TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ ആദ്യ സസ്യശാസ്ത്രജ്ഞയായ ഈ മലയാളി വനിതയെ നമ്മള്‍ മറന്നാലും ലോകം മറന്നിട്ടില്ലെന്നതിന് തെളിവാണ് ഈ ലേഖനം

ഇന്ത്യയുടെ ആദ്യ സസ്യശാസ്ത്രജ്ഞയായ ഈ മലയാളി വനിതയെ നമ്മള്‍ മറന്നാലും ലോകം മറന്നിട്ടില്ലെന്നതിന് തെളിവാണ് ഈ ലേഖനം

കേരളത്തില്‍ ഹരിതരാഷ്ട്രീയത്തിനും, വികസനവും പരിസ്ഥിതിയും തമ്മിലുള്ള ആശയസംഘട്ടനത്തിനും തുടക്കം കുറിച്ച സമരമായിരുന്നു സൈലന്റ് വാലി പ്രക്ഷോഭം. സൈലന്റ് വാലിയിലെ കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍, 8.3 ചതുരശ്ര കിലോമീറ്റര്‍ പഴക്കമുള്ള നിത്യഹരിത ഉഷ്ണമേഖലാ വനമേഖല വെള്ളത്തിനടിയിലാക്കാന്‍, 1970-ല്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി സ്‌നേഹികളായ ഒരുകൂട്ടം മനുഷ്യര്‍ അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു. ജാനകി അമ്മാളിനെപ്പോലുള്ള ശാസ്ത്ര പ്രതിഭകളുടെ ഇടപെടലുകള്‍കൂടെ ഉണ്ടായിരുന്നില്ലെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു.

രാജ്യം ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞയെന്ന നിലയില്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ സൈലന്റ് വാലി സംരക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ന് ഇന്ത്യയുടെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സൈലന്റ്വാലി. സിംഹവാലന്‍ കുരങ്ങുകള്‍, വംശനാശഭീഷണി നേരിടുന്ന ഓര്‍ക്കിഡുകള്‍, ആയിരത്തോളം ഇനം പൂച്ചെടികള്‍ തുടങ്ങി ജൈവവൈവിധ്യ കലവറയായി യാതൊരുവിധ കടന്നുകയറ്റങ്ങളുമില്ലാതെ നിലനില്‍ക്കുന്ന രാജ്യത്തെ വനങ്ങളിലൊന്നായി സൈലന്റ് വാലി തലയുയര്‍ത്തി നില്‍ക്കുന്നു.

'ആദ്യത്തെ ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ' എന്നാണ് ജാനകി അമ്മാള്‍ വിളിക്കപ്പെടുന്നത്. ഇന്നും വളര്‍ന്നു പരിലസിച്ചു നില്‍ക്കുന്ന നിരവധി ഹൈബ്രിഡ് വിള ഇനങ്ങള്‍ വികസിപ്പിച്ച പ്രതിഭാധനയായ ശാസ്ത്രജ്ഞയെന്ന നിലയിലാണ് അമ്മാള്‍ ചരിത്രത്തിന്റെ താളുകളില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ചത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനുപകരം നമ്മുടെ രാജ്യത്തുതന്നെ വിളവെടുക്കാന്‍ കഴിയുന്ന നല്ല മധുരമൂറും കരിമ്പുവരെ അവര്‍ വികസിപ്പിച്ചെടുത്തു. പണ്ട് ഇംഗ്ലണ്ടില്‍ വെച്ച് അവര്‍ വികസിപ്പിച്ചെടുത്ത മനോഹരമായ പൂക്കളുള്ള മഗ്‌നോളിയക്ക് അവരുടെ പേരുതന്നെയാണ് നല്‍കിയിരിക്കുന്നത്, മഗ്‌നോളിയ കൊബുസ് 'ജാനകി അമ്മാള്‍' (Magnolia kobus 'Janaki Ammal') എന്ന്. പുതുതായി വികസിപ്പിച്ച മഞ്ഞ-ദളങ്ങളുള്ള റോസിനും ഇപ്പോള്‍ അവരുടെ പേരിട്ടിരിക്കുന്നു. അവരുടെ ഓര്‍മ്മകളുടെ സുഗന്ധം പരത്തി അവയങ്ങനെ വിരിഞ്ഞു നില്‍ക്കുകയാണ്.

ജീവിതത്തിന്റെഅവസാന കാലത്തുപോലും ജൈവലോകത്തെ തന്റെ ഗവേഷണങ്ങളുമായി അവര്‍ നിറഞ്ഞു നിന്നു. ഇന്ത്യയുടെ തനത് സസ്യങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ സംരക്ഷണത്തിനായി അഹോരാത്രം പ്രയത്‌നിച്ചു. ശക്തമായി വാദിച്ചു. ഇതിഹാസം രചിച്ചു. 1897-ല്‍ തലശ്ശേരിയിലായിരുന്നു ജനനം. സബ് ജഡ്ജിയായിരുന്ന ഇ.കെ. കൃഷ്ണനായിരുന്നു പിതാവ്. അച്ഛന്‍ വീട്ടില്‍ ചെറിയൊരു പൂന്തോട്ടം നിര്‍മ്മിച്ചിരുന്നു. വടക്കന്‍ മലബാറിലെ പക്ഷികളെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെയാണ് അമ്മാളിനെ പ്രകൃതിശാസ്ത്രത്തിലേക്ക് അടുപ്പിച്ചത്.

ജാനകി അമ്മാളിനെ ആദരിച്ചുകൊണ്ടും അവരുടെ നേട്ടങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടും പ്രശസ്തമായ അമേരിക്കന്‍ മാഗസിന്‍ സ്മിത് സോണിയന്‍ മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മാള്‍ ആരായിരുന്നുവെന്നും, ഇന്ത്യക്ക് എത്രത്തോളം വിലപ്പെട്ട സംഭാവനകളാണ് അവര്‍ നല്‍കിയതെന്നും ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക് - https://bit.ly/2OzOdLg


Next Story

Related Stories