Top

അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊല കേസ് അന്വേഷിച്ച വി എല്‍ സോളങ്കി പറയുന്നു, 'ഇന്ത്യയില്‍ നീതി ഇല്ല'

അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊല കേസ് അന്വേഷിച്ച വി എല്‍ സോളങ്കി പറയുന്നു,
തന്നെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നതായി സൊഹ്റാബുദീൻ കേസിന്റെ പ്രഥമിക അന്വേഷണം നടത്തിയ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ വി.എൽ. സോളാങ്കി. സുപ്രീം കോടതി നിർദേശ പ്രകാരം 2009 മുതൽ കിട്ടിക്കൊണ്ടിരുന്ന പോലീസ് സംരക്ഷണം ഒരു മുന്നറിയിപ്പുമില്ലാതെ പിൻവലിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേസിൽ പ്രഥമ സാക്ഷിയായതിനാൽ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്നും പോലീസ് സംരക്ഷണം തുടരണമെന്നും ആവശ്യപ്പെട്ട് ഗുജറാത്ത് ‍ഡിജിപി, സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി, സുപ്രീം കോടതി, ഗുജറാത്ത് ഹൈക്കോടതി, സിബിഐ, മുംബൈ പ്രത്യേക കോടതിയുടെ ജ‍ഡ്ജി തുടങ്ങിയവർക്ക് സൊളാങ്കി നേരത്തെ പരാതി നൽകിയിരുന്നു. പക്ഷേ പരാതി സംബന്ധിച്ച് ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. വിസ്താരത്തിന്റെ ഭാഗമായി കോടതിയിൽ ഹാജരാകാനുള്ള സമ്മൻസ് കിട്ടിയെങ്കിലും തന്റെ പരാതി സംബന്ധിച്ച നടപടികൾ ഉണ്ടാകാതിരുന്നതിനാലാണ് ഹാജരാകാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

"എന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതിനാൽ കേസിന്റെ പ്രഥമ സാക്ഷി ഞാനാണ്. കേസ് വ്യാജ ഏറ്റുമുട്ടലാണെന്നതും തെളിയിക്കപ്പെട്ടതാണ്. അന്ന് കേസ് സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ഞാൻ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് പോലീസ് സംരക്ഷണം പിൻവലിച്ച സാഹചര്യത്തിൽ ജീവൻ അപകടത്തിലാക്കി കോടതിയിൽ ഹാജരാകാൻ എനിക്ക് കഴിയില്ല. കേസിൽ പ്രതികളായവരെല്ലാം കുറ്റവാളികളാണെന്ന് എല്ലാവർക്കുമറിയാം. അവർക്ക് എന്തും ചെയ്യാൻ കഴിയും", ദി കാരവന് നൽകിയ അഭിമുഖത്തിൽ സോളങ്കി പറയുന്നു.

മാനസികമായി എന്നെയും എന്റെ കുടുംബത്തെയും സമ്മർദത്തിലാക്കാനും മൊഴിമാറ്റി പറയിപ്പിക്കാനുമാണോ പോലീസ് സംരക്ഷണം പിൻവലിച്ചതെന്നും കത്തിൽ സോളങ്കി സംശയം പ്രകടിപ്പിച്ചിരുന്നു. ഗുജറാത്ത് പോലീസ് ആർക്കൊപ്പമാണ് നിൽക്കുകയെന്നത് ആർക്കും ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. സൊഹ്റാബുദീൻ കേസിൽ പക്ഷപാതപരമല്ലാതെ റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് തനിക്ക് സ്ഥാനക്കയറ്റങ്ങൾ ലഭിക്കാതിരുന്നതെന്നും ഒരു പോലീസ് ഇൻസ്പെക്ടറായി വിരമിക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റങ്ങൾ കിട്ടിയിട്ടുണ്ട്. എന്റെ ഉത്തരവാദിത്തമാണ് ഞാൻ ചെയ്തത്. അന്വേഷണത്തിൽ പക്ഷപാതിത്വം കാട്ടാത്തിടത്തോളം, ഭരണഘടനയുടെ പരിധി വിട്ട് പ്രവർത്തിക്കാത്തിടത്തോളം എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. എന്നാൽ ഇതാണ് നമ്മുടെ ഇന്ത്യയെന്നും ഇന്ത്യയിൽ നീതിയില്ലെന്നും സോളങ്കി പറയുന്നു.

Also Read: ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതിയുടെ തെറ്റ് മനസിലാക്കാന്‍ ഇസിജിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതി

സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ചിരുന്ന വി എൽ സോളാങ്കി എന്ന റിട്ടയേർഡ് പോലീസ് ഉദ്യേഗസ്ഥനെ സെപ്തംബർ 21നാണ് മുബൈയിലുള്ള സിബിഐ പ്രത്യേക കോടതി ഹാജരാകാന്‍ ഉത്തരവിട്ടത്. നിലവിൽ ജസ്റ്റിസ് എസ്. ജെ. ഷർമ്മയുടെ പരിഗണനയിലാണ് കേസുള്ളത്. ജസ്റ്റിസ് എം. ബി. ഗോസാവി ജഡ്ജ് ആയിരിക്കെ 2014 ഡിസംബറിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. കൂടാതെ കേസിൽ പ്രതി ചേർക്കപ്പെട്ട 16 പേരെയും സിബിഐ പ്രത്യേക കോടതി മുമ്പ് വെറുതെ വിട്ടിട്ടുണ്ട്. ഗുജറാത്ത് പോലീസ് മുൻ ഡെപ്യൂട്ടി ഇൻസ്പെകടർ ജനറൽ ഡി. ജി. വൻസാര, രാജസ്ഥാൻ പോലീസ് സൂപ്പർ ഇൻഡന്റന്റ് ദിനേശ് എം.എൻ, ഗുജറാത്ത് പോലീസ് മുൻ സൂപ്പർ ഇൻഡന്റന്റ് രാജ്കുമാർ പാണ്ഡ്യൻ എന്നിവരുൾപ്പെടുന്നവരെയാണ് കോടതി അന്ന് വെറുതെ വിട്ടത്.

കേസിൽ വി. എൽ. സോളാങ്കി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയുടെ ഭാഗമായാണ് സൊഹ്റാബുദീൻ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2007 ജനുവരിയിൽ ഗുജറാത്ത് പോലീസ് കേസിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തു. മൂന്ന് വർഷങ്ങൾക്ക് ശേഷം സൊഹ്റാബുദീന്റെ സഹോദരൻ റുബാബുദീന്റെ പെറ്റീഷന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. 2010ൽ സിബിഐ ഫയൽ ചെയ്ത ചാർജ്ഷീറ്റിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ അന്നത്തെ ഗുജറാത്ത് സംസ്ഥാന അഭ്യന്തര വകുപ്പ് സഹമന്ത്രിയായിരുന്ന ബിജെപി അദ്ധ്യക്ഷൻ അമിത് ഷായെയും കേസിൽ ഉൾപ്പെടുത്തി. ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിന് ശേഷം സിബിഐ പ്രത്യേക കോടതിയുടെ ജ‍ഡ്ജിയായി എം.ബി. ഗോസാവി ചുമതലയേൽക്കുകയും 2014 ഡിസംബർ 14ന് അമിത് ഷായെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തു. കേസിൽ ഹിയറിങ് തുടങ്ങിയ മാസം തന്നെയാണ് അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഗോസാവി ഉത്തരവ് ഇറക്കിയത്.

Also Read: ഇനി പ്രതീക്ഷയില്ല; എല്ലാം ആസൂത്രിത നാടകം, ചെറിയവരായ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? ജസ്റ്റിസ് ലോയയുടെ കുടുംബം

സിബിഐ തയ്യാറാക്കിയ ചാർജ് ഷീറ്റ് പ്രകാരം 2005 നവംബർ 22ന് ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദീനെയും ഭാര്യ കൗസർബിയെയും സഹപ്രവർത്തകനായ തുൾസിരാം പ്രജാപതിയെയും ഗുജറാത്ത്, രാജസ്ഥാൻ പോലീസ് ഉദ്യോഗസ്ഥർ യാത്രാ മദ്ധ്യേ പിടികൂടുകയായിരുന്നു. അഹമ്മദാബാദിന് അടുത്തുള്ള ഒരു ഫാംഹൗസിൽവെച്ച് നവംബർ 25ന് സൊഹ്റാബുദീൻ കൊല്ലപ്പെട്ടു. അടുത്ത ദിവസം കൗസർബിയും കൊല്ലപ്പെട്ടു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 2006 ഡിസംബറിൽ പ്രജാപതിയും കൊല്ലപ്പെട്ടു. സോളങ്കിയുടെ അന്വേഷണത്തിൽ സൊഹ്റാബുദീനും ഭാര്യയും ബസിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന സഹയാത്രികന്റെ മൊഴി കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്.

സോളങ്കിയെ മെരുക്കാൻ കഴിയാത്തതിൽ അമിത് ഷാ അസ്വസ്ഥനായിരുന്നുവെന്നും അതിന്റെ പേരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി ശകാരിച്ചിരുന്നുവെന്നും ഒരു ഉന്നത പോലീസ് ഉദ്യേഗസ്ഥൻ സിബിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. കേസിലുള്ള അന്വേഷണം നിർത്താൻ ആവശ്യപ്പെട്ടിട്ടും തുൾസിറാം പ്രജാപതിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിലായിരുന്നു അന്ന് അമിത് ഷാ അസ്വസ്ഥത പ്രകടിപ്പിച്ചത്.

വ്യാജ ഏറ്റുമുട്ടലില്‍ അമിത് ഷായ്കും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കും ബന്ധമുണ്ട് എന്നത് താങ്കളുടെ അന്വേഷണത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം അന്വേഷണത്തില്‍ ഇരിക്കുന്ന കാര്യങ്ങളാണെന്നും അതേ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല എന്നുമാണ് സൊളാങ്കി പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ നീതിയില്ല എന്ന മറുപടിയാണ് സൊളാങ്കി നല്‍കിയത്.

വിശദ വായനയ്ക്ക്: ദി കാരവന്‍

https://www.azhimukham.com/edit-rajya-sabha-chairman-undemocratic-decision-to-reject-notice-for-impeachment-against-cji-dipak-misra/

https://www.azhimukham.com/trending-india-terrorcases-verdicts/

https://www.azhimukham.com/india-failings-of-justice-loya-case-supremecourt-verdict-by-harthoshsinghbal/

https://www.azhimukham.com/update-we-are-dissappointed-helpless-justiceloya-relatives/

Next Story

Related Stories