TopTop
Begin typing your search above and press return to search.

വെള്ളാപ്പള്ളിക്കെന്തറിയാം ശിവഗിരി മഠത്തെക്കുറിച്ച്?

വെള്ളാപ്പള്ളിക്കെന്തറിയാം ശിവഗിരി മഠത്തെക്കുറിച്ച്?

ജി പ്രിയദര്‍ശനന്‍


ശ്രീനാരായണ ദര്‍ശനത്തിലും മഠത്തിന്റെയും യോഗത്തിന്റെയും ചരിത്രത്തെക്കുറിച്ചും വെള്ളാപ്പള്ളി നടേശനുള്ള അജ്ഞതയില്‍ അത്ഭുതമൊന്നുമില്ല. കള്ളവാറ്റുകാരന്റെയും മദ്യലോബികളുടെയും പണംകൊണ്ടല്ല മഠം കെട്ടിപ്പൊക്കിയത്. മഠത്തിന്റെ ചരിത്രം അദ്ദേഹത്തിന് അറിയില്ലായിരിക്കും. എന്നാല്‍ ഈഴവ സമുദായത്തിന്റെ നേതാവെന്ന നിലയില്‍ തനിക്കു മുമ്പ് നടന്നിട്ടുള്ള സല്‍പ്രവര്‍ത്തികളെക്കുറിച്ചും അതിന് നേതൃത്വം കൊടുത്ത മഹാന്മാരെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വെള്ളാപ്പള്ളി നടേശന് ഏതെങ്കിലും തരത്തില്‍ ദോഷം വരുത്തുമെന്ന് കരുതുന്നില്ല.

മദ്യലോബികളുടെ പണമില്ലെങ്കില്‍ ശിവഗിരി മഠം ഇല്ലെന്ന് പറയാന്‍ വരെ ധൈര്യം കാട്ടിയ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ പലതും ശ്രീനാരായണദര്‍ശനം ഉള്‍ക്കൊണ്ടിട്ടില്ലാത്തൊരുവന്റെ ജല്‍പ്പനം മാത്രമാണ്. ഏതൊരു പ്രസ്ഥാനത്തിന്റെയും നേതൃസ്ഥാനത്തിരിക്കുന്നവര്‍ സഹിഷ്ണുതയോടെ പെരുമാറണമെന്ന സാമാന്യമര്യാദപോലും പാലിക്കാന്‍ വെള്ളാപ്പള്ളി തയ്യാറല്ല. സഹിഷ്ണുത, പ്രതിപക്ഷ ബഹുമാനം എന്നീ ഗുണങ്ങള്‍ ഈ നേതാവിന് ഇല്ലെന്നത് ഇനിയും തെളിയിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഏതെങ്കിലും വിഷയത്തില്‍ പഠിച്ചുപ്രതികരിക്കുന്ന നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും വരുന്ന ഇത്തരം വിലകുറഞ്ഞ വര്‍ത്തമാനങ്ങള്‍ നമുക്ക് കേള്‍ക്കേണ്ടി വരികയില്ലായിരുന്നു. ഗുുരുദേവന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ കള്ളുകച്ചവടക്കാരുടെ വീടുകളില്‍ താമസിക്കുമെന്നൊക്കെയാണ് ആ നേതാവ് പറഞ്ഞുവിടുന്നത്. ബൈബിളില്‍ ഒരു വാചകമുണ്ട്, 'നല്ല മുനുഷ്യന്‍ തന്റെ മനസ്സിലെ നല്ല നിക്ഷേപത്തില്‍ നിന്ന് നല്ലവാക്കുകള്‍ പുറപ്പെടുവിക്കുന്നു.' മനസ്സില്‍ നല്ലതൊന്നും ഇല്ലാത്തൊരാളില്‍ നിന്ന് അനുഗുണമായ പ്രസ്താവനകള്‍ പ്രതീക്ഷിക്കുന്നത് നമ്മുടെ ഭോഷ്‌ക്.

