TopTop
Begin typing your search above and press return to search.

കൊച്ചുകാര്യങ്ങളുടെ വലിയ തമ്പുരാന്‍

കൊച്ചുകാര്യങ്ങളുടെ വലിയ തമ്പുരാന്‍

കെ എ ആന്റണി

പറഞ്ഞു വരുന്നത് വെള്ളാപ്പള്ളി നടേശനെ കുറിച്ചാണെങ്കിലും ഒരുഅല്‍പം ചുറ്റിക്കെട്ട് പുരാണം വേണ്ടി വരും എന്ന് തോന്നുന്നത് കൊണ്ടാണ് ഈ നീട്ടിയെഴുത്ത്. വില്ല്യം ഗോര്‍ഡന്റെ ദി ലോഡ് ഓഫ് ദ ഫ്‌ളൈസ് എന്ന നോവലിന് നൊബേല്‍ പ്രൈസ് ലഭിച്ചപ്പോള്‍ ഉണ്ടായ ഭൂകമ്പം നന്നായി ഓര്‍മ്മയുണ്ട്. ഗോര്‍ഡന് നല്ല സാഹിത്യം അറിയില്ലെന്നും ബ്രിട്ടീഷുകാരനും സോഷ്യലിസ്റ്റ് വിരോധിയും ആയതു കൊണ്ടു മാത്രം വീണ് കിട്ടിയ പുരസ്‌കാരം ആണെന്നുമൊക്കെ അന്ന് നിരൂപകര്‍ എഴുതി തകര്‍ക്കുകയും തിമിര്‍ക്കുകയും ചെയ്തു. സത്യത്തില്‍ ആംഗലേയ സാഹിത്യത്തില്‍ ഒരു രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടെങ്കിലും ഈയുള്ളവനും ഗോര്‍ഡന്‍ എന്ന എഴുത്തുകാരനെ കുറിച്ച് അവാര്‍ഡ് പ്രഖ്യാപനം വരെ കേട്ടിരുന്നില്ല. അതു ഒരു പക്ഷേ ഗോര്‍ഡന്റെ കുറ്റം മാത്രം ആകണമെന്നില്ല. സാമുവല്‍ ബക്കറ്റും യേറ്റ്‌സും സാത്രേയും ഹാരോള്‍ഡ് പിന്ററും ഒക്കെയായിരുന്നു അക്കാലമൊക്കെയും ഇഷ്ട ഭക്ഷണം. വെര്‍ജീനിയ വൂള്‍ഫും ഷേക്‌സ്പിയറും ടോള്‍സ്റ്റോയും ഒക്കെ അത്യാവശ്യം ഒരു ഇടിക്കട്ടപോലെ. ഇടിക്കട്ട കണ്ണൂരുകാര്‍ക്ക് വളരെ ഇഷ്ടമാണ്. കാരണം കണ്ണൂരില്‍ ഞങ്ങള്‍ പഠിക്കുന്നത് സാഹിത്യം മാത്രമല്ല വിപ്ലവം കൂടിയാണ്.

