TopTop

ബാബറി മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടെന്ന് പറയാന്‍ തെളിവില്ല: 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറഞ്ഞത് നുണയെന്ന് പുരാവസ്തു ഗവേഷകര്‍

ബാബറി മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടെന്ന് പറയാന്‍ തെളിവില്ല: 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറഞ്ഞത് നുണയെന്ന് പുരാവസ്തു ഗവേഷകര്‍
ഇന്ന് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 26ാം വാര്‍ഷികമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പ്രചാരണം ശക്തമാക്കാനാണ് ബിജെപിയും സംഘപരിവാറും ലക്ഷ്യമിടുന്നത്. അയോധ്യ-ബാബറി ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രാമക്ഷേത്രം തകര്‍ത്ത് 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ അയോധ്യയില്‍ പള്ളി നിര്‍മ്മിച്ചു എന്നാണ് സംഘപരിവാര്‍ എക്കാലവും നടത്തുന്ന പ്രചാരണം. 2003ല്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയില്‍ നല്‍കിയ വിവരം തങ്ങളുടെ പര്യവേഷണത്തില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നാണ്. എന്നാല്‍ ഇത്തരത്തില്‍ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്നത്തെ പര്യവേഷണത്തില്‍ നിരീക്ഷകരായിരുന്ന രണ്ട് ആര്‍ക്കിയോളജിസ്റ്റുകള്‍ പറഞ്ഞു - ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ആര്‍ക്കിയോളജി പ്രൊഫസര്‍ സുപ്രിയ വര്‍മയും ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം മേധാവി ജയ മേനോനും. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ് ഇരുവരും നിരീക്ഷകരായി എത്തിയിരുന്നത്. എഎസ്‌ഐ അവകാശപ്പെടുന്നത് പോലെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സുപ്രിയ വര്‍മയും ജയ മേനോനും കോടതിയില്‍ പറഞ്ഞത്.

2003ല്‍ ആറ് മാസത്തെ പര്യവേഷണത്തിന് ശേഷം ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നെന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അലഹബാദ് ഹൈക്കോടതിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തട്ടിപ്പാണെന്ന് സുപ്രിയ വര്‍മയും ജയ മേനോനും പറഞ്ഞിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 26ാം വാര്‍ഷികത്തില്‍ ഹഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ വര്‍മ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു. സ്ഥലം കുഴിച്ചു നോക്കുന്നതിന് മുമ്പ് തന്നെ എഎസ്‌ഐ നിഗമനങ്ങളിലെത്തിയിരുന്നു. എല്ലാ ചട്ടങ്ങളും മര്യാദകളും നടപടിക്രമങ്ങളും എഎസ്‌ഐ ലംഘിച്ചു.

2010ല്‍ എഎസ്‌ഐ തെളിവുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പടെ പര്യവേഷണത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ സുപ്രിയ വര്‍മയും ജയ മേനോനും ലേഖനമെഴുതിയിരുന്നു. ബാബര്‍ രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിച്ചു എന്ന് വ്യാഖ്യാനത്തിന് ബലം നല്‍കുന്ന നിഗമനങ്ങള്‍ അവതരിപ്പിക്കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് എഎസ്‌ഐയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് സുന്നി വഖഫ് ബോര്‍ഡ് ആരോപിക്കുന്നു. ഡോ.ബിആര്‍ മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പര്യവേഷണം നടത്തിയത്. ബിആര്‍ മണിയെ അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തെ നാഷണല്‍ മ്യൂസിയം ഡയറക്ടറായി നിയമിച്ചു.

വായനയ്ക്ക്: https://goo.gl/LJcY6r

https://www.azhimukham.com/nation-trial-of-ayodhya-babri-masjid-demolition-case/
https://www.azhimukham.com/i-asked-karsevaks-to-demolish-babrimasjid-says-vedanti-former-bjp-mp/
https://www.azhimukham.com/loneliness-of-advani-the-same-mosque-that-made-his-political-career-might-end-it-too/
https://www.azhimukham.com/news-update-archaeological-survey-of-india-bans-daily-namaz-in-taj-mahal-mosque-except-fridays/
https://www.azhimukham.com/newsupdate-bajrang-dal-activists-conduct-pooja-purification-with-gangajal-tajmahal/

Next Story

Related Stories