UPDATES

അനുപമ ആനമങ്ങാട്

കാഴ്ചപ്പാട്

അനുപമ ആനമങ്ങാട്

ന്യൂസ് അപ്ഡേറ്റ്സ്

സസ്യാഹാരവാദവും തീറ്റയുടെ പരിണാമവും

(സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്ര നാഥ് ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ മനുഷ്യകുലത്തിന്റെ ഭക്ഷണശീലങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് ഒരന്വേഷണം)

 

മനുഷ്യന്റെ ആഹാരരീതികൾ എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നത് കൗതുകകരമായൊരു വിഷയമാണ്. പല കാരണങ്ങളാൽ മാറി വന്ന ഭക്ഷണരീതികൾ മനുഷ്യപരിണാമത്തിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌. ഈ കാരണങ്ങൾ പരിസ്ഥിതിയിൽ വന്ന മാറ്റങ്ങളായിരിക്കാനിടയുണ്ട്. ചൂട് കൂടിയതോ കുറഞ്ഞതോ, വനം നശിച്ചു പോയതോ പുതിയ ജലസ്രോതസ്സുകളും ജലവിഭവങ്ങളും ലഭ്യമായതോ, ഉള്ളത് നശിച്ചതോ അങ്ങനെ പലകാരണങ്ങളുണ്ടാവാം. ലഭ്യമായ പ്രകൃതിവിഭവങ്ങൾ ഭക്ഷിച്ചു ജീവിക്കാൻ കെല്‍പ്പുള്ള ജീവികളാണ് പരിണാമപരമായി അതിജീവിച്ചത്; ആ ലഭ്യതയും ജീവികളുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പോഷകഘടകങ്ങളുമെല്ലാം ഇത്തരം അതിജീവനത്തെ സ്വാധീനിച്ചിട്ടുണ്ട്.

 

ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില റിസർച്ചുകൾ പ്രകാരം മാംസാഹാരം, പാകം ചെയ്ത ആഹാരം എന്നിവ ഭക്ഷിക്കാൻ ശീലിച്ചത്, മനുഷ്യവർഗത്തിന്റെ പരിണാമപരമായ അതിജീവനത്തെയും തലച്ചോറിൻറെ വികാസത്തെയും വരെ ഗണ്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. കിഴങ്ങുകളും കായ്കളും വേരുകളും ഇലകളും ഭക്ഷിച്ചു ജീവിച്ചിരുന്ന പൂർവികർ മാംസാഹാരത്തിലേക്കും പാചകത്തിലേക്കും തിരിഞ്ഞത് വലിപ്പം വെച്ച തലച്ചോറിൻറെ അമിത ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായിക്കുകയും അങ്ങനെ വലിയ തലച്ചോറെന്ന മ്യൂട്ടേഷനുമായി ജനിച്ച പൂർവികർ അത് പ്രവർത്തിക്കാനാവശ്യമായ എനർജി ലഭിക്കാതെ ചത്തൊടുങ്ങി പോകുന്നത് തടഞ്ഞ് നിലനിൽക്കാൻ കാരണമാകുകയും ചെയ്തു എന്നാണ് ഇവയുടെ രത്നച്ചുരുക്കം.

 

തലച്ചോർ, നമുക്ക് ലഭിക്കുന്ന ഊർജത്തിൽ എറ്റവും വലിയ പങ്ക് ഉപയോഗിക്കുന്ന ഒരു അവയവമാണ്. അതായത് അതൊരു COSTLY ORGAN ആണ്. അതിനു പ്രവർത്തിക്കാൻ ഒരുപാട് കലോറീസ് ഊർജം ആവശ്യമുണ്ട്. വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ ശരീരത്തിന്റെ 20 ശതമാനം ഊർജം തലച്ചോർ ഉപയോഗിക്കുന്നു; ഇത് മനുഷ്യരിൽ മറ്റു പ്രൈമെറ്റ്സിന്റെ ഇരട്ടിയോളമായി വരുന്നു.

