TopTop
Begin typing your search above and press return to search.

വെള്ളാപ്പള്ളി വീശുന്ന കായംകുളം വാള്‍

വെള്ളാപ്പള്ളി വീശുന്ന കായംകുളം വാള്‍

കാര്‍ട്ടൂണില്‍ നിരന്തരം കഥാപാത്രമാകാന്‍ ഇഷ്ടമുള്ള ആളായിരുന്നു ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രി. നിശിതവും കര്‍ക്കശവും ആക്ഷേപകരവും ആയ വിധത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ചിത്രീകരിച്ചുപോന്നു. ഒരിക്കലും വരയില്‍ നിന്ന് തന്നെ ഒഴിവാക്കരുതെന്ന് നെഹ്‌റു കാര്‍ട്ടൂണിസ്റ്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യചിത്രമായ കാര്‍ട്ടൂണില്‍ വളരെ മോശമായി അവതരിപ്പിക്കപ്പെടുന്നത് പോലും വലിയൊരു മേന്മയായി സഹൃദയനായ നെഹ്‌റു കരുതിപ്പോന്നു.

രാഷ്ട്രീയ കൗശലബുദ്ധിയായ പണ്ഡിറ്റ് നെഹ്‌റുവിന് ഒരു കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെടുന്നതിന്റെ പ്രചരണപരമായ നേട്ടം അറിയാമായിരുന്നു. ജനഹൃദയങ്ങളില്‍ ആഞ്ഞു പതിയാന്‍ ഏറ്റവും എളുപ്പമുള്ള വഴി. പ്രസ്താവനകളും ലേഖനവും എത്രപേര്‍ വായിക്കും? അതിലെത്രപേര്‍ വേണ്ടവിധം ഗ്രഹിക്കും? ഹാസ്യചിത്രത്തിന്റെ സാര്‍വജനീനവും ലളിതവും ആയ സ്വീകാര്യതയുടെ ശക്തി സൗന്ദര്യാരാധകനായിരുന്ന നെഹ്‌റു മനസ്സിലാക്കി. അതുവഴി ശങ്കറിലൂടെ അദ്ദേഹത്തിനു ലഭിച്ച ജനപ്രീതി ചെറുതൊന്നുമല്ല.

വെള്ളാപ്പള്ളി നടേശന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹൃദയത്വമോ വിശാല വീക്ഷണമോ ഇല്ല. ആവശ്യത്തിലേറെ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ഒരു നാവുണ്ട്. അതുപയോഗിച്ച് ആ പുള്ളി കുപ്രസിദ്ധിയും പ്രസിദ്ധിയും ഏറെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. മിമിക്രി ആര്‍ട്ടിസ്റ്റുകളും കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളും വെള്ളാപ്പള്ളിയുടെ രോമശൂന്യമായ തലയിലും കുട്ടുകം പോലെ വീര്‍ത്തവയറിലും തല്ലി രസിക്കുമ്പോള്‍ പൊതുസ്മരണയില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പ്രശസ്തി വളരെ വലുതാണ്. കേരളത്തിലെ പൊതുമാധ്യമങ്ങള്‍ വെള്ളാപ്പള്ളി നടേശനോട് ഒട്ടും ദാക്ഷിണ്യം കാട്ടാറില്ല. എസ്.എന്‍.ഡി.പി.യോഗം നേതൃസ്ഥാനത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടുവരുന്ന വെള്ളാപ്പള്ളിയോട് ഇഷ്ടമില്ലാത്ത ധാരാളം പേര്‍ ആ സംഘടനയില്‍ തന്നെ ഉണ്ട്. കേരളത്തിലെ ആദ്യത്തെ സമുദായ സംഘടനയുടെ ഇപ്പോഴത്തെ സാരഥിയെന്നതിനപ്പുറം പൊതുകാര്യങ്ങളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന അവിവേകിയെന്ന നിലയില്‍ വെള്ളാപ്പള്ളിയുടെ മുഖത്തേക്ക് ക്യാമറ തുറന്നുവച്ചിരിക്കുകയായിരുന്നു മാധ്യമങ്ങള്‍. ആരെക്കുറിച്ചും കിണ്ണിയപ്പം ചുട്ടപോലുള്ള അഭിപ്രായവും ഉത്തരവും രണ്ടു'ള്ള'യുള്ള പുള്ളിയുടെ പക്കല്‍ എപ്പോഴും ഉണ്ടാകുമെന്നും