TopTop
Begin typing your search above and press return to search.

ഒന്നാം ലോകയുദ്ധ കാലത്ത് ബ്രിട്ടൻ്റെ പേടിസ്വപ്‌നമായിരുന്നു ജര്‍മ്മനിയുടെ ആ യുദ്ധക്കപ്പല്‍, 'എമണ്ടൻ' എന്ന വാക്കിന് പിന്നിലെ കഥ

ഒന്നാം ലോകയുദ്ധ കാലത്ത് ബ്രിട്ടൻ്റെ പേടിസ്വപ്‌നമായിരുന്നു ജര്‍മ്മനിയുടെ ആ യുദ്ധക്കപ്പല്‍, എമണ്ടൻ എന്ന വാക്കിന് പിന്നിലെ കഥ

ഒന്നാം ലോകയുദ്ധ കാലത്ത് ബ്രിട്ടൻ്റെ പേടിസ്വപ്‌നമായിരുന്നു ജര്‍മ്മനിയുടെ എസ്എംഎസ് എംഡന്‍ എന്ന യുദ്ധക്കപ്പല്‍. ചരിത്രപാഠപുസ്തകങ്ങളില്‍ എംഡന്‍ എന്ന യുദ്ധക്കപ്പലിനൊപ്പം വീരസാഹസികനായി നിറഞ്ഞുനിന്ന പേര് ഒരു മലയാളിയുടേതാണ്. തിരുവനന്തപുരം സ്വദേശിയായ ചെമ്പകരാമന്‍ പിള്ള. 1914ല്‍ ഒന്നാം ലോകയുദ്ധത്തിനിടെ എംഡന്‍ മദ്രാസ് ആക്രമിച്ചിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ ജര്‍മ്മന്‍കാരനായ മുള്ളര്‍ക്കൊപ്പം നിന്ന് ആക്രമണ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് ചെമ്പകരാമന്‍ പിള്ളയായിരുന്നു. ആക്രമണസമയത്ത് പിള്ളി കപ്പലിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബം അത് ഉറപ്പിച്ച് പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തില്‍ ജനിച്ച ചെമ്പകരാമന്‍ പിള്ള ബാല്‍ ഗംഗാധര്‍ തിലകില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായത്. തിരുവനന്തപുരത്ത് വച്ച് ഒരു ബ്രിട്ടീഷ് ധനികനെ പരിചയപ്പെട്ടത് പിള്ളയുടെ ജീവിതത്തില്‍ വഴിത്തിരിവായി. സര്‍ വാള്‍ട്ടര്‍ സ്ട്രിക്ക്‌ലാന്‍ഡ് ആണ് ചെമ്പകരാമന്‍ പിള്ളയ്ക്ക് യൂറോപ്യന്‍ യാത്രക്ക് പണം നല്‍കിയത്. ആദ്യം ഇറ്റലിയിലും പിന്നീട് സ്വിറ്റ്‌സര്‍ലാന്‍ഡിലും അവിടെ നിന്ന് ജര്‍മ്മനിയിലുമെത്തി. പിന്നെ മരണം വരെ അവിടെ. സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള മറ്റ് വിപ്ലവകാരികളെ പോലെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള ഇന്ത്യയുടെ മോചനത്തിനായുള്ള സായുധ പോരാട്ടത്തിന് ജര്‍മ്മനിയുടെ സഹായം തേടുക എന്നതായിരുന്നു ചെമ്പകരാമന്‍ പിള്ളയുടേയും ലക്ഷ്യം.