 

 

മാംസഭക്ഷണം കലോറി, പ്രോട്ടീനുകള്‍, കൊഴുപ്പ്, വിറ്റാമിന്‍ ബി12 തുടങ്ങിയ, തലച്ചോറിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമായ പോഷകഘടകങ്ങളുടെ ഒരു ബെസ്റ്റ് പാക്കേജാണ്. ഇന്നത്തെ കാലത്തെ വ്യവസായവത്കൃത ഭക്ഷണ സംസ്കാരം വെച്ച് മനുഷ്യപൂർവികരുടെ ആഹാരക്രമങ്ങൾ അളക്കാൻ ശ്രമിക്കരുത്; അവയെ വെച്ച് ഇന്നത്തെ ആഹാരരീതികളെയും വിലയിരുത്തരുത്. ഏകദേശം 10 ലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണത്. പോഷകഘടകങ്ങൾ അടങ്ങിയ ആഹാരം പലരീതിയിൽ നിർമ്മിച്ചെടുത്ത് മാർക്കറ്റിൽ ലഭ്യമാക്കുന്ന കാലമാണിത്. അന്നത്തെ ആഹാരരീതികൾ പൂർണമായും പ്രകൃതിയിലെ വിഭവലഭ്യതയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യസമൂഹം ഉരുത്തിരിഞ്ഞു വന്ന ആഫ്രിക്കൻ പ്രദേശങ്ങളാണ് വിഭാവനം ചെയ്യേണ്ടത്. കാർഷികസംസ്കാരമെല്ലാം എത്രയോ കാലങ്ങൾക്ക് ശേഷം വന്ന ‘മോഡേണ്‍’ രീതിയാണ്. ലഭ്യമായ സസ്യാഹാരത്തിൽ ഇലകളും കിഴങ്ങുകളും അങ്ങനെ കാട്ടിൽ ലഭ്യമായതെന്തും പെടും. ഇത്തരം ഭക്ഷണം ഒരുപാട് നേരം ഇരുന്ന് വലിയ അളവിൽ ഭക്ഷിച്ചാലേ തലച്ചോറിനും ശരീരത്തിനും പ്രവർത്തിക്കാനാവശ്യമായ എനർജി ലഭിക്കുകയുള്ളൂ. ഇത്തരം സസ്യാഹാരം ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ ആഹാരം ചവച്ചുകൊണ്ടേ ഇരിക്കുന്നത് ശ്രദ്ധിക്കുക.

 

വളരെ സമയമെടുക്കുന്ന, ഒരു ദിവസത്തിന്റെ വലിയൊരു ഭാഗം ഈ ഊർജം ലഭിക്കാൻ വേണ്ടി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണിത്. തിന്നാൻ മാത്രമേ സമയം കാണൂ എന്നർഥം! കൂടുതൽ പോഷകം, കുറഞ്ഞ സമയത്തെ പ്രയത്നം കൊണ്ട്, കുറഞ്ഞ അളവിലെ ആഹാരം കൊണ്ട്, ലഭിക്കുന്ന തരം ആഹാരരീതിയായിരുന്നു വലിയ തലച്ചോറുള്ള ജീവികൾക്ക് നിലനില്‍പ്പിന് ആവശ്യം. അത്തരം ആഹാരരീതികൾ സ്വീകരിച്ചിരുന്ന പൂർവികർ,  വലിയ തലച്ചോറിന്റെ ഭീമയായ ഊർജാവശ്യത്തെ നിറവേറ്റിയതിനാൽ, തലച്ചോറിന്റെ പരിണാമത്തെ അതിജീവിച്ചു. സസ്യാഹാരത്തെ മാത്രം ആശ്രയിച്ചിരുന്നവർക്കാകട്ടെ, തലച്ചോറിന്റെ ഈ ഭീമമായ ഊർജാവശ്യത്തെ നിറവേറ്റാൻ കഴിയാതെ പോവുകയും അതിനാൽ പരിണാമ ശൃംഖലയിൽ നിന്ന് പുറംതള്ളപ്പെടുകയും ഉണ്ടായി. പ്രത്യേകിച്ചും പാരിസ്ഥിതികകാരണങ്ങളാൽ സസ്യാഹാരത്തിൻറെ  ലഭ്യത ഒരു പ്രശ്നമായി തീർന്ന അവസരങ്ങളിൽ.