ചാനല്‍ കുഞ്ഞുങ്ങള്‍ക്ക് അറിയാം. ആവശ്യമുള്ള പ്രചാരം പരസ്യം വഴി മാധ്യമങ്ങളിലൂടെ പണം ചെലവാക്കി നടേശന്‍ മുതലാളി വേറെ നേടും. വിമര്‍ശനങ്ങളും കുത്തുവാക്കുകളും പരിഹാസവും അനുകൂലമാക്കാനുള്ള ചെപ്പടിവിദ്യകളും വെള്ളാപ്പള്ളിക്ക് വശമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ഒരു ജ്ഞാനസരണിയായി ഏതാനും മാസം മുമ്പുവരെ ഒഴുകിക്കൊണ്ടിരുന്നു.കഴിഞ്ഞ സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ ചെന്ന് വെള്ളാപ്പള്ളിയും കുടുംബാംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതുവരെ തിരക്കഥ നിരാക്ഷേപം നിലനിന്നുപോന്നു. ഡല്‍ഹിയില്‍ നിന്ന് മടങ്ങി വന്ന വെള്ളാപ്പള്ളി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നെഞ്ചിടിപ്പുണ്ടാക്കി. നാനാദിക്കിലൂടെ അദ്ദേഹത്തെ വളഞ്ഞ് ആക്രമിക്കാന്‍ സി.പി.എം നേതാക്കളാണ് കൂടുതല്‍ വീറോടെ മുന്നോട്ടു വന്നത്. ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു നേതാക്കളുടെ അങ്കലാപ്പിന്റെ ആദ്യ ഹേതു. ബി.ജെ.പിയുമായി ചേര്‍ന്ന് നടേശന്‍ കേരളത്തില്‍ ഒരു മൂന്നാം മുന്നണി ഉണ്ടാക്കിയാല്‍ സി.പി.എമ്മിന്റെ കച്ചവടം പൂട്ടും. തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെട്ട ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടിയാണ് ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം. ഈഴവ സമുദായ സംഘടനയായ എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കിയാല്‍ ഏറ്റവും വലിയ ക്ഷതം ഏല്‍ക്കാന്‍ പോകുന്നത് സി.പി.എമ്മിനാണെന്ന് വി.എസ്. അച്യുതാനന്ദന്‍ മുതല്‍ ആനത്തലവട്ടം ആനന്ദന്‍ വരെയുള്ള നേതാക്കള്‍ അമ്പരന്നു. കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും മാത്രമല്ല, പി. രാജീവും, ശിവന്‍കുട്ടിയും, കടകംപള്ളി സുരേന്ദ്രനും, കാല്‍ഡസന്‍ ജയരാജന്മാരും ഞാഞ്ഞൂലും പെരുച്ചാഴിയും വെള്ളാപ്പള്ളിയെ കടിച്ചുകീറാന്‍ തുടങ്ങി. ശ്രീനാരായണ ഗുരുവിന്റെ മതോദാസീനവാദത്തെ തീവ്രഹിന്ദു ഹിസ്റ്റീരിയ താവളത്തില്‍ എത്തിച്ച് കാവി പുതപ്പിക്കാനാണ് നടേശന്റെയും കൂട്ടരുടെയും ശ്രമമെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് ഇലക്ഷന്‍ കഴിഞ്ഞേ പുതിയ പാര്‍ട്ടിയുള്ളൂ എന്നും അതിനിടെ ഭൂരിപക്ഷ സമുദായ ഏകീകരണാര്‍ത്ഥം ഒരു കേരളയാത്ര നടത്തുമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. എസ്.എന്‍.ഡി.പി പിന്തുണയ്ക്കുന്ന ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി വരുമെന്ന് വ്യക്തമായി. ബി.ജെ.പിയുമായി ആ പാര്‍ട്ടി കൈകോര്‍ക്കാനിടയുണ്ടെന്നും വ്യക്തം. സി.പി.