ഗോര്‍ഡന് ശേഷം ഇതേ വിവാദം ഉയരുമ്പോഴും വ്യത്യസ്ത പത്രസ്ഥാപനങ്ങളിലായി ഒരു യുവ പോരാളി തന്നെയായിരുന്നു ഞാനും. ആ വിവാദമാകട്ടെ എന്റെ പൂര്‍വീകര്‍ ജനിച്ച അക്ഷര നഗരിയേക്കാള്‍ ലാറ്റക്‌സ് നഗരിയെന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന കോട്ടയവുമായുമായി ബന്ധപ്പെട്ടതാണ്. പ്രശ്‌നം വളരെ ലളിതമായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം. പക്ഷേ അങ്ങനെ ആയിരുന്നില്ല കോട്ടയത്തെ തറവാടി പത്രത്തിനും കമ്മ്യൂണിസ്റ്റുകാര്‍ക്കും അത്. കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ. ജനിച്ചത് കോട്ടയത്ത് അല്ലെങ്കിലും പൂര്‍വികരുടെ അതേ മണ്ണില്‍ തന്നെയായിരുന്നു മൂന്നു വര്‍ഷത്തെ വൈദിക പഠനവും. പാലാ ഭരണങ്ങാനത്തെ അസീസി ആശ്രമം എന്ന കപ്പൂച്ചിന്‍ സമുച്ചയം എനിക്കന്ന് ഒരു ചെറിയ ഷാംഗ്രില തന്നെയായിരുന്നു. ഒരിക്കല്‍ മരണത്തിലേക്ക് വലിച്ചു കൊണ്ടുപോയി വേണ്ടെന്ന് വച്ച് ഒഴിവാക്കി തന്ന ശിഷ്ട ജന്മത്തിന് നന്ദി പറയേണ്ടതും മീനച്ചലാറിനോട് തന്നെ. ഇതേ മീനച്ചലാര്‍ തന്നെയായിരുന്നു അരുന്ധതിയുടേയും ബാക്കി ഭക്ഷണം. അരുന്ധതി എഴുതിയ നോവലിന്റെ പേര് ദ ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് മലയാള പരിഭാഷ ചെറിയ കാര്യങ്ങളുടെ തമ്പുരാന്‍. ഇനിയിപ്പോള്‍ അത്ര പോരാന്ന് വച്ചാല്‍ വലിയ തമ്പുരാന്‍ എന്നും ആവാം. അരുന്ധതിക്ക് മലയാളി ലുക്ക് ഇല്ല. അല്ലെങ്കില്‍ തന്നെയുണ്ടാകാന്‍ അമ്മ മലയാളിയാണ്. അച്ഛന്‍ ബംഗാളിയും. നസ്രാണികളുടെ പെണ്‍മക്കള്‍ വിരുദ്ധതയ്ക്ക് എതിരെ പോരാടിയ മേരി റോയി തന്നെ അമ്മ. പേരിനൊപ്പം അച്ഛന്റെ പേരുണ്ടെങ്കിലും പെറ്റുവീണ മണ്ണിനെ കുറിച്ചും അമ്മ നയിക്കുന്ന സമരത്തെ കുറിച്ചും അരുന്ധതിക്കും ചില ഉള്‍വിളികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അങ്ങനെ ഒരു നോവല്‍ പിറന്നത്.

അരുന്ധതിയുടെ കന്നി നോവലിന് ദി മാന്‍ ബുക്കര്‍ പ്രൈസ് കിട്ടിയത് വല്ലാത്തൊരു പുകിലായിരുന്നു. നോവലിന് എതിരെ ആദ്യം രംഗത്ത് വന്നിരുന്നത് എഴുത്താണിയുടെ സംരക്ഷരായ സിപിഐഎം ആയിരുന്നു. അവരുടെ ആക്ഷേപം ഇതായിരുന്നു. അരുന്ധതി നോവല്‍ കമ്മ്യൂണിസ്റ്റി വിരുദ്ധമായിരുന്നു. അതു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അതിലേറെ കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇഎംഎസിനേയും വിമര്‍ശിക്കുന്നു.

അവാര്‍ഡ് കിട്ടിക്കഴിഞ്ഞ് നടന്ന ഈ വിവാദങ്ങളൊന്നും അരുന്ധതിയെ ബാധിച്ചതായി കണ്ടില്ല. സിപിഐഎം ഭാഗത്തു നിന്നും സ്വരലയ ബേബി മാത്രം എഴുത്തിന് കൊടുവാള്‍ വയ്ക്കരുതെന്ന് സ്വന്തം പാര്‍ട്ടിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത കഷായമായും ആവര്‍ത്തനയായും കൊണ്ടു നടക്കുന്ന ഒരു മലയാളി പത്രം അരുന്ധതിക്ക് കൂട്ടുണ്ടായിരുന്നു. എന്നാല്‍ അരുന്ധതി മാവോയിസ്റ്റാണെന്ന തിരിച്ചറിവ് പത്രത്തിന് പെട്ടെന്നുണ്ടായി. അതോടെ പത്രത്താളില്‍ നിന്ന് അരുന്ധതി ഔട്ട്.


