UPDATES

വിദേശം

വിമാനത്തില്‍ ഒറ്റയാള്‍ പ്രതിഷേധം: അഫ്ഗാന്‍കാരനെ സീഡിഷുകാരി നാടുകടത്തലില്‍ നിന്ന് രക്ഷിച്ചതിങ്ങനെ

“ഈ രാജ്യത്തെ നിയമങ്ങള്‍ മാറണം. എനിക്കവ ഇഷ്ടമല്ല. മനുഷ്യന്മാരെ നരകത്തിലേയ്ക്ക് വിടുന്നത് ശരിയല്ല” – എലിന്‍ എര്‍സണ്‍ പറഞ്ഞു.

അഫ്ഗാനിസ്താന്‍കാരനെ സ്വീഡനില്‍ നിന്ന് നാടുകടത്തുന്നത് സ്വീഡിഷ് വിദ്യാര്‍ത്ഥിനി വിമാനത്തിനകത്തെ ഒറ്റയാള്‍ പ്രതിഷേധത്തിലൂടെ തടഞ്ഞു. ഗോഥന്‍ബര്‍ഗ് എയര്‍പോര്‍ട്ടിലാണ് സംഭവം. തുര്‍ക്കിയിലേയ്ക്കുള്ള വിമാനത്തിലായിരുന്നു അഫ്ഗാന്‍കാരനും വിദ്യാര്‍ത്ഥിയും. അഫ്ഗാന്‍കാരനെ വിമാനത്തില്‍ നിന്ന് പുറത്തെത്തിക്കാതെ താന്‍ സീറ്റിലിരിക്കില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ അധികൃതര്‍ മുട്ടുമടക്കി. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകയുമായ എലിന്‍ എര്‍സണ്‍ ആണ് രാഷ്ട്രീയ അഭയം തേടി സ്വീഡനിലെത്തിയ അഫ്ഗാന്‍കാരന്റെ രക്ഷകയായത്.

വിമാനത്തില്‍ കയറിയ ഉടന്‍ എലിന്‍ എര്‍സണ്‍ ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട് മൊബൈലില്‍ ലൈവ് സ്ട്രീമിംഗ് തുടങ്ങി. അഞ്ച് ലക്ഷത്തോളം ഹിറ്റുകളാണ് എലിന്റെ വീഡിയോയ്ക്ക് ചൊവ്വാഴ്ച കിട്ടിയത്. നിരവധി യാത്രക്കാര്‍ അഫ്ഗാന്‍കാരനോടും എലിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഫ്ഗാന്‍കാരനോട് സഹാനുഭൂതി പ്രകടിപ്പിച്ചും രംഗത്തെത്തി. ഒരു വിമാന ജീവനക്കാരന്‍ ലൈവ് നിര്‍ത്താനും ഇരിക്കാനും എലിനോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും എലിന്‍ തുടരുകയാണ്. ഇതിനിടെ ഇംഗ്ലീഷുകാരനായ ഒരു യാത്രക്കാരന്‍ എലിന്റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ സമയമാണോ ഒരാളുടെ ജീവനാണോ ഏറ്റവും വലുത് എന്ന് എലിന്‍ അയാളോട് ചോദിക്കുന്നു. അഫ്ഗാനിസ്താനില്‍ ആ അഭയാര്‍ത്ഥി ഒട്ടും സുരക്ഷിതനല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ചയയ്ക്കരുതെന്ന് താന്‍ പറയുന്നതെന്ന് എലിന്‍ എര്‍സണ്‍ വ്യക്തമാക്കി. “ഈ രാജ്യത്തെ നിയമങ്ങള്‍ മാറണം. എനിക്കവ ഇഷ്ടമല്ല. മനുഷ്യന്മാരെ നരകത്തിലേയ്ക്ക് വിടുന്നത് ശരിയല്ല” – എലിന്‍ എര്‍സണ്‍ പറഞ്ഞു.

ഏറെ നേരത്തേയ്ക്ക് സംഘര്‍ഷം തുടര്‍ന്നു. എന്നാല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ എലിനെ ബലം പ്രയോഗിച്ച് നീക്കാന്‍ തയ്യാറായില്ല. അവസാനം അഫ്ഗാന്‍കാരനെ പുറത്തിറക്കിയതോടെ വിമാനത്തിലെ യാത്രക്കാര്‍ നിറഞ്ഞ കയ്യടികളോടെ പ്രതികരിച്ചു. സ്വീഡനിലെ ശക്തമായ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ സജീവമാണ് എലിന്‍ എര്‍സണ്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന തീവ്ര വലതുപക്ഷക്കാരായാ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ കുടിയേറ്റ വിരുദ്ധ പ്രചാരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സ്വീഡിഷ് ഗവണ്‍മെന്റിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് രേഖകളില്ലാത്ത കുടിയേറ്റക്കാരേയും രാഷ്ട്രീയ അഭയം തേടിയെത്തുന്നവരേയും നാടുകടത്തുന്ന നടപടികള്‍ സ്വീഡന്‍ ശക്തമാക്കിയിരിക്കുന്നത്. ഈ മാസം മറ്റൊരു അഫ്ഗാന്‍കാരന്‍ വിമാനത്തില്‍ ഉറക്കെ ബഹളമുണ്ടാക്കി പ്രതിഷേധമുയര്‍ത്തി, നാടുകടത്തില്‍ നിന്ന് ഒഴിവായിരുന്നു. ഗോഥന്‍ബര്‍ഗ് വിമാനത്താവളത്തില്‍ തന്നെയാണ് ഇതും സംഭവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