 

മനുഷ്യൻ ‘പ്രകൃത്യാ’ സസ്യാഹാരി ആണോ?

 

മനുഷ്യൻ ‘പ്രകൃത്യാ’ സസ്യാഹാരി ആണെന്ന വാദത്തിന് പൊതുവെ പറയാറുള്ള ഒരു കാരണമാണ് predator teeth ൻറെ അഭാവം. ഇത്തരം വാദങ്ങളുടെ ആദ്യത്തെ പ്രശ്നം എങ്ങനെയാണ് ‘പ്രകൃത്യാ’ എന്നത് നിർവചിക്കുക എന്നതാണ്. പരിണാമപരമായ വിശദീകരണമാണ് ‘പ്രകൃത്യാ’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ അത് നമ്മൾ വിശദീകരിച്ചുകഴിഞ്ഞു. പരിണാമപരമായി മനുഷ്യന്റെ തലച്ചോർ വികാസത്തിന് തന്നെ കാരണമായത് മാംസാഹാരത്തിൽ നിന്നുള്ള ഊർജവും പോഷകങ്ങളുമാണ്.

 

ഇനി പല്ലുകൾ… മനുഷ്യപൂർവികർ പച്ചമാംസം ഭക്ഷിച്ചിരുന്നപ്പൊഴും ഉളിപ്പല്ലുകൾ ആവശ്യമായി വരാതിരുന്നതിന് കാരണമായി പറയുന്നത് ടൂൾസ് ഉപയോഗിക്കാൻ അവർ പഠിച്ചതാണ്.  കൂർപ്പിച്ചെടുത്ത കല്ലുകളും മറ്റും external teeth പോലെ പ്രവർത്തിച്ചതുകൊണ്ടാണ് കൂർത്ത പല്ലുകളുടെ അഭാവത്തിലും മാംസാഹാരം മനുഷ്യന്റെ ആഹാരമായത്. കൂർത്ത പല്ലുകൾ ഇല്ലെങ്കിൽ മാംസാഹാരം കഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ടെങ്കിലേ ഈ ഉളിപ്പല്ലുവാദത്തിനു പ്രസക്തിയുള്ളൂ; അത്തരം സാഹചര്യത്തിലേ മാംസാഹാരികൾക്കു നിർബന്ധമായും കൂർത്ത ഉളിപ്പല്ല് എന്നത് ഒരു പരിണാമനിയമം (പ്രകൃതിനിയമം) ആയിത്തീരൂ.

 

മനുഷ്യന്റെ കുടലുകൾ എയ്പ്പുകളെക്കാൾ (apes) വളരെ വണ്ണം കുറഞ്ഞവ ആണെന്നതും ശ്രദ്ധേയമാണ്. സസ്യാഹാരത്തെക്കാൾ concentrated nutrients കടന്നു പോകും വിധമാണിത്. മാംസം പോലുള്ള കുറഞ്ഞ അളവിൽ നിന്നും കൂടുതൽ പോഷകം ലഭിക്കുന്ന തരം ആഹാരം ശീലിച്ചതുകൊണ്ടാണ്, ഈ കുടലുകളുടെ ചെറുതാവൽ എന്ന പരിണാമം മനുഷ്യന്റെ നിലനില്പിനെ ബാധിക്കാതിരുന്നത്; ആ മാറ്റം പരിണാമപരമായി നിലനിന്നത്. ഇത്ര ചെറിയ കുടലും വെച്ച് കാറ്റിൽ ലഭ്യമായ കിഴങ്ങും പുല്ലും മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അത്തരം പരിണാമം സംഭവിച്ച ജീവികൾ പ്രകൃതിനിർധാരണത്തിൽ പുറന്തള്ളപ്പെട്ടേനെ.