ഇത്രയേറെ പരത്തിപറഞ്ഞതിന് ക്ഷമിക്കുക. സാക്ഷാല്‍ കോട്ടയംകാരന്‍ അല്ലെങ്കിലും നമുക്ക് ഒരു പ്രി-ആ ആയ ഒരാള്‍ അരുന്ധതിയുടേയും ഗോര്‍ഡന്റേയും നോവലുകളിലെ തമ്പുരാന്‍ വേഷം കെട്ടിത്തുടങ്ങിയിട്ടുണ്ട്. ആള്‍ മറ്റാരുമല്ല, സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ. ശ്രീനാരായണ ഗുരുവിനെ മാറ്റി പ്രതിഷ്ഠിച്ച് നടേശഗുരുവായി മാറിയ നമ്മുടെ സ്വന്തം നടേശന്‍ജി. സംഘപരിവാര്‍ പാളയത്തിലും കോണ്‍ഗ്രസ് ലാവണങ്ങളും ഈ പാവം കള്ളുമുതലാളി പണ്ടും നടേശന്‍ജിയായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു കോമ്രേഡും. ഇന്നിപ്പോള്‍ കാലം മാറി. മാറിയ കാലത്തിന് ഒപ്പിച്ച് മുതലാളിയും വേഷപ്പകര്‍ച്ച നടത്തിക്കഴിഞ്ഞു. പണ്ടത്തെ കോട്ടയത്തെ അതിരില്‍ പിറന്ന ഇയാളെ കള്ള് മുതലാളിയെന്ന് പലരും ഭള്ള് പറഞ്ഞ് ആക്ഷേപിച്ചിരുന്നു. അന്നും തോന്നിയിട്ടുണ്ട് ഈയുള്ളവനും ഒരിറ്റ് സങ്കടം. ജാതി നോക്കിയല്ല വര്‍ഗം തീരുമാനിക്കേണ്ടതെന്ന പ്രത്യയ ശാസ്ത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അട്ടത്തു വച്ചില്ലേയെന്നായിരുന്നു ആ ആശങ്ക. ഇനിയിപ്പോള്‍ ഇനി അര്‍ത്ഥമില്ല. നാലാളോട് പറഞ്ഞ് നാട്ടാര് അറിഞ്ഞ് ഗോകുലം ഗോപാലനേയും കടത്തിവെട്ടി സ്വന്തമായൊരു പാര്‍ട്ടിയെ ഗര്‍ഭം ധരിച്ച് പ്രസവിച്ചിരിക്കുന്നു! ഒടുവില്‍ ഏറെക്കാലം മനസ്സില്‍ ഗര്‍ഭം ധരിച്ച് ഒരു സമത്വകേരള വിനോദ യാത്രയ്ക്ക് ഒടുവില്‍ തിരോന്തരം ശംഖുമുഖത്ത് പ്രസവിച്ച പാര്‍ട്ടിക്ക് നേര്‍ നായകരേയും പ്രഖ്യാപിച്ചു കഴിഞ്ഞു വെള്ളാപ്പള്ളി. പ്രസിഡന്റ് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ. കൂട്ടത്തില്‍ മറ്റു ചിലരുമുണ്ട്. സത്യം പറഞ്ഞാല്‍ ഇതൊരു കഴിച്ചുകൂട്ടു പാര്‍ട്ടി തന്നെ.

ഇനിയിപ്പോള്‍ ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാനിലേക്ക് വരാം. കാലമിത്രയും കാട്ടുകുതിരയും നാടകവും സിനിമയും കണ്ട് മടുത്ത ആളുകള്‍ക്ക് വെള്ളാപ്പള്ളി നല്‍കുന്ന കൃത്യമായ മറുപടിയാണ് ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) എന്ന പാര്‍ട്ടി. ഇനിയിപ്പോള്‍ ഗോകുലം ഗോപാലനും എസ് എന്‍ ഡി പിയിലെ വിരുദ്ധ ചേരിക്കും പറഞ്ഞ് ആക്ഷേപിക്കാന്‍ ആകില്ലല്ലോ! ഭാര്യ പ്രീതിയും താനും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഇല്ലല്ലോ എന്നൊക്കെയാകും കവിത അറിയില്ലെങ്കിലും കുമാരനാശാന്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്ന നമ്മുടെ വലിയ തമ്പുരാന്റെ കുഞ്ഞുകുഞ്ഞു വിചാരങ്ങള്‍.