എമ്മിനുണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ തകര്‍ച്ചയില്‍ നിന്ന് മുതലെടുത്ത് കേരളത്തില്‍ യുഡിഎഫിന്റെ തുടര്‍ ഭരണം നിലനിറുത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും മനക്കോട്ട കെട്ടി. ത്രികോണ മത്സരമുണ്ടായാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതുപോലെ യു.ഡി.എഫിന് വരുന്ന നിയമസഭാ ഇലക്ഷനും നേടാമെന്ന് വി.എം. സുധീരന്‍ ഒഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കരുതി. പക്ഷേ വെള്ളാപ്പള്ളി ഇരുതലമൂര്‍ച്ചയുള്ള ഒരു കായംകുളം വാളാണ് എടുത്തു വീശുന്നതെന്ന് സുധീരനു മനസ്സിലായി. സി.പി.എം എതിര്‍ക്കുന്ന അതേ വീറോടെ സുധീരനും വെള്ളാപ്പള്ളിയുടെ നീക്കത്തെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും മൗനം തെറ്റിദ്ധരിക്കപ്പെട്ടു. വെള്ളാപ്പള്ളിയെ ഇറക്കിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ചില സാഹചര്യ സൂചനകള്‍ യുക്തിപൂര്‍വം കോടിയേരി എടുത്തു കാട്ടിയെങ്കിലും അതു ശരിയായിരുന്നില്ല. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച കോണ്‍ഗ്രസ്സിനെയും ബാധിക്കുമെന്ന സത്യം പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന നവംബര്‍ ഏഴാം തീയതി ഏവര്‍ക്കും വ്യക്തമായി. എന്നു മാത്രമല്ല, ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ നല്ല ശക്തി സി.പി.എമ്മിനാണെന്ന് കേരളത്തിലെ സാധാരണ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സിന്റെയും ഇതര ജനാധിപത്യ പാര്‍ട്ടികളുടെയും പരമ്പരാഗത ശക്തി സ്രോതസ്സായിരുന്ന ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട ധാരാളം പേര്‍ പഞ്ചായത്ത്-നഗരസഭാ ഇലക്ഷനില്‍ ഇടത്തേക്ക് ചാഞ്ഞു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ മാറ്റം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ടുകള്‍ ബി.ജെ.പി പിടിച്ചിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷങ്ങളുടെ വോട്ട് നേടി സി.പി.എം ക്ഷീണം തീര്‍ത്തു. കോണ്‍ഗ്രസ്സ് മുന്നണി തകരുകയും ചെയ്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രതിഭാസം ആവര്‍ത്തിക്കില്ല. പ്രാദേശിക ഭരണ സമിതി തെരഞ്ഞെടുപ്പിനേക്കാള്‍ രാഷ്ട്രീയ വാശി നിറഞ്ഞ നിലപാടുകള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പരിഗണന നല്‍കും. എങ്കിലും 'ബി.ജെ.പി ഫോബിയ' ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകില്ല. അടുത്ത സംസ്ഥാന മുഖ്യമന്ത്രിയാകാന്‍ അഭിലഷിക്കുന്ന പിണറായി വിജയന്‍ ഉത്തരകേരളത്തില്‍ നടത്തുന്ന ന്യൂനപക്ഷ സമുദായസൗഹൃദ നീക്കങ്ങള്‍ വെള്ളാപ്പള്ളിയുടെ യാത്രാവണ്ടി ഉയര്‍ത്തിയ പൊടിപടലത്തിനിടയിലും തെളിഞ്ഞുകാണാം. വെള്ളാപ്പള്ളി സി.പി.എമ്മില്‍ നിന്ന് ചോര്‍ത്തിക്കൊണ്ടുപോകാവുന്ന വോട്ടിന്റെ ഇരട്ടി യുഡിഎഫ് പാളയത്തില്‍ നിന്ന് കവര്‍ന്നെടുക്കാമോ എന്നാണ് മലപ്പുറം പരീക്ഷണാനുഭവങ്ങളില്‍ നിന്ന് പിണറായി ആലോചിക്കുന്നത്.