ശിവഗിരി മഠത്തെക്കുറിച്ചും അവിടുത്തെ സ്വാമിമാരെക്കുറിച്ചും യോഗം ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ കടുത്തതും വിമര്‍ശനാത്മകവുമായി മാറിയിട്ട് കാലങ്ങളായി. സ്വാമിമാര്‍ തങ്ങളുടെ നിലവാരം കൈവിടാന്‍ തയ്യാറാകാത്തതുകൊണ്ടും ബാക്കിയുള്ളവര്‍ ആ പ്രമാണിയെ വണങ്ങുന്നവരായതുകൊണ്ടും അദ്ദേഹത്തിന്റെ അട്ടഹാസങ്ങള്‍ക്ക് തക്കതായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ, എസ്എന്‍ഡിപിപോലൊരു സംഘടനയുടെ പാരമ്പര്യവും പരിശുദ്ധിയും എന്താണെന്ന് അറിയാനെങ്കിലും (പിന്തുടരണമെന്ന് പറയാനുള്ള അവിവേകം കാണിക്കുന്നില്ല) ശ്രമിക്കുകയാണെങ്കില്‍ ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി ശിവഗിരി മഠത്തെക്കുറിച്ചുകൂടി മനസ്സിലാക്കണം. അങ്ങു കണ്ടുപിടിച്ച മാതിരി മദ്യം മണക്കുന്ന നോട്ടുകള്‍കൊണ്ടല്ല ആ മഠം പിടിച്ചുനില്‍ക്കുന്നത്!

ശിവഗിരി മഠത്തിന് ഏറ്റവും ആദ്യം സംഭാവന കൊടുത്തത് ചാവറകോട്ട് കൊച്ചുചെറുക്കന്‍ വൈദ്യരാണ്. നേത്രചികിത്സാരംഗത്ത് ഏറെപേരെടുത്തിരുന്ന വൈദ്യനായിരുന്നു കൊച്ചുചെറുക്കന്‍ വൈദ്യര്‍. ഇംഗ്ലണ്ടില്‍ നിന്ന് ഡോക്ടര്‍മാര്‍ വന്ന് ചികിത്സിച്ചിട്ടുപോലും ഭേദമാകാതിരുന്ന ചിത്രമെഴുത്തു തമ്പുരാന്റെ നേത്രരോഗം കൊട്ടാരത്തില്‍ താമസിച്ച് വൈദ്യര്‍ കാതം ചെയ്തും തിമിരംമുറിച്ചും നേരെയാക്കിയിട്ടുണ്ട്. ആരില്‍ നിന്നും ചികിത്സാ പ്രതിഫലം വാങ്ങിയിരുന്ന ആളല്ലായിരുന്നു കൊച്ചുചെറുക്കന്‍ വൈദ്യര്‍. അദ്ദേഹം അയ്യായിരം ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായിരുന്നു. അതില്‍ നിന്നാണ് ശിവഗിരി മഠത്തിലേക്ക് തന്റെ സംഭാവന നല്‍കിയത്. ഗുരുദേവന്റെ സമാധിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലം നല്‍കിയത് കൊച്ചാപ്പി വൈദ്യരാണ്. കൊച്ചുചെറുക്കന്‍ വൈദ്യര്‍ കഴിഞ്ഞാല്‍ മഠത്തിന് സംഭാവന നല്‍കിയവരില്‍ രണ്ടാമത്തെയാള്‍ വൈദ്യപണ്ഡിതനും കവിയും വാഗ്മിയുമായിരുന്ന മട്ടാഞ്ചേരി ഗോവിന്ദന്‍ വൈദ്യരാണ്. ഇവരെയൊക്കെ അറിയാമോ നടേശന്? ഇവരുടെ ചരിത്രമറിയുന്നൊരാള്‍ മഠത്തെ അധിക്ഷേപിച്ച് സംസാരിക്കില്ല. ഒരു കല്ലുകഷ്ണം സംഭാവന കൊടുത്താല്‍ അതില്‍പ്പോലും തന്റെ പേരും തറാവാടിന്റെ പേരും കൊത്തിവയ്ക്കണമെന്ന് ശഠിക്കുന്ന അല്‍പ്പന്മാരല്ലായിരുന്നു അവരൊന്നും. അതുകൊണ്ട് തന്നെ അധികാരവും പണവും മാത്രം ലക്ഷ്യം കണ്ടുവരുന്ന നേതാക്കന്മാര്‍ക്ക് ഇവരുടെയൊന്നും പേരുപോലും അറിയാതെ വരും. പക്ഷേ ശ്രീനാരയണീയരെല്ലാം വിദ്യാഭ്യാസമില്ലാത്തവരും വിവരമില്ലാത്തവരുമാണെന്ന് ധരിക്കരുത്.ഗുരുവിന്റെ സമാധിമണ്ഡപം നിര്‍മിച്ചു നല്‍കുന്നത് എം പി മൂത്തേടമാണ്. സ്വാമി ദക്ഷിണയായി കിട്ടിയതില്‍ നിന്ന് കൊടുത്ത കുറച്ച് രൂപയില്‍ നിന്ന് കോണ്‍ട്രാക്റ്റ് ജോലികള്‍ തുടങ്ങിയ മൂത്തേടം, അവിടെ നിന്ന് വളര്‍ന്ന് റയില്‍വേ കോണ്‍ട്രാക്ടര്‍വരെയായി. ഗുരുവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തി അവിതര്‍ക്കിതമായിരുന്നു. ഗുരുവിന്റെ സമാധിമണ്ഡപം നിര്‍മിച്ച എം പി മൂത്തേടത്തിന്റെ പേര് ആ സമാധിമണ്ഡപത്തില്‍ എവിടെയങ്കിലും കാണാനാകുമോ? എന്നാല്‍ അതേ മണ്ഡപത്തിനു മുന്നില്‍ തൂങ്ങുന്ന മണിയില്‍ കാണാം, അത് സംഭാവന ചെയ്തയാളുടെ പേര്. മനുഷ്യര്‍ ഈ വിധത്തില്‍ രണ്ടുതരമുണ്ട്. ആദ്യത്തെ വര്‍ഗ്ഗത്തെ ആരും അറിയാന്‍ ശ്രമിക്കില്ല. പേരെഴുതിവയ്ക്കുന്ന പ്രമാണിമാരില്‍ മാത്രമെ പലര്‍ക്കും താല്‍പര്യമുള്ളൂ. എം പി കൃഷ്ണന്‍ വൈദ്യരെയോ കോന്നി മണിയെയോ ഇവര്‍ക്ക് ഓര്‍മ്മ കാണുമോ? പേരിനും പെരുമയ്ക്കും വേണ്ടിയല്ല,ഗുരുഭക്തിമാത്രമായിരുന്നു അവരുടെയെല്ലാം ചെയ്തികള്‍ക്കുള്ള കാരണം. ഈ മഹാന്മാരുടെ പ്രയത്‌നത്തെയും സംഭാവനകളെയുമാണ് ഇന്ന് പലരും അപമാനിക്കുന്നത്.