 

തീയിൽ പാചകം ചെയ്യാൻ പഠിച്ചതോടെ ഇത് വീണ്ടും എളുപ്പമായി. പച്ചയായ മാംസത്തേക്കാളും സസ്യങ്ങളെക്കാളും എളുപ്പത്തിൽ ദഹിക്കുക തീയിൽ പാകം ചെയ്തവയാണ്. പാചകം എന്നാൽ ഇന്നത്തെ “പാചകകല” എന്നൊന്നും ധരിക്കരുത്. തീയിൽ ചുട്ടെടുക്കുകയോ വെള്ളത്തിൽ പുഴുങ്ങിയെടുക്കുകയോ ഒക്കെയാണ് അക്കാലഘട്ടത്തിൽ പാചകം.

 

പാചകം ഒരു തരം pre-digestion ആണ്. ആഹാരം കഴിക്കുന്നത് ദിവസം മുഴുവൻ നീളുന്ന ഒരു പ്രക്രിയ എന്നതിൽ നിന്ന് ഒരു ‘quick process’ ആക്കി മാറാൻ ഇത് സഹായിച്ചു. ചുറ്റുമുള്ള ലോകത്തിന്റെ പര്യവേക്ഷണത്തിനു തലച്ചോറും ബുദ്ധിയും മാത്രം പോരല്ലോ; സമയവും വേണം. അതും ഇങ്ങനെ ലഭ്യമായി.

 

വലിയ തലച്ചോറിനൊപ്പം ആമാശയത്തിന്റെ വലിപ്പവും ഏറെക്കുറെ ചെറുതായി എന്നത് ശ്രദ്ധേയമാണ്. സസ്യാഹാരികളായ ജീവികൾക്കാണ് പൊതുവെ വലിയ ആമാശയമുള്ളത്. നേരത്തെ പറഞ്ഞത് പോലെ ഊർജവും സംഭരിക്കാൻ ഒരുപാട് ഭക്ഷിക്കേണ്ടി വരുന്നതുകൊണ്ടാണത്; വലിയ ആമാശയമില്ലെങ്കിൽ ശരീരത്തിനാവശ്യമുള്ള ഊർജം സംഭരിക്കാൻ കഴിയാതെ സസ്യാഹാരികൾ പ്രകൃതിനിർധാരണത്തിൽ പുറംതള്ളപ്പെട്ടു പോവും. മാംസാഹാരവും പാകം ചെയ്ത ആഹാരവും ഇത്തരം വലിയ ആമാശയത്തിന്റെ ആവശ്യകത മനുഷ്യപൂർവികരിൽ ഇല്ലാതാക്കി. കുറഞ്ഞ ആഹാരം കൊണ്ട് കൂടുതൽ ഊർജം സംഭരിച്ച് നിലനില്ക്കാൻ പഠിച്ചതു കൊണ്ട് വലിയ ആമാശയം ഇല്ലാതാവാൻ കാരണമായ ആ ജൈവികമാറ്റം മനുഷ്യന്റെ പരിണാമപരമായ അതിജീവനത്തിന് പ്രശ്നമായില്ല എന്ന് സാരം. പ്രകൃതി നിർധാരണത്തിൽ പുറംതള്ളപ്പെട്ടില്ല എന്ന് മാത്രമല്ല ഒരുപക്ഷെ വലിപ്പക്കുറവ് ചടുലമായ സഞ്ചാരത്തെ കൂടുതൽ സഹായിച്ചിട്ടുമുണ്ടാവാം.