വെള്ളാപ്പള്ളി നടേശനെതിരെ മതവൈരം വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ 153-ാം വകുപ്പു പ്രകാരം കേസ്സെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണത്. മുമ്പ് പ്രവീണ്‍ തൊഗാഡിയ എന്ന വി.എച്ച്.പി നേതാവിനും അബ്ദുള്‍ നാസര്‍ മഅ്ദിനിക്കും മറ്റുമെതിരെ ഇതേ കുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. ''വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രസംഗമാണ് നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത്'' എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സമാനമായതോ അതിലും വിഷലിപ്തമായതോ ആയ അപകട പ്രസംഗങ്ങള്‍ നടത്തുന്നവര്‍ കേരളത്തില്‍ വേറെയുമുണ്ട്. രാഷ്ട്രീയ നേട്ടകോട്ടങ്ങള്‍ നോക്കി അധികൃതര്‍ അവയെല്ലാം അവഗണിക്കുന്നു. വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നവര്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ 'സുവിശേഷ' പ്രസംഗവും സുന്നിമര്‍ക്കസ് നേതാവ് കാന്തപുരം അബൂബേക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസംഗവും കേട്ടില്ലെന്ന് ഭാവിക്കുന്നത് നിഷ്പക്ഷമതികളായ ജനങ്ങളില്‍ ആശങ്ക ഉളവാക്കും. എല്ലാ മതവെറി പ്രസംഗകരെയും പിടികൂടാന്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ധൈര്യപ്പെടില്ല. എന്നിരിക്കെ, സമാനമായ പല കുറ്റങ്ങള്‍ക്കിടിയില്‍ നിന്ന് വെള്ളാപ്പള്ളിയുടെ പ്രസംഗം മാത്രം തെരഞ്ഞുപിടിച്ച് നിയമപീഠത്തില്‍ നിറുത്തുന്നത് ദുരുദ്ദേശ്യത്തോടെ ആണെന്ന് സമൂഹം സംശയിക്കും. തീര്‍ച്ചയായും അതിലൊരു ദുരുദ്ദേശ്യമുണ്ട്. കുപ്രസിദ്ധിയെ പ്രസിദ്ധിയാക്കാന്‍ വിരുതനായ നടേശന്റെ പ്രതികരണം ശ്രദ്ധിക്കുക. ''പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ സന്തോഷം. സമൂഹത്തില്‍ ഇരട്ട സമീപനം തുടരുന്ന സര്‍ക്കാരിനെതിരെ സത്യം പറഞ്ഞതിന് ജയിലില്‍ കിടക്കാം.''വെള്ളാപ്പള്ളി നടേശനെ മുന്നില്‍ നിറുത്തി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു നേരിടാന്‍ ഒരുങ്ങുന്ന ബി.ജെ.പിക്ക് വലിയ സന്തോഷമായിരിക്കും നടേശന്റെ അറസ്റ്റും ജയില്‍ വാസവും. കാറ്റുവിതച്ച് കൊടുങ്കാറ്റുകൊയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതില്‍പ്പരം എന്തുവേണം? പേരുപോലും നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയപാര്‍ട്ടിക്ക് ആയുരാരോഗ്യം നേടാന്‍ വെള്ളാപ്പള്ളിയെ ഇപ്പോള്‍ തടവിലിട്ടാല്‍ മതി.

വി.എം. സുധീരനെ അദ്ദേഹത്തിന്റെ നാടായ തൃശൂരില്‍ ചെന്ന് വെള്ളാപ്പള്ളി 'തറ' നേതാവ് എന്ന് വിളിച്ചു. പകരം നടേശനെ ജാതി ഭ്രാന്തനെന്ന് സുധീരന്‍ തിരിച്ചു വിളിച്ചു. തറപറ വര്‍ത്തമാനംകൊണ്ട് ഇരുവര്‍ക്കും കലി അടങ്ങിയില്ല. ആലുവ മണല്‍പ്പുറത്ത് വെള്ളാപ്പള്ളി ആള്‍ക്കൂട്ടം കണ്ട് ഇളകി ബുദ്ധിഹീനമായി പ്രസംഗിച്ചു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിറങ്ങിയ ഒരു നേതാവിന്റെ നാവില്‍ നിന്ന് കേള്‍ക്കാന്‍ പാടില്ലാത്ത വാചകങ്ങള്‍ നടേശനില്‍ നിന്ന് കേട്ടു. ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിന്റെ സമീപത്തു നിന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി അങ്ങനെ പറയരുതായിരുന്നു. തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടാകാം നടേശന്. അദ്ദേഹത്തിന്റേതായി ഒരു ഖേദപ്രകടനം കണ്ടു. പക്ഷേ പ്രസംഗത്തിന്റെ പേരില്‍ ഒരു ജയില്‍ ശിക്ഷ കിട്ടാന്‍ വെള്ളാപ്പള്ളി തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു. നെഹ്‌റു ഹാസ്യചിത്രങ്ങളില്‍ പരിഹാസ കഥാപാത്രമാകാന്‍ ആഗ്രഹിച്ചതുപോലൊരു മനോഭാവമാണത്. ആ മനസ്സ് നാല്‍പ്പതു വര്‍ഷം മുമ്പ് കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയ്ക്ക് ഇല്ലാതെ പോയി. അതിനാല്‍ സി.എച്ചിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച സ്‌കൂള്‍ അദ്ധ്യാപകന്‍ പി.കെ. മന്ത്രിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ഒരുങ്ങി സര്‍ക്കാര്‍. അന്നത്തെ കാര്‍ട്ടൂണ്‍ വിവാദം മുഖ്യമന്ത്രി അച്യുതമേനോന്‍ ഇടപെട്ട് രമ്യമാക്കി. പക്ഷേ അക്കാലത്ത് യുവനേതാക്കളായിരുന്ന വയലാര്‍ രവിയും എം.എം. ഹസ്സനും ഉമ്മന്‍ ചാണ്ടിയും കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളാകാന്‍ ബി.എം. ഗഫൂറിനെയും യേശുദാസനെയും മണിയടിച്ചിട്ടുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. വെള്ളാപ്പള്ളിയും അത്രയൊക്കെത്തന്നെ ആഗ്രഹിക്കുന്നുണ്ട്. കുപ്രസിദ്ധിയും ഒരു കണക്കിന് പ്രസിദ്ധി തന്നെ. കളിയാക്കിയും മിമിക്രി കാണിച്ചും വിമര്‍ശിച്ചും എല്ലാവരും കൂടി വെള്ളാപ്പള്ളി നടേശനെ കേരളത്തിലെ ഏറ്റവും പ്രശസ്തരായ നാല് 'ന്യൂസ് മേക്കേഴ്‌സി'ല്‍ ഒരാളാക്കി. ഒരു സമുദായ നേതാവിനും ഇതുവരെ സംസ്ഥാനത്തു ലഭിക്കാത്ത മാധ്യമശ്രദ്ധ. ഇത്രമാത്രം പൊതു പ്രാധാന്യം കിട്ടാന്‍ നടേശന്‍ ചെയ്ത സാമൂഹിക സേവനമെന്ത്? കേരളത്തിലെ പ്രതിപക്ഷനേതാവ് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ ഏറെ വാചകങ്ങള്‍ എഴുതി വായിച്ചത് വെള്ളാപ്പള്ളിക്കെതിരായാണ്. ഇനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും വി.എം. സുധീരനും ടി.എന്‍. പ്രതാപനും കൂടി വെള്ളാപ്പള്ളിയെ ജയിലില്‍ അടയ്ക്കുക. പുള്ളി ഒരു പള്ളിയിലും പോകാതെ കേരള മുഖ്യമന്ത്രിയാകും. എന്നാലെ നമ്മുടെ നേതാക്കള്‍ പഠിക്കൂ.

സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്. സിക്ക് വിടാന്‍ എസ്.എന്‍ ട്രസ്റ്റ് ഒരുക്കമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ യാത്രാവേളയില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വന്‍ അഴിമതി തടയാന്‍ പറ്റിയ നിര്‍ദ്ദേശം. ആരും അതേക്കുറിച്ചൊരു ചര്‍ച്ചയ്ക്ക് മുന്നോട്ടു വന്നില്ല. കേട്ടതായിപ്പോലും നടിച്ചില്ല. എന്തുകൊണ്ട്? മദ്യനിരോധനത്തില്‍ തൊടുന്നതുപോലെ കൈപൊള്ളുന്ന കാര്യമാണതെന്ന് സര്‍ക്കാരിനറിയാം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സ്ഥാപിത താല്‍പ്പര്യക്കൂട്ടങ്ങള്‍ വെറുതെ ഇരിക്കില്ല. ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ അതേക്കുറിച്ച് മൗനം പാലിക്കുന്നത് വോട്ടു പോകുമെന്ന് പേടിച്ചാണ്. പറഞ്ഞതു വെള്ളാപ്പള്ളിയാണെങ്കിലും തികച്ചും ന്യായമായ ആ നിര്‍ദ്ദേശത്തെപ്പറ്റി കേരളത്തിലെ നിഷ്പക്ഷ പൊതു സമൂഹം (അങ്ങനെ ഒന്നുണ്ടെങ്കില്‍) തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതാണ്. ചോരയില്‍ മാത്രം കൗതുകം കാട്ടുന്ന ക്ഷുദ്ര മനസ്സ് അകിടിലെ പാല് കാണാതെ പോകുന്നു. മാലിന്യം കൂടുതലും മനസ്സിലാണെന്ന് രാഷ്ട്രപതി പറഞ്ഞതു വളരെ ശരി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories