TopTop

ഐ.എഫ്.എഫ്.കെയില്‍ വീരം പിന്‍വലിച്ചിട്ടും രൂപാന്തരമില്ല; പകരം മഹേഷിന്‌റെ പ്രതികാരം

ഐ.എഫ്.എഫ്.കെയില്‍ വീരം പിന്‍വലിച്ചിട്ടും രൂപാന്തരമില്ല; പകരം മഹേഷിന്‌റെ പ്രതികാരം

അഴിമുഖം പ്രതിനിധി

മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എം.ബി.പദ്മകുമാറിന്‌റെ പുതിയ ചിത്രം രൂപാന്തരം കേരള അന്താരാഷ്ട്ര ചലച്ചിത്രോവത്തില്‍ തഴയപ്പെട്ടത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഗുണമേന്മയില്ലെന്ന് വിലയിരുത്തി ചലച്ചിത്ര അക്കാഡമിയുടെ തിരഞ്ഞെടുപ്പ് സമിതി തള്ളിയ ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐ.എഫ്.എഫ്.ഐ) പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം അയച്ചത്.

ഇതേ വിഭാഗത്തില്‍ നിന്ന് സംവിധായകന്‍ ജയരാജിന്‌റെ വീരം ഒഴിവാക്കിയത് ജയരാജിന്‌റെ ആവശ്യപ്രകാരം തന്നെയാണ്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കെ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ജയരാജ് അറിയിക്കുകയായിരുന്നു. എന്നാല്‍ വീരം പിന്മാറിയപ്പോഴും ഐ.എഫ്.എഫ്.ഐയില്‍ ഉള്‍പ്പെട്ട ചിത്രമെന്ന പരിഗണന നല്‍കിയെങ്കിലും രൂപാന്തരത്തെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. പകരം തീയറ്ററുകളില്‍ വലിയൊരു വിഭാഗം പ്രേക്ഷകര്‍ കണ്ട മഹേഷിന്‌റെ പ്രതികാരമാണ് ഉള്‍പ്പെടുത്തിയത്.

ഇക്കാര്യത്തില്‍ പ്രതികരിച്ച് എം.ബി.പദ്മകുമാര്‍ രംഗത്ത് വന്നു. വാര്‍ത്ത സത്യമാണെങ്കിലും തനിക്ക് വേദനയില്ലെന്ന് പദ്മകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതേസമയം ചലച്ചിത്ര അക്കാഡമിയുടെ സമീപനത്തെ വിമര്‍ശിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.ഫേസ് ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം:


വാര്‍ത്ത സത്യമാണെങ്കിലും, വേദനയില്ല. കാരണം നാം ചെയ്യുന്നതെല്ലാം എല്ലാവരും അംഗീകരിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ലല്ലോ. വിധികര്‍ത്താക്കളുടെ മുന്‍പില്‍ ഞാനൊരു തുടക്കക്കാരനാണ്, അങ്ങനെ വിശ്വസിക്കാനാണ് എനിക്കുമിഷ്ടം. എനിക്ക് മുന്‍പേ നടന്നു കൊണ്ടിരിക്കുന്ന നിരവധി പ്രതിഭകളുണ്ട്, ഒപ്പമെത്തി കൂടെ നടക്കാനോ, മുന്‍പേ കയറി നടക്കാനോ അല്ല, മറിച്ച് വഴിമാറി പുതിയവഴികളിലൂടെ നടക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ സിനിമാ പ്രതിഭകള്‍ക്കുള്ള യാത്രക്ക് സുഗമമായ വഴിയൊരുക്കകയാണ് ചലച്ചിത്ര അക്കാദമി പോലുള്ള കൂട്ടായ്മകള്‍ ചെയ്യേണ്ടതെന്നാണ് ഞാന്‍ ധരിച്ചുവെയ്ച്ചിരിക്കുന്നത്. പ്രതിഭകളെ വാര്‍ത്തെടുക്കുനാനായി അടിക്കുന്നതും തളര്‍ത്തുന്നതും അക്കാദമിയിലെ ചിലരുടെ രീതികളായിരിക്കാം, മുന്‍പും എനിക്ക് അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അക്കാദമിയില്‍ കാലാകാലങ്ങളായി വന്നു പോകുന്ന, എനിക്കേറേ ബഹുമാനവും ആദരവുമുള്ള ഒരു വ്യക്തി എന്റെ പരീക്ഷണ ഘട്ടങ്ങളിലെല്ലാം അക്കാദമിയല്‍ ഉണ്ടായിരുന്നു എന്നുള്ളതില്‍ എനിക്ക് അഭിമാനമുണ്ട്, ലോകസിനിമയിലേക്ക് മലയാളിയെ വാര്‍ത്തെടുക്കാന്‍ അവര്‍ കാണിക്കുന്ന രീതിയാണെന്ന്, സ്വയം വിശ്വസിക്കുവാനാണ് ശ്രമിക്കുന്നത്. 'രൂപാന്തരം' മാത്രമല്ല എന്റെ ചിന്തയില്‍ ജനിച്ച സൃഷ്ടികളെല്ലാം ഞാനാദ്യം കാണിച്ചിരുന്നത് , ഏറെ ബഹുമാനിക്കുന്ന ആ ദേഹത്തെയാണ്.