 

മറ്റൊരു പ്രധാനസൂചന, തികഞ്ഞ സസ്യാഹാരികളെ പോലെയും raw food ഭക്ഷിക്കുന്ന മറ്റു ജീവികളെ പോലെയും എപ്പോഴും ആഹാരം ചവച്ചു കൊണ്ടേയിരിക്കാൻ ആവശ്യമായ ശക്തമായ താടിയെല്ലുകൾ മനുഷ്യനില്ല എന്നതാണ്. ഇത് MYH16 എന്ന ഒരു ജീൻ പ്രവർത്തനരഹിതമായതു കാരണം സംഭവിച്ചതാണെന്നു കാണുന്നു. ഈ മാറ്റം, നിയാണ്ടർത്താലിൽ നിന്ന് ആധുനികമനുഷ്യൻ പിരിഞ്ഞു വരുന്നതിനും മുമ്പേ, എന്നാൽ ചിമ്പാൻസികളും ഹോമിനിനും പിരിഞ്ഞതിനു ശേഷം, സംഭവിച്ച ഒന്നാണ്. അന്ന് പാചകം നിലവിലിരുന്നത് കൊണ്ടാണ് ഈ ജീനിന്റെ നഷ്ടം എന്ന മാറ്റത്തെ മനുഷ്യവർഗം അതിജീവിച്ചത്; പാകം ചെയ്ത ആഹാരം കഴിക്കാൻ അത്ര ശക്തമായ താടിയെല്ലുകൾ ആവശ്യമില്ല.

 

കാർഷികസംസ്കാരത്തിലേക്കുള്ള മാറ്റം

 

മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗവും മനുഷ്യൻ ഒരു Hunter Gatherer ആയിരുന്നു. അവരാണെങ്കിൽ പലതരത്തിലുള്ള സാഹചര്യങ്ങളിൽ ജീവിച്ചിട്ടുമുണ്ട്. മരുഭൂമികൾ, പർവതങ്ങൾ, താഴ്വരകൾ, തണുപ്പുകൂടിയ ഇടങ്ങൾ, ട്രോപ്പിക് വനങ്ങൾ, ദ്വീപുകൾ, കടല്ക്കരകൾ എന്നിങ്ങനെ പലയിടങ്ങളിലും ജീവിച്ചതു കൊണ്ട് തന്നെ ചുറ്റും ലഭ്യമായ ആഹാരങ്ങൾ അനുസരിച്ച് അവരുടെ ആഹാരരീതികൾ ക്രമപ്പെട്ടുവന്നു.

 

മനുഷ്യചരിത്രത്തെ വെച്ചു നോക്കുമ്പോൾ വളരെ ആധുനികമായ ഒന്നാണ് കാർഷികസംസ്കാരം; ഇത് പതിനായിരമോ പതിമൂവായിരമോ  വർഷങ്ങൾക്ക് മുമ്പ് നിലവിൽ വരികയും അയ്യായിരത്തോളം വർഷങ്ങൾക്ക്  മുമ്പ് മാത്രം വ്യാപിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. 11000 BCE ൽ തന്നെ മനുഷ്യൻ Hunter Gatherer ജീവിതശൈലിയിൽ നിന്ന് സസ്യങ്ങളെയും മൃഗങ്ങളെയും ആഹാരത്തിനായി വളര്‍ത്തിയുണ്ടാക്കുന്ന കാർഷികജീവിതശൈലിയിലെക്ക് മാറിത്തുടങ്ങിയിരുന്നു. 6000 BCE-യോടെ ഒരുവിധം വളർത്തുമൃഗങ്ങളെല്ലാം domesticate ചെയ്യപ്പെട്ടിരുന്നു.

