TopTop
Begin typing your search above and press return to search.

"ആലപ്പുഴയിൽ അമ്പലത്തിൽ പോയപ്പോൾ പ്രസാദം കൈയിലേക്ക് എറിഞ്ഞു തന്നു": വിജയ് സേതുപതി

"ആലപ്പുഴയിൽ അമ്പലത്തിൽ പോയപ്പോൾ പ്രസാദം കൈയിലേക്ക് എറിഞ്ഞു തന്നു": വിജയ് സേതുപതി
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ് താനെന്ന് തമിഴ് സിനിമാ സുപ്പർ താരം വിജയ് സേതുപതി. ഒരു സ്കൂൾ ഹെഡ്മാസ്റ്ററെപ്പോലെയാണ് അദ്ദേഹത്തെ അനുഭവപ്പെട്ടത്. ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. കേരളത്തിലെ പ്രളയത്തിനു പിന്നാലെയാണ് തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 10 കോടി രൂപയാണ് തമിഴ്നാടിന് താങ്ങാകാൻ അദ്ദേഹം അനുവദിച്ചത് ആ നന്ദി എനിക്കെപ്പോഴുമുണ്ടെന്നും അദ്ദേഹം പറയുന്നു. മാമനിതൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ആലപ്പുഴയിലെത്തിയ അദ്ദേഹം ദേശാഭിമാനിക്ക് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരിക്കൽ പിണറായി വിജയനോടൊപ്പം വേദി പങ്കിട്ട അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു. അദ്ദേഹം കടന്നുവന്നപ്പോൾ എല്ലാ ബഹളവും നിലച്ചു. ഒരു സ്കൂൾ ഹെഡ്മാസ്റ്ററെപ്പോലെയാണ് എനിക്ക് തോന്നിയത്. ഏവരും അനുസരണയുള്ളവരായി. ഞങ്ങളിരുവരും സംസാരിച്ചിരുന്നു ഇതിനിടെ  വിമാനത്തിന്റെ സമയത്തെകുറിച്ച് ഞാനദ്ദേഹത്തിനോട് പറഞ്ഞു.  ഇതോടെ തനിക്ക് സംസാരിക്കാൻ ആദ്യം അവസരം ഒരുക്കിത്തന്നു. എന്നിട്ട് പോകാൻ നോക്കിക്കോളൂ എന്നു പറഞ്ഞു. അതൊരു എംഎൽഎയോ എംപിയോ ആയിരുന്നെങ്കിൽപ്പോലും സഹകരിക്കുമായിരുന്നോ ?. താൻ അത്ഭുതപ്പെട്ടുപോയ നിമിഷമായിരുന്നു. അദ്ദേഹം വളരെ കൂളാണ് സേതുപതി പറയുന്നു. നല്ല രാഷ്ട്രീയക്കാരെയാണ് നമുക്ക് വേണ്ടതെന്ന് പ്രതികരിച്ച സേതുപതി സിനിമ താരങ്ങൾക്കല്ല ആർക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാമെന്നും എന്നാൽ ജനങ്ങളെ സേവിക്കുന്നവരായിരിക്കണം അവരെല്ലാമെന്നും വ്യക്തമാക്കുന്നു.

മലയാളികളുടെ രാഷ്ട്രീയ ബോധത്തെയും അവകാശ ബോധത്തെയും അഭിനന്ദിക്കുന്ന അദ്ദേഹം ശബരിമല വിഷയത്തിലും നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇവിടെ എല്ലാവരും പത്രം വായിക്കും. രാഷ്ട്രീയം സംസാരിക്കും, അവകാശങ്ങളെപ്പറ്റി നല്ല ബോധ്യമുള്ള ജനത, അതാണ് എനിക്കീ നാട്ടുകാരോട് ആരാധന എന്നാണ് പ്രതികരണം. തമിഴ്നാടും കേരളവും തമ്മിൽ വ്യത്യാസം തോന്നുന്നില്ല. സ്വന്തം ആളുകളാണ് എല്ലാവരുമെന്നും അദ്ദേഹം പറയുന്നു. പ്രളയത്തില്‍ നിന്നും കേരളം കരകയറുന്നതിൽ സന്തോഷമുണ്ട്. ഈ നാട് അതിജീവിച്ച് തുടങ്ങിയിരിക്കുന്നു ആലപ്പുഴയെ ഇങ്ങനെ കാണുന്നതിൽ സന്തോഷമുണ്ട്. ചെറുതെങ്കിലും റോഡുകളൊക്കെ മനോഹരവും വൃത്തിയുള്ളതുമാണെന്നും സേതുപതി അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. അത്തരമൊരു വിഷയത്തിൽ എന്തിനാണ് ബഹളങ്ങൾ. ഭൂമി അമ്മയാണ്. അതിൽ നിന്ന‌് ഒരുപിടി മണ്ണെടുത്താണ് ദൈവങ്ങളുടെ പ്രതിമ ഉണ്ടാക്കുന്നത്. എന്നാൽ അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ ഇപ്പോൾ സംഭവിച്ചത്. പുരുഷൻമാർക്ക് എല്ലാം എളുപ്പമാണ് തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് എല്ലാമാസവും ഒരു വേദന സഹിക്കേണ്ടതുണ്ട്. അതെന്തിനുള്ള വേദനയാണെന്ന് നമുക്കറിയാം. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ​ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. പിന്നെങ്ങനെ അവർ അശുദ്ധരാകുമെന്നും മക്കൾ സെൽവൻ ചോദിക്കുന്നു.

