും മൈൽ അകലെയുള്ള കോഹിനൂർ ബംഗ്ലാവിലായിരുന്നു പിന്നീട് ഒരു ദശകത്തിലേറെക്കാലം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ എല്ലാം വെറും കെട്ടുകഥകള്‍ മാത്രമായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. ഷെയ്ഖ് അബ്ദുള്ളയുടെ അടുത്ത സുഹൃത്തായിരുന്ന ജവഹർലാൽ നെഹ്‌റു പോലും അദ്ദേഹത്തെ സംശയിച്ചിരുന്നു. കാശ്മീര്‍ ഇന്ത്യയുമായി കൂടിച്ചേരുമ്പോള്‍ പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആശയവിനിമയം എന്നീ വിഷയങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് പരമാധികാരം നല്‍കിയിരുന്നത്. മറ്റെല്ലാ വിഷയങ്ങളും സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലായിരിക്കും സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രത്തിന് വ്യക്തമായ സ്വാധീനം ഉണ്ടാവുമെങ്കിലും കാശ്മീരിന്‍റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു.

എന്നാൽ കാശ്മീരിൽ എല്ലാ അധികാരങ്ങളും തട്ടിയെടുക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിച്ചിരുന്നു എന്നാണ് നയ്യാര്‍ പറഞ്ഞത്. അതില്‍ ശ്യാമ പ്രസാദ് മുഖർജിയെപ്പോലുള്ള തീവ്ര ഹിന്ദു നിലപാടുകളുള്ള ആളുകള്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും നയങ്ങളും, ഷെയ്ഖിനെ എന്തുകൊണ്ടാണ് നെഹ്‌റു അറസ്റ്റ് ചെയ്തതെന്നും, പിന്നീട് ‘കാശ്മീര്‍ കോണ്‍സ്പിരസി’ കേസിന് എന്തു സംഭവിച്ചെന്നും നയ്യാര്‍ വിശദീകരിക്കുന്നു. തടങ്കലില്‍ നിന്നും മോചിതനായിട്ടും നെഹ്‌റുവിനോടൊത്ത് പ്രവര്‍ത്തിക്കാന്‍ ഷെയ്ഖിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അദ്ദേഹമായിരുന്നു പിന്നീട് പാക്കിസ്ഥാനുമായുള്ള നെഹ്‌റുവിന്‍റെ നയതന്ത്ര നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്നത്.

കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: Sheikh Abdullah opted for India as he believed Pakistan was determined to become a theocracy

Next Story

Related Stories