ശാരദാ പ്രതിഷ്ഠയ്ക്ക് കുമാരനാശാനും ഡോ.പല്‍പ്പുവും കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ച കാര്യങ്ങളൊക്കെ ഇന്നത്തെ നേതാക്കന്മാരില്‍ എത്രപേര്‍ക്ക് അറിയാം. അന്നവിടെ വന്നവരില്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് ഇവര്‍ക്കറിയാമോ? ഈഴവന്‍ മാത്രമല്ല, നാനാജാതി മതസ്ഥരും ആ പുണ്യദിനത്തില്‍ പങ്കെടുത്തിരുന്നു. ജാതിമതഭേദമില്ലാതെ; സമ്പത്തുകൊണ്ടും, പ്രതിഭകൊണ്ടും, ശരീരംകൊണ്ടുമെല്ലാം മഠത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഏറെയാണ്. അവരുടെയെല്ലം അദ്ധ്വാനത്തിന് വിലയില്ലാതാക്കുകയാണ് വെള്ളാപ്പള്ളിയെ പോലുള്ളവര്‍. അമ്പലങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കുമെല്ലാം പലരും സംഭാവന കൊടുക്കും. അവരില്‍ പലതരക്കാരും ഉണ്ടായിരിക്കും. എന്നാല്‍ മദ്യലോബിയുടെ പണംകൊണ്ടുമാത്രമാണ് മഠം നിലനില്‍ക്കുന്നതെന്ന് പറയുമ്പോള്‍ അവഹേളിക്കപ്പെടുന്നത് ശ്രീനാരായണ ഗുരുദേവന്‍ കൂടിയാണ്.