ഉത്തരമലബാറില്‍ ഒരു ചെറിയ പ്രയോഗമുണ്ട്. മന്ദബുദ്ധിയാണെങ്കിലും ഒട്ടും അഹങ്കാരമില്ല എന്നതാണത്. ഇത് നമ്മുടെ തമ്പുരാന് ചേരുമോയെന്ന് ഈയുള്ളവന് അറിയില്ല. എങ്കിലും തമ്പുരാന്‍ വിലപേശല്‍ തുടങ്ങിക്കഴിഞ്ഞു. ഗര്‍ഭം ധരിച്ച പാര്‍ട്ടിയെ മുന്‍ നിര്‍ത്തി യുഡിഎഫിനോടും എല്‍ഡിഎഫിനോടും വിലപേശുന്നു. ഒപ്പം സംഘപരിവാറിനോടും. പണ്ട് കേട്ടത് സംഘപരിവാറിനുവേണ്ടി നടേശ ഗുരു ഒരു പാര്‍ട്ടി ഉണ്ടാക്കുന്നു. പക്ഷേ ഇപ്പോള്‍ നമ്മുടെ വലിയ തമ്പുരാന്‍ പറയുന്നത്, ആര്‍ക്കും വരാം, ആര്‍ക്കും എടുക്കാം, ആരായാലും വിരോധമില്ലെന്നാണ്. ഈ തമ്പുരാനെ സ്തുതിക്കുക തന്നെ വേണം. പാര്‍ട്ടി ഒരു കച്ചവട ചരക്കാണെന്ന് ഉഴവൂര്‍ വിജയനേക്കാള്‍ സമര്‍ത്ഥമായി കണ്ടെത്തിയ മാന്യദേഹമാണ് അയാള്‍. എല്ലാവരും യാത്ര നയിക്കുന്നതിന് ഇടയില്‍ ഉണര്‍ത്തു യാത്ര എന്ന പേരില്‍ ഉഴവൂര്‍ വിജയനും ഒരു യാത്ര നടത്തുന്നുണ്ട്. സത്യത്തില്‍ എന്‍സിപിയെ കേരളത്തിലേക്ക് കെട്ടിയെടുത്തത് നമ്മുടെ കടന്നപ്പള്ളി രാമചന്ദ്രനാണ്. തൊട്ടടുത്ത ദിവസം തന്നെ അപകടം മണത്ത അദ്ദേഹം വീണ്ടും പഴയ കോണ്‍ഗ്രസ് എസായി നിലകൊണ്ടു. ഇനിയിപ്പോള്‍ ഉഴവൂര്‍ വിജയന്റെ ഊഴമാണ്. ആ യാത്രയും നടക്കും. നടക്കട്ടെ. പക്ഷേ അവശേഷിക്കുന്ന ചോദ്യം ഇത്രമാത്രമാണ്. ദല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ മോദിക്കും അമിത് ഷായ്ക്കും ഒരു വിലപേശലിന് മറുപടിയായിരുന്നോ നമ്മുടെ വലിയ തമ്പുരാന്‍ കൊടുക്കേണ്ടിയിരുന്നത് എന്നതാണത്. തമ്പുരാന്‍ ആകുമ്പോള്‍ അത്യാവശ്യം തമാശകള്‍ ഒക്കെയുണ്ടാകും. കുമ്മനം തല്‍ക്കാലം സഹിക്കുകയേ നിവര്‍ത്തിയുണ്ടാകുകയുള്ളൂ. പാലക്കാട്ടേ മീറ്റിങ്ങിലും കുമ്മനം പ്രത്യാശ അര്‍പ്പിച്ചത് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയില്‍ തന്നെയായിരുന്നു. അതിപ്പോഴും തുടരുന്നുണ്ടാകും. പക്ഷേ സ്വന്തം പാര്‍ട്ടിയെ ഒരു വിലപേശല്‍ രീതിയില്‍ ആരുവാങ്ങുമിന്നീ ആരുവാങ്ങുമീ ആരാമത്തില്‍ രോമാഞ്ചം എന്ന രീതിയില്‍ സ്വന്തം പാര്‍ട്ടിയെ വില്‍പനയ്ക്ക് വച്ച ഒരു മൊശകൊടന്‍ കള്ള് മുതലാളിയായി വെള്ളാപ്പള്ളിയെ എഴുതി തള്ളാന്‍ ആകില്ല. ആലുവയില്‍വച്ച് വര്‍ഗീയ പ്രസംഗം നടത്തി എന്ന് തനിക്ക് എതിരെ തിരിഞ്ഞ സകല രാഷ്ട്രീയ നേതാക്കളേയും പമ്പര വിഡ്ഢികള്‍ ആക്കാനുള്ള ഒരു കുതന്ത്രം കൂടി ഈ വലിയ തമ്പുരാന്റെ സഞ്ചിയില്‍ ഉണ്ടെന്ന് കൂടി കരുതാന്‍.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
|


Next Story

Related Stories