ഒരിക്കല്‍ എന്റെ സൃഷ്ടിയെ മേളയില്‍ ഉള്‍പ്പെടുത്തി പിന്‍വലിച്ച്‌പ്പോഴും വേദന തോന്നിയില്ല.(കത്തിന്റെ കോപ്പി അറ്റാച്ച് ചെയ്യുന്നു , വെറുതെ ദോഷം പറയാന്‍ പാടില്ലല്ലോ) 'രൂപാന്തര'ത്തില്‍ കൂടുതല്‍ ഇരുട്ടാണെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായം പറഞ്ഞതും, പലയിടത്തും ടോര്‍ച്ച് അടിച്ചു നോക്കണമായിരുന്നുവെന്ന് പരിഹസിച്ചിരുന്നതും ശരിയാണ് , വിഷയത്തിനനുസരിച്ച് അത്തരത്തിലുള്ള സമീപനം സിനിമയില്‍ ബോധപൂര്‍വ്വം ഉപയോഗിച്ചതാണ്, ജന്മനാ അന്ധനായ protagonist രാഘവന് അയാള്‍ മാത്രമുള്ള ലോകത്ത് വെളിച്ചം കുറച്ച് ഉപയോഗിച്ചതും, സംഭാഷണങ്ങളില്‍ മാത്രം സംവദിക്കുന്നതിന് പകരം ദൃശ്യത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ചതും ഒരു കുറവായി കാണുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. (സിനിമയില്‍ കുറവുകളുണ്ടായിരിക്കാം, ഞാനൊരു തുടക്കക്കാരനാണെന്ന് പറഞ്ഞല്ലോ) വിധികര്‍ത്താക്കളെ തിരിഞ്ഞെടുക്കുത്തില്‍ ആക്കാദമിയും എന്‍ട്രന്‍സ് എക്‌സാമിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

ഒന്നുകൂടി പറയാനുണ്ട്, അടൂര്‍സാറും, അരവിന്ദന്‍ സാറും, ഷാജി സാറും, പത്മരാജന്‍സാറും ഭരതന്‍ സാറു മുള്‍പ്പെടെ നിരവധി പ്രതിഭകള്‍ ഇട്ട നാഴികകല്ലുകള്‍ ഇളക്കിമാറ്റുവാന്‍ ശ്രമിക്കരുത്, അവരിലൂടെയാണ് ഇപ്പോഴും നാം ലോകസിനിമയില്‍ ജീവിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ മത്സരിച്ചോ , പ്രതിക്ഷേധിച്ചോ അല്ല അവര്‍ നേടിയതൊക്കെ, സിനിമക്കായി മാത്രം ജീവിച്ച് ഉദാത്തമായ സൃഷ്ടികളിലൂടെയാണ് കരുത്ത് തെളിയിച്ചത്. വരാന്‍ പോകുന്ന International Film Festival -ല്‍ ലോകത്തുള്ള നിരവധി പ്രതിഭകള്‍ പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒച്ചപ്പാടുണ്ടാക്കി സ്വയം ചെറുതാവരുതെന്നാണ് എനിക്കു പറയുവാനുള്ളത്. കൂട്ടായി മാറിനില്‍ക്കാം, തണലില്‍ സിനിമ സംസാരിച്ചിരിക്കാം, പുതിയ വഴികളെക്കുറിച്ച് ചര്‍ച്ചചെയ്യാം.

ഓടിച്ച് വന്ധ്യം കരിച്ചിട്ടും... 'കടി' മാറാതെ തെരുവിലൂടെ നടക്കുന്ന നായ്ക്കള്‍ക്കു പകരം, കരുത്തുള്ള Breed കളെ സൃഷ്ടിക്കുവാനുള്ള സാഹചര്യമൊരുക്കാന്‍ അധികൃതരും തയ്യാറാവണം.


Next Story

Related Stories