TopTop
Begin typing your search above and press return to search.

വീട്ടുജോലിക്ക് പോയ ഈ കോഴിക്കോട്ടുകാരി പേര്‍ഷ്യന്‍ കടലിടുക്കിലെ ദ്വീപില്‍ അകപ്പെട്ടിട്ട് 75 ദിവസം; ഭാഷയും ദേശവുമറിയാതെ, ഭക്ഷണം ശരിയായി കിട്ടാതെ ദുരിതത്തില്‍

വീട്ടുജോലിക്ക് പോയ ഈ കോഴിക്കോട്ടുകാരി പേര്‍ഷ്യന്‍ കടലിടുക്കിലെ ദ്വീപില്‍ അകപ്പെട്ടിട്ട് 75 ദിവസം; ഭാഷയും ദേശവുമറിയാതെ, ഭക്ഷണം ശരിയായി കിട്ടാതെ ദുരിതത്തില്‍

ഈ വാര്‍ത്ത ഞാന്‍ എഴുതുമ്പോള്‍ പികെ വല്‍സല ഇറാനിയന്‍ ദ്വീപായ കിഷില്‍ കുടുങ്ങിയിട്ട് 75 ദിവസം പിന്നിട്ടിരിക്കുന്നു. കേരളത്തില്‍ നിന്നും വീട്ടുജോലി ചെയ്യാന്‍ ഇറാനിലേക്ക് പോയതാണ് വല്‍സല. ഇപ്പോള്‍ പേര്‍ഷ്യന്‍‍ കടലിടുക്കിലുള്ള ഇറാനിയന്‍ ദ്വീപായ കിഷില്‍ ഒരു ഹോട്ടലില്‍ കഴിയുന്നു. പേര്‍ഷ്യന്‍ ഭാഷയോ അറബിയോ ഒന്നും അവര്‍ക്കറിയില്ല. മലയാളവും അല്‍പം ഹിന്ദിയും മാത്രമാണ് കൈകാര്യം ചെയ്യാന്‍ കഴിയുക. അഞ്ച് പേരോട് മാത്രമാണ് അവര്‍ ഈ കാലയളവില്‍ സംസാരിച്ചത്. അവരിലൊരാള്‍ ഈ ലേഖകനാണ്. ഒമാനില്‍ നിന്നുള്ള ലോക കേരള സഭാംഗമായ തയ്യില്‍ ഹബീബാണ് മറ്റൊരാള്‍. ഒമാനിലെ ചാരിറ്റി പ്രവര്‍ത്തകയായ സരസ്വതി മഞ്ജു, കേരളത്തിലെ ഒരു സൈക്കോളജിസ്റ്റായ മിനി മോഹന്‍, കിഷ് ദ്വീപില്‍ ജോലി ചെയ്യുന്ന മലയാളി മനു മോഹന്‍ എന്നിവരാണ് മറ്റുള്ളവര്‍.

മനുവിനെ എനിക്ക് പരിചയപ്പെടുത്തിയത് മസ്കറ്റിലെ നിഷാന്ത് ജേക്കബ്ബാണ്. നിഷാന്തിന്റെ കസിനാണ് മനു. ഞാന്‍ വല്‍സലയുടെ ദുരവസ്ഥ പറഞ്ഞ് ഫേസ്ബക്കില്‍ പോസ്റ്റിട്ടപ്പോള്‍ നിഷാന്താണ് തന്റെ കസിന്‍ സ്ഥലത്തുണ്ടെന്നും അയാള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നും പറഞ്ഞത്.

വല്‍സല ഒരു വിസിറ്റ് വിസയിലാണ് ഒമാനിലേക്ക് എത്തിയത്. ജോലി തേടുകയായിരുന്നു ഉദ്ദേശ്യം. ജോലി കണ്ടെത്തിയപ്പോള്‍ ജോബ് വിസ സംഘടിപ്പിക്കുക എന്ന പ്രശ്നം വന്നു. ഇതിനായി വല്‍സലയുടെ തൊഴിലുടമ അവരെ കിഷ് ദ്വീപിലേക്ക് അയച്ചു. വിസിറ്റ് വിസയില്‍ വന്നതിനു ശേഷം അത് ജോബ് വിസയാക്കി മാറ്റാന്‍ രാജ്യത്തിനു പുറത്തേക്ക് പോയി വേണം അത് ചെയ്ത് തിരിച്ചുവരാന്‍. പണം ചെലവാക്കാന്‍ കഴിയുന്നവര്‍ ദുബായിലേക്ക് പോകുകയും അവിടെ നിന്ന് വിസ മാറ്റി തിരിത്തു വരിയാണ് ചെയ്യാറ്. പണമില്ലാത്തവര്‍ കുറെക്കൂടി ചെലവ് കുറഞ്ഞ ഏര്‍പ്പാടെന്ന നിലയില്‍ കിഷ് ദ്വീപിലേക്ക് പോകുന്നു.

