വീടും പറമ്പും

ബാത്ത്‌റൂമുകളില്‍ ഈ സാധനങ്ങള്‍ ഒരിക്കലും സൂക്ഷിക്കരുത്!

റേസറുകള്‍ ബാത്ത്‌റൂമില്‍ സൂക്ഷിക്കരുതെന്നു പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ബാത്ത്‌റൂമുകള്‍ ബ്രഷും ക്രീമുകളും തൊട്ട് വേണ്ടതും വേണ്ടാത്തതുമൊക്കെ ബാത്ത്‌റൂമില്‍ സൂക്ഷിക്കുന്ന ചിലരുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഒരിക്കലും ബാത്ത്‌റൂമില്‍ കരുതരുത്. അവ ഏതൊക്കെയെന്നു നോക്കാം.

കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അത്ഭുതം തോന്നാവുന്ന ഒന്നാണ് റേസറുകള്‍. റേസറുകള്‍ ബാത്ത്‌റൂമില്‍ സൂക്ഷിച്ചാലെന്താ എന്ന മറുചോദ്യവും ഉയരാം. എന്നാല്‍ ഇതൊരിക്കലും ബാത്ത്‌റൂമില്‍ സൂക്ഷിക്കരുതെന്നു പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. റേസറുകള്‍ ദീര്‍ഘകാലം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അതു മറ്റെവിടെയെങ്കിലും കരുതുന്നതാണ് നല്ലത്.

കാരണം ബാത്ത്‌റൂമിനുള്ളിലെ ഈര്‍പ്പം റേസര്‍ ബ്ലേഡിനെ പെട്ടെന്നു തുരുമ്പു പിടിപ്പിക്കും. ഓരോ ഉപയോഗത്തിന് ശേഷവും റേസറിലെ നനവ് നീക്കിയതിന് ശേഷം മാറ്റിവെക്കണം. ഇനി ബാത്ത്‌റൂമില്‍ തന്നെ സൂക്ഷിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍ പ്ലാസ്റ്റിക് ബാഗിലോ മറ്റോ സൂക്ഷിച്ച് വെക്കുന്നതാണ് നല്ലത്.

മിക്കയാളുകളും പല്ലുതേപ്പു കഴിഞ്ഞ് ടൂത്ബ്രഷ് ബാത്ത്‌റൂമിനുള്ളില്‍ തന്നെ വെക്കുന്നവരാണ്. ഇതും ചെയ്യരുത്, കാരണം ഓരോ തവണ ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴും ധാരാളം അണുക്കള്‍ പുറത്തേക്കു വമിക്കാം. ബ്രഷ് ചെയ്തുകഴിഞ്ഞ് നനവോടെ ബാത്ത്‌റൂമില്‍ വെക്കുമ്പോള്‍ ബാക്ടീരിയയ്ക്ക് വളരാനുള്ള ഇടംകൂടി ഒരുക്കുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെ ഫേസ് വാഷ് ഒക്കെ ഉപയോഗിച്ചു കഴിഞ്ഞ് ബാത്ത്‌റൂമിനുള്ളിലെ കണ്ണാടിക്കു മുന്നില്‍ നിന്നുതന്നെ മേക്അപ് ചെയ്യുന്നവരുണ്ട്. എന്നാല്‍ ഉപയോഗശേഷം മേക്അപ് സാധനങ്ങള്‍ ബാത്‌റൂമില്‍ തന്നെ മറന്നുവച്ചാല്‍ സ്ഥായിയായുള്ള താപനിലയും ഈര്‍പ്പവുമൊക്കെ ലിക്വിഡ്, ജെല്‍ രൂപത്തിലുള്ള മേക്അപ് സാധനങ്ങളുടെ ആയുസ്സ് കുറയ്ക്കും. മേക്അപ് ബ്രഷുകളും നനവുള്ള ഇടങ്ങളില്‍ വച്ചാല്‍ ബാക്ടീരിയയും ഫംഗസും വളരാനിടയാക്കും.

കുളിക്കുന്നതിനു മുമ്പ് ചിലര്‍ ആഭരണങ്ങള്‍ ബാത്‌റൂമില്‍ ഊരിവെക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ ആഭരണങ്ങള്‍ സ്വര്‍ണമോ വെള്ളിയോ അതുപോലെ വിലകൂടിയ മെറ്റലുകളോ ആണെങ്കില്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. കാരണം ഈര്‍പ്പമേറിയ ഇടങ്ങളില്‍ വച്ചു കഴിഞ്ഞാല്‍ ആഭരണങ്ങളുടെ നിറം പെട്ടെന്നു മങ്ങും.

കുളിച്ചു കഴിഞ്ഞ് ടവലുകള്‍ ബാത്ത്‌റൂമില്‍ തന്നെ വിരിച്ചിട്ടു പോരുന്നവരാണ് മിക്കയാളുകളും. ഇതും ഒരിക്കലും ചെയ്യരുത്. കാരണം ടവ്വലുകള്‍ ബാത്ത്‌റൂമിലെ ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഇതു ദുര്‍ഗന്ധത്തിനു കാരണമാകുകയും ചെയ്യും. അതിനാല്‍ ഉപയോഗശേഷം മറ്റേതെങ്കിലും ഇടങ്ങളില്‍ ഉണങ്ങാനിടുന്നതാണ് നല്ലത്.

ഹെവി ലുക്കില്‍ കുറഞ്ഞ ചിലവില്‍ സ്വന്തമായൊരു ജിം വീട്ടിലുണ്ടാക്കാം

വീട്ടിനുള്ളില്‍ ലൈബ്രറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