ചരിത്രകാരന്മാര്‍ ചെമ്പകരാമന്‍ പിള്ളയെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെറിന്റര്‍ ഗ്രോവര്‍, റിച്ചാര്‍ഡ് ജയിംസ്, സി രാജമോഹന്‍, എ ശ്രീധര മേനോന്‍ തുടങ്ങിയവരെല്ലാം ചെമ്പകരാമന്‍ പിള്ളയുടെ സംഭാവനകളെക്കുറിച്ച് പറയുന്നു. 1914 ഒക്ടോബറില്‍ ബെര്‍ലിനിലെത്തിയ ചെമ്പകരാമന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബെര്‍ലിന്‍ കമ്മിറ്റിയും ഇന്റര്‍നാഷണല്‍ പ്രോ ഇന്ത്യ കമ്മിറ്റിയും മറ്റും രൂപം കൊണ്ടു. 1914-17കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പിള്ളയടക്കമുള്ളവര്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ ഹിന്ദു-ജര്‍മ്മന്‍ ഗൂഢാലോചന എന്നറയിപ്പടുന്നു. ഇതിന്റെ ഭാഗമായാണ് പ്രവാസി ഇന്ത്യന്‍ വിപ്ലവകാരികള്‍ 1915 ഡിസംബറില്‍ കാബൂളില്‍ പ്രവിശ്യാസര്‍ക്കാരിന് രൂപം നല്‍കിയത്. മൗലാന ബര്‍ക്കത്തുള്ള പ്രധാനമന്ത്രിയും ചെമ്പകരാമന്‍ പിള്ള ആഭ്യന്തര മന്ത്രിയുമായിരുന്നു. 20,000 തുര്‍ക്കി, ജര്‍മ്മന്‍ സൈനികരെ അഫ്ഗാനിസ്താനിലേയ്ക്ക് കൊണ്ടുവന്ന് ഇന്ത്യന്‍ വിപ്ലവത്തിന് സഹായം തേടാനായിരുന്നു പദ്ധതി.

നാല് വര്‍ഷം ചൈനയിലും മറ്റുമായും സേവനം നടത്തിയിരുന്ന എംഡന്‍ അടങ്ങുന്ന ഷിപ്പ് സ്‌ക്വാഡ്രണെ ദക്ഷിണ അമേരിക്കന്‍ തീരത്തേയ്ക്ക് വിടാനായിരുന്നു ജര്‍മ്മന്‍ അഡ്മിറല്‍ മാക്‌സ്മില്ലിയന്റെ പദ്ധതി. എന്നാല്‍ എംഡന്റെ ക്യാപ്റ്റനായ കാള്‍ ഫ്രെഡ്‌റിച്ച് മാക്‌സ് വോണ്‍ മുള്ളറിന് ഉണ്ടായിരുന്ന മറ്റ് ചില വന്യമായ പദ്ധതികളായിരുന്നു. എംഡന്‍ സക്വാഡ്രണില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി ഇന്ത്യന്‍ സമുദ്രത്തില്‍ പ്രവര്‍ത്തിക്കുക. ഇത് വളരെ സാഹസികവും അപകടകരവുമായ പദ്ധതിയായിരുന്നു. എന്നാല്‍ അവസാനം ഇതിന് സേനാനേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. ശത്രുസേനയുടെ സ്വാധീനമേഖലയില്‍ എംഡന്‍ ഒറ്റയ്ക്ക്. തിരക്കുള്ള സമുദ്രവ്യാപാര മേഖലയില്‍ ബ്രിട്ടീഷ് കപ്പലുകളെ ആക്രമിക്കുകയായിരുന്നു ക്യാപ്റ്റന്‍ മുള്ളറിന്റെ ലക്ഷ്യം. കൊളംബോ - കല്‍ക്കട്ട റൂട്ടില്‍, ബ്രിട്ടീഷ് ഇന്ത്യയിലേയ്ക്ക് കല്‍ക്കരിയുമായി വന്ന ഗ്രീക്ക് കപ്പല്‍ പോണ്ടോപോറോസിനെ എംഡന്‍ ആക്രമിച്ചു. തൊട്ടടുത്ത ദിവസം കല്‍ക്കട്ടയില്‍ നിന്ന് ബോംബെയിലേയ്ക്ക് ബ്രിട്ടീഷ് സൈനകരെ കൊണ്ടുപോയ ഇന്‍ഡസ് എന്ന കപ്പലാണ് എംഡന്റെ ആക്രമണത്തിന് ഇരയായത്. ലൊവാത് എന്ന കപ്പലും എംഡന്‍ മുക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കില്ലിന്‍, ഡിപ്ലോമാറ്റ്, ട്രാബ് ബോക്ക്, ക്ലാന്‍ മേത് സണ്‍ തുടങ്ങിയ കപ്പലുകള്‍. അതേസമയം തകര്‍ക്കുന്ന കപ്പലുകളിലുള്ളവര്‍ കൊല്ലപ്പെടാതെ, അവരെ രക്ഷിക്കാന്‍ എല്ലായ്‌പ്പോളും ക്യാപ്റ്റന്‍ മുള്ളര്‍ ശ്രമിച്ചിരുന്നു. ചോരയൊഴുക്കാതെ, ശത്രുവിന്റെ കപ്പലുകള്‍ തകര്‍ക്കുക എന്ന രീതി.