ഒമാനിലെ തൊഴിലുടമ വല്‍സലയെ ഫെബ്രുവരിയിലാണ് കിഷിലേക്ക് പറഞ്ഞയച്ചത്. ഫെബ്രുവരി 26ന് തിരിച്ചെത്താനുള്ള ഒരു ടിക്കറ്റും കൈയിലുണ്ടായിരുന്നു. എന്നാല്‍ വല്‍സല കിഷ് ദ്വീപിലെത്തിയ ശേഷം ഇറാനില്‍ കൊവിഡ് പകര്‍ച്ച രൂക്ഷമാകുകയും നിയന്ത്രണങ്ങള്‍ നിലവില്‍ വരികയും ചെയ്തു. വിമാനങ്ങള്‍ റദ്ദാക്കിയതോടെ വല്‍സല, എങ്ങോട്ടും പോകാനില്ലാതെ, ആരെയും വിളിക്കാനില്ലാതെ ദ്വീപില്‍ കുടുങ്ങി.

"ആദ്യത്തെ കുറച്ചു ദിവസം എന്റെ അറബാബ് സഹായിക്കുന്നുണ്ടായിരുന്നു. കോവിഡ് പ്രശ്നം ഉടന്‍ അവസാനിക്കുമെന്നും എനിക്ക് വേഗം തിരിച്ചുപോകാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഇപ്പോള്‍ രണ്ടു മാസത്തിലധികമായി ഞാനിവിടെ കുടുങ്ങിക്കിടക്കുന്നു. എനിക്ക് നല്ല ക്ഷീണമുണ്ട്. വല്ലാതെ തളരുന്നുണ്ട്. ചില ദിവസങ്ങളില്‍ ഭക്ഷണം പോലും കിട്ടുന്നില്ല," വല്‍സല ആദ്യം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണിവ. മാര്‍ച്ച് മാസത്തിന്റെ രണ്ടാംവാരത്തിലാണ് ഹബീബ് എന്നെ വിളിച്ച് വല്‍സലയുടെ ദുരവസ്ഥ പറയുന്നത്. കോഴിക്കോട്ടുകാരിയാണ് വല്‍സല. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയല്ല വല്‍സല ഒമാനിലെത്തിയത്. എന്നിരിക്കിലും നല്ലൊരു തൊഴിലുടമയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ, കോവിഡ് എല്ലാം തകിടം മറിച്ചു.

ഞാന്‍ വല്‍സലയെ വിളിക്കുമ്പോള്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ടെഹ്റാനില്‍ നിന്ന് എമര്‍ജന്‍സി ഫ്ലൈറ്റുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ കൊണ്ടു വരുന്നുണ്ടായിരുന്നു. പക്ഷെ, വല്‍സല ചെന്നു പെട്ടത് ടെഹ്റാനില്‍ നിന്നും ആയിരം കിലോമീറ്റര്‍ ദൂരെയുള്ള കിഷ് ദ്വീപിലായിപ്പോയി. ഇറാനില്‍ അതിനകം ആഭ്യന്തര വിമാനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

മാര്‍ച്ച് മാസം അവസാനത്തില്‍ വല്‍സല എന്നെ വിളിക്കുമ്പോള്‍ കൈയിലെ പൈസ തീര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ അറബാബും പണത്തിനായി ബുദ്ധിമുട്ടുകയായിരുന്നു. ഒരുമാസത്തോളമായി അദ്ദേഹം പണം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഹോട്ടലിന്റെ വാടകയും ഭക്ഷണത്തിനുള്ള പണവുമെല്ലാം അദ്ദേഹം അടച്ചു കൊണ്ടിരുന്നു. പക്ഷെ ഒമാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ വരുമാനവും മുട്ടി.

www.thelede.inലെ റെജിമോന്‍ കുട്ടപ്പന്റെ റിപ്പോര്‍ട്ടില്‍ നിന്ന്. കൂടുതല്‍ വായിക്കാം


Next Story

Related Stories