TopTop

ആരാണ് കുല്‍ഭൂഷണ്‍ ജാദവ് ?

ആരാണ് കുല്‍ഭൂഷണ്‍ ജാദവ് ?
കുല്‍ഭൂഷണ്‍ ജാദവിന്റെ പേരിലാണ് ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒന്ന് കൂടി ഉലഞ്ഞിരിക്കുന്നത്. ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് പാകിസ്ഥാനിലെ പട്ടാള കോടതി. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഭീകരാക്രമണ പദ്ധതികളില്‍ പങ്ക് വഹിച്ചു എന്നെല്ലാമാണ് കുല്‍ഭൂഷണെതിരായ ആരോപണങ്ങള്‍. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ കഴിഞ്ഞ വര്‍ഷം ആദ്യമാണ് പാകിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തത്.

ഏതായാലും കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതായി വ്യക്തമായതോടെ പാകിസ്ഥാന് ശക്തമായ താക്കീതുകളുമായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഉഭയകകക്ഷി ചര്‍ച്ച മരവിപ്പിച്ചിരിക്കുന്നു. കുല്‍ഭൂഷണുമായി ബന്ധപ്പെടണമെന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ആവശ്യം പാകിസ്ഥാന്‍ തള്ളിയിരിക്കുകയാണ്. ഇറാനില്‍ ചെറിയ ബിസിനസുമായി കഴിഞ്ഞുകൂടിയ ശേഷമാണ് കുല്‍ഭൂഷണ്‍ ജാദവ് പാകിസ്ഥാനില്‍ എത്തുന്നത്. കറാച്ചിയിലും ബലൂചിസ്ഥാനിലും സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടു, പാകിസ്ഥാന്‍ - ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നെല്ലാം ആരോപണമുണ്ട്.

കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ ചാരന്‍ അല്ലെന്ന് ഇന്ത്യ പറയുന്നുണ്ടെങ്കിലും അദ്ദേഹം എങ്ങനെ ഇറാനില്‍ നിന്ന് പാകിസ്ഥാനിലെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2003 മുതല്‍ ജാദവ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും യഥാര്‍ത്ഥ ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ ഉപയോഗിച്ചായിരുന്നു ഇതെങ്കിലും മറ്റൊരു പേരിലായിരുന്നു എന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനിലേയ്ക്കും അതിന് മുമ്പ് ഇറാനിലേയ്ക്കും എത്തുന്നതിന് മുമ്പുള്ള കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവിതം എന്തായിരുന്നു എന്ന് നോക്കാം.മഹാരാഷ്ട്രയിലെ അനെവാദിയാണ് കുല്‍ഭൂഷന്റെ സ്വദേശം. കുട്ടിക്കാലത്ത് മഹാരാഷ്ട്രയിലെ പരേലിലുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നതെന്ന് ബാല്യകാല സുഹൃത്തും അയല്‍ക്കാരനുമായിരുന്ന തുള്‍സിറാം പവാര്‍ ഓര്‍ക്കുന്നു. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ പഠിച്ച കുല്‍ഭൂഷണ്‍ ജാദവ് സ്‌പോര്‍ട്‌സിലും പഠനത്തിനും മിടുക്കനായിരുന്നു. എല്ലാവരേയും സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു. എന്നാല്‍ അധികം സംസാരിക്കില്ല.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത് അറിഞ്ഞത് മുതല്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ഒപ്പ് ശേഖരണ പരിപാടി തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറേയും വിവിധ രാഷ്ട്രീയ നേതാക്കളേയും കണ്ട് സംസാരിക്കാനൊരുങ്ങുകയാണ് ഇവര്‍. ചന്ദു ചവാന്‍ എന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു സൈനികനും പാകിസ്ഥാന്‍ ജയിലിലാണ്. ചന്ദു ചവാനും മോചിപ്പിക്കപ്പെടും എന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക്. പട്ടാള കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയ സമീപിക്കാന്‍ കുല്‍ഭൂഷണ്‍ ജാദവിന് 60 ദിവസമാണുള്ളത്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/IrNQun

Next Story

Related Stories