TopTop

ഫിഡല്‍ കാസ്ട്രോയുടെ കുട്ടിക്കാലം ഈ കൊട്ടാരസദൃശ വീട്ടിലായിരുന്നു

ഫിഡല്‍ കാസ്ട്രോയുടെ കുട്ടിക്കാലം ഈ കൊട്ടാരസദൃശ വീട്ടിലായിരുന്നു
ക്യൂബന്‍ വിപ്ലവ നായകനും രാഷ്ട്രീയ നേതാവുമായിരുന്ന ഫിഡല്‍ കാസ്‌ട്രോ ജനിച്ചു വളര്‍ന്ന വീട് ഇന്നൊരു മ്യൂസിയമാണ്. ധനിക കര്‍ഷകനും ഭൂവുടമയുമായിരുന്ന പിതാവ്, സ്പെയിന്‍കാരനായ, ഏഞ്ചല്‍ കാസ്ട്രോയുടെ 25,000 ഏക്കറോളം പരന്നുകിടക്കുന്ന കരിമ്പിന്‍ തോട്ടത്തിലാണ് കാസ്ട്രോ വളര്‍ന്നു വന്ന വീട് നിലകൊള്ളുന്നത്.

ക്യൂബൻ വിപ്ലവ സൂര്യന്‍ ആഡംബരപൂര്‍ണ്ണമായ ജീവിതം നയിച്ച ആളായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ അത് അല്‍പ്പം അതിശയോക്തിയായി തോന്നിയെക്കാം. എന്നാല്‍, കൊട്ടാരത്തിൽ താമസിച്ചില്ലന്നെയുള്ളൂ, അദ്ദേഹത്തിന്‍റെ ജീവിതം ആര്‍ഭാടം നിറഞ്ഞതു തന്നെയായിരുന്നു. ഫോബ്സ് മാസിക പുറത്തുവിട്ട കണക്കു പ്രകാരം ഏകദേശം ഒരു ദശാബ്ദം മുമ്പ് ഫിഡൽ കാസ്ട്രോയുടെ വ്യക്തിഗത ആസ്തി 900 മില്ല്യൻ ഡോളർ ആയിരുന്നു. അദ്ദേഹത്തിന്‍റെ ആഡംബര ജീവിതരീതി വളരെ പ്രസിദ്ധമായിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ വ്യക്തിപരമായ വിവരങ്ങളും വാസസ്ഥലങ്ങളുമെല്ലാം രഹസ്യമായിരുന്നു. ക്യൂബൻ ജനതക്കുപോലും അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ക്യൂബയിലെ ഹവാനയിൽ നിന്നും 500 മൈൽ അകലെ ബിറാൻ എന്ന ചെറുപട്ടണത്തിലെ ‘ലാസ് മണാക്കസ്’ ആയിരുന്നു കാസ്ട്രോ സഹോദരന്മാരുടെ പരമ്പരാഗത വസതി. 1954-ൽ ഇത് കത്തിച്ചാമ്പലായതാണ്. അന്നാല്‍, 1974-ൽ അതേ സ്ഥലത്ത് അതേ മാതൃകയില്‍ വീട് പുതുക്കിപ്പണിയുകയായിരുന്നു. ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത് 2002-ലാണ്.

അതിവിശാലമായ തോട്ടത്തിന്‍റെ പ്രവേശനക്കവാടത്തിന് അരികിലായി ചെറിയ ഹട്ടുകള്‍ കാണാം. ഹെയ്തിയൻ തൊഴിലാളികള്‍ക്കുള്ള താമസ സ്ഥലമായിരുന്നു അത്. തപാൽ ഓഫീസ്, ഗസ്റ്റ് ഹൗസ്, മാർക്കറ്റ് സ്റ്റോർ തുടങ്ങി തടികൊണ്ടു നിര്‍മ്മിച്ച പല വര്‍ണ്ണങ്ങളിലുള്ള കെട്ടിടങ്ങളും അതിനകത്തുണ്ട്. കാസ്ട്രോയടക്കമുള്ള കുട്ടികള്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂളും അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ സംസ്കരിച്ചിരിക്കുന്ന സെമിത്തേരിയും കാണാന്‍ സന്ദർശകർക്ക് അനുവദമുണ്ട്.

മഞ്ഞ നിറത്തിലുള്ള ആഡംബര ഭവനത്തിന്‍റെ അകത്തളം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ബെഡ്റൂമുകളും ലിവിംഗ് റൂമും ടൈനിംഗ് റൂമുമെല്ലാം ഒരു ക്യൂബൻ കർഷകത്തൊഴിലാളിയുടെ ആധികാരിക പ്രതിനിധാനം തന്നെയാണ്. ഫിഡലിന്‍റെ മുൻകാല കുടുംബ ഫോട്ടോകളെല്ലാം ഇപ്പോഴും അവിടെത്തന്നെയുണ്ട്. പശുത്തോല്‍ കൊണ്ട് നിര്‍മ്മിച്ച വലിയ കസേര, കുഞ്ഞായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന തോട്ടില്‍, ഫിഡല്‍ കാസ്‌ട്രോ എന്ന് മുദ്രണം ചെയ്ത അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു സ്പോർട് ഷർട്ട്, കിടപ്പുമുറി... എല്ലാം പഴയതുപോലെതന്നെ കാണാം.

ഫിഡൽ കാസ്ട്രോയുടെ മാതാപിതാക്കൾ വ്യത്യസ്തമായ രണ്ട് കിടപ്പു മുറികളായിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അച്ഛന്‍റെ കിടപ്പുമുറിയില്‍ ഒരു കിടക്കയും, മഹാഗണികൊണ്ട് നിര്‍മ്മിച്ച പാടുകൂറ്റന്‍ അലമാരയും, മേശയും അതിന്മേല്‍ അദ്ദേഹം തന്‍റെ ഇരുപതാം വയസ്സില്‍ ഒരു സ്പാനിഷ് പട്ടാളക്കാരനായി ക്യൂബയിലേക്ക് വന്നപ്പോഴുള്ള ഫോട്ടോയുമെല്ലാം ഉണ്ട്.

കാസ്ട്രോ ജീവിച്ചിരുന്ന കാലത്തൊന്നും ഈ സ്ഥലം പൊതുജനം അറിയുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മിക്ക ആളുകളും പലരും പറഞ്ഞുകേട്ടാണ് ഇങ്ങനെയൊരു സ്ഥലം അറിയുന്നത്തന്നെ. 2002-ൽ തുറന്നതു മുതൽ ഏകദേശം 500,000 പേരാണ് ഇവിടം സന്ദർശിച്ചത്. ഇതില്‍ 400,000 പേരും ക്യൂബക്കാരാണ്, 100,000 പേർ മാത്രമാണ് വിദേശ സന്ദര്‍ശകര്‍. ക്യൂബയുടെ പകരക്കാരനില്ലാത്ത അമരക്കാരനായി മാറിയ ഫിഡലിന്‍റെ ഓര്‍മ്മകള്‍ ഇങ്ങനെ നിലനില്‍ക്കുകതന്നെ ചെയ്യും.


Next Story

Related Stories