ഒന്നാം ലോകയുദ്ധത്തിനിടെ 1914 സെപ്റ്റംബര്‍ 22ന് ക്യാപ്റ്റന്‍ കാള്‍ വോണ്‍ മുള്ളര്‍ നിയന്ത്രിച്ച എംഡന്‍ മദ്രാസില്‍ ബോംബിടാനെത്തി. നേരം ഇരുട്ടി തുടങ്ങിയ സമയത്ത്. ഈ സമയം ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ഹാര്‍ബറിലുണ്ടായിരുന്നു. . 130 റൗണ്ടോളം വെടി വച്ചു. അഞ്ച് എണ്ണ ടാങ്കുകള്‍ക്ക് നേരെ വെടിവയ്പുണ്ടായി. രണ്ടെണ്ണം കത്തി. മദ്രാസ് നഗരത്തില്‍ ആകെ അരാജകത്വം. ജനങ്ങള്‍ ഭീതിയിലായി. വ്യാപാരം സ്തംഭിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. എങ്ങും എംഡനെക്കുറിച്ചുള്ള കഥകള്‍. ഒന്നാം ലോകയുദ്ധത്തില്‍ ഒരു ഇന്ത്യന്‍ നഗരത്തിന് നേരെയുള്ള ആദ്യ ആക്രമണമായിരുന്നു അത്. തമിഴിലും മലയാളത്തിലും പുതിയ വാക്കുകളുണ്ടായി. മലയാളത്തില്‍ എമണ്ടന്‍ എന്ന വാക്ക് തന്നെ വന്നത് ഈ കപ്പലിന്റെ പേരില്‍ നിന്നാണ്. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള കോക്കോസ് ഐലാന്‍ഡിലെ ബ്രിട്ടീഷ് സേനാകേന്ദ്രം ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ എംഡനെ എച്ച്എഎംഎസ് സിഡ്‌നി എന്ന ഓസ്‌ട്രേലിയന്‍ കപ്പലാണ് അവസാനം തകര്‍ത്തത്.

ഒന്നാം ലോകയുദ്ധത്തിന് ശേഷം ചെമ്പകരാമന്‍ പിള്ള യൂറോപ്പില്‍ തന്നെ തുടര്‍ന്നു. ഒരു വിപ്ലവശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഒരു ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചു. 1933ല്‍ വിയന്നയില്‍ വച്ച് സുഭാഷ് ചന്ദ്ര ബോസിനെ കണ്ടു. ഐഎന്‍എ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) രൂപീകരിക്കുകയെന്ന ആശയം സുഭാഷ് ചന്ദ്രബോസുമായി പങ്കുവച്ചവരില്‍ ഒരാള്‍ ചെമ്പകരാമന്‍ പിള്ളയാണ് എന്ന് എ സര്‍വേ ഓഫ് കേരള ഹിസ്റ്ററി എന്ന പുസ്തകത്തില്‍ എ ശ്രീധര മേനോന്‍ പറയുന്നു. ഇന്ത്യക്കാരെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ഹിറ്റ്‌ലര്‍ മാപ്പ് പറയണമെന്ന് ചെമ്പകരാമന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു. ക്ഷമ ചോദിച്ചുകൊ്ടുള്ള കത്ത് പിള്ളയ്ക്ക് ലഭിച്ചു. എന്നാല്‍ 1934ല്‍ ബെര്‍ലിനില്‍ പിള്ള മരിച്ചത് നാസികള്‍ വിഷം നല്‍കിയിട്ടാണ് എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ചിതാഭസ്മം കേരളത്തില്‍ പുഴയിലൊഴുക്കി. മണിപ്പൂരുകാരിയായ ഭാര്യ ലക്ഷ്മിഭായ് ആണ് ചിതാഭസ്മവുമായി ഇന്ത്യയിലെത്തിയത്. ആദ്യം ബോംബെയിലും അവിടെ നിന്ന് തിരുവനന്തപുരത്തും. ചിതാഭസ്മം ഔദ്യോഗിക ചടങ്ങുകളോടെ കരമനയാറ്റിലൊഴുക്കി.


Next Story

Related Stories