മദ്യം വിഷമാണെന്ന് പറഞ്ഞ ഗുരുവിന്റെ പിന്‍മുറക്കാര്‍ തന്നെ മദ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ അതില്‍ സമുദായസ്‌നേഹമെന്ന വ്യാജബിംബം ഉയര്‍ത്തിപ്പിടിക്കുന്നത് അപഹാസ്യമാണ്. ഗുരുദര്‍ശനം പിന്തുടരുന്നവരാണ് മഠത്തിലെ സ്വാമിമാര്‍. അവര്‍ മദ്യത്തിനെതിരെ പ്രതികരിക്കേണ്ടവര്‍ തന്നെയാണ്. ശിവഗിരി മഠത്തിനോട് യോഗം ജനറല്‍ സെക്രട്ടറി കാണിച്ചിട്ടുള്ളതൊക്കെ ഇവിടെയെല്ലാവര്‍ക്കും അറിയാവുന്നതാണ്. മഠത്തിലെ സ്വാമിമാരെ തടവില്‍ പാര്‍പ്പിച്ച ചരിത്രമൊന്നും ആരും മറന്നിട്ടില്ല. ഇതൊക്കെ ചെയ്യാന്‍ മനസ്സുണ്ടാകുന്നവര്‍ മഠത്തിനെ ഭള്ള് പറയുന്നതില്‍ പുതുമയില്ല.

മഠത്തിനെ ഇതിനു മുമ്പും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയെയും സംഘടനയെയും പ്രീതിപ്പെടുത്തി മഠത്തെ വര്‍ഗ്ഗീയവത്കരിക്കുന്നു എന്നാക്ഷേപിച്ചവര്‍ തന്നെ അതേ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് ജയ് വിളിക്കുന്നു. ആ പാര്‍ട്ടിയിലെ നേതാവിന് അത്താഴമൊരുക്കുന്നു. തെരഞ്ഞെടുപ്പില്‍ ചെല്ലും ചെലവും കൊടുക്കുന്നു. ഈ ഇരട്ടത്താപ്പ് മഠത്തിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് വേണ്ടിയാണ്. നേരത്തെ മഹത്തായ വിപ്ലവപ്രസ്ഥാനം ഈ സംഘടനയെ പിടിച്ചെടുക്കാന്‍ നോക്കി പരാജയപ്പെട്ടതാണ്. അവരുടെയും ചില ബൂര്‍ഷ്വാ ഖദര്‍ധാരികളുടെയും നോമിനിയായിട്ടാണ് ഇന്നത്തെ നേതാവ് സംഘടനയിലേക്ക് വരുന്നതും അധികാരിയാകുന്നതും. അതുകൊണ്ട് തന്നെ എന്തും പറയാനും കാണിക്കാനും ആരെയും ഭയക്കേണ്ടി വരുന്നില്ല. പക്ഷെ , ഒന്നോര്‍ക്കണം, ഒരു വ്യക്തിയെന്നതിനപ്പുറം താന്‍ വഹിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാകണം. മദ്യത്തിനുവേണ്ടി പ്രസംഗിക്കാന്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിക്ക് അവകാശമില്ല. അത് മദ്യ ബിസിനസ്സുകാരന്റെ ആവശ്യമാണ്. ആ നിലയിലാണ് മദ്യനിരോധനത്തെ താന്‍ എതിര്‍ക്കുന്നതെങ്കില്‍ ആ കാര്യം തുറന്നുപറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ധൈര്യം കാട്ടണം. ഈഴവരുടെ ജീവിതം തകര്‍ക്കുന്ന തീരുമാനമാണ് മധ്യനിരോധനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന നുണപ്രചരിപ്പിക്കുന്നത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. ഇന്നലെങ്കില്‍ നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്ന് ഓര്‍ക്കണം.


(എസ് എന്‍ ഡി പി യോഗം മുന്‍ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുപ്പത്തിയെട്ട് വര്‍ഷത്തോളം യോഗത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ ജി പ്രിയദര്‍ശനന്‍ )

*Views are Personal


Next Story

Related Stories