TopTop
Begin typing your search above and press return to search.

'സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഞ്ചാവ് നിരോധനം നീക്കുക'

സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഞ്ചാവ് നിരോധനം നീക്കുക

കോവിഡ് മഹാമാരി ഇന്ത്യയില്‍ ആരെയാണ് ഏറ്റവും കൊടിയ നിലയില്‍ ബാധിക്കുക എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ദരിദ്രരായ ജനങ്ങള്‍. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കെ സുബ്രഹ്മണ്യം പറയുന്നത് വെച്ചു നോക്കിയാല്‍ കാര്യമായ ഒരു ഉത്തേജകം നല്‍കാനുള്ള വകുപ്പ് ഇന്ത്യക്ക് ഇന്നില്ല. വലിയ സാമ്പത്തിക വ്യവസ്ഥകള്‍ ചെയ്യുന്ന മാതൃക നമുക്ക് പിന്തുടരാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഗ്രാമീണരായ ദരിദ്രരുടെ കൈകളില്‍ പണമെത്തിക്കുകയാണ് വലിയ സാമ്പത്തിക ദുരന്തവും മാനുഷികദുരന്തവും ഒഴിവാക്കാനുള്ള ആദ്യത്തെ വഴിയെന്ന് നോബല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജി അടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍ പണം സര്‍ക്കാരില്‍ നിന്ന് നേരില്‍ ദരിദ്രരുടെ കൈകളിലെത്തിക്കുക എന്ന പ്രവര്‍ത്തനത്തിന് നിലവില്‍ കേന്ദ്രം തയ്യാറല്ല.

എങ്കില്‍ സാധാരണക്കാരുടെ കൈകളില്‍ പണമെത്തിക്കാന്‍ മറ്റെന്ത് പോംവഴിയാണുള്ളത്? മദ്രാസ് കൊറിയറില്‍ തേജസ്വി നന്ദൂരി എഴുതിയ ലേഖനത്തില്‍ വിചിത്രമെന്ന് ഒറ്റവായനയില്‍ തോന്നാവുന്ന ഒരു പോംവഴി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇന്ത്യയില്‍ കഞ്ചാവിന്റെ കൃഷിയും പ്രോസസിങ്ങും വില്‍പനയും കയറ്റുമതിയും നിയമവിധേയമാക്കുക!

തന്നെ കഞ്ചാവടിയന്‍ എന്ന് വിളിക്കുന്നതിനു മുമ്പ് തന്റെ വാദങ്ങള്‍ കേള്‍ക്കണമെന്ന് തേജസ്വി പറയുന്നു. അദ്ദേഹം പറയുന്ന കാരണം ഇതാണ്. ഈ മാര്‍ഗം മാത്രമാണ് ഇന്ത്യയുടെ മുമ്പിലുള്ള ഏറ്റവും ചെലവ് ചുരുങ്ങിയ രക്ഷപ്പെടല്‍ മാര്‍ഗം. ഇതിന് മറ്റൊന്നും ആവശ്യമില്ല. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് നിയമത്തില്‍ ഒരു ഭേദഗതി മാത്രം മതി.

1894ലാണ് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയിലെ കഞ്ചാവ് വിപണിയെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. 3281 പേജ് വരുന്ന ആ പഠനം ഈ വിഷയത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വിശദമായ പഠനങ്ങളിലൊന്നാണ്. ദി ഇന്ത്യന്‍ ഹെംപ് കമ്മീഷന്റെ ഈ റിപ്പോര്‍ട്ട് പറഞ്ഞത് കഞ്ചാവ് ഗൗരവപ്പെട്ട ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും ഇന്ത്യയില്‍ ഇവയുടെ ഉപയോഗത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ടടെന്നുമായിരുന്നു. ഇക്കാരണത്താല്‍ തന്നെ കഞ്ചാവുപയോഗം നിരോധിക്കേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

1985 വരെ ഇന്ത്യയില്‍ കഞ്ചാവ് നിയമവിരുദ്ധമായിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യക്ക് നിരോധനം നടപ്പാക്കേണ്ടി വന്നു. ഒരുകാലത്ത് അമേരിക്കയുടെ പ്രധാന കയറ്റുമതികളിലൊന്നായിരുന്ന കഞ്ചാവിനെ അവര്‍ നിരോധിക്കാനിടയായതിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. 1933ല്‍ ആല്‍ക്കഹോള്‍ നിരോധനം നീക്കിയതിനു പിന്നാലെയാണ് കഞ്ചാവിനെ വലിയൊരു അപകടമായി ചിത്രീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. നാര്‍കോടിക്സ് ഉദ്യോഗസ്ഥനായ ഹാരി അന്‍സ്ലിംഗറിന്റെ നേതൃത്വത്തിന്റെ സമയത്ത് യുഎസ്സില്‍ ഈ പ്രചാരണം ശക്തമായി. അക്കാലത്ത് മെക്സിക്കന്‍ കുടിയേറ്റക്കാരാണ് കഞ്ചാവ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.

