TopTop
Begin typing your search above and press return to search.

'കേരള' ഒടുവില്‍ കേരളം കണ്ടു

കേരള ഒടുവില്‍ കേരളം കണ്ടു

കേരള ഒടുവില്‍ കേരളം കണ്ടു. കണ്ടു എന്ന് മാത്രമല്ല മൂന്നാഴ്ച കേരളത്തിലെ ഒരു സ്‌കൂളില്‍ പഠിക്കുകയും ചെയ്തു. കേരള എന്ന എട്ടു വയസുകാരി ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. കാരണം, തന്റെ പേര് ശരിയായി ഉച്ചരിക്കുന്നവരെ അവള്‍ ആദ്യമായാണ് കാണുന്നത്. ഇതുവരെ അങ്ങ് ലോസ് ആഞ്ചലസില്‍ കേരള്‍ എന്നോ കരോള്‍ എന്നോ ഒക്കെയായിരുന്നു അവളെ ആളുകള്‍ വിളിച്ചിരുന്നത്. എന്ന് മാത്രമല്ല മലയാളത്തിലെ ചില വാക്കുകളൊക്കെ ഉച്ചരിക്കാനും അവള്‍ ഈ മൂന്നാഴ്ച കൊണ്ട് പഠിച്ചെടുത്തു.

2004ലാണ് അമേരിക്കന്‍ ദമ്പതിമാരായ ടിവി പ്രൊഗ്രാം പ്രൊഡ്യൂസര്‍ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന ബ്രെന്ന മൂറും ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. ആദ്യ കാഴ്ചയിലെ പ്രണയമായി ആ സന്ദര്‍ശനം മാറി. 'ഡല്‍ഹി, ഉദയ്പൂര്‍ തുടങ്ങി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഞങ്ങള്‍ കേരളത്തിലെത്തിയത്. ഇവിടം സന്ദര്‍ശിച്ചപ്പോള്‍ തന്നെ കേരളവുമായി ഞങ്ങള്‍ പ്രണയത്തിലായി. ഉയര്‍ന്ന സാക്ഷരത നിരക്കും പുരോഗമനപരമായി ചിന്തിക്കുന്ന ജനങ്ങളുമുള്ള കേരളം വളരെ വ്യത്യസ്തമായിരുന്നു,' എന്ന് ബ്രെന്ന പറയുന്നു.

വയനാട്ടിലെ കുന്നിന്‍പുറങ്ങളും കേരളത്തിന്റെ സ്വന്തം തടാകങ്ങളും കടല്‍ത്തീരങ്ങളും അവരെ വല്ലാതെ ആകര്‍ഷിച്ചു. അതുകൊണ്ടു തന്നെ 2009ല്‍ ആദ്യ കുട്ടി പിറന്നപ്പോള്‍ അവള്‍ക്ക് കേരള എന്ന് പേര്‍ നല്‍കാന്‍ ദമ്പതിമാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷെ, കുട്ടി വളരുന്തോറും തന്റെ പേരിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് ലോസ് ആഞ്ചലസിലെ ഭ്രാന്ത് പിടിപ്പിക്കുന്ന തിരക്കില്‍ നിന്നും ഒരു അവധിയെടുത്ത് ലോകം മുഴുവന്‍ കറങ്ങാന്‍ അവര്‍ തീരുമാനിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളായിരുന്നു ലക്ഷ്യം. ഓരോ രാജ്യത്തും അവിടുത്തെ ഒരു കുടുംബത്തോടൊപ്പം മൂന്ന്, നാല് ആഴ്ച താമസിച്ച് ആ നാടിന്റെ സംസ്‌കാരവും ജീവിതരീതിയും മനസിലാക്കുകയും അത് തങ്ങളുടെ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം.

യഥാര്‍ത്ഥത്തില്‍ ഇവരുടെ ആദ്യ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫ്രാന്‍സിലെ ടൂറിസ്റ്റ് ഗൈഡ് മിഷേലാണ് ഇന്ത്യ എന്ന ആശയം സഞ്ചാരത്തിന്റെ ഭാഗമാക്കിയത്. മിഷേലിന് കേരളത്തില്‍ ഒരു വളര്‍ത്ത് പുത്രനുണ്ട്. അദ്ദേഹം ക്രാമര്‍ കുടുംബത്തിന് കേരളത്തില്‍ താമസമൊരുക്കി, അദ്ദേഹത്തിന്റെ സഹോദരി മഞ്ചുവിന്റെ കോട്ടയത്ത് ചേര്‍പ്പുങ്കലിലുള്ള വീട്ടിലാണ് അതിഥികള്‍ എത്തിയത്. മഞ്ചുവിന്റെ ഏഴ് വയസുള്ള പുത്രി ദിയയും കേരളയും അവളുടെ അനിയന്‍ ജൂലിയനും ഉറ്റ സുഹൃത്തുക്കളായി മാറി. ദിയ പഠിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമായി കേരളയെയും ജൂലിയനെയും മൂന്നാം ക്ലാസില്‍ ചേര്‍ത്തു. യൂണിഫോം ധരിച്ച് സ്‌കൂള്‍ ബസില്‍ ഇരുവരും ദിയയോടൊപ്പം സ്‌കൂളില്‍ പോകാന്‍ തുടങ്ങി.

'എന്റെ പേര് കേരള എന്നാണ്. ഈ സ്‌കൂളില്‍ വരാന്‍ സാധിച്ചതിലും ഇവിടെ പുതിയ കൂട്ടുകാരെ കണ്ടെത്താന്‍ സാധിച്ചതിലും എനിക്ക് കൃതാര്‍ത്ഥയുണ്ട്,' ആദ്യ ദിവസത്തെ സ്‌കൂള്‍ അസംബ്ലിയില്‍ കേരള പറഞ്ഞു. കേരള വളരെ മിടുക്കിയാണെന്നും സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയായെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറയുന്നു. കേരളത്തിന്റെ വ്യാപാരം, സമൂഹം, സംസ്‌കാരം എന്നിവയെ കുറിച്ച് പഠിക്കാനാണ് ഈ മൂന്നാഴ്ച ക്രാമര്‍ കുടുംബം ശ്രമിച്ചതെന്ന് മഞ്ചു പറയുന്നു. പ്രയോഗിക അനുഭവങ്ങളിലൂടെ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന അവരുടെ രീതി പ്രശംസനീയമാണെന്നും മഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.

ജനുവരി അവസാനത്തോടെ പുതിയ ജീവിതപാഠങ്ങള്‍ അന്വേഷിച്ച് ക്രാമര്‍ കുടുംബം ഇന്തോനേഷ്യയിലേക്ക് പോയപ്പോള്‍ ഏറ്റവും ദുഃഖിച്ചത് ദിയയാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും കേരളയെ വല്ലാതെ ഇഷ്ടപ്പെട്ടുപോയെന്നും ഒട്ടൊരു വിഷമത്തോടെ ദിയ ന്യുസ് മൊമന്റിനോട് പറഞ്ഞു.

കൂടുതല്‍ വായിക്കൂ: https://goo.gl/CUOB2u


Next Story

Related Stories