ജാതി, മതം അത്തരം വാലുകൾ ഇന്നും പോയിട്ടില്ല. എല്ലായിടത്തുമുണ്ട് പലവിധത്തിൽ. കേരളത്തിൽ പോലും അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. പക്ഷേ പലർക്കുമത് മനസ്സിലാകുന്നില്ല. ആലപ്പുഴയില്‍  ക്ഷേത്രത്തിൽ പോയപ്പോൾ പ്രസാദം കൈയിലേക്ക് എറിഞ്ഞുതന്നു.  അതാണിവിടത്തെ രീതിയെന്ന് പിന്നീടറിഞ്ഞു, പക്ഷേ, തനിക്കത് വേദനയുണ്ടാക്കി. ജാതിയെന്നത് വികാരപരമായ അഴിമതിയാണെന്നും അദ്ദേഹം പറയുന്നു.  എന്നാൽ ഇതെല്ലാം ഒരുകാലത്ത് വിദ്യാഭ്യാസത്തിലൂടെയും പിന്നെ പ്രണയത്തിലൂടെയും മാറുന്ന സാഹചര്യം വന്നുചേരും. പ്രണയവിവാഹങ്ങളിലൂടെ ജാതിയെ തുടച്ചെറിയുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കാനാകുമെന്ന് കരുതുന്നു.  പ്രണയവിവാഹങ്ങളിലൂടെ ജാതിയെ തുടച്ചെറിയുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കാനാകുമെന്ന്  കരുതുന്നു.  പുരോഗമനം പറയുന്നവരാണ് ഫെയ്സ്ബുക്കിൽ ജാതിവാൽ പേരുവച്ച് ‘അനീതികളെ’ എതിർത്ത് പോസ്റ്റിട്ട് രോഷംകൊള്ളുന്നതെന്നും വിജയ് സേതുപതി പറയുന്നു. ഡബ്ല്യ‌ുസിസിപോലുള്ള സംഘടനകള്‍ തമിഴകത്തും രൂപംകൊള്ളണം. അത് സംഭവിക്കുക തന്നെ ചെയ്യും. ലൈംഗികചൂഷണം എല്ലാമേഖലയിലുമുണ്ട്. എല്ലാം പുറത്തുവരുന്നില്ലെന്നതാണ് പ്രത്യേത. സിനിമ കൂടുതൽ തിളക്കമേറിയ സ്ഥലമായതിനാല്‍ ചിലതെല്ലാം പുറത്തറിയുന്നു. സ്ത്രീകൾക്കെതിരായ ലൈംഗികചൂഷണണത്തേക്കാള്‍ ഭീകരമാണ് ആൺകുട്ടികൾക്കെതിരെയുള്ള ഇത്തരത്തിലുള്ള അതിക്രമങ്ങൾ. ഇതാണ് ഏറെ ചർച്ച ചെയ്യപ്പെടേണ്ടതെന്നാണ് എന്റെ അഭിപ്രായം. ചൂഷണം എവിടെ നടന്നാലും തെറ്റാണ്. ഇരകള്‍ക്ക് നീതി ലഭിച്ചേമതിയാകൂ. അറിയാത്ത വയസ്സിൽ നടന്നാലും ഓർമവരുന്ന കാലത്ത് പരാതി നൽകണമെന്നാണ് എന്റെ പക്ഷമെന്നും സേതുപരി പറയുന്നു.

മക്കൾ സെൽവൻ എന്ന വിശേഷണം തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അതുണ്ടായ കഥയും വിവരിക്കുന്നുണ്ട്. ധർമദുരൈ സിനിമാവേളയില്‍ സംവിധായകൻ സീനു രാമസാമിയാണ് ആദ്യമായി മക്കൾ സെൽവൻ എന്നു വിളിക്കുന്നത്. പിന്നീടത് നാട്ടുകാരേറ്റെടുത്തു. ആ വിളിപ്പേരെനിക്കിഷ്ടമാണ്. അതെന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും സേതുപതി പറയുന്നു. ജയറാം നായകനായ സിനിമയിൽ അതിഥിതാരമായി താന്‍ ഉടൻ മലയാളത്തിൽ വേഷം ചെയ്യുമെന്നു അദ്ദേഹം തന്റെ സിനിമാ പദ്ധതികളെ കുറിച്ചുള്ള പ്രതീക്ഷകളും അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

Read More- goo.gl/zWCLqZ

Next Story

Related Stories