TopTop
Begin typing your search above and press return to search.

നരേന്ദ്ര മോദിയുടെ 'ഗുജറാത്ത് മോഡലി'ല്‍ കൊറോണ മരണനിരക്ക് ഏറ്റവും കൂടുതലാകുന്നത് എന്തുകൊണ്ട്?

നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡലില്‍ കൊറോണ മരണനിരക്ക് ഏറ്റവും കൂടുതലാകുന്നത് എന്തുകൊണ്ട്?

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏപ്രില്‍ 7ന് വൈകീട്ട് പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം ഗുജറാത്ത് സംസ്ഥാനം കൊവിഡ്-19 മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ്. ഗുജറാത്തില്‍ ആകെയുണ്ടായിട്ടുള്ള രോഗബാധ 165 ആണ്. ഇതില്‍ 13 മരണങ്ങളും നടന്നു. സംസ്ഥാനത്തെ മരണനിരക്ക് 7.88 ശതമാനം. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 2.87 ശതമാനമാണെന്നിരിക്കെയാണിത്.

ഗുജറാത്തിലെ ഈ ഉയര്‍ന്ന മരണനിരക്ക് സംസ്ഥാനത്തിന്റെ പൊതു ആരോഗ്യസംവിധാനങ്ങളുടെ പരിതാപകരമായ അവസ്ഥയെയാകാം പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യാരാജ്യം ഒന്നടങ്കം പിന്തുടരേണ്ടുന്ന മാതൃകയായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്ന സംസ്ഥാനമാണ് ഗുജറാത്ത് (ഗുജറാത്ത് മോഡല്‍) എന്നതിനാല്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം മാത്രമാണ് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകമായ സംവിധാനങ്ങള്‍ ആശുപത്രികളില്‍ ഒരുക്കിയത്. 156 വെന്റിലേറ്ററുകളും 9000 ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കിയത് ഈ സമയത്തായിരുന്നു. ഒരു ആരോഗ്യപരമായ അടിയന്തിരസ്ഥിതിയെ വേഗത്തില്‍ നേരിടാന്‍ ഗുജറാത്തിന് കഴിയാതെ പോയത് അവിടുത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ദരിദ്രാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

മോശമായ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിനൊരു പാരമ്പര്യം തന്നെയുണ്ട്. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന നിലയില്‍ നരേന്ദ്രമോദിക്ക് ഈ പാരമ്പര്യ സൃഷ്ടിയില്‍ നിര്‍ണായകമായ പങ്കും വഹിച്ചിട്ടുണ്ട്. 2001നും 2014നും ഇടയില്‍ 13 വര്‍ഷത്തോളം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് നരേന്ദ്രമോദി. ഈ കാലഘട്ടത്തിലെ 'ഗുജറാത്ത് മോഡല്‍ വികസന'ത്തെ പ്രചണ്ഡമായി പ്രചാരിപ്പിച്ചാണ് മോദി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഗുജറാത്തിന്റെ ആരോഗ്യരംഗത്ത് മോദി നടപ്പാക്കിയ കാര്യങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാകുമല്ലോ അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം കേന്ദ്രത്തിലും നടപ്പാക്കിയിരിക്കുക. ഇക്കാരണത്താല്‍ത്തന്നെ, കൊറോണ വൈറസ് മഹാമാരിയെ അദ്ദേഹം നേരിടുന്ന വിധത്തെ മനസ്സിലാക്കാനും ഗുജറാത്തിന്റെ വികസനമാതൃകയെ പഠിക്കുന്നതു വഴി നമുക്ക് സാധിക്കും.

നിലവില്‍ 1000 പേര്‍ക്ക് 0.33 എന്ന നിലയിലാണ് ഗുജറാത്തിലെ ആശുപത്രിക്കിടക്കകളുടെ അനുപാതം. ഇതിനെക്കാള്‍ കുറഞ്ഞ അനുപാതമുള്ള ഒരേയൊരു സംസ്താനമേ ഇന്ത്യയിലുള്ളൂ. അത് ബിഹാറാണ്. ദേശീയ ശരാശരിയും ഗുജറാത്തിനെ താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചമാണ്. 1000 പേര്‍ക്ക് 0.55 കിടക്കകളാണ് ദേശീയ ശരാശരി. ദേശീയ ശരാശരിയില്‍ മോദി സര്‍ക്കാരിന്റെ വരവിനു ശേഷമുണ്ടായ കുറവും ശ്രദ്ധിക്കേണ്ടതാണ്. 2011ല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.70 ആശുപത്രിക്കിടക്കകള്‍ ഉണ്ടായിരുന്നതാണ്.

സാമൂഹ്യമേഖലയില്‍ ഉയര്‍ന്ന ചെലവിടല്‍ ആവശ്യമുള്ള ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ 17ാം റാങ്കിലാണ് ഗുജറാത്തിനെ റിസര്‍വ്വ് ബാങ്ക് പെടുത്തിയിരിക്കുന്നത്. സാമൂഹ്യമേഖലയിലെ മൊത്തം ബജറ്റ് വിഹിതത്തിന്റെ വെറും 31.6% മാത്രമാണ് ഗുജറാത്ത് ചെലവഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 1999-2000 വര്‍ഷത്തില്‍ ആളോഹരി ആരോഗ്യച്ചെലവിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് ഗുജറാത്ത് നിന്നിരുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ 4.39 ശതമാനവും ആരോഗ്യമേഖലയിലേക്കാണ് പോയിരുന്നത്. 2009-2010 കാലമെത്തിയപ്പോഴേക്ക് ഇത് 0.77% ശതമാനമായി ഇടിഞ്ഞു.

(thewire.in പോര്‍ട്ടലില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ സീനിയര്‍ ഗവേഷകന്‍ സഞ്ജീവ് കുമാര്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.)

കൂടുതല്‍ വായിക്കാം

Next Story

Related Stories