 

ഈ മാറ്റങ്ങൾ ‘ലഭ്യമായ ആഹാരം’ എന്നതിൽ നിന്ന് ‘കൃഷി ചെയ്തുണ്ടാക്കാവുന്ന ആഹാരം’ എന്നതിലേക്ക് ആഹാരശൈലിയെ മാറ്റിയെടുത്തു. ഇതും കടന്ന്, industrialised food ന്റെ കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ആഹാരരീതികൾ പലതും ചരിത്രത്താലും വിശ്വാസങ്ങളാലും influenced ആണെങ്കിലും അല്പം കൂടി അയവു വന്ന, മിക്സ് ചെയ്യപ്പെട്ട ആഹാരശൈലികളാണ് ഇന്ന് നിലവിലുള്ളത്.

 

വെജിറ്റേറിയനിസവും വീഗനിസവും

 

Veganism,Vegetarianism, Lacto vegetarianism, Ovo lacto vegetarianism തുടങ്ങിയവയെല്ലാം വളരെ ആധുനികകാലത്ത് നിലവിൽ വന്നത് എന്നു പറയാവുന്ന ആഹാരശൈലികളാണ്. വീഗൻ എന്നാൽ എല്ലാ മൃഗ ഉത്പന്നങ്ങളും ഒഴിവാക്കുന്നവര്‍, ലാക്ടോ വെജിറ്റെറിയൻ എന്നാൽ ഡയറി ഉത്പന്നങ്ങളും ഉപയോഗിക്കുന്നവര്‍, ഓവോ ലാക്ടോ വെജിറ്റെറിയൻ എന്നാൽ മുട്ടയും ഡയറി ഉത്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ട്.

 

മതവിശ്വാസം, മൃഗസ്നേഹം തുടങ്ങി പലകാരണങ്ങളാൽ ഇവ തെരഞ്ഞെടുക്കുന്നവരുണ്ട്. അത്തരമൊരു തെരഞ്ഞെടുപ്പ്  ഇക്കാലത്ത് സാധ്യമാണ്; കാരണം സമീകൃതാഹാരത്തെക്കുറിച്ചും ഏതെല്ലാം പോഷകങ്ങൾ എവിടെയെല്ലാം കിട്ടുമെന്നതിനെ കുറിച്ചും ഇന്ന് അറിവ് കൂടുതലാണ്. ആഹാരത്തിൽ കിട്ടാത്ത പോഷകത്തിന്റെ കുറവ് പരിഹരിക്കാൻ വൈറ്റമിന്‍ ടാബ്ലറ്റ്സ് ലഭ്യമായ കാലമാണിത്. അതായത് ആധുനികശാസ്ത്രത്തിന്റെ സംഭാവനയാണ് ഇപ്പോൾ നമുക്ക് ലഭ്യമായ ആഹാരശീലങ്ങളിലെ ‘ചോയ്സുകൾ’ എന്നർത്ഥം. എന്നാൽ മനുഷ്യ പൂർവികരുടെയും പുരാതനമനുഷ്യന്റെയും അവസ്ഥ അതായിരുന്നില്ല. അവരുടെ ആഹാരക്രമങ്ങളിൽ വിഭവലഭ്യത വലിയ ഒരു ഘടകമായിരുന്നു. അതുകൊണ്ടുതന്നെ, ‘പ്രകൃത്യാ’ സസ്യാഹാരികളാവുക അവർക്ക് അസാധ്യം തന്നെയായിരുന്നു.

 

റഫറന്‍സ്

1)      The Importance of Energy and Nutrient Supply in Human Brain Evolution –  http://nah.sagepub.com/content/9/3/219.short

2)     Effects of Brain Evolution on Human Nutrition and Metabolism – http://www.annualreviews.org/doi/abs/10.1146/annurev.nutr.27.061406.093659

3)     The Expensive tissue hypothesis – http://www.jstor.org/stable/2744104?seq=1#page_scan_tab_contents

4)     Metabolic correlates of hominid brain evolution – http://www.sciencedirect.com/science/article/pii/S1095643303001326

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