Top

"അല്ല, ഈ പ്രണോയ് റോയ് ക്രിസ്ത്യാനിയല്ലേ? ആ അരുന്ധതി റോയിയുടെ ബന്ധു?"

"അല്ല, ഈ പ്രണോയ് റോയ് ക്രിസ്ത്യാനിയല്ലേ? ആ അരുന്ധതി റോയിയുടെ ബന്ധു?"
എന്‍ഡിടിവി ഉടമ പ്രണോയ് റോയിയുടെ ജാതിയും മതവും അറിയാഞ്ഞിട്ട് ഡല്‍ഹിയില്‍ ചിലര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു. ന്യൂഡല്‍ഹി നോര്‍ത്ത് അവന്യുവിലുള്ള ദ കത്ത്രീഡല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്റെ ഓഫീസിലേയ്ക്ക് നിരവധി കോളുകളാണ് പ്രണോയ് റോയ് ക്രിസ്ത്യാനിയാണോ എന്ന് അന്വേഷിച്ചുകൊണ്ട് വന്നിരിക്കുന്നത്. പ്രണോയ് റോയ് കത്രീഡല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനിലെ അംഗമണെന്നും ബിജെപി സര്‍ക്കാരിന്‍റെ പ്രതികാര നടപടി നേരിടുന്ന അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണം എന്നും പറഞ്ഞുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. ആരാണ് ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ലെന്ന് കത്രീഡല്‍ ചര്‍ച്ചിലെ റെവറന്റ് സ്വരാജ് പോള്‍ പറയുന്നു. എന്‍ഡിടിവി സ്ഥാപക ഉടമകളായ പ്രണോയ് റോയിയുടേയും ഭാര്യ രാധിക റോയിയുടേയും ഉടമസ്ഥതയിലുള്ള വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയത് വലിയ വിവാദമാവുകയും മാദ്ധ്യമ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റോയിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്രിസ്ത്യന്‍ സഭ ആവശ്യപ്പെടുന്നു എന്ന വ്യാജേനയുള്ള പോസ്റ്റും റോയിയുടെ മത, കുടുംബ പശ്ചാത്തലങ്ങള്‍ അറിയാനുള്ള താല്‍പര്യവും.

ഒപ്പം പോസ്റ്റ്കാര്‍ഡ്.ന്യൂസ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ മറ്റൊരു വ്യാജ വാര്‍ത്തയും പ്രണോയ് റോയിയെ കുറിച്ച് പ്രചരിപ്പിക്കുന്നുണ്ട്. പ്രണോയ് റോയിയുടെ യഥാര്‍ത്ഥ പേര് ജയിംസ് പ്രണോയ് റോയ് എന്നാണെന്നും എന്‍ഡിടിവിയും കോണ്‍ഗ്രസും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയില്‍ അഴിമതി ശക്തിപ്പെടുത്തിയതെന്നുമുള്ള പ്രചാരണങ്ങളാണ് വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. വ്യാജ വാര്‍ത്തകളിലൂടെ കുപ്രസിദ്ധി നേടിയുട്ടുള്ള സംഘപരിവാര്‍ അനുകൂല വാര്‍ത്താ പോര്‍ട്ടല്‍ ജയിംസ് പ്രണോയ് റോയ് എന്ന പേരുമായി രംഗത്തിറങ്ങിയിരിക്കുന്നത്.പ്രണോയ് റോയിയുടെ കസിനാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്‍റെ വിക്കി പീഡിയ പേജില്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. ഇരുവരുടെയും അമ്മമാര്‍ ക്രിസ്ത്യന്‍ പശ്ചാത്തലമുള്ളവര്‍ ആണെങ്കിലും പ്രണോയ് റോയിയോ അരുന്ധതി റോയിയോ ഒരിക്കലും തങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതായി വ്യക്തമാക്കിയിട്ടില്ല. മോദി സര്‍ക്കാരിന്റെ ശക്തയായ വിമര്‍ശകയായ അരുന്ധതി റോയിയുമായുള്ള പ്രണോയുടെ ബന്ധം ചൂണ്ടിക്കാട്ടിയുള്ള നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. "പ്രണോയ് റോയിയുടെ ഫസ്റ്റ് കസിന്‍ മാവോയിസ്റ്റ് അനുകൂലിയും കാശ്മീരി ഭീകരവാദികളെ പിന്തുണയ്ക്കുന്നവരുമായ അരുന്ധതി സൂസന്ന റോയ് ആണെന്ന്" ഒരാള്‍ ഡെക്കാണ്‍ ഹെറാള്‍ഡ് വെബ്‌സൈറ്റില്‍ കമന്റ് ചെയ്തിരിക്കുന്നു. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ വിദേശത്ത് നിന്ന് പണം വാങ്ങി പ്രവര്‍ത്തിക്കുന്നയാളാണ് അരുന്ധതി റോയിയെന്ന് കുറ്റപ്പെടുത്തുന്നു. ഹിന്ദു പേരുകള്‍ മാറ്റാത്തവരാണ് അരുന്ധതിയും പ്രണോയിയുമെന്നും പോസ്റ്റ്കാര്‍ഡ് പറയുന്നു. പോസ്റ്റ്കാര്‍ഡ് കൊടുത്ത വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അരുന്ധതി ആര്‍മി ജീപ്പിന് മുന്നില്‍ കെട്ടി വയ്ക്കണമെന്ന വിവാദ പ്രസ്താവനയുമായി ട്വിറ്ററില്‍ രംഗത്തെത്തിയത്.

2002ലെ ഗുജറാത്തില്‍ മുസ്ലീംങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപത്തില്‍ ബിജെപിക്കെതിരെ എന്‍ഡിടിവി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി എന്‍ഡിടിവിയോട് വലിയ എതിര്‍പ്പ് വച്ചുപുലര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ബിജെപി, സംഘപരിവാര്‍ അനുകൂലികള്‍ എന്‍ഡിടിവിയെ നിരന്തരം കടന്നാക്രമിക്കാറുണ്ട്. പ്രണോയ് റോയ് ക്രിസ്ത്യാനിയാണെന്നും ക്രിസ്ത്യാനികള്‍ ദേശീയ താല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നുമുള്ള പ്രചാരണമാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്.

വായനയ്ക്ക്: https://goo.gl/T45gjx

Next Story

Related Stories