UPDATES

വായിച്ചോ‌

ബിജെപിക്കെതിരെയുള്ള യുദ്ധം മമത നയിക്കുമോ? ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ കണ്ടത്

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈ എടുക്കുന്ന മമതയുടെ നീക്കങ്ങളെ പലരും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ മമതയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ റാലിയെന്ന് തൃണമൂല്‍ അവകാശപ്പെടുന്നു.

മുഖ്യമന്ത്രിയായിരിക്കെ, ജ്യോതി ബസു കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിപക്ഷ റാലികളേക്കാളും വലിയ റാലി മമത ബാനര്‍ജി ലക്ഷ്യം വയ്ക്കുന്നു എന്നാണ് ദ ടെലഗ്രാഫ് അടക്കമുള്ള പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 1984ലും 89ലും ബസുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലികള്‍ ചെറുതായിരുന്നു എന്നും അതിലും എത്രയോ അധികം ജനപങ്കാളിത്തമായിരിക്കും പ്രതിപക്ഷ ഐക്യ റാലിക്കുണ്ടാവുകയെന്നും മമത അവകാശപ്പെട്ടിരുന്നു. ജ്യോതി ബസുവിന്റെ റാലികളിലുണ്ടായിരുന്നതിനേക്കാള്‍ ജനപങ്കാളിത്തം മമതയുടെ യുണൈറ്റഡ് ഇന്ത്യ റാലിയിലുണ്ടായോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ മുന്നണിയില്‍ തന്റെ നിര്‍ണായക സ്ഥാനം മമത എടുത്തുകാണിച്ചു. മികച്ച ഒരു പ്രൊഫഷണലിനെ പോലെയാണ് മമത റാലിയുടെ സംഘാടനത്തില്‍ ഇടപെട്ടതെന്ന് ടെലിഗ്രാഫ് പറയുന്നു.

അതിഥികളായ വിവിധ കക്ഷി നേതാക്കളെ വേദിയിലേയ്ക്ക് ക്ഷണിച്ച് അവരെ ഓരരുത്തരെയായി പരിചയപ്പെടുത്തിയ മമത, ബിജെപി വിമതന്‍ ശത്രുഘന്‍ സിന്‍ഹയേയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനേയും പരിചയപ്പെടുത്തിയത് ‘ബിഹാറി ബാബു’ എന്ന് പറഞ്ഞായിരുന്നു. ഓരോരുത്തരും പ്രസംഗിക്കേണ്ടതിന്റെ ക്രമം അടക്കം നിശ്ചയിച്ചത് മമത ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ആദ്യം പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഗുജറാത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തലവേദനയായി മാറിയ രണ്ട് യുവ നേതാക്കളെയാണ് – പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും ഇടതുപക്ഷ അനുഭാവമുള്ള ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും. മോദിക്കെതിരായ ആക്രമണം ഗുജറാത്തില്‍ നിന്നുള്ളവര്‍ തന്നെ തുടങ്ങിവയ്ക്കട്ടെ എന്ന മമതയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്.

ജ്യോതി ബസുവിലൂടെ 1996ല്‍ പശ്ചിമ ബംഗാളിന് ലഭിക്കേണ്ടിയിരുന്ന പ്രധാനമന്ത്രി പദം മമത ബാനര്‍ജിയിലൂടെയായിരിക്കും ബംഗാളിന് ആദ്യമായി കിട്ടാന്‍ പോകുന്നത് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഏറെ വിചിത്രമായ രീതിയില്‍ പറഞ്ഞത്. ബംഗാളില്‍ സമഗ്രാധിപത്യം തുടരുന്ന തൃണമൂലും ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. തൃപുര നിയമസഭ തിരഞ്ഞെടുപ്പില്‍ ചിരവൈരികളായ സിപിഎം ജയിക്കണമെന്നാണ് ആഗ്രഹം എന്ന് വരെ മമത പറഞ്ഞിരുന്നു. ബംഗാളില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ അവര്‍ക്ക് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള ശക്തമായ പ്രതിപക്ഷ ഐക്യം എന്ന ആവശ്യത്തിലൂടെ നേരിടാനാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായുള്ള നിരന്തര പ്രചാരണങ്ങളിലൂടെ മമത ശ്രമിച്ചുവരുന്നത്. ഇതിനിടയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മുന്നണി അടക്കമുള്ളവ ചര്‍ച്ചകളില്‍ കയറി വന്നെങ്കിലും ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം എന്നതിന്റെ പ്രാധാന്യത്തെ മമത ബാനര്‍ജി മനസിലാക്കുന്നു എന്ന് വേണം കാണാന്‍. അതേസമയം ബംഗാളില്‍ സിപിഎം ഒഴികെയുള്ള ബിജെപി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എത്രമാത്രം ഇടം കൊടുക്കാന്‍ തൃണമൂല്‍ തയ്യാറാകും എന്ന കാര്യം സംശയവുമാണ്. എന്നാല്‍ ഇന്നലത്തെ റാലി പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്ന നേതാവായാണ് മമതയെ അവതരിപ്പിക്കുന്നത്‌.

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈ എടുക്കുന്ന മമതയുടെ നീക്കങ്ങളെ പലരും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ മമതയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ റാലിയെന്ന് തൃണമൂല്‍ അവകാശപ്പെടുന്നു. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമടക്കം 23 പാര്‍ട്ടികളുടെ പ്രതിനിധികളാണ് മമതയുടെ റാലിക്കെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ റാലിക്കെത്തിയില്ലെങ്കിലും പ്രതിനിധികളായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും അഭിഷേക് മനു സിംഗ്വിയേയും പറഞ്ഞയച്ചു. ഇരുവരും സന്ദേശങ്ങളും അയച്ചു. കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ബംഗാള്‍ കോണ്‍ഗ്രസ് ഘടകവും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസ് റാലിയുടെ ഭാഗമായത് മമതയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. മമതയുടെ ലക്ഷ്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരിന് ന്യൂഡല്‍ഹിയില്‍ നേതൃത്വം നല്‍കുക എന്നതാണ് എന്ന വിലയിരുത്തലുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ മമത തയ്യാറുമല്ല.

വായനയ്ക്ക്: https://goo.gl/tDh3V6

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