TopTop

നെരൂദയുടെ മരണകാരണം കാന്‍സര്‍ അല്ല, വിഷം കൊടുത്ത് കൊന്നതെന്ന് സൂചന

നെരൂദയുടെ മരണകാരണം കാന്‍സര്‍ അല്ല, വിഷം കൊടുത്ത് കൊന്നതെന്ന് സൂചന
വിഖ്യാത കവി പാബ്ലോ നെരൂദയുടെ മരണകാരണം കാന്‍സര്‍ അല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ചിലി തലസ്ഥാനമായ സാന്റിയാഗോയിലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. 1973 സെപ്റ്റംബര്‍ 23നായിരുന്നു കവിയും ചിലിയിലെ കമ്മ്യൂണിസ്റ്റ് നേതാവും, നൊബേല്‍ ജേതാവുമായ പാബ്ലോ നെരൂദയുടെ അന്ത്യം. പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെതിരെ അമേരിക്കന്‍ പിന്തുണയോടെ പട്ടാള അട്ടിമറി നടക്കുകയും അലെന്‍ഡെ മരണപ്പെടുകയും ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മാനുവല്‍ അരായ 2011ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നെരുദയെ ചികിത്സിച്ചിരുന്ന സാന്റിയാഗോയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ വയറ്റില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു എന്നാണ് മാനുവല്‍ അരായ മെക്‌സിക്കന്‍ മാഗസിനോട് പറഞ്ഞത്. ഇന്‍ജെക്ഷന്‍ ചെയ്യുന്നത് താന്‍ കണ്ടില്ലെന്നും എന്നാല്‍ മരണത്തിന് തൊട്ടുമുമ്പ് താനും നെരൂദയും മാത്രമുള്ള സമയത്ത് അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും അരായ പറഞ്ഞിരുന്നു. 2013ല്‍ നെരൂദയുടെ ഭൗതികാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് പരിശോധിക്കാനും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും ജഡ്ജി മാരിയോ കരോസ ഉത്തരവിട്ടു. കാനഡയിലേയും ഡെന്മാര്‍ക്കിലേയും ലബോറട്ടറികളിലാണ് പരിശോധന നടത്തിയത്.

നെരൂദയുടെ ഭൗതികാവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ മാരകമായ ബാക്ടീരിയകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. കാന്‍സറാണ് മരണകാരണം എന്നാണ് അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കാഷെസ്യ വിഭാഗത്തില്‍ പെടുന്ന ഇത്തരം കാന്‍സര്‍ ബാധിക്കുന്നവരുടെ ഭാരം വലിയ തോതില്‍ കുറയും. എന്നാല്‍ ഇത് വസ്തുതാപരമല്ലെന്ന് പഠനസംഘത്തിന്റെ ഭാഗവും ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷക-അദ്ധ്യാപകനുമായ ഡോ.നീല്‍സ് മോര്‍ലിംഗ് പറയുന്നു. കാഷെസ്യയുടെ യാതൊരു ലക്ഷണവും നെരൂദയ്ക്കുണ്ടായിരുന്നില്ല. മരിക്കുന്ന സമയത്ത് അദ്ദഹത്തിന് അത്യാവശ്യം നല്ല വണ്ണവും ഭാരവുമുണ്ടായിരുന്നതായും നീല്‍സ് മോര്‍ലിംഗ് ചൂണ്ടിക്കാട്ടുന്നു. ഏതോ തരത്തിലുള്ള അണുബാധ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.

നെരൂദയുടെ സംസ്‌കാരത്തിന് മുന്നോടിയായി നടന്ന വിലാപയാത്ര:


വിഷം കുത്തിവയ്ക്കപ്പെട്ടോ, അങ്ങനെയാണെങ്കില്‍ എന്ത് തരം വിഷം തുടങ്ങിയ കാര്യങ്ങളൊന്നും സ്ഥിരീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇപ്പോള്‍ ലഭ്യമല്ല. കരോസ എന്ന ജഡ്ജിക്ക് മുന്നില്‍ അന്വേഷണ സമിതി തങ്ങളുടെ കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാക്ടീരിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും ഒരു വര്‍ഷത്തേയ്ക്ക് കൂടി അന്വേഷണവുമായി മുന്നോട്ട് പോകാനും പാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അന്വേഷണം പൂര്‍ത്തിയായാല്‍ നെരൂദ കൊല്ലപ്പെട്ടതാണോ, ആണെങ്കില്‍ എങ്ങനെ എന്നൊക്കെ വ്യക്തമാക്കാന്‍ കഴിയും.

വായനയ്ക്ക്: https://goo.gl/XTB9oy

1973 സെപ്റ്റംബര്‍ 11നാണ് നെരൂദയുടെ അടുത്ത സുഹൃത്തായിരുന്ന ചിലി പ്രസിഡന്‍റ് അലെന്‍ഡെ അടക്കം നിരവധി ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പട്ടാള അട്ടിമറി നടക്കുന്നത്. അലെന്‍ഡെ പട്ടാളക്കാരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും അതല്ല, കീഴടങ്ങാന്‍ തയ്യാറല്ലാത്തതിനാല്‍ സ്വയം വെടി വക്കുകയായിരുന്നു എന്നും രണ്ട് വാദങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. അലെന്‍ഡേ സ്വയം വെടി വക്കുകയായിരുന്നു എന്നാണ് ചിലിയില്‍ നിന്നുള്ള ഡോക്യുമെന്‍ററികളും മറ്റും പറയുന്നത്.

Next Story

Related Stories