1800കളുടെ തുടക്കത്തില്‍പ്പോലും യുഎസ്സില്‍ കഞ്ചാവിന് നിരോധനമുണ്ടായിരുന്നില്ല. 1876ല്‍ കഞ്ചാവിന്റെ ഉപയോഗഗുണങ്ങളെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം പോലും വരികയുണ്ടായി. പ്രശ്നം തുടങ്ങുന്നത് 1900ത്തിനു ശേഷമാണ്. ഈ പതിറ്റാണ്ടില്‍ മെക്സിക്കന്‍ കുടിയേറ്റം ശക്തമായിത്തീര്‍ന്നു. ഇവര്‍ കഞ്ചാവ് വ്യാപകമായി ഉപയോഗിച്ചിരുന്നു. മെക്സിക്കന്‍ കുടിയേറ്റത്തിനെതിരെ നടന്ന വംശീയ പ്രചാരണങ്ങളില്‍ അവരുടെ കഞ്ചാവ് ഉപയോഗവും ഉള്‍പ്പെട്ടിരുന്നു. അക്കാലത്ത് മെക്സിക്കന്‍ കുടിയേറ്റക്കാരെ ക‍ഞ്ചാവ്, അക്രമം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്ന ചില സിനിമകള്‍ വരെ പുറത്തിറങ്ങുകയുണ്ടായി.

ദേശവ്യാപകമായി കഞ്ചാവിനെതിരായ പ്രചാരണങ്ങളും സര്‍ക്കാര്‍ നീക്കങ്ങളും നടക്കാന്‍ തുടങ്ങി. റിച്ചാര്‍ഡ് നിക്സണ്‍ പ്രസിഡണ്ടായപ്പോള്‍ 'മയക്കുമരുന്നിനെതിരായ യുദ്ധം' പ്രഖ്യാപിക്കപ്പെട്ടു. ലോകം മുഴുവന്‍ കഞ്ചാവ് നിരോധിക്കപ്പെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴിപ്പെട്ടു. 1985ല്‍ ഇന്ത്യയില്‍ കഞ്ചാവ് നിരോധിക്കപ്പെട്ടു. രസകരമായ ഒരു സംഗതി, ഇന്ത്യ യുഎസ്സിന്റെ സമ്മര്‍ദ്ദത്തില്‍ കഞ്ചാവ് നിരോധിക്കുകയും അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തപ്പോള്‍ യുഎസ് അത്തരം നിരോധനങ്ങളെല്ലാം നീക്കി എന്നതാണ്. ഇന്ന് മെഡിക്കല്‍ ഉപയോഗങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാണ് യുഎസ്സില്‍. ചില ക‍ഞ്ചാവ് കമ്പനികള്‍ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പട്ടികപ്പെടുത്തപ്പെടുക വരെയുണ്ടായി.

യുഎസ് സര്‍ക്കാരിന്റെ വലിയൊരു വരുമാനമാര്‍ഗമാണ് അവിടുത്തെ ക‍ഞ്ചാവ് വിപണി. നെതര്‍ലാന്‍ഡ്സ് പോലുള്ള രാജ്യങ്ങള്‍ ക‍ഞ്ചാവുപയോഗം മാത്രം വെച്ച് വലിയൊരു വിഭാഗം ലോക ടൂറിസ്റ്റുകളെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നു.

എന്തുകൊണ്ടാണ് കഞ്ചാവിനോടുള്ള എതിര്‍പ്പ് യുഎസ് മാറ്റിവെച്ചതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക‍ഞ്ചാവിന്റെ ദോഷങ്ങളെപ്പറ്റി മുന്‍കാലങ്ങളില്‍ നടന്ന പ്രചാരണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ടതാണ് കാരണം. ഇതിനര്‍‌ത്ഥം കഞ്ചാവിന് ദോഷങ്ങളില്ലെന്നല്ല. ഇപ്പോള്‍ പറഞ്ഞു കയറ്റി വെച്ചിരിക്കുന്ന അത്രയുമില്ലെന്നതാണ് വസ്തുത.

സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്ന ഈ കൊറോണക്കാലത്ത് അമേരിക്കന്‍ വംശീയ പ്രചാരണങ്ങള്‍ക്ക് വഴങ്ങി നാമെത്തിച്ചേര്‍ന്ന നിരോധനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നമുക്ക് കഴിയണം. ഇന്ത്യയിലെ പ്രത്യേക ജനിതക വിശേഷമുള്ള കഞ്ചാവിന് ആഗോള വിപണിയില്‍ വലിയ ഡിമാന്‍ഡുള്ളത് തിരിച്ചറിയണം. പലതരം രോഗങ്ങള്‍ക്ക് ഇത് മരുന്നാകുന്നതും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതുകൂടാതെ, കാന്‍സര്‍, ഡിപ്രഷന്‍, ആല്‍ക്കഹോളിസം, ചില നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് അടിപ്പെട്ടവര്‍ ചികിത്സാവശ്യത്തിന് കഞ്ചാവ് ലഭിക്കാതെ പ്രയാസപ്പെടുന്നതും കാണേണ്ടതുണ്ട്.

കൂടുതല്‍ വായിക്കാം.


Next Story